നെടുമുടി വേണു . പൂർണതയുടെ പകർന്നാട്ടം.
ഒരു ആമുഖത്തിൻ്റേയും ആവശ്യമില്ലാതെ തന്നെ എല്ലാവരുടെ മനസ്സുകളിലും ചേർത്തു വെച്ചിരിക്കുന്ന വ്യത്യസ്ത മേഖലകളിലെ അതിപ്രഗത്ഭരുടെ ചില മുഖങ്ങളുണ്ട്. നടനകലയിൽ ആ മുഖമാണ് നെടുമുടി വേണു.
ജീവിതവഴികളിൽ കണ്ട ചില ചിത്രങ്ങൾ നാം ഉള്ളിൻ്റെയുള്ളിൽ വരച്ചിടാറുണ്ട്. അല്ലെങ്കിൽ എല്ലാവരുടെ ഉള്ളിലും ഇളക്കം തട്ടാത്ത അത്തരം ചില ചിത്രങ്ങളുണ്ട്.ആ ചിത്രങ്ങളിൽ വ്യക്തമായി കൊത്തിവെച്ച അല്ലെങ്കിൽ ഉറപ്പിച്ചു വെച്ച ചില രൂപങ്ങളുമുണ്ടാകും. നന്മയും സ്നേഹവും നിറഞ്ഞ അച്ഛൻ, മുത്തച്ഛൻ, കുടുംബ സ്നേഹിയായ തറവാട്ടു കാരണവർ, ഹെഡ്മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട്, പത്രാധിപർ, കവി, അമ്മാവൻ, നാട്ടുപ്രമാണി , സംഗീതജ്ഞൻ, പുരോഹിതൻ തുടങ്ങി ഒരോരുത്തരും എങ്ങനെയായിരിക്കണം എങ്ങനെയാവണം അവരുടെ രൂപം, പെരമാറ്റം, ചലനങ്ങൾ എന്തിന് ഒരു മൂളൽ പോലും എങ്ങനെ എന്ന് നാം മനസ്സിൽ ചിന്തിച്ചുറപ്പിച്ചിട്ടുണ്ടാവും. അങ്ങനെ മനസ്സിൽ നാം കൊണ്ടു നടക്കുന്ന പലർക്കും രൂപമായി ശരാശരി മലയാളി സങ്കൽപ്പിച്ചത് നെടുമുടി വേണു എന്ന നടനെയായിരുന്നു.
ഒരു സിനിമ കണ്ട ശേഷം നെടുമുടി ആ വേഷം ചെയ്തതു നന്നായി അല്ലെങ്കിൽ നെടുമുടി ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനേ എന്ന് ഒരിക്കലെങ്കിലും ഒരഭിപ്രായം പറയാത്തവർ തോന്നാത്തവർ കാണുമോ. ഇല്ലെന്നാണ് എൻ്റെ പക്ഷം.ഈ നടന വിസ്മയത്തെ അത്ഭുതം കൂറുന്ന കണ്ണുകളുമായി നോക്കിയിരുന്നത് ഏത് സിനിമയിലാണ് എന്ന ചോദ്യത്തിന് പ്രസക്തിയൊന്നുമില്ല. ഏതാണ്ട് എല്ലാ സിനിമകളിലും നാം അങ്ങനെ ഇരുന്നിട്ടുണ്ട്. ഒരു പാട് സിനിമകൾ ഓർമയിലെത്തുന്നു.
അമ്പട ഞാനേ, എന്നെന്നും കണ്ണേട്ടൻ്റെ , തേന്മാവിൻ കൊമ്പത്ത്, പഞ്ചവടിപ്പാലം , വൈശാലി, തകര, ദേവാസുരം, മണിച്ചിത്രത്താഴ് ,ധിം തരികിട തോം, ഓടരുതമ്മാവാ ആളറിയാം, കിന്നാരം, സാന്ത്വനം, പെരുന്തച്ചൻ ,തിളക്കം, സർവ്വകലാശാല
അങ്ങനെ എത്രയെത്ര സിനിമകൾ.ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടത്തിലെ രാവുണ്ണി മാഷ്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാൻ, ഭരതത്തിലെ കല്ലൂർ രാമനാഥൻ, വന്ദനത്തിലെ പ്രൊഫസർ, ചമ്പക്കുളം തച്ചനിലെ കുഞ്ഞിരാമൻ, കേളിയിലെ റൊമാൻസ് കുമാരൻ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ തരികിടക്കാരനായ അലക്കുകാരൻ അരവിന്ദേട്ടൻ, സർഗ്ഗത്തിലെ ഭാഗവതർ, ബെസ്റ്റ് ആക്ടറിലെ ഗുണ്ടാ നേതാവ് ആശാൻ, ധനത്തിലെ പോലീസുകാരൻ എഴുതിയാൽ ഏത് കഥാപാത്രത്തെയാണ് വിട്ടു കളയേണ്ടത്.
ഈ എഴുതിയ കഥാപാത്രങ്ങൾ മാത്രം നോക്കാം. അതായത് ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനിൽ നിന്ന് വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദേട്ടനിലേക്ക്, അവിടെ നിന്ന് വന്ദനത്തിലെ സൈക്കോ പ്രൊഫസറിലേക്ക്, ഭരതത്തിലെകല്ലൂർ രാമനാഥനിൽ നിന്ന് കേളിയിലെ റൊമാൻസ് കുമാരനിലേക്ക്, മാതൃകാ അദ്ധ്യാപകനും സ്നേഹനിധിയുമായ രാവുണ്ണി മാഷിൽ നിന്നും ചമ്പക്കുളം തച്ചനിലെ കുനിട്ടനും ദുഷ്ടനുമായ കുഞ്ഞിരാമനിലേക്ക്, അവിടെ നിന്ന് ബെസ്റ്റ് ആക്ടറിലെ ചുമയും കഫകെട്ടുമുള്ള ഗുണ്ടാ നേതാവിലേക്ക്, സർഗ്ഗത്തിലെ ഭാഗവതരിൽ നിന്ന് ധനത്തിലെ നെറികേടു നിറഞ്ഞ പോലീസുകാരനിലേക്ക് കൂടുവിട്ട് കൂടുമാറുന്ന അഭിനയ ശേഷിയെ നാം എത് വാക്കുകൾ കൊണ്ടാണ് വിശേഷിപ്പിക്കുക. ഒരേ നടൻ അഭിനയിച്ചു ഫലിപ്പിച്ചതാണ് ഈ വ്യത്യസ്ത വേഷങ്ങൾ എന്ന് നമുക്ക് അത്ഭുതം തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ നടൻ്റെ വലിയ വിജയമാണ്. തോന്നിയിട്ടില്ലെങ്കിലോ ഉറപ്പിച്ചോളൂ അത് നമുക്ക് ഈ നടൻ്റെ കഴിവിലുള്ള ഉറച്ച വിശ്വാസവുമാണ്.
ഒരു താരതമ്യത്തിനു മാത്രമെഴുതിയാണീ കഥാപാത്രങ്ങളുടെ പേരുകൾ. അറിയാം പറയാം ഒരു താരതമ്യവും പ്രസക്തമല്ലാത്ത വിധം തൻ്റെ സ്ഥാനം കലാരംഗത്ത് ശക്തമായുറപ്പിച്ച് കടന്നു പോയ നെടുമുടി വേണു എന്ന അതുല്യപ്രതിഭയ്ക്ക് പകരക്കാരനില്ലെന്ന്. ഗൗരവം വിടാതെ ഹാസ്യം, അട്ടഹസിക്കാതെ കൊടുംവില്ലൻ, ഒരു പാട് ബഹുമാനം തോന്നിപ്പിക്കുന്ന സാത്വിക കഥാപാത്രങ്ങൾ, അതിലേറെ വെറുപ്പ് തോന്നിക്കുന്ന ദുഷ്ട കഥാപാത്രങ്ങൾ, കുടുംബമാകെ കലക്കുന്ന അസൂയക്കാരൻ, കടുത്ത മദ്യപാനി, തന്നിഷ്ടക്കാരനായ താന്തോന്നി, കുടുംബത്തിനായി ജീവിക്കുന്ന പരിത്യാഗി, സ്നേഹനിധിയായ വല്യേട്ടൻ, കുടുംബത്തിൽ ഇങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്ന ധാരാളം വേഷങ്ങൾ, കുടുംബത്തു കയറ്റാൻ കൊള്ളാത്തവർ എന്ന് തോന്നിപ്പിച്ച നിരവധി വേഷങ്ങൾ.
വാത്സല്യം, പ്രണയം, കാമം, സ്നേഹം, അസൂയ എല്ലാ ഭാവങ്ങളും കഥാപാത്രങ്ങൾക്കനുസരിച്ച് ഈ നടനിൽ ഭദ്രം. അമിതാഭിനയത്തിലേക്ക് അല്പം പോലും വഴുതി വീഴാത്ത കൃത്യത. ആ ശൈലി , ചലനം , സൂക്ഷ്മത നിറഞ്ഞ പ്രത്യേക ഭാവങ്ങൾ എല്ലാം അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്ന്. എല്ലാ വ്യത്യസ്ത കഥാപാത്രങ്ങളേയും പൂർണതയോടെ ആവിഷ്ക്കരിച്ച് ആസ്വാദക ഹൃദയങ്ങളിൽ കാലാകാലത്തേക്ക് പതിഞ്ഞതാണ് ഈ മികച്ച അഭിനേതാവിൻ്റെ വ്യത്യസ്തയാർന്ന പ്രകടനങ്ങൾ.
1948 മെയ് 22നാണ് ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി..കെ കേശവൻ നായരുടേയും പി.കുഞ്ഞിക്കുട്ടി അമ്മയുടേയും മകനായി വേണുഗോപാലൻ എന്ന നെടുമുടി വേണുവിൻ്റെ ജനനം. ഭാര്യ കെ.ആർ സുശീല. ഉണ്ണി ,കണ്ണൻ എന്നീ രണ്ടാൺ മക്കൾ .അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ടു.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടി.
1981ൽ മോഹൻ സംവിധാനം ചെയ്ത വിടപറയും മുമ്പേയിലെ സേവ്യറിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ആദ്യമായി നെടുമുടി വേണുവിനെ തേടിയെത്തിയത്. കേരളക്കരയെ സങ്കടക്കടലിലാഴ്ത്തിയ ഈ ചിത്രത്തിലെ സേവ്യർ നെടുമുടി വേണു എന്ന അതിശക്തനായ നടനെ പ്രേക്ഷകർക്കു കാണിച്ചു തന്നു. തകരയിലെ ചെല്ലപ്പനാശാരി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനമുറപ്പിച്ച വേണുവിൻ്റെ താരരാജാവായുള്ള പട്ടാഭിഷേകം തന്നെയായിരുന്നു. വിടപറയും മുമ്പേ. യ.1987-ൽ ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടത്തിലെ രാവുണ്ണി മാഷ് നെടുമുടി വേണുവിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും നേടി കൊടുത്തു.
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടത്തിൽ ഉർവശി ശാരദയും നെടുമുടി വേണുവും കാഴ്ചവെച്ച മത്സരാഭിനയം അക്കാലത്ത് നാടാകെ ചർച്ചയായി. രാവുണ്ണി മാഷെ തിയേറ്ററുകൾ അത്ഭുതാദരങ്ങളോടെ എറ്റുവാങ്ങി.സിനിമ കണ്ടിറങ്ങിയ ഏവരും ഈ മഹാപ്രതിഭയെ മനസ്സുകൊണ്ടു നമിച്ചു. അതു വരെ ഇറങ്ങിയ അതു വരെ എന്നല്ല ഇതുവരെ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചഅഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച പത്ത് കഥാപാത്രങ്ങളെ എടുത്താൽ അതിലൊന്ന് രാവുണ്ണി മാഷായിരിക്കും. ചെറുചലനത്തിൽ പോലും നെടുമുടി രാവുണ്ണി മാഷായി ജീവിക്കുകയായിരുന്നു.
1990 ൽ ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നെടുമുടി നേടി. സഹനടനുള്ള പുരസ്കാരം പ്രത്യേക ജൂറി പരാമർശം തുടങ്ങി നിരവധി തവണ ആ കഴിവുകൾ പിന്നേയും അംഗീകരിക്കപ്പെട്ടു.
2007 ൽ തനിയേ എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരവും നെടുമുടി വേണുവിലെത്തി. സംവിധായകൻ എന്ന നിലയിൽ പൂരം എന്ന സിനിമ വൻ വിജയം നേടിയില്ലെങ്കിലും ഈ സിനിമയിലൂടെ മികവുറ്റ ഒരു സംവിധായകനെ യും നമുക്ക് കാണാനായി.
നെടുമുടിയെ കുറിച്ച് ആര് എഴുതാനിരുന്നാലും എവിടെ തുടങ്ങണം, എത്കഥാപാത്രത്തിൽ ആരംഭിക്കണം എവിടെ അവസാനിപ്പിക്കണം എന്ന സംശയമുണ്ടാകുക സ്വാഭാവികം. എല്ലാം മികവിൽ ചാലിച്ചെടുത്തവ തന്നെ. ഉദാഹരണത്തിന് ഒരൊറ്റ സീനിൽ വരുന്ന മിഥുനത്തിലെ ചേർക്കോണം സ്വാമി എന്ന മന്ത്രവാദി വരെ നമ്മുടെ ഓർമകളിൽ സജീവമായി നിൽക്കുന്നു
” താനെന്തിനാടോ എൻ്റെ കയ്യീന്ന് തേങ്ങാ വാങ്ങി ഉടച്ചത് ബ്ലഡി ഫൂൾ ”
” എങ്കിൽ താൻ കുറേ തേങ്ങ വാങ്ങി ഉടച്ചാൽ പോരായിരുന്നോ എന്തിനാ എന്നെ വിളിച്ചത് മരമാക്രി ”
എന്നൊക്കെയുള്ള മന്ത്രവാദി സ്വാമിയുടെ ആ സൂപ്പർ ഡയലോഗുകൾ എങ്ങനെ മറക്കും.
2021 ഒക്ടോബർ 11 നാണ് 73-ാം വയസ്സിൽ ആ മഹാനായ നടൻ യാത്ര പറഞ്ഞത്.
ഇനിയൊരാൾ ആ സ്ഥാനത്തേക്ക് അടുത്ത കാലത്തൊന്നും വരാനില്ല എന്ന ഒരു തോന്നലും ബോദ്ധ്യവും പ്രേക്ഷകരിൽ സൃഷ്ടിച്ചു കൊണ്ട്. അതെ നെടുമുടി അവശേഷിപ്പിച്ചു പോയത് ആർക്കും പെട്ടെന്ന് എത്തി പിടിക്കാനാകാത്ത വിധം ഉയരത്തിൽ തൻ്റേതായ സ്ഥാനമുറപ്പിച്ചും സിംഹാസനം പണിതുമാണ്. ആ ധന്യമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .
അവതരണം നന്നായിട്ടുണ്ട്
നല്ല അവതരണം
ചെല്ലപ്പനാശാരി മുതൽ
മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച എത്രയെത്ര കഥാപാത്രങ്ങൾ…
ഒന്നും മറക്കുവാൻ മലയാളി ക്കു കഴിയില്ല
നല്ല അവതരണം
നല്ല അവതരണം