Logo Below Image
Thursday, July 24, 2025
Logo Below Image
Homeസിനിമതിളക്കം കുറയാത്ത താരങ്ങൾ: (21) 'കവിയൂർ പൊന്നമ്മ' ✍സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ: (21) ‘കവിയൂർ പൊന്നമ്മ’ ✍സുരേഷ് തെക്കീട്ടിൽ

അമ്മ എന്ന സ്നേഹ സങ്കൽപ്പത്തിന് മലയാള മനസ്സിൽ പൂർണതയുടെ രൂപവും ഭാവവും നൽകിയ കവിയൂർ പൊന്നമ്മ വിടവാങ്ങിയത് 2024 സെപ്തംബർ 20 നാണ്. തൻ്റെ എഴുപത്തൊമ്പതാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുമ്പോൾ അഭിനയ രംഗത്ത് അവർ ആറു പതിറ്റാണ്ടിലധികം പിന്നിട്ടു കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ 1962 ൽ തൻ്റെ പതിനേഴാം വയസ്സിൽ വെള്ളിത്തിരയിൽ എത്തിയ അവർ പിന്നൊരിക്കലും ഈ രംഗം വിട്ടു പോയില്ല. പോകേണ്ടി വന്നില്ല. എഴുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ട അവരുടെ പ്രസക്തിയും പ്രശസ്തിയും കൂടി കൂടി വരികയും അവസാനം വരെ നിലനിൽക്കുകയും ചെയ്തു.

മലയാളി സിനിമ കണ്ടു തുടങ്ങുമ്പോൾ മുതൽ മനസ്സിൽ നിറഞ്ഞ അമ്മസങ്കൽപ്പമായിരുന്നു കവിയൂർ പൊന്നമ്മ എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല . ആരും അത് നിഷേധിക്കുമെന്ന് തോന്നുന്നുമില്ല.

സത്യൻ്റെ നസീറിൻ്റെ ,മധുവിൻ്റെ ജയൻ്റെ, സോമൻ്റെ, സുകുമാരൻ്റെ മമ്മുട്ടിയുടെ, മോഹൻലാലിൻ്റെ ദിലീപിൻ്റെ എന്നു വേണ്ട ഒരു വിധം എല്ലാ കാലഘട്ടത്തിലെ നായകൻമാരുടേയും അമ്മ വേഷങ്ങൾക്ക് ഇത്രമേൽ സ്വാഭാവികത നൽകാൻ സാധിച്ച വേറെ ഒരു അഭിനേത്രിയില്ല .

നന്മയുടെ ‘ ത്യാഗത്തിൻ്റെ സഹനത്തിൻ്റെ ആ അമ്മ മുഖം മായുമ്പോൾ അറിയാതെ ഒരു തേങ്ങൽ എവിടെ നിന്നെല്ലാമോ ഉയരുന്നുണ്ട്. ഉള്ളു തൊട്ട “അയ്യോ” എന്ന വിളികളിൽ നഷ്ടബോധത്തിൻ്റെ വേദനയുടെ സത്യസന്ധത നിറയുന്നുണ്ട്. അമ്മ എന്നാൽ എങ്ങനെയായിരിക്കണം എന്ന് ഓരോ മലയാളിയും മനസ്സിൽ വരച്ച ചിത്രത്തിന് ഈ മുഖമായിരുന്നില്ലേ? നിഷ്കളങ്കമായ ചിരിയിലും നിർദോഷമായ പരിഭവങ്ങളിലും കവിയൂർ പൊന്നമ്മയോളം തിളങ്ങിയ വേറെയാരുണ്ട്. അഭിനയ തികവിലും മികവിലും ഒപ്പത്തിനൊപ്പവും വ്യത്യസ്തതയാർന്ന ചിലവേഷങ്ങളിൽ അല്പം മുന്നിലും നിന്നവരുണ്ടാകാം. നിഷേധിക്കുന്നില്ല .

എന്നാൽ അമ്മ എന്ന ധന്യവും ശ്രേഷ്ഠവുമായ സങ്കൽപ്പം അവരിലൊക്കെ മുഴുവനായി ദർശിച്ചവർ കുറവായിരുന്നു. അവിടെ ഒരാൾ മാത്രം തലയുയർത്തി നിന്നു.മലയാളത്തിൻ്റെ ഐശ്വര്യം നിറഞ്ഞ അമ്മയായി കവിയൂർ പൊന്നമ്മ .ഗൗരവക്കാരായ അച്ഛൻമാരിലേക്ക് മക്കളിൽ നിന്നും സ്നേഹത്തിൻ്റെ പാലം പണിയുന്ന നിസ്സഹായത നിറഞ്ഞ അമ്മ, മക്കൾക്കായി മാത്രം ജീവിക്കുന്ന സാധുവായ അമ്മ ചുരുക്കം ചില സിനിമകളിലൊഴികെ നാം കണ്ടതെല്ലാം അത്തരം നല്ല വേഷങ്ങൾ.

ഒരു സിനിമയിലേയും വേഷം എടുത്തെഴുതുന്നില്ല എന്ന് കരുതിയതാണ് കാരണം എത്രയോ സിനിമകൾ മുന്നിൽ വന്ന് മത്സരിച്ചു നിൽക്കുന്നു. വാത്സല്യം, സന്ദേശം, കിരീടം, തനിയാവർത്തനം, നന്ദനം ….. നൂറു കണക്കിന് സിനിമകൾ എടുത്തെഴുതേണ്ടി വരും അതിലുമെത്രയോ ഇരട്ടി രംഗങ്ങൾ എടുത്തു പറയേണ്ടിയും വരും എന്നതിനാൽ മാത്രമാണ് അതിനു മുതിരാത്തത്. എങ്കിലും ഒരു സിനിമയിലെ ഒരു പാട്ടിൻ്റെ വരിയെങ്കിലും എഴുതട്ടെ…..

കൊല്ലങ്കോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റങ്കിളി ……

അനിൽ ബാബുവിൻ്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ കുടുംബവിശേഷം.
മഹാപ്രതിഭ തിലകനൊപ്പം കവിയൂർ പൊന്നമ്മയുടെ തുല്യവേഷം .
ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൺ മാഷിൻ്റെ സംഗീതം സുശീലാമയുടെ ആലാപനം പിന്നെ യേശുദാസിൻ്റെ ആലാപനം….. ആ രംഗ ചിത്രീകരണങ്ങൾ … അഭിനയ മുഹൂർത്തങ്ങൾ ….
മറക്കുമോ നാം കവിയൂർ പൊന്നമ്മയെ….

1945 സെപ്തംബർ പത്തിന് ഇപ്പോഴത്തെ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട കവിയൂരിലാണ് പൊന്നമ്മയുടെ ജനനം. അച്ഛൻ ടി.പി.ദാമോദരൻ, അമ്മ ഗൗരി ദാമോദരൻ .അറിയപ്പെടുന്ന നടിയായ കവിയൂർ രേണുക സഹോദരിയാണ്. ഭർത്താവ് മണിസ്വാമി ഏകമകൾ ബിന്ദു മണി സ്വാമി .

മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി ഈ അഭിനേത്രി. 1971,72,73,94 വർഷങ്ങളിലായിരുന്നു ഈ അംഗീകാരങ്ങൾ എത്തിയത്. കവിയൂർ പൊന്നമ്മ നെഗറ്റീവ് കാരക്ടറിൽ വരുന്നത് അല്ലെങ്കിൽ അങ്ങനെ അവരെ കാണുന്നത് പ്രേക്ഷകർക്കിഷ്ടമല്ലായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അവർ അത്തരം വേഷങ്ങൾ ചെയ്തിട്ടുള്ളൂ. എം.ടി.യുടെ രചനയിൽ ഹരികുമാർ സംവിധാനം ചെയ്ത “സുകൃതം” എന്ന സിനിമയിൽ കവിയൂർ പൊന്നമ്മയുടെ കഥാപാത്രം സ്വാർത്ഥതയോടെ പറയുന്ന സംഭാഷണം സഹിക്കാനായില്ല എന്നും അത്തരം വാക്കുകൾ പൊന്നമ്മചേച്ചി പറയരുതെന്നും പറഞ്ഞ് ധാരാളം പേർ എഴുതിയതായും വിളിച്ചതായും കവിയൂർ പൊന്നമ്മ തന്നെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അതെ അത്രമേൽ അവർ നമ്മുടെ മനസ്സുകളിൽ ആർദ്രതയുടെ അടയാളമായി ആഴത്തിൽ സ്ഥാനം നേടിയിരുന്നു.

മലയാള സിനിമയിലെ എക്കാലത്തേയും മാതൃ രൂപത്തിന്, സ്നേഹ മുഖത്തിന് വാത്സല്യ ഭാവത്തിന് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത വേദനയോടെയാണ് നാട് വിട നൽകിയത്.
ആ ഓർമ്മകൾ ക്ക് മുന്നിൽ പ്രണാമം.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

1 COMMENT

  1. അമ്മ എന്ന സങ്കല്പത്തിന്റെ പൂർണ്ണരൂപം
    കവിയൂർ പൊന്നമ്മയെ കുറിച്ചുള്ള എഴുത്ത് മനോഹരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ