🔹 ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ. വീഡിയോ കോൺഫറൻസ് വഴി ചേർന്ന സഹകരണ കൗൺസിലിന്റെ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുന്നതടക്കം സ്വയം പ്രതിരോധത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു.യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഇറാന്റെ ആക്രമണം മൂലം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ വൻ നാശനഷ്ടങ്ങൾ യോഗം വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ജിസിസി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ അസ്ഥിരത കേവലം പ്രാദേശിക പ്രശ്നമല്ലെന്നും അത് ലോക സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണെന്നും ജിസിസി രാജ്യങ്ങൾ പ്രസ്താവനയിൽ പറയുന്നു. യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു.
🔹ഇറാനിലെ മിനാബ് സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി. പെൺകുട്ടികളുടെ സ്കൂളിന് നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു. ടെഹ്റാനിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്താനും സ്കൂളിൽ ഉപയോഗിച്ച അതേ തരം മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🔹യുഎസിന്റെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണെതിരേ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം തള്ളി യുഎസ്.വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്നായിരുന്നു ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്.
എന്നാൽ, ഇറാന്റെ മിസൈലുകൾ കപ്പലിന്റെ ഏഴയലത്തു പോലും എത്തിയില്ലെന്ന് യുഎസിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു.
🔹ലോകത്തെ സുരക്ഷിതമാമായ രാജ്യങ്ങളുടെ പട്ടികയിൽ കൂടി ഇടം പിടിച്ച പല രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അമേരിക്കുയുടേയും ഇസ്രയേലിൻ്റെയും സംയുക്തമ ആക്രമണങ്ങൾക്ക് ശേഷവും തങ്ങളുടെ പരമോന്നത നേതാവ് ഖമേനിയേയും കൊല്ലപ്പെട്ട ശേഷവും തിരിച്ചടി ശക്തമാക്കിയിരിക്കുയാണ് ഇറാൻ . ഇതോടെയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
ഖമനേയി കൊല്ലപ്പെട്ടതിന് പ്രതികാരമായി അമേരിക്കൻ സൈനീക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രരിതസന്ധി രൂക്ഷമായിരിക്കുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ വലിയ ആശങ്കയിലാണ്. മലയാളികൾ ഒരുപാട് ജേലി ചെയ്യുന്ന നാട് കൂടിയാണ് ഗൾഫ് രാജ്യങ്ങൾ. ബഹ്റൈൻ,ഒമാൻ, യുഎഇ,ഖത്തർ സൗദി അറേബ്യ കുവൈത്ത് എന്നിവടങ്ങളിലെല്ലാം പ്രതിസന്ധികൾ രൂക്ഷമായതായാണ് റിപ്പോർട്ട്. ഒമാനിൽ ഞായറാഴ്ച പുലര്‍ച്ചെ ദുകം വാണിജ്യ തുറമുഖത്തിനുനേരെ ഇറാന് രണ്ട് ഡ്രോണ്‍ ആക്രമണങ്ങൾ നടത്തി. ഇതിൽ 56 പേർക്ക് പരിക്കേറ്റു. മുസണ്ടം തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം പലാവുൽനിന്നുള്ള “സ്കൈലൈറ്റ് ‘ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു. 15 ഇന്ത്യക്കാരും അഞ്ച് ഇറാനികളും ഉള്‍പ്പെടെ 20 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
🔹 ഇറാനിലെ സംഘര്‍ഷത്തിനു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം പൂര്‍ണമായും നിലച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നലെ റദ്ദാക്കിയത് 33 സര്‍വീസുകള്‍. ഇതില്‍ 17 വിമാനങ്ങള്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടവയും 16 സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് എത്തേണ്ടവയുമായിരുന്നു.ഖത്തര്‍ എയര്‍വേഴ്സ്, കുവൈറ്റ് എയര്‍വേഴ്സ്, ഇത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ വിമാനസര്‍വീസുകളാണ് ഇന്നലെയും പൂര്‍ണമായും റദ്ദാക്കിയത്. ഇതില്‍തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായും ഉള്‍പ്പെടുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള എട്ടു സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ, തിരുവനന്തപുരത്തുനിന്നു ഷാര്‍ജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
🔹ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ. ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് പൊങ്കാല.നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് ദീപം കൈമാറും.അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
🔹ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെതുടർന്നാണ് സംഭവം. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
🔹നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7:45-ഓടെ നെടുമങ്ങാട് ഫയർ സ്റ്റേഷന് സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർക്ക് കാട്ടുപന്നി ഇടിച്ച് പരിക്കേറ്റു. കുശർക്കോട് സ്വദേശികളായ അനിൽ രാജ് ടി (50), എൻ. ഷിബു (48) എന്നിവർക്കാണ് പരിക്കേറ്റത്.ഫയർഫോഴ്സ് ഉടൻ തന്നെ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില ഗുരുതരമായതിനാൽ അനിൽ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അദ്ദേഹത്തിന്റെ താടിയെല്ലിന് മുറിവും കൈയ്ക്ക് പൊട്ടലുമുണ്ട്. ഇന്നലെ പനവൂർ എൽ.പി സ്കൂളിന് സമീപം വെച്ചുണ്ടായ സമാനമായ അപകടത്തിൽ യുവാവിന് പരിക്കേറ്റിരുന്നു.പൂവക്കാട് പാണയം കുന്നിൽ വീട്ടിൽ ജയചന്ദ്രൻ (41) ആണ് അപകടത്തിൽപ്പെട്ടത്. ജയചന്ദ്രൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
🔹ഓടക്കാലി കോട്ടചിറയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ, തൂഫാൻ ഗഞ്ച് സ്വദേശിയായ പ്രതാപ് ചന്ദ്ര ബർമ്മൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും അതിനെത്തുടർന്നുള്ള അതിക്രമവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
🔹കേരള സംസ്ഥാന ഭാഗ്യക്കുറികൾ ഓൺലൈൻ വഴി വിൽക്കുന്ന തട്ടിപ്പ് സംഘം സാമൂഹ്യ മാധ്യമങ്ങളിൽ സജീവം. ലോട്ടറി നമ്പറുകൾ തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിൾ പേ, ഫോൺ പേ വഴി പണം തട്ടിയെടുത്താണ് മാഫിയ സംഘം പ്രവർത്തിക്കുന്നത്.വിശ്വാസ്യതയ്ക്കുവേണ്ടി പ്രൊഫൈൽ ചിത്രമായി കഥകളി ഫോട്ടോയും ലോട്ടറിയുടെ ചിത്രങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ക്ലിക്ക് ചെയ്താൽ https://keralalotteryticket.shop/ എന്ന ഒരു വെബ്സൈറ്റ് ലിങ്കാണ് തുറന്നു വരുന്നത്. അതിൽ ലോട്ടറി ടിക്കറ്റ് ചിത്രവും സീരീസ് നമ്പറുകളുടെ കോളങ്ങളും തെളിയും. നമ്പർ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ 40 രൂപ വീതം അടയ്ക്കാനുള്ള ക്യൂ ആർ കോഡ് സൃഷ്ടിക്കപ്പെടും.
തിരുവനന്തപുരം മേൽവിലാസത്തിലുള്ള ഫേസ്ബുക്ക് പേജിന് കന്നഡ ഭാഷയിലാണ് വിവരങ്ങൾ ഉള്ളത്. അതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള ഒരു സംഘം ഇതിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. 2023ലെയും 2025ലെയും ലോട്ടറി ചിത്രങ്ങളാണ് കാണിക്കുന്നതെങ്കിലും തട്ടിപ്പിനിരയാകുന്നവർ ഇത് ശ്രദ്ധിക്കണമെന്നില്ല. കഴിഞ്ഞ സെപ്റ്റംബർ മുതൽ പ്രചാരത്തിലുള്ള ഈ ഫേസ്ബുക്ക് പേജിൽ കയറി വഞ്ചിക്കപ്പെട്ടവരെക്കുറിച്ച് ഇതുവരെയും വിവരങ്ങളില്ല.
🔹പഞ്ചായത്ത് നാലാം വാർഡിലുള്ള നെടുന്പാല ഏഴാം നന്പർ റോഡ് റീ ടാറിംഗിനായി പൊളിച്ചിട്ടിട്ട് ഒരു മാസമായി. കരാറുകാർ റോഡിൽ മെറ്റൽ നിരത്തുകയും ചെയ്തു. എന്നാൽ പഞ്ചായത്തിലെ എൽഎസ്ജിഡി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ മെഷർമെന്റ് എടുക്കാത്തതിനാൽ തുടർ പ്രവൃത്തികൾ നടത്താൻ നിവൃത്തിയില്ലെന്ന നിലപാടിലാണ് കരാറുകാർ. റോഡിൽ മെറ്റൽ നിരത്തിയിരിക്കുന്നതിനാൽ ഏഴാം നന്പർ ഭാഗത്തേക്കുള്ള വാഹന ഗതാഗതം ദുഷ്കരമായി.ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവയൊന്നും റോഡിലൂടെ ഓടിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതു മൂലം ഏഴാം നന്പർ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണെന്നാണ് പരാതി ഉയരുന്നത്. എത്രയും വേഗം എൻജിനിയർ മെഷർമെന്റ് എടുത്ത് പ്രശനത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
🔹വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. കോട്ടയം എരുമേലി പൊലീസ് സ്റ്റേഷനിലെ സി പി ഒ കെ.ആർ അജീഷിനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച വൈകീട്ട് ഒമ്പതരയോടെയാണ് മരണം.ശനിയാഴ്ച രാത്രി എം സി റോഡിൽ കോട്ടയം എസ് എച്ച് മൗണ്ട് സ്കൂളിനു സമീപം അജീഷ് സഞ്ചരിച്ച സ്കൂട്ടറും കെ എസ് ആർ ടി സി ബസ്സും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മരങ്ങാട്ടുപ്പളിയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
🔹മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചിയിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് ചിദംബരത്തിനെതിരെയുള്ള പരാതി.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.
എളംകുളത്തെ പരാതിക്കാരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി.
🔹ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടത്തിനുശേഷമുള്ള സിംബാബ്വെ ടീമിന്റെ സ്വദേശത്തേക്കുള്ള മടക്കം വൈകും. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തോടെ സിംബാബ്വെയുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചിരുന്നു.ഇന്ന് എമിറേറ്റ്സ് ഫ്ളൈറ്റില്‍ ഡല്‍ഹിയില്‍നിന്ന് ദുബായ് വഴി ഹരാരെയിലേക്കായിരുന്നു സിംബാബ്വെ ടീമിന്റെ മടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് വഴിയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതാണ് സിംബാബ്വെ ടീമിന്റെ യാത്രയ്ക്കു തടസമായത്.
🔹ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്മൻ പവൽ (34) ജയ്സൻ ഹോൾഡർ (37) സഖ്യമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോസ്ടൻ ചേസ് (40), ഷിമോൺ ഹെറ്റ്മയർ (27) എന്നിവരും തിളങ്ങി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
🔹മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ ട്രെയിലർ റിലീസായി. രണ്ട് കാലത്തായി നടക്കുന്ന കഥയുടെ കൗതുകം ട്രെയിലർ തരുന്നുണ്ട്.വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമിക്കുന്നത്.2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്.ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് എന്ന ടൈറ്റിൽ ടാഗ് ലൈൻ, ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ഛായാഗ്രഹണം – അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം – ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ – ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ – ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്‍ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
💦 ഗുരുജിയുടെ വാക്കുകൾ
ജീവിതത്തിൽ സ്നേഹവും വിശ്വാസവും പിന്തുണയും അത്യാവശ്യമാണ്. ജീവിതത്തില്‍ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാന്‍ അത്തരമൊരാളുടെ സാന്നിധ്യം ഏറെ ഗുണകരമാവും. സ്ട്രെസും ടെന്‍ഷനും കുറക്കാന്‍ നമ്മളെ ഒരുപാട് മനസിലാക്കുന്ന നമ്മുടെ കൂടെ നില്ക്കുന്ന ഒരാള്‍ക്കു കഴിയും. എന്തിനും ഏതിനും ഈ ലോകത്ത് ആ ഒരാള്‍ എന്റെ കൂടെ ഉണ്ടാവും. അവള് / അവന് എന്നെ വിശ്വസിച്ചാല്‍ പിന്നെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊരു വിഷയമാകില്ല. അതൊക്കെ തന്നെയല്ലേ ജീവിതത്തിനു നിറം പകരുന്നത്, രൂപവും, ഭാവവും പകരുന്നത്.
ഒരുപാട് സ്നേഹിച്ചു ഒരുപാട് സപ്പോര്‍ട്ട് ചെയ്ത്, ഒത്തിരി കാലം നന്നായി ജീവിക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ. മരണം ഒന്നേ ഉള്ളു. ജീവിതം എല്ലാ ദിവസവും എല്ലാ നിമിഷവും ആണ്. ജീവിക്കുന്ന ഓരോ നിമിഷവും സ്നേഹഭരിതമാവട്ടെ.



