Saturday, March 22, 2025
Homeപുസ്തകങ്ങൾഅപ്പു നെടുങ്ങാടിയും, അദ്ദേഹത്തിന്റെ 'കുന്ദലത' എന്ന നോവലും

അപ്പു നെടുങ്ങാടിയും, അദ്ദേഹത്തിന്റെ ‘കുന്ദലത’ എന്ന നോവലും

ശ്യാമള ഹരിദാസ്

ആഖ്യായികകളുടെ രീതിയിൽ ഇദംപ്രഥമമായി സ്വദേശ ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥം എന്ന് കേരളവർമ്മ കോയിത്തമ്പുരാൻ വിശേഷിപ്പിച്ച കുന്ദലത 1887ലാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ നോവൽ ആണ് ഇത്? സാഹിത്യ ചരിത്രകാരന്മാർ കല്പിച്ച കുന്ദലത സ്കൂൾ പാഠപുസ്തകമായി ഏറെക്കാലം സാമൂഹ്യവ്യവഹാരത്തിൽ നിറഞ്ഞു നിന്നിരുന്നു. അന്നുവരെ ലഭ്യമല്ലാതിരുന്ന ഒരു ആഖ്യാനസമ്പ്രദായത്തെ പരിചയിച്ച ആസ്വാദലോകവും ആക്കാദമിക ലോകവും ഈ കൃതിയെ വേണ്ടും വിധം പരിചയിച്ചിരുന്നു. 1887ഒക്ടോബറിൽ കോഴിക്കോട് വിദ്യാവിലാസം അച്ചുകൂടത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ബ്രിട്ടീഷ് ആനുകൂലിയായ നെടുങ്ങാടിക്ക് 1919ൽ റാവു ബഹദൂർ ബഹുമതി ലഭിച്ചു.

മലയാളം നോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന കൃതിയാണ് കുന്ദലത. ഗ്രന്ഥകാരൻ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ മുഖവുരയിൽ പറയുന്നുണ്ട്, താൻ നേടിയ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും തന്റെ പ്രാപ്തിയും കൊണ്ട് ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവർക്ക് ആസ്വദിക്കുന്നതിനായി ഒരു (രചനാമാതൃക) രചിക്കാൻ തുനിഞ്ഞ രചയിതാവിന്റെ ഉദ്ദേശ ശുദ്ധിയെ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. “നോവൽസ്” എന്ന ഇംഗ്ലീഷ് കഥകളുടെ മാതൃകയിൽ ഒരു ചെറിയ കഥയുണ്ടാക്കുകയും അത് കേരളീയരായ മഹാജനങ്ങൾക്ക് സ്വീകാര്യയോഗ്യമായി തീരുമെന്നുമുള്ള ബോധ്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

കേരളത്തിന്റെ കഥയാണെന്ന് ഒരിക്കലും തോന്നാത്ത വിധമാണ് കഥയിലെ രാജ്യങ്ങളുടെ പേരുകളും കഥാപാത്രങ്ങളുടെ പേരുകളും കൊടുത്തിരിക്കുന്നത്.

ഈ കഥ കേരളത്തിൽ നിന്നും വളരെ ദൂരെയുള്ള ഒരു അന്യദേശത്തു സംഭവിച്ചതായിട്ടാണ് പറഞ്ഞിരിക്കുന്നത് എന്നും ആയവ, ആ ദേശത്തെ നടപ്പുകൾക്കനുസരിച്ചായിരിക്കാമെന്ന് വായനക്കാർ ഓർക്കാൻ വേണ്ടിയാണ് ഇപ്രകാരം ആഖ്യാനം ചെയ്തിരിക്കുന്നത് എന്ന് രചയിതാവ് സൂചിപ്പിക്കുന്നുണ്ട്.

തികച്ചും സാങ്കല്പികമായ സ്ഥലവും കാലവും ആണ് കഥക്ക് നൽകിയിട്ടുള്ളത്.

ഈ പുസ്തകം ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും, പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിനും ഹേതുവായി തീർക്കാമെന്നു ക്കാമെന്നു ഞാൻ വിചാരിക്കുന്നുണ്ടെന്നും പറയുന്നു.

കഥാതന്തു :-

നായാട്ടും മോഷണവും ആൾമാറാട്ടവും പ്രണയവും യുദ്ധവും സമാഗമവും ഒക്കെയുള്ള ഒരു ഇതിവൃത്തം.

ഇതിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ കപിലനാഥന്റെ വൃത്താന്തമാണ്.

കൊട്ടാരവാസികളുടെ പരദൂഷണത്തിൽ രാജാവ് പെട്ടു പോയതിന്റെ ഫലം അനുഭവിക്കേണ്ടി വന്ന കപിലനാഥൻ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും നാടുവിടുകയും ചെയ്യേണ്ടി വന്നു.

പോകുന്ന പോക്കിൽ അയാൾ രാജപുത്രിയായ “കുന്ദലത” എന്ന പെൺ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നു.

കൃത്രിമമായ തെളിവുകൾ സൃഷ്ടിച്ച് അക്രമികൾ കുഞ്ഞിനെ കൊന്നുകളഞ്ഞതായും താൻ ആത്മഹത്യ ചെയ്തതായും വരുത്തി തീർത്തു. കപിലനാഥാന്റെ ഈ പ്രവൃത്തി നോവലിന്റെ അവസാനഘട്ടത്തിലാണ് വ്യക്തമാകുന്നതെങ്കിലും അതുവരെ ജ്വലിച്ചു നിന്ന കഥാപാത്രം പൊടുന്നനെ വായനക്കാരന്റെ മനസ്സിൽ ഇരുൾക്കുണ്ടിൽ വീണു പോകുന്നു.

യോഗീശ്വരൻ, മുതൽ കല്യാണം വരെ 20 കഥകളാണ് ഉള്ളടക്കം.

ദണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു താഴ്വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു

അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണ ഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലൻമാരായിരുന്നു. ധർമ്മപുരിയിൽ നിന്നും ഒരു കാതം ദൂരത്ത് ഒരു ചന്തയും ഉണ്ടായിരുന്നു. ആ ചന്തയിൽ എണ്ണജീവിതം. വിറ്റിട്ടായിരുന്നു അവരുടെ നിത്യവൃത്തി.
ഒരുദിവസത്തെ വഴി കിഴക്കോട്ടായി സാമാന്യം വലിയൊരു പട്ടണം ഉണ്ടായിരുന്നത്തിലേക്ക് പോകുന്ന പെരുവഴി ധർമ്മപുരിയുടെ സമീപത്തിൽ കൂടി ആയിരുന്നതിനാൽ ഒരു കുഗ്രാമമായിരുന്നെങ്കിലും അവിടെ ദിവസേന രണ്ടുനാല് വഴിപോക്കന്മാർ എവിടെ നിന്നെങ്കിലും എത്തുമായിരുന്നു.

ഒരുദിവസം തിരിഞ്ഞ് പതിറ്റടി സമയമായപ്പോൾ വഴി നടന്നു ക്ഷീണിച്ച ഒരു ബ്രാഹ്മണൻ ധർമ്മപുരിയിൽ എത്തി. ദുർഗ്ഗാലയത്തിനു മുമ്പിലുള്ള ആൽത്തറയിൽ വന്നിരുന്നു. അൽപനേരം കാറ്റുകൊണ്ട് ക്ഷീണം തീർത്തപ്പോഴേയ്ക്കും വേറൊരാൾ കൂടി എത്തി. ആ ആളെ കണ്ടാൽ ഒരു യോഗീശ്വരൻ ആണെന്ന് തോന്നും. പീതാംബരം ചുറ്റിയിരിക്കുന്നു. വേറെ ഒരു വസ്ത്രം കൊണ്ട് ശരീരം നല്ലവണ്ണം മറയത്തക്ക വിധത്തിൽ പുതച്ചിരുന്നതിനു പുറമേ ഒരു മാന്തോൽ കൊണ്ട് ഇടതുഭാഗം മുഴുവനും മറക്കുകയും ചെയ്തിരിക്കുന്നു. കഴുത്തിൽ കൂടി പുറത്തേയ്ക്ക് ഒരു ചെറിയ ഭാണ്ഡം തൂക്കിയിട്ടുണ്ട്. കയ്യിൽ ഒരു ദണ്ഡും ഉണ്ട്. വലിയ ജടാഭാരം ശിരസ്സിന്റെ മുൻഭാഗത്ത് നിർത്തി കെട്ടിവെച്ചിരിക്കുന്നു. താടി അതിനിബിഡമായി വളർന്നിട്ടുള്ളതിൽ അങ്ങുമിങ്ങും ദുർലഭമായി ഒന്നോ രണ്ടോ നരച്ച രോമങ്ങൾ കാണുന്നുണ്ട്. ഉന്നതകായനായ അദ്ദേഹത്തിന്റെ ലക്ഷണയുക്തമായ മുഖവും വ്യൂഡമായിരിക്കുന്ന ഉരസ്സും, പീവരമായിരിക്കുന്ന സ്കന്ധവും ഉജ്ജ്വലത്തുകളായിരിക്കുന്ന നേത്രങ്ങളും ശരീരത്തിന്റെ തേജസ്സും കണ്ടാൽ സാമാന്യനല്ലെന്ന് ഉടനെ തോന്നാതിരിക്കില്ല. അങ്ങിനെ പോകുന്നു യോഗീശ്വരന്റെ കഥ.

യോഗീശ്വരന്റെ വാത്സല്യത്തിനും ദയയ്ക്കും പാത്രമായത് കുന്ദുലതയാണ്. കുന്ദുലതക്ക് പതിനാറ് വയസ്സ് പ്രായമായെങ്കിലും വാക്കിലും പ്രവർത്തിയിലും ബാല്യ കാലത്തിന്റെ കൗതുകമാണ്. ഭക്ഷണകാര്യത്തിലും മറ്റു ദിനചര്യയിലും യോഗീശ്വരൻ ശ്രദ്ധിക്കുന്നതുകൊണ്ട് നല്ല ശരീര പുഷ്ടിയും, ആരോഗ്യവും, അനല്പമായ സൗന്ദര്യവും ഉണ്ട്. അവളുടെ രൂപലാവണ്യ ത്തേക്കാൾ സ്വഭാവ ഗുണവും ബുദ്ധിഗൗരവവും ആണ് അധികം വിസ്മനീയനായിട്ടു തോന്നുക. അങ്ങിനെ അങ്ങിനെ പോകുന്നു.
കപില രാജാവിന്റെ മകൾ കുന്ദലതയും, താരാനാഥനും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഇതിലെ പ്രമേയം. ഷേക്സ്പിയർ പ്രണയവും, യുദ്ധവും ആന്തരിക സംഘർഷങ്ങളും ചേർന്ന സാഹിത്യം മലയാളത്തിനും ആവാം എന്ന തോന്നലായിരിക്കാം കുന്ദലത എന്ന നോവലിന്റെ ജന്മത്തിനു ആധാരം. പ്രതീകാത്മകമായി നാടുവാഴിത്തത്തിന്റെ കഥ പറയുകയാണ് അപ്പുനെടുങ്ങാടി. ചെയ്യുന്നത്. കലിംഗം, കുന്തളം എന്നീ ദേശരാജ്യങ്ങൾ നോവലിൽ ഉണ്ടെങ്കിലും പഴയ ചരിത്രരാജ്യങ്ങളുമായി യാതൊരു ബന്ധവും ഈ നോവലിൽ ഇല്ല.
ഇരുപതു അദ്ധ്യായത്തിലായി ഇത് പ്രതിപാതിച്ചിരി ക്കുന്നു. സാമൂഹിക യഥാർത്ഥമോ ആയ യാതൊന്നും കൃതിയിൽ നിന്നും കണ്ടെടുക്കുക സാധ്യമല്ല എന്ന വിമർശനത്തിന്റെ തോത് ഒന്നു കുറയ്ക്കാൻ പത്താമത്തെ അദ്ധ്യായവും രാമദാസൻ എന്ന യോഗീദാസന്റെ വൃത്താന്തവും കൊണ്ട് സാധ്യമാകും എന്ന് കരുതാം. രാജ്യവൃത്താന്തത്തിൽനിന്നും സാധാരണ മനുഷ്യരുടെ വൃത്താന്തം പറയുന്ന ഒരേ ഒരു സന്ദർഭം രാമദാസൻ തന്റെ വീട്ടിലേയ്ക്ക് തിരിച്ചുവന്ന് അമ്മയേയും സഹോദരിയേയും കാണുന്നതാണ്.

നോവൽ വായിച്ചു തീർക്കുമ്പോൾ മുഖം മറച്ച ഏതാനും കഥാപാത്രങ്ങളും മുഖം നല്കപ്പെട്ടവരും മുഖം രുപപ്പെട്ടതുമായ കഥാപാത്രങ്ങളും മുന്നിൽ നിരന്നു നില്ക്കും. കേന്ദ്രകഥാപാത്രങ്ങളായ കപിലനാഥനും താരാനാഥനും കുന്ദലതയും അടക്കം മുഖമില്ലാത്തവരാണ്. പ്രതാപചന്ദ്രനും രാജാവും സ്വർണ്ണമയിയും മുഖം നല്കപ്പെട്ടവരാണ്. ആഘോരനാഥൻ, രാമദാസിന്റെ അമ്മയും സഹോദരിയും, വേടർക്കരചനും വേടത്തിയും പതിയെ തെളിഞ്ഞു വരുന്ന കഥാപാത്രങ്ങളാണ്. ഇങ്ങനെ കഥാപാത്രങ്ങൾ പലവിധത്തിൽ വായനക്കാരുമായി സംവദിക്കുന്നുണ്ട്. യുവ രാജാവായ പ്രതാപചന്ദ്രൻ വിവാഹം ചെയ്യുന്നത് കപിലനാഥന്റെ പുത്രിയായ സ്വർണ്ണമയി യെയാണ്. കപിലനാഥ പുത്രനായ താരാനാഥനിൽ കുന്ദുലതയും അനുരക്തയാകുന്നു. കുന്ദളേശനുമായുള്ള യുദ്ധത്തിൽ ജയിച്ച കലിംഗരാജൻ താരാനാഥനും കുന്ദലതയുമായുള്ള വിവാഹം നടത്തി കൊടുക്കുന്നതോടെ നോവൽ അവസാനിക്കുന്നു.

ശ്യാമള ഹരിദാസ്✍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments