ആധാറിൽ നിർബന്ധിത ബയോമെട്രിക് പുതുക്കലിനുള്ള യു.ഐ.ഡി.എ.ഐയുടെ പ്രത്യേക യജ്ഞം ഒരു ലക്ഷത്തിലധികം സ്‌കൂളുകളിൽ നടപടി പൂർത്തിയാക്കി; ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചു.
ഒരു സുപ്രധാന നേട്ടമെന്ന നിലയിൽ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ത്യയിലുടനീളമുള്ള 1,03,000-ത്തിലധികം സ്‌കൂളുകളിൽ ആധാറിൽ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തീകരിക്കുകയും, ദശലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ കാമ്പസുകളിൽവെച്ച് സുഗമമായും സൗകര്യപ്രദമായും ആധാറിൽ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (എം.ബി.യു) പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തു.
ഇതുവരെ, ഈ പരിപാടിയിലൂടെ ഏകദേശം 1.2 കോടി (12 ദശലക്ഷം) സ്‌കൂൾ കുട്ടികളെ അവരുടെ സ്‌കൂളുകളിൽ വെച്ചു തന്നെ എം.ബി.യു പൂർത്തിയാക്കാൻ സഹായിച്ചു.
വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരവിനിമയ സംവിധാനമായ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് (യു.ഡി.ഐ.എസ്.ഇ പ്ലസ്) ആപ്ലിക്കേഷനുമായുള്ള വിജയകരമായ സാങ്കേതിക സംയോജനത്തിന് ശേഷം, 2025 സെപ്റ്റംബറിൽ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള എം.ബി.യു തീവ്രയജ്ഞ കാമ്പയിന് യു.ഐ.ഡി.എ.ഐ തുടക്കമിട്ടു.
കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ യു.ഡി.ഐ.എസ്.ഇ പ്ലസുമായുള്ള സംയോജനം, സ്‌കൂളുകളിലെ കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലിന്റെ സ്ഥിതി ദൃശ്യമാക്കാൻ വഴിയൊരുക്കി. ആധാർ നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തേണ്ട കുട്ടികളെ കണ്ടെത്താനും, എം.ബി.യു പൂർത്തിയാക്കുന്നതിനായി സ്‌കൂളുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഇത് സഹായിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾ, ജില്ലാ ഭരണകൂടങ്ങൾ, സ്‌കൂളുകൾ, യു.ഐ.ഡി.എ.ഐയുടെ ആവാസവ്യവസ്ഥ പങ്കാളികൾ എന്നിവരുൾപ്പെടെ എല്ലാ തത്പരകക്ഷികളുമായും ചേർന്ന് യു.ഐ.ഡി.എ.ഐയുടെ രാജ്യത്തെ മേഖലാ ഓഫീസുകളും സംസ്ഥാന ഓഫീസുകളും കുട്ടികൾക്കായുള്ള ഈ പ്രക്രിയ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരികയാണ്.
നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവർത്തനം നടപ്പിലാക്കുന്നതിനായി കുറഞ്ഞത് 4000 മെഷീനുകളെങ്കിലും ഉപയോഗത്തിലുണ്ട്. നടപടിയുടെ വേഗത ത്വരിതപ്പെടുത്തുന്നതിനായി ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പ്രക്രിയയിലാണ് യു.ഐ.ഡി.എ.ഐ.
കുട്ടികളുടെ ആധാറിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത്, ബാധകമാകുന്നിടത്തെല്ലാം വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ ലഭിക്കുന്നതിനുള്ള ആധികാരികത ഉറപ്പാക്കുന്നതിനും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി തുടങ്ങിയ മത്സര, സർവകലാശാലാതല പരീക്ഷകളിൽ രജിസ്റ്റർ ചെയ്യുന്നതിനും അവരെ സഹായിക്കുന്നു. ആധാറിൽ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ മാതാപിതാക്കളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിച്ചുവരുന്നു.
ലക്ഷ്യബോധമുള്ള എം.ബി.യു തീവ്രയജ്ഞപരിപാടി ആറു മാസത്തേക്ക് തുടരുകയാണ്. 2025 ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് 7-15 പ്രായ പരിധിയിലുള്ള കുട്ടികൾക്ക് ആധാറിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ സൗജന്യമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിൽ നടത്തുന്ന ക്യാമ്പുകൾക്ക് പുറമേ, രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഏതെങ്കിലും ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളോ ആധാർ സേവാ കേന്ദ്രങ്ങളോ സന്ദർശിച്ചും കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ പൂർത്തീകരിക്കാം.



