ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പണ്ടുമുതലേ എല്ലാവർക്കും ഇഷ്ടമുള്ളതും കഴിച്ചിട്ടുള്ളതുമായ ‘കുമ്പിൾ’ എന്ന വിഭവമാണ്. ഇതുണ്ടാക്കാനും പലർക്കും അറിയാമായിരിക്കും. എങ്കിലും ഈ റെസിപ്പി വെച്ച് ഒന്ന് ചെയ്തു നോക്കൂ. നല്ല രുചിയിൽ എങ്ങനെയാണ് ഞാനിത് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടുത്താം.
ആവശ്യമുള്ള സാധനങ്ങൾ
പഴുത്ത വരിക്കച്ചക്ക (ഒരു ചക്കയുടെ പകുതി)
അരിപ്പൊടി ഒന്നര കപ്പ്
വറുത്ത റവ കാൽകപ്പ്
ശർക്കര കാൽ കിലോ
ഏലക്കാപ്പൊടി ഒരു ടീസ്പൂൺ
ജീരകം (നല്ല ജീരകം) കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത് ഒന്നര കപ്പ്
കുമ്പിളില (വഴന ഇല) ആവശ്യത്തിന്
ഉപ്പ് കാൽ ടീസ്പൂൺ
തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യം ചക്കപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് കുക്കറിൽ നന്നായി വേവിക്കുക
ഇനി ഒരു പാത്രത്തിൽ ശർക്കര പൊട്ടിച്ച് ഇട്ടുകൊടുത്തു അരക്കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് നന്നായി ഉരുക്കി അരിച്ച് കുക്കറിൽ വെന്തിരിക്കുന്ന ചക്കപ്പഴത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ കുറച്ചുനേരം (രണ്ടു മിനിറ്റ്) വേവിക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കി അരിപ്പൊടി, റവ, ഉപ്പ്, ഏലക്കാപ്പൊടി, ജീരകം പൊടിച്ചത് ഇത്രയും ചേർത്ത് നന്നായി കുഴയ്ക്കുക.
അപ്പച്ചെമ്പ് അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് രണ്ട് കുമ്പിളില മുറിച്ചിട്ടു കൊടുക്കുക. (നല്ല മണം കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്) ഇനി ഓരോ ഇലയും കഴുകിത്തുടച്ച് കുമ്പിൾ കോട്ടി അതിലേക്ക് കുറച്ചു മാവ് വീതം വെച്ച് പൊതിഞ്ഞ് അപ്പച്ചെമ്പിൽ വേവിക്കുക. നന്നായി വെന്തു കഴിഞ്ഞ് ആറിയതിനു ശേഷം കഴിച്ചു നോക്കൂ. നല്ല മണവും രുചിയും ഉള്ള ഈ പലഹാരം എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ.
അടുത്ത ആഴ്ച പുതുമയുള്ള മറ്റൊരു റെസിപ്പിയുമായി ഞാൻ വീണ്ടും വരുന്നതാണ്.
Super
