മാറിപ്പോകാത്ത അഭയസ്ഥാനം! (സങ്കീ. 46:1-7)
“സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു”
(വാ. 7).
എല്ലാ മനുഷ്യരും ഏതെങ്കിലും സമയത്തു വലിയ കഷ്ടതയോ പ്രതിസന്ധി യോ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. ഭയാനകമായ പ്രതിബന്ധങ്ങൾ മുമ്പിൽ കാണുമ്പോൾ, ഏതു മനുഷ്യനും ഭയചകിതനായി തീർന്നേക്കാം? എന്നാൽ, വിശ്വാസത്തോടും ആശ്രയത്തോടും കൂടെ നാം ദൈവത്തിങ്കലേക്കു തിരിയുകയാണെങ്കിൽ, തന്റെ മാറിപ്പോകാത്ത സാന്നിദ്ധ്യം നമുക്കു ലഭിക്കുകയും, നമ്മെ തുറിച്ചു നോക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു മുമ്പോട്ടു പോകാൻ നമുക്കു സാധിക്കുകയും ചെയ്യും. ധ്യാന ഭാഗത്തു കോരഹ് പുത്രന്മാർ പറയുന്നതുപോലെ, “ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്ര മദ്ധ്യ വീണാലും, അതിലെ വെള്ളം ഇരച്ചുകലങ്ങിയാലും, അതിന്റെ കോപം കൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല” (വാ. 2,3) എന്നു പറയുവാൻ നമുക്കും ആകും.
അനേകം വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം ഓർമ്മയിൽ വരുന്നു: നല്ല സൂര്യ പ്രകാശമുള്ള ഒരു സായാഹ്നം. ചെറു ബാലനായിരുന്ന ഈയുള്ളവന്റെ മകനുമായി ഒരു കടയിലേക്കു നടന്നു പോകയായിരുന്നു. നല്ല തെളിഞ്ഞ ആ സായാഹ്നത്തിലെ കാഴ്ചകൾ കണ്ടും, ശബ്ദങ്ങൾ കേട്ടും, പ്രകൃതി ഭംഗി ആസ്വദിച്ചും ഉന്മേഷഭരിതനായി എന്റെ മകൻ മുമ്പിൽ കയറി നടന്നു. എന്നാൽ, പെട്ടന്നു സഡൺ ബ്രേക്കിട്ടി
യതു പോലെ, അവൻ നിന്നു. ഞാൻ നോക്കുമ്പോൾ, ഏതാനും വാരകളകലെ ഒരു കൂറ്റൻ തെരുവു നായ് അവനെ നോക്കിക്കൊണ്ടു നിൽക്കുന്നു. പെട്ടന്നു അവൻ എന്റെ അടുത്തേക്കു ഓടി വന്നു. അവന്റെ കരം എന്റെ കരത്തിലാണെന്നും, ഞാൻ അവന്റെ തൊട്ടടുത്ത് ഉണ്ടെന്നും ഉറപ്പു വരുത്തിയതിനു ശേഷമാണ്,
അവൻ ആ നായയെ കടന്നു പോകാനുള്ള ധൈര്യം കാണിച്ചത്.
നമ്മുടെ ഇഹലോക ജീവിത യാത്രയുടെ വ്യക്തമായ ഒരു ചിത്രം കൂടിയാണിത്? നമ്മുടെ ജീവിത യാത്രയ്ക്കിടെ നമ്മെ ഭയപ്പെടുത്തുന്ന അനേകം പ്രതിസന്ധികൾ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്നു വന്നേക്കാം? വിശ്വാസത്തോടെ നാം കർത്താവിന്റെ അടുത്തേക്കു ചെല്ലുന്നു. താൻ നമ്മെ കരം പിടിച്ചു നടത്തുന്നു. ചിലപ്പോഴെങ്കിലും താൻ നമ്മെ ചുമലിലേറ്റി നടക്കുന്നു. അക്കരെ നാട്ടിൽ നാം എത്തുന്നതു വരെ, തന്റെ കാവലും സാന്നിദ്ധ്യവും നൽകി, താൻ നമ്മെ പരിപാലിക്കുന്നു. അതിനായി ദൈവത്തെ സ്തുതിച്ചു കൊണ്ടു നമുക്കു മുമ്പോട്ടു പോകാം?. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവീക പരിപാലനത്തിൽ നിന്നും നമ്മെ അടർത്തിമാറ്റുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല!



