മുംബൈ :- ഹോട്ടൽ ജീവനക്കാരനായ വിജയ് ദാസാണ് പിടിയിലായത്. പ്രതിയെ മഹാരാഷ്ട്രയിലെ താനെയിലെ ലേബര്‍ ക്യാംപില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് രാവിലെ ഒമ്പതിന് മുംബൈ പോലീസ് വിശദമായ വാർത്താ സമ്മേളനം നടത്തും. വ്യാഴാഴ്ച പുലര്‍ച്ചെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.
സംഭവത്തിൽ പിടിയിലായ വിജയ് ദാസ് വെയ്റ്ററായും കെട്ടിടനിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ്. മെട്രോ നിർമാണ സ്ഥലത്തിനടുത്തുള്ള ടിസിഎസ് കോൾ സെന്ററിന് പിന്നിലുള്ള ഒരു ലേബർ ക്യാംപില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയ്ക്കായി 35 സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും പോലീസ് വ്യാപിപ്പിച്ചിരുന്നു.
സെയ്ഫ് അലി ഖാന് കുത്തേറ്റ ദിവസം ഫ്ലാറ്റില്‍ സംഭവിച്ച കാര്യങ്ങളെ കരീന കപൂര്‍ നല്‍കിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുട്ടികളെയും ഇവരുടെ ആയയെയും ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിലേക്ക് മാറ്റി സെയ്ഫ് അലി ഖാന്‍ ഒറ്റയ്ക്ക് അക്രമിയെ നേരിട്ടെന്നും ഫ്ലാറ്റില്‍ മോഷണമൊന്നും നടത്തിയിട്ടില്ലെന്നും കരീന നൽകിയ മൊഴിയിൽ പറയുന്നു.



