“നജാതുകാമ: കാമാനാമുപഭോഗേന ശ്യാമതി
ഹ വിഷാ കൃഷ്ണ വർത്മേവ ഭൂയ ഏവാ ദി വർദ്ധതേ”
ഉപഭോഗംകൊണ്ട് കാമവാസന ശമിക്കുകയില്ല. പ്രത്യുത കാമത്തിൻ്റെ വിശപ്പു വർദ്ധിക്കുകയേ ഉള്ളൂ. അത് അഗ്നിയെ നെയ്യൊഴിച്ച് അണക്കാൻ ശ്രമിക്കുന്നതുപോലെയാണ്.
മഹാഭാരതത്തിലെ ഒരു ഉജ്ജ്വലകഥാപാത്രമായ യയാതി മഹാരാജാവിൻ്റെ വാക്കുകളാണിവ. യയാതി-ആധുനിക മനുഷ്യൻ്റെ ഒടുങ്ങാത്ത ആസക്തിയുടെ പ്രതീകമാണ്. അദ്ദേഹം സ്വന്തം പുത്രനോട് യൗവ്വനം ഇരന്നുവാങ്ങി സുഖഭോഗങ്ങൾ ആയിരം വർഷങ്ങളോളം അനുഭവിച്ച യയാതിക്ക് ഒടുവിലാണ് മനസ്സിലായത് സുഖത്തിൻ്റെ അന്വേഷണം ഒരു മരീചികപോലെയാണ് അനുഭവപ്പെടുക എന്ന്. മാത്രമല്ല അദ്ദേഹത്തിന് ഒരു കാര്യം കൂടി ബോദ്ധ്യമായി- “ഈ ലോകത്ത് ത്യാഗമാണ് ഭോഗത്തേക്കാൾ ശ്രേഷ്ഠമായ ആനന്ദമെന്ന് “
മനുഷ്യർ തെറ്റുകൾ ചെയ്തുകൊണ്ടേ ഇരിക്കുന്നു. തെറ്റുകളെപ്പറ്റി കേൾക്കുന്നു. എന്നാൽ അവയിൽ നിന്നൊന്നും ഒരു പാഠവും മനുഷ്യർ പഠിക്കുന്നില്ല എന്നതാണ് സത്യം. എല്ലാ മനുഷ്യരുടേയും ജീവിത സായാഹ്നത്തിൽ ഒരളവുവരെ പാകതയുള്ളവരായിത്തീരുന്നു. ഒരു പക്ഷെ ഈ വിവേകം നേടുന്നത് സ്വന്തം മുറിവുകളിൽനിന്നായിരിക്കും. ഒന്ന് മനസ്സിലാക്കുക നമ്മുടെ ജീവിതം ദൈവം തന്ന ഒരു വരദാനമാണ്.- ഭഗവാൻ്റെ കൃപാപ്രസാദം. ആ ദാനം വിവേകത്തോടെ നാം ഉപയോഗിക്കുകയാണ് വേണ്ടത്. ‘ ആത്മാവിൻ്റെ സന്തോഷമാണ് മനുഷ്യ ജീവിതത്തിൻ്റെ ഉരക്കല്ല്.ഒന്ന് മനസ്സിലാക്കുക സമ്പത്തു കിട്ടിയാലും, ഐശ്വര്യം ലഭിച്ചാലും, ആരും ഉത്തമനാവുകയില്ല.
ഈ കാലഘട്ടത്തിലെ സുഖാന്വേഷിയായ, ഒന്നുകൊണ്ടും തൃപ്തിവരാത്ത മനുഷ്യന് യയാതിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് തോന്നുന്നു. പരാക്രമിയും വിലാസലോലനും ലമ്പടനുമായ ഒരു മഹാരാജാവായിരുന്നു യയാതി. എന്തു കിട്ടിയാലും തൃപ്തിവരാത്ത, സുഖാന്വേഷിയായ ആധുനിക മനുഷ്യൻ അനിയന്ത്രിതമായ ഭോഗതൃഷ്ണയുടെ ഒഴുക്കിൽപ്പെട്ട് വഴുതി നീർക്കയത്തിലേക്ക് എപ്രകരം പതിക്കുമെന്ന് യയാതിയുടെ കഥ പഠിപ്പിക്കുന്നു.
ശാകുന്തളം കഥപോലെ യയാതിയുടെ കഥയും ഒരു ഉപാഖ്യാനമാണ്. മൃഗയാവിനോദത്തിനുപോയ യയാതി മഹാരാജാവ് ഒരു പൊട്ടക്കിണറ്റിൽനിന്നുയർന്ന സ്ത്രീരോദനം കേട്ട് അവിടേക്കു ചെന്നു. കണ്ടത് നഗ്നയായ ഒരു യുവതിയെയാണ്. ഉടനെ അദ്ദേഹം തൻ്റെ ഉത്തരീയം ഇട്ടുകൊടുത്തു. കൈ പിടിച്ച് കരയ്ക്കെത്തിച്ചു.ആ സ്ത്രീ ശുക്രാചാര്യരുടെ മകൾ ദേവയാനിയായിരുന്നു. ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “വൃഷപർവ്വാവ് എന്ന രാജാവിൻ്റെ മകൾ ശർമ്മിഷ്ഠയുമായി ശണ്ഠകൂടിയപ്പോൾ അവർ തന്നെ കിണറ്റിലേയ്ക്ക് തള്ളിയിട്ടു പോയി എന്ന്. “ ആദ്യമായി തന്നെ കൈപിടിച്ചയാൾ തന്നെ വേൾക്കണമെന്ന് അവൾ പറഞ്ഞപ്പോൾ യയാതി രാജാവിന് സന്തോഷമായി. ഉടനെ ശുക്രാചാര്യരെ സമീപിക്കുകയും അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങി. ഒരു വ്യവസ്ഥയോടെ ശുക്രാചാര്യർ തൻ്റെ മകളെ രാജാവിന് വിവാഹം ചെയ്തു കൊടുത്തു. ” രാജാവ് തൻ്റെ മകളെയല്ലാതെ മറ്റൊരു സ്ത്രീയുമായും ബന്ധപ്പെടരുത് എന്നതായിരുന്നു. വ്യവസ്ഥ “
വിവരമറിഞ്ഞ വൃഷപർവ്വാവ് ഉടൻ ഗുരുവിൻ്റെയടുത്തെത്തി. മാപ്പു പറഞ്ഞു. ശർമ്മിഷ്ഠ തൻ്റെ ദാസിയായിരിക്കണമെന്ന ഒരു വ്യവസ്ഥ ദേവയാനി മുന്നോട്ട് വെച്ചു. ഗുരു ശാപം ഭയന്ന് രാജാവ് അത് സമ്മതിച്ചു. എന്നാൽ ശർമ്മിഷ്ഠയ്ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
അങ്ങനെ യയാതിയും ദേവയാനിയും ശർമ്മിഷ്ഠയോടൊപ്പം കൊട്ടാരത്തിൽ എത്തി.അങ്ങനെ കാലം കുറെ കഴിഞ്ഞു പോയി.അങ്ങനെ ഇരിക്കെ ദേവയാനി ഒരു കാഴ്ച കണ്ട് സ്തബ്ധയായി. ” തൻ്റെ മകനെപ്പോലെയൊരു കുട്ടി ഉദ്യാനത്തിൽ കളിക്കുന്നു. കുട്ടി ആരാണെന്ന് ദേവയാനി ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു: “ഞാൻ ശർമ്മിഷ്ഠയുടെ മകനാണെന്നും പിതാവ് യയാതി മഹാരാജാവാണ് എന്നും. “ വിവരമറിഞ്ഞ് കോപിഷ്ഠയായ ശുക്രാചാര്യർ യയാതിയെ ശപിച്ചു. ” ഉടൻ വാർദ്ധ്യക്യം ബാധിക്കട്ടെ.” തുടർന്ന് രാജാവ് ജരാനര ബധിച്ച ഒരു വൃദ്ധനായി. രാജാവ് ശുക്രാചാര്യരോട് ശാപമോക്ഷത്തിനായി കേണപേക്ഷിച്ചു. മനസ്സലിഞ്ഞ ശുക്രാചാര്യർ ശാപമോക്ഷം കൊടുത്തു.”” മക്കളാരെങ്കിലുമായി യൗവ്വനം കൈമാറ്റം ചെയ്യാമെങ്കിൽ രാജാവിന് യൗവ്വനം തിരിച്ചുകിട്ടുമെന്നായിരുന്ന അത്. “’
തുടർന്ന് യയാതി മക്കളോരോരുത്തരോടും യൗവ്വനം യാചിച്ചു.പക്ഷെ ആരും തയ്യാറായില്ല. ഒടുവിലാണ് മകനായ പൂരു- ശർമ്മിഷ്ഠയുടെ പുത്രൻ യൗവ്വനം നൽകാൻ തയ്യാറായത്.അങ്ങനെ യയാതി യുവാവായും പൂരു വൃദ്ധനുമായി. തുടർന്ന് ആയിരത്തോളം വർഷം യയാതി കാമമോഹിതനായി സുഖഭോഗങ്ങളനുഭവിച്ചു. അപ്പോഴാണ് ലൗകികസുഖങ്ങൾ നശ്വരമാണെന്നും ആത്മസുഖമാണ് ഏറ്റവും വലിയ ആനന്ദമെന്നും യയാതിക്ക് മനസ്സിലായത്. ഉടൻ തന്നെ മകനായ പൂരുവിന് യൗവ്വനം തിരിച്ചു നൽകി വാർദ്ധ്യക്യം വാങ്ങി രാജാവ് തപസ്സിനായി വനത്തിലേയ്ക്ക് യാത്രയായി.
കടം വാങ്ങിയും നെയ്യ് കൂട്ടിതന്നെ ചോറുണ്ണണം എന്ന എപ്പിക്യൂറിയൻ തത്ത്വശാസ്ത്രത്തിൽ വിശ്വസിച്ചു ജീവിച്ച യയാതി ഒടുവിൽ പറഞ്ഞു: “ലോകത്തിലെ എല്ലാ സ്വത്തുക്കളും, സുന്ദരിയായ സ്ത്രീകളും ധനധാന്യാദികളും ഒന്നും തന്നെ ഒരു വ്യക്തിയുടെ അത്യാഗ്രഹത്തെ ശമിപ്പിക്കാൻ കഴിവുള്ളവയല്ല. അതകൊണ്ട് ഹേ മനുഷ്യാ, അമിതാസക്തിയെ ഉപേക്ഷിക്കൂ. ആസ്വദിച്ച് ആഗ്രഹനിവൃത്തി വരുത്താമെന്ന് കരുതരുത്.”
ഭർത്തൃഹരാ പറയുന്നു: “ശരീരം ക്ഷയിച്ചു, തലമുടി നരച്ചു, വായയിലെ പല്ലെല്ലാം കൊഴിഞ്ഞു, വടിയുടെ സഹായമില്ലാതെ നടക്കാൻ കഴിയുന്നില്ല. എന്നിട്ടും മോഹങ്ങളുടെ മാറാപ്പ് അയാളെ വിട്ടുപിരിയുന്നില്ല. മാത്രമല്ല അയാളുടെ മോഹങ്ങൾ അയാളെ കൂടുതൽ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. വിഷയവസ്തുക്കൾ അനുഭവിക്കുവാനുള്ള ആശ അടക്കാനാവാത്തതും അവസാനമറ്റതു മാണെന്ന് കവികൾ സൂചിപ്പിക്കുകയാണ്. കാഴ്ചമങ്ങി, കേൾവി കുറഞ്ഞു, ആരും താൻ പറയുന്നത് ശ്രദ്ധിക്കുന്നില്ലല്ലോ എന്ന വിഷമം മറ്റൊരു ഭാഗത്ത്. ഭാര്യ തന്നെ ശ്രദ്ധിക്കുന്നില്ല. മക്കൾ അനാവശ്യമായി ദേഷ്യപ്പെടുന്നു. കഷ്ടം! വല്ലാത്തൊരു ദയനീയാവസ്ഥയാണ് വാർദ്ധക്യത്തിലേക്കു കടക്കുന്നവൻ്റെ കാര്യം’ ഇങ്ങനെ ഒരവസ്ഥ വരുമെന്ന് ചെറുപ്പത്തിൽ നാം വിചാരിക്കുന്നില്ല എന്നതാണ് സത്യം .
ഒന്ന് മനസ്സിലാക്കുക! സുഖാനുഭൂതിയാവരുത് ജീവിതലക്ഷ്യം. അവസാനകാലത്ത് ശാന്തി നേടാനുള്ള ഏക മാർഗ്ഗം ചെറുപ്പത്തിൽ തന്നെ വികാരങ്ങളെ നിയന്ത്രിച്ച് ആഗ്രഹങ്ങൾക്കു കടിഞ്ഞാണിട്ട് സാത്വിക മാർഗ്ഗത്തിലൂടെയുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. സംതൃപ്തമായ ഒരു മനസ്സിനേക്കാൾ വലിയ സമ്പാദ്യമില്ല. അതു നേടിയവർക്കുള്ളതാണ് ശാന്തിയും സമാധാനവും. അഹങ്കാരവും സ്വാർത്ഥതയും ഏറിവരുന്ന ഇക്കാലത്ത് മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ കഴിയുക എന്നത് എത്ര ഉദാത്തം ! ഫലപ്രദമായി ജീവിക്കുക. അവനവനുവേണ്ടി – കുടുംബത്തിനു വേണ്ടി – സമൂഹത്തിനു വേണ്ടി – രാഷ്ട്രത്തിനു വേണ്ടി – ലോകത്തിനു വേണ്ടി ധന്യമായ ഒരു ജീവിതം നയിക്കുവാൻ കഴിയുക എന്നത് എത്ര ഭാഗ്യമാണ്.!!
കഥയിലൂടെ നല്ല സന്ദേശം നൽകി
നല്ല സന്ദേശം
വിലപ്പെട്ട അറിവുകൾ നൽകുന്ന ഗുരുജിക്ക് പ്രണാമം
വിലപ്പെട്ട അറിവുകൾ നൽകുന്ന ഗുരുജി ക്കു പ്രണാമം
Very nice message