വൈവിധ്യമാർന്ന അസംസ്കൃത എണ്ണ, പെട്രോളിയം സംഭരണം; വിതരണം നിരീക്ഷിക്കുന്നതിന് 24×7 കൺട്രോൾ റൂം സംവിധാനം
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെയും ആഗോള ഊർജ്ജ പശ്ചാത്തലത്തിന്റെയും സാഹചര്യത്തിൽ, രാജ്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് പെട്രോളിയം – പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി മാധ്യമങ്ങളെ അറിയിച്ചു.
ആഗോളതലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യവും നാലാമത്തെ വലിയ എണ്ണ സംസ്കരണ രാജ്യവും അഞ്ചാമത്തെ വലിയ പെട്രോളിയം ഉൽപ്പന്ന കയറ്റുമതി രാജ്യവുമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു . മിഡിൽ ഈസ്റ്റിൽ നിന്ന് ഉണ്ടാകുന്ന ഹ്രസ്വകാല തടസ്സങ്ങൾ നേരിടാൻ അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുൾപ്പെടെയുള്ള പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ശേഖരവും രാജ്യത്തുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യ, സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട് . ഹോർമുസ് കടലിടുക്ക് വഴി അല്ലാതെയുള്ള ഊർജ്ജ വിതരണ സംവിധാനങ്ങളുമായി ഇന്ത്യൻ ഊർജ്ജ കമ്പനികൾക്ക് ഇപ്പോൾ ബന്ധമുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിൽ താൽക്കാലികമായി ഉണ്ടായിരിക്കുന്ന തടസ്സം മൂലം, വിതരണത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ, അത് ലഘൂകരിക്കാൻ ഇത്തരം ചരക്ക് ലഭ്യതയിലൂടെ സാധിക്കും.
രാജ്യത്തുടനീളമുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവും സംഭരണ സ്ഥിതിയും നിരന്തരം നിരീക്ഷിക്കുന്നതിനായി മന്ത്രാലയം 24×7 കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ, സംഭരണത്തിന്റെ കാര്യത്തിൽ ഗവണ്മെന്റിന് പ്രതിസന്ധി ഇല്ല. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഏറ്റവും ഉയർന്ന മുൻഗണന. തുടർച്ചയായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സാഹചര്യം കൂടുതൽ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ഗവൺമെന്റ് ശുഭാപ്തിവിശ്വാസം പുലർത്തുന്നു.



