പണവും അധികാരവും മതത്തെപ്പോലെ തന്നെ മനുഷ്യനെ മയക്കുന്ന കറുപ്പാണ്. ഇന്ന് പടുവൃദ്ധന്മാർപോലും പണമുണ്ടാക്കാനുള്ള വെമ്പലിൽ ഓടുകയാണ്. സമ്പത്തും പദവിയും നമ്മെ അനുഗ്രഹിക്കുമ്പോൾ ഇതൊക്കെതന്ന ദൈവത്തെ നാം മറക്കുകയാണ്. ഇതെല്ലാം തൻ്റെ മിടുക്കു കൊണ്ടുണ്ടായതാണെന്ന് കരുതി അഹങ്കരിക്കുകയാണ്. അഗതികളോടും പാവങ്ങളോടും നമുക്ക് പുച്ഛം തോന്നുന്നു. എന്നാൽ ഇതൊക്കെ നഷ്ടപ്പെട്ട് വാർദ്ധക്യം പിടിപെട്ട് ആരും തുണയില്ലാതെ കഷ്ടപ്പെടുമ്പോൾ നഷ്ട സൗഭാഗ്യങ്ങളെ ഓർത്ത് വിലപിക്കുന്നു. താൻ നേടിയതും വെട്ടിപ്പിടിച്ചതും എല്ലാം നഷ്ടപ്പെട്ടുപോയതിൽ ദുഃഖിക്കുന്നു. സമ്പത്തും പദവിയും ആരോഗ്യവുമെല്ലാം ദൈവം തരുന്നതാണെന്ന് ഓർക്കുന്നില്ല. ഒട്ടും അദ്ധ്വാനിക്കാതെ, പൂർവ്വികർ നേടിത്തന്നതു കൊണ്ടോ അവിഹിതമാർഗ്ഗത്തിലൂടെ സഞ്ചരിച്ചതുകൊണ്ടോ ഒരു പക്ഷെ സ്വത്ത് ഉണ്ടായി എന്നു വരാം. അതൊക്കെ ധൂർത്തടിച്ച് അടിപൊളി ജീവിതം നയിക്കുമ്പോൾ, അത്ര വിദൂരതയിലല്ലാതെ നമ്മെ കാത്തിരിക്കുന്ന ദുരന്തത്തെപ്പറ്റി ഓർക്കുന്നവർ വളരെ വിരളമാണ്. എല്ലാ സുഖങ്ങളും സന്തോഷങ്ങളും തരുന്ന ദൈവം ദുഃഖങ്ങളും തരുന്നുണ്ടെന്ന് മനസ്സിലാക്കുക. എല്ലാം അദ്ദേഹത്തിൻ്റെ അമൂല്യ വരദാനങ്ങളാണെന്നറിയുക. ദു:ഖിതരെയും അശരണരെയും മറക്കാതിരിക്കുക. ഒടുവിൽ എല്ലാം നഷ്ടപ്പെടുമ്പോൾ തത്ത്വചിന്ത ഉണ്ടായിട്ടു ഒരു കാര്യവുമില്ല. ഒന്നു മനസ്സിലാക്കുക! അന്നന്നു പാഠങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കു മാത്രമേ വർഷാന്ത്യപരിക്ഷകളിൽ നല്ല മാർക്ക് നേടാനാകുകയുള്ളൂ. ജീവിതത്തിൻ്റെ വസന്തകാലത്ത് ഓർക്കുക മഴക്കാലം വരുമെന്ന്. അധികാരത്തിൻ്റെ, പദവിയുടെ, പണത്തിൻ്റെയൊക്കെ വർണ്ണപ്പൊലിമയിൽ കണ്ണഞ്ചിപ്പോകരുത്. പരോപകാരം ചെയ്ത് മരിക്കാത്ത യശസ്സ് നേടുക.
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
മുകളിൽ കൊടുത്തിരിക്കുന്നത് എഴുത്തച്ഛൻ്റെ വരികളാണ്. എല്ലാ ഭൗതിക നേട്ടങ്ങളും ക്ഷണികങ്ങളായിരിക്കേ അധാർമ്മികമായും അന്യായമായും ഉണ്ടാക്കുന്ന നേട്ടങ്ങളും ക്ഷണികങ്ങളാണ്. നമ്മുടെ ക്ഷണികങ്ങളായ ഭൗതികനേട്ടങ്ങൾ ജീവിതത്തെ സുഖകരമാക്കുമെന്ന് നാം വിചാരിക്കുന്നു. ആദ്യമെല്ലാം സമ്പത്തും സുഖസമൃദ്ധിയും ശത്രുക്കളെയാണ് ഉണ്ടാക്കുക. ഒടുവിൽ സർവ്വനാശത്തിൽ കലാശിക്കുന്നു. തനിക്ക് ദോഷകരമാകുന്നത് അന്യർക്കും ദോഷകരമാകുന്നതുപോലെ അന്യർക്കു ദോഷകരമാകുന്നത് തനിക്കും ദോഷകരമാകുമെന്നറിയാതെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ഭ്രാന്തൻ പ്രവർത്തനങ്ങളും ഇപ്പോൾ സമൂഹത്തിൻ്റെ എല്ലാ തലത്തിലും കാണാൻ കഴിയും. നേട്ടങ്ങളുടെ വലിപ്പത്തെക്കാൾ കർമ്മങ്ങളുടെ ശ്രേഷ്ഠതയ്ക്ക് പ്രാധാന്യം കല്പിച്ചവരാണ് നമ്മുടെ പൂർവ്വികർ. അവരുടെ ചിന്തകൾ, ചിന്തിക്കുന്ന തലമുറയ്ക്ക് എന്നും സ്വീകാര്യമായിരിക്കും. വ്യാസനും വാല്മീകിക്കും ധനമോ അധികാരമോ ഉണ്ടായിരുന്നില്ല. പക്ഷെ അവർ വരുമ്പോൾ മഹാരാജാക്കന്മാർപോലും എഴുനേറ്റുനിന്ന് ആദരിക്കുമായിരുന്നു. ചെയ്യേണ്ടതു ചെയ്യുന്നതുകൊണ്ടു മാത്രമല്ല മനുഷ്യൻ വിജയിക്കുന്നത്. ചെയ്യരുതാത്തത് ചെയ്യാതിരിക്കുന്നതു കൊണ്ടും കൂടിയാണന്ന് നാം ഓർക്കേണ്ടതാണ്.
ഇന്ന് ഒന്നും ചെയ്യാതെ പണമുണ്ടാക്കാനുള്ള മാർഗ്ഗമാണ് ആരായുന്നത്. പണത്തിലൂടെ അധികാരവും അധികാരത്തിലൂടെ പണവും – മനുഷ്യൻ ഈ ദൂഷിത വലയത്തിൽപ്പെട്ടു കറങ്ങുകയാണ്. ഐശ്വര്യം, ആർഭാടം, കാറുകൾ, പുതുവസ്ത്രങ്ങൾ, വിഭവസമൃദ്ധമായ ആഹാരം, ഉണ്ടാക്കണമെന്ന വെപ്രാളത്തിൽ – ആ അഹങ്കാരത്തിമിർപ്പിൽ നമ്മുടെ മനസ്സിൽ നിന്നും ഈശ്വരൻ അകലുന്നു. ഈ സുഖസമൃദ്ധികളുടെ അല്പായുസ്സിനെപ്പറ്റി ഓർക്കാതെ ഈശ്വരനെ മറക്കുന്നു. കുറെ പണമുണ്ടാക്കണമെന്നും സന്തോഷവും സുഖവും ലഭിക്കണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകണമെന്നും അവരൊക്കെ നമ്മളെ ബഹുമാനിക്കണമെന്നും ഒക്കെ നാം ആഗ്രഹിക്കുകയാണ്.ഒരു പരിധിവരെ ഇതൊക്കെ ആവശ്യമാണെങ്കിലും പണം പോയിക്കഴിഞ്ഞാൽ ഭാര്യയും മക്കളും നമ്മെ അകറ്റി നിർത്തുമെന്ന കാര്യം കൂടി ഓർക്കുന്നത് നന്നായിരിക്കും. പണമുള്ളപ്പോൾ നമ്മുടെ സുഖമന്വേഷിച്ചുവന്നവർ നമുക്ക് പണമില്ലാതായാൽ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. ഒന്നു ഓർക്കുക സമ്പത്തും പദവിയും ഒന്നും സംതൃപ്തി, ശാന്തി, സമാധാനം ഇവയെ തരാൻ കഴിവുള്ളവയല്ല. പണം കൂടുതൽ കൊടുത്ത് മക്കളെ സുഖസമൃദ്ധിയിൽ വളർത്തയാൽ അവർക്ക് നമ്മളോട് കൂടുതൽ സ്നേഹം ഉണ്ടാകുമോ? ഒന്ന് ഓർക്കുക! ഇന്നത്തെ വൃദ്ധരിൽ പലരും ചെറുപ്പത്തിൽ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ഇല്ലായ്മയിലും വളർന്നവരാണ്. അവർക്ക് മാതാപിതാക്കളോടുണ്ടായിരുന്ന സ്നേഹവും ആദരവും ഇന്നത്തെ തലമുറയിലെ കുബേര കുമാരന്മാർക്കുണ്ടോ? പഴങ്കഞ്ഞിയും മരച്ചീനിയും കഴിച്ചു വളർന്നു പ്രായമായ തലമുറയ്ക്ക് അവരുടെ അച്ഛനമ്മമാരോടുള്ള സ്നേഹം ബോൺവിറ്റയും മുന്തിരിയും ആപ്പിളും ചിക്കനും ന്യൂഡിൽസും കഴിച്ചുവളരുന്ന ഇന്നത്തെ കുട്ടികൾക്ക് അന്യമാണെന്ന് ഓർക്കുക. നമുക്ക് സമ്പത്തു കൂടിയാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്നേഹമോ ആദരവോ വർദ്ധിക്കുകയില്ല.മറിച്ച് അസൂയ വർദ്ധിക്കുകയും ചെയ്യും.
അതുകൊണ്ട് കഴിവിനൊപ്പം കർമ്മവും മെച്ചപ്പെടുത്തുക. പ്രാർത്ഥിച്ചതുകൊണ്ടുമാത്രം കാര്യമില്ല.പ്രവർത്തിയും തന്നാകണം. ധർമ്മച്യുതി അണുവായുധത്തെക്കാൾ ഭയാനകമാണ്. ധനപ്രഭാവം ബന്ധങ്ങളെ വികലമാക്കും. ജ്ഞാനത്തിൻ്റെയും വിവേകത്തിൻ്റെയും സ്ഫുലിംഗങ്ങൾ അണഞ്ഞുപോകും. ഈ ഹൈടെക് യുഗത്തിൽ അയൽക്കാരനെ കടത്തിവെട്ടി ജീവിതം കൂടുതൽ സുഖപ്രദമാക്കാനുള്ള ത്വരയോടെ ഓടുമ്പോൾ നഷ്ടമാകുന്നത് ശാന്തിയാണ്.
ഹ്രസ്വമായ ആയുസ്സ് സമൂഹനന്മയ്ക്കായി ഉപയോഗിക്കുക. സ്നേഹം, ദയ, കാരുണ്യം, സിംപതി, എംപതി മുതലായ സദ്വികാരങ്ങൾ വളർത്തുക. അന്യനു ദോഷം ചെയ്തേക്കാവുന്ന ഒന്നിലും മനസ്സ് ചെല്ലരുതേ എന്നു പ്രാർത്ഥിക്കുക. നമ്മുടെ ഉള്ളിൽ എരിയുന്ന ആത്മദീപം ഒരു കാറ്റ് വന്ന് എപ്പോഴാണ് അണയ്ക്കുക എന്ന് നമുക്കറിയില്ല. ജഗദീശ്വരൻ കല്പിച്ചുതന്ന ഈ ജീവിതം നമുക്കും മറ്റുള്ളവർക്കും പ്രയോജനപ്രദമാകണേ എന്നു പ്രാർത്ഥിക്കുക.
പി. എം.എൻ.നമ്പൂതിരി.
Well said Guruji
വളരെ നല്ല ഉപദേശംഗുരുജി. പണവും സമ്പത്തും ഉള്ളത് കൊണ്ടു മാത്രം ഒരാളും ബഹുമാനിക്കപ്പെടുന്നില്ല. നല്ലതുപോലെ പറഞ്ഞു . നന്ദി ഗുരുജി. നമസ്ക്കാരം ‘