ഒടുവിൽ: – ഭാവാഭിനയത്തിൽ ഏറ്റവും മുന്നിലൊരാൾ .
നമ്മൾ നടന്നു പോകുന്ന ഇടവഴിയിൽ എതിരേ വരുന്നുണ്ട് ഒരു നാടൻ മനുഷ്യൻ. ചായക്കടയിൽ നമ്മോടൊപ്പമിരുന്ന് ഒരു കാലി ചായയും കുടിച്ച് നാട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്കുന്നുണ്ടൊരാൾ. ജീവിത പ്രാരബ്ധങ്ങളിൽ ഉഴറുമ്പോഴും ആത്മാഭിമാനം കെവിടാതൊരാൾ നമുക്ക് വിഷാദം കലർന്ന ഒരു ചിരി സമ്മാനിച്ച് നിസ്സഹായനായി നമുക്കു മുന്നിലൂടെ കടന്നു പോകുന്നു.
പുര നിറഞ്ഞു നിൽക്കുന്ന പെൺമക്കളുള്ള ഒരു പാവം അച്ഛൻ ഇല്ലായ്മയും സങ്കടവും മറച്ചുവെച്ച് ജീവിതത്തോട് പൊരുതുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു അമ്മാവൻ കവലയിൽ ബസ്സിൽ വന്നിറങ്ങി ചുറ്റും കണ്ണോടിച്ച് നീണ്ട കാലൻ കുട നിവർത്തുന്നു. ഒരു കാരണവർ പൊരിവെയിത്ത് പാടവരമ്പിലൂടെ പതിയേ നടന്നു മറയുന്നു ഒരു പാവം നമ്പൂതിരി പഴയ പ്രതാപം അയവിറക്കി വേദനയോടെ ചിരിക്കുന്നു. നാം മനസ്സിൽ കോറിയിട്ട മുഖമുള്ള ഒരു പോലീസുകാരൻ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിൾ വെറ്റില മുറുക്കുന്നു, ജീവിതത്തെ അല്പം രസമായി കാണുന്ന ഒരു കർഷകൻ കൃഷി നഷ്ടത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നു, കുടുംബ സ്നേഹിയായ ഒരു വലിയേട്ടൻ തൊഴിൽ രഹിതനായ അനിയനെ സ്നേഹത്തോടെ ശാസിക്കുന്നു. നന്നാകണം എന്ന മനസ്സിലിരുപ്പിൽ നന്നാകില്ലെന്ന് വേദനയോടെ ശപിക്കുന്നു . ഇനി ഇതൊക്കെ മാറ്റിവെക്കൂ .ഒരു പമ്പരവിഡ്ഢിയായ പൊങ്ങച്ചക്കാരൻ വിടുവായത്തം വിളമ്പി കേൾക്കുന്നവരിൽ ചിരി പടർത്തുന്നു. ഒരു ഏഷണിക്കാരൻ നാട്ടിലാകെ കുത്തിത്തിരിപ്പുണ്ടാക്കുന്നു. നല്ലകുടുംബങ്ങളിൽ അഭിപ്രായ പ്രകടനത്താൽ സമാധാനം തകർക്കുന്നു. ഇല്ലാത്തപ്രശ്നങ്ങൾ സ്വയം വിളിച്ചു വരുത്തി എല്ലാവരിലേക്കും കൊടുക്കുന്നു .ഇങ്ങനെയൊക്കെ പറയുമ്പോൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആ വേഷങ്ങൾ ചെയ്യാൻ ഏറ്റവും യോജിച്ച ഒരു നടൻ്റെ രൂപം തെളിയുന്നില്ലേ?
ചെണ്ടകൊട്ടുകാരൻ, വാറ്റുകാരൻ ചായക്കടക്കാരൻ, കാര്യസ്ഥൻ, സഹായി, പറ്റിപ്പുകാരൻ എന്ന് വേണ്ട ഏൽപ്പിച്ച ഏത് വേഷവും ഭംഗിയാക്കാൻ കഴിയുന്ന ഒരു നടനെ പെട്ടന്ന് പറയാമോ എന്ന ചോദ്യമുയർന്നാൽ മനസ്സിൽ ആദ്യം തെളിയുന്ന ഉത്തരങ്ങളിൽ ഒടുവിലില്ലേ?. സംശയമെന്ത് ഒരു സാധാരണ മലയാളിയുടെ മനസ്സിൽ ഒടുവിൽ എന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ രൂപം ഈ കഥാപാത്ര ങ്ങൾക്കെല്ലാം ചേരും. ഈ കഥാപാത്രങ്ങൾക്കെന്നല്ല ഏത് കഥാപാത്രത്തിനും ചേരും. അതെ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ അത്രമേൽ പ്രഗല്ഭനായിരുന്നു. ജനപ്രിയനായിരുന്നു. അദ്ദേഹം ജീവൻ പകർന്ന വേഷങ്ങളെല്ലാം അത്രമേൽ ജനപ്രിയവുമായിരുന്നു. ആ നോട്ടവും ഭാവവും ചലനങ്ങളും നടത്തവും ചിരിയും കൈകൾ കൊണ്ടുള്ള ആംഗ്യവും എല്ലാം കഥാപാത്രങ്ങളുടെ പൂർണതയിലേക്കുള്ള സഞ്ചാരത്തിൻ്റെ ഭാഗങ്ങളായി മാറി. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമുക്ക് മുന്നിലുണ്ടല്ലോ. സന്ദേശം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ശ്രീനിവാസനുമായി പെണ്ണുകാണാൻ പോകുന്ന രംഗം. ശ്രീനിവാസൻ്റെ ചോദ്യങ്ങൾക്കു മുന്നിൽ തല തരിച്ച പെൺകുട്ടിയുടെ പിതാവ് ഒടുവിലിനെ തല തിരിച്ച് നോക്കുമ്പോൾ ഒടുവിലിൻ്റ ഒരു ഭാവം. അയാളോട് പല്ലു പുറത്തു കാണിക്കാതെ ഒരു പ്രത്യേക തരം ചിരി. തെറ്റുപറ്റിപ്പോയി ക്ഷമിക്കണേ എന്ന് അപേക്ഷിക്കുന്ന ഒരു പ്രത്യേക ചിരി. എങ്ങനെയാണ് ആ അഭിനയത്തികവിനെ വർണിക്കുക. ഒടുവിലിന് മാത്രം സാധിക്കുന്ന ഒന്ന്. അദ്ദഹത്തിൽ നിന്നു മാത്രം പ്രതീക്ഷിക്കാവുന്ന ഒന്ന്. ഹരിഹരൻ സംവിധാനം ചെയ്ത സർഗ്ഗം സിനിമയിലെ കുട്ടൻ തമ്പുരാൻ്റെ വല്യച്ഛൻ മറക്കാൻ കഴിയുമോ നമുക്ക് ആ വേഷം. അതി മനോഹരമായ ഗാനം കേട്ട് അതിലൊന്നും ഒട്ടും ശ്രദ്ധിക്കാതെ ബീഡി വലിച്ച് പുകയൂതി വിടുന്ന അരസികനായ കുട്ടൻ തമ്പുരാനെ നോക്കി പ്രകടമാക്കുന്ന ഇതെന്തൊരു ജന്മം ഭഗവാനേ എന്ന ഒരു ഭാവം. ഒരു പക്ഷേ തിരക്കഥകളിൽ പോലും എഴുതാത്ത എഴുതാൻ കഴിയാത്ത ഇത്തരം സൂക്ഷ്മ ഭാവങ്ങൾ കൃത്യമായി ഫലിപ്പിക്കാൻ ഒടുവിൽ എന്ന മഹാനായ നടനല്ലാതെ ആര്? ഒരു മൂളൽ പോലും ഏറെ വാചാലമാകുന്ന എത്രയോ മുഹുർത്തങ്ങൾ നാം കണ്ടു.
1943 ഫെബ്രുവരി 13ന് തൃശൂർ വടക്കാഞ്ചേരിയിൽ എങ്കക്കാട് ഒടുവിൽ കൃഷ്ണമേനോൻ്റേയും പാറുക്കുട്ടി അമ്മയുടേയും മകനായാണ് ഉണ്ണികൃഷ്ണൻ്റെ ജനനം.
ഒടുവിൽ എന്ന ആ തറവാട്ടു പേര് ഒടുവിൽ ഉണ്ണികൃഷ്ണൻ നടനായി പേരെടുക്കുന്നതിനു എത്രയോ മുമ്പുതന്നെ കലാസാഹിത്യ പ്രേമികളുടെ മനസ്സിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.മലയാളത്തിലെ ആദ്യ കഥാകാരൻമാരിൽ ശ്രദ്ധേയനായ കവി നിരൂപകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട ഒടുവിൽ കുഞ്ഞികൃഷ്ണമേനോനിലൂടെയായിരുന്നു അത്. ആ വീട്ടു പേര് കൂടുതൽ ജനകീയമാകുന്നത് പിന്നീട് ശ്രീ.ഉണ്ണിക്കൃഷ്ണനിലൂടെയാണ്.
നന്നെചെറുപ്പത്തിലേ തബല മൃദംഗ വായനകളിൽ പ്രാവീണ്യം നേടിയ ഒടുവിൽ ഉണ്ണികൃഷ്ണൻ നാടക രംഗത്തും കലാരംഗത്തും തബലിസ്റ്റ് എന്ന നിലയിൽ സജീവമായി. കെ.പി.എ.സി, കേരള കലാവേദി എന്നിവയിലും സഹകരിച്ചു.1973 ൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ദർശനത്തിലൂടെ സിനിമാരംഗത്ത് വന്ന ഒടുവിൽ എ.വിൻസെൻ്റിനെ ചെണ്ടയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്.ഗുരുവായൂർ കേശവനിലെ രണ്ടാം പാപ്പാൻ ഏറെ മികച്ച വേഷമായി അതോടെ ഒടുവിൽ എന്ന നടൻ ആസ്വാദക മനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ടു. മദ്യപിച്ച രണ്ടാം പാപ്പാനെ കേശവൻ കിണറ്റിൽ മുക്കുന്ന രംഗം തിയേറ്ററുകളിൽ ആഘോഷമായി. ഒടുവിൽ എന്ന നടൻ്റെ വരതെളിയാൻ തുടങ്ങുകയായിരുന്നു ആ ചിത്രത്തിലൂടെ .പിൽക്കാലത്ത് ശങ്കരാടി, മാമുക്കോയ, ജഗതി ഇന്നസെൻ്റ് തുടങ്ങി ഒരു കാലത്തും പകരക്കാരില്ലാത്ത മികച്ച അഭിനേതാക്കളുടെ കൂട്ടത്തിൽ തലയെടുപ്പോടെ ഈ പേരും ചേർക്കപ്പെട്ടു. സത്യൻ അന്തിക്കാടിനെ പോലുള്ള മുഖ്യധാരയിലെ ഒന്നാംനിര സംവിധായകരുടെ സിനിമയിൽ സ്ഥിരം സാന്നിധ്യമായി എത്തിയ ഒടുവിൽ പ്രേക്ഷകർക്ക് പ്രിയങ്കരിൽ പ്രിയങ്കരനായി.
എത്രയെത്ര മികച്ച കഥാപാത്രങ്ങൾ തൂവൽ കൊട്ടാരത്തിലെ മാരാർ, അനിയൻ ബാവ ചേട്ടൻ ബാവയിലെ ഈശ്വര പിള്ള, ദേവാസുരത്തിലെ പെരിങ്ങോട് ശങ്കര മാരാർ ,മാലയോഗത്തിലെ കലിയുഗം പരമു നായർ ,പുന്നാരത്തിലെ അച്ചൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ റിട്ടയർ അധ്യാപകൻ, വരവേല്പിലെ വല്യേട്ടൻ നാരായണൻ, കിരീടത്തിലെ എ.എസ്.ഐ, കളിക്കളത്തിലെ പലിശക്കാരൻ,ഗോളാന്തരവാർത്തയിലെ വാറ്റുകാരൻ സുശീലൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ചായക്കടക്കാരൻ, കുടുംബപുരാണത്തിലെ അമ്മാവൻ ,ആറാം തമ്പുരാനിലെ കൃഷ്ണവർമ്മ , മനസ്സിനക്കരയിലെ സഖാവ് ,വീണ്ടും ചില വീട്ടുവിശേഷങ്ങളിലെ കലാ സ്നേഹിയായ പള്ളീലച്ചൻ, പൊൻമുട്ടയിടുന്ന താറാവിലെ പശു കച്ചവടക്കാരൻ, മഴവിൽക്കാവടിയിലെ ചെത്തുകാരൻ, സല്ലാപത്തിലെ ശൃംഗാരപ്രിയനായ മേനോൻ ,വളയത്തിലെ ആശാൻ, സന്ദേശത്തിലെ അച്ചുവേട്ടൻ എത്രയെത്ര ശ്രദ്ധേയ വേഷങ്ങൾ .മിതത്വമാർന്ന ആ അഭിന ശൈലിയിൽ നമ്മെ വിസ്മയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ .ലഭിച്ചഎല്ലാ സിനിമകളിലും ഒടുവിൽ തൻ്റെ ഭാഗം അവിസ്മരണീയമാക്കി.
1995 ൽ അടൂരിൻ്റെ കഥാപുരുഷൻ എന്ന സിനിമയിലൂടെയാണ് ആദ്യ സംസ്ഥാന പുരസ്കാരം ലഭിച്ചത്.മികച്ച സഹനടനുള്ള അംഗീകാരം.96 – ൽ വീണ്ടും സഹനടനുള്ള പുരസ്കാരം തൂവൽ കൊട്ടാരത്തിലൂടെ ആ കൈകളിലേക്ക്.2002 ൽ നിഴൽക്കൂത്ത് എന്ന അടൂർ ചിത്രത്തിലൂടെ മികച്ച നടനായി ഒടുവിൽ ഉണ്ണികൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.
നാനൂറ് സിനിമകളിലായി പരന്നു കിടക്കുന്ന ആ അഭിനയ ജീവിതത്തിന് 2006 മെയ് 27 ന് 63-ാം വയസ്സിൽ തിരശീല വീണു. ഭാര്യ പത്മജ . ശാലിനിസൗമിനി എന്നിവർ മക്കൾ. സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴും ആ പകിട്ടുകൾ പ്രകടിപ്പിക്കാതെ അഹങ്കരിക്കാതെ സാധാരണക്കാരനിൽ സാധാരണക്കാരാനായാണ് ഒടുവിൽ ജീവിച്ചത്. മനുഷ്യ സ്നേഹിയായ നടനായി സഹപ്രവർത്തകർക്കിടയിലും പരിചയക്കാർക്കിടയിലും ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അറിയപ്പെടുന്നു.
മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഒടുവിൽ ജീവൻ നൽകിയ കഥാപാത്രങ്ങൾക്ക് മരണമില്ല. മറ്റൊരാളെ ആ വേഷങ്ങളിൽ ചിന്തിക്കാൻ അവർക്കാവുകയുമില്ല. അവിടെ ഒടുവിലിന് ഒരു സ്ഥാനമുണ്ട്.. അത് ഏറെ മുന്നിലാണ്.
മലയാളസിനിമയിലെ എത്ര എത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാവാഭിനയം കൊണ്ട് മികവ് തെളിയിച്ച കലാകാരൻ. നല്ല അവതരണം
നല്ല അവതരണം.
അഭിനയത്തിലെ ഗാംഭീര്യ മുഖം
മനസ്സിൽ പതിഞ്ഞ എണ്ണമറ്റ കഥാപാത്രങ്ങൾ
ഒടുവിൽ ഉണ്ണികൃഷ്ണനെ എങ്ങനെ മറക്കാൻ
നല്ല അവതരണം
മികച്ച വായനാനുഭവം