ജീവിതത്തിലെ ഏതു നേട്ടത്തിൻ്റെയും അടിസ്ഥാനം ആത്മവിശ്വാസമാണ്. ആത്മവിശ്വാസത്തിൻ്റെ അഭാവത്തിൽ ജീവിതം പരാജയപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ആത്മവിശ്വാസം ഉണ്ടാകണമെങ്കിൽ മനസ്സിൽ ക്രിയാത്മക ചിന്തകൾ നിറഞ്ഞു നിൽക്കണം. കഠിനമായ അദ്ധ്വാനത്തിൻ്റെ അവസാന ഫലമാണ് വിജയം. അനുകൂലസാഹചര്യങ്ങളിൽ വിജയം നേടാൻ എളുപ്പമാണെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ വിജയം വരിക്കുവാൻ അതിശക്തമായ പരിശ്രമം ആവശ്യമാണ്. എന്നാൽ ഇതിനെല്ലാറ്റിനും ഉപരിയായി നമുക്ക് വേണ്ടത് വ്യക്തമായ ലക്ഷ്യബോധമാണ്. ലക്ഷ്യമാണ് നമ്മെ മുന്നോട്ടു നയിക്കുന്ന പ്രചോദനശക്തി.
ചിന്ത, വാക്ക്, പ്രവർത്തി, ഇവ മൂന്നും നാം ബോധപൂർവ്വം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. വികാരത്തിന് പകരം വിവേകത്തിന് പ്രാധാന്യം നൽകുക. നമ്മുടെ പ്രതികരണം വെറും പ്രതിപ്രവർത്തനമായി മാറാതിരിക്കുവാൻ ശ്രദ്ധിക്കണം. ജീവിതത്തെക്കുറിച്ച് ഒട്ടേറെ നല്ല സ്വപ്നങ്ങൾ നമുക്കുണ്ടാവണം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ അത്യുത്സാഹത്തോടെ പ്രയത്നിച്ചേ മതിയാകൂ. ജീവിതത്തിൽ ദു:ഖമുണ്ടാകുമ്പോൾ കഴിഞ്ഞകാലത്തിലെ മധുരസ്മരണകൾ ഓർത്തുകൊണ്ട് നമുക്ക് അവയെ വിജയകരമായി നേരിടാൻ കഴിയും. ജീവിതത്തിൻ്റെ വളർച്ചയ്ക്ക് സഹായകരമായ ഓർമ്മകൾ നമ്മളിൽ നിറഞ്ഞു നിൽക്കുന്നത് നല്ലതാണ്.
നാം കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും, ദൈവത്തിൻ്റെ മുഖം ദർശിക്കുവാൻ നമുക്ക് കഴിയണം. നിസ്വാർത്ഥമായ ജീവിത ശൈലിയിലൂടെ ഇതിന് നമുക്ക് സാധിക്കും. ഓരോ മനുഷ്യനും എണ്ണമറ്റ കഴിവുകളും വാസനകളുമായിട്ടാണ് ജനിയ്ക്കുന്നത്. പക്ഷെ ഇത് ആരും അറിയുന്നില്ല. ശരാശരി മനുഷ്യർ തങ്ങളുടെ ബുദ്ധിയുടെയും കഴിവിൻ്റേയും 25 ശതമാനം മാത്രമേ വിനിയോഗിക്കുന്നുള്ളൂ എന്നാണ് സ്ഥിതിവിവരണ കണക്കുകൾ വ്യക്തമാക്കുന്നത്. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ സാധാരണ മനുഷ്യർ തങ്ങളുടെ മന:ശക്തിയുടെ 10 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നാണ്. ശേഷിച്ച 90 ശതമാനവും ഉപയോഗശൂന്യമായിപ്പോവുകയാണ്. നമുക്ക് ഓരോരുത്തർക്കും ലഭ്യമായിട്ടുള്ള കഴിവിൻ്റെ എത്ര ശതമാനം നാം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നകാര്യം സത്യസന്ധമായി സ്വയം വിലയിരുത്തുന്നത് വളരെ ഉചിതമായിരിക്കും. നമ്മുടെ കഴിവിൻ്റെ 50 ശതമാനമെങ്കിലും ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമുക്ക് ജീവിതത്തിൽ വിജയം നേടാൻ കഴിയും. നമ്മളിൽ ഉറങ്ങിക്കിടക്കുന്ന നിരവധി കഴിവുകൾ കണ്ടെത്തി വികസിപ്പിച്ചെടുക്കുകയാണെങ്കിൽ എണ്ണമറ്റ നേട്ടങ്ങൾ നമുക്ക് കൈവരിക്കാൻ സാധിക്കും.
പ്രചോദനമാണ് മനുഷ്യനെ വിജയത്തിലേയ്ക്ക് നയിക്കുന്ന പ്രധാനപ്പെട്ട ശക്തി. നിരന്തരം പ്രചോദനം നേടാനായി യത്നിക്കുക. നല്ല ഗ്രന്ഥങ്ങൾ വായിക്കുന്നത് പ്രചോദനം ലഭിക്കുവാൻ ഉപകരിക്കും. പ്രതികൂല സാഹചര്യങ്ങളിൽ സമചിത്തത കൈവിടാതെ, മനസ്സു മടുക്കാതെ, നിരാശപ്പെടാതെ, ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങുക. ഒന്നു മനസ്സിലാക്കുക! ജീവിതത്തിൽ പരാജയങ്ങളും തിരിച്ചടികളും സ്വാഭാവികമാണ്, പ്രത്യേകിച്ച് ഒരു തുടക്കക്കാരന്. വെല്ലുവിളികൾക്കു മുന്നിൽ പതറാതെ ദൃഢനിശ്ചയത്തോടെ അവയെ നേരിടുകയാണെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ.
അവർണ്ണനീയമായ ശക്തിയുടെ ഉറവിടമാണ് മനുഷ്യ മനസ്സ്. മനുഷ്യമനസ്സിൻ്റെ ശക്തിയാണ് മനുഷ്യ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നത്. നേട്ടങ്ങൾ നമുക്ക് കൈവരുന്നത് മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെയാണ്. കരുത്തുറ്റ മനസ്സ് ജീവിതവിജയത്തിനു ഏറ്റവും അനിവാര്യമാണ്. ജിവിതത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും കയ്പ്പേറിയ അനുഭവങ്ങളും നമ്മുടെ മനസ്സിൻ്റെ പ്രതിരോധ ഭിത്തി തുളച്ച് അകത്തു കടക്കാതിരിക്കുവാൻ മാത്രം നമ്മുടെ മനസ്സിനെ അങ്ങേയറ്റം ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. ശക്തമായ മനസ്സ് സ്വയം രൂപപ്പെടുത്തി വിജയം നേടാൻ ശ്രമിക്കുക.
ആത്മാർത്ഥമായ തയ്യാറെടുപ്പ് വിജയത്തിന് അനിവാര്യമാണ്. വിമർശനങ്ങളുടെ ശരവർഷം കേൾക്കുമ്പോൾ തളരാതെ, മനസ്സു മടുക്കാതെ, പുഞ്ചിരിയോടെ അവയെ അഭിമുഖീകരിക്കാൻ ശ്രമിക്കണം. കഠിനാദ്ധ്വാനം, തളരാത്ത നിശ്ചയദാർഢ്യം, സ്ഥിരമായ പരിശ്രമം, അളവറ്റ ക്ഷമാശീലം തുടങ്ങിയ സദ്ഗുണങ്ങൾ സ്വന്തം ജീവിതത്തിൽ പരിശീലിക്കുന്നതുവഴിയായിട്ടാണ് സാധാരണക്കാരായ നമുക്കും ഉന്നതമായ വിജയങ്ങൾ നേടാൻ സാധിക്കുന്നത്. പ്രചോദനാത്മകമായ ചിന്തകളാണ് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കേണ്ടത്. നമ്മുടെ ചിന്തകൾ ജീവിതവിജയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതു കൊണ്ട് എപ്പോഴും ശുഭചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കുക. എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കുക. നല്ലതു വരുമെന്ന് ഉറച്ചു വിശ്വസിക്കുക.
അടുക്കും ചിട്ടയുമുള്ള ജീവിതക്രമം എളുപ്പത്തിൽ വിജയം നേടാൻ നമ്മെ സഹായിയ്ക്കും. ഏതു കാര്യമായാലും തുടക്കത്തിൽ അനവധി തിരിച്ചടികൾ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. എന്നാൽ അതു കണ്ട് പതറിപ്പോകരുത്. ക്ഷമയോടെ പ്രവർത്തനം തുടരുകയാണ് വേണ്ടത്. ദുഷ്ചിന്തകളിൽ നിന്നും ദുർവികാരങ്ങളിൽ നിന്നും മനസ്സിനെ അകറ്റി നിർത്തുക. ഇത് നമ്മുടെ മനസ്സിൻ്റെ ആരോഗ്യവും ശക്തിയും നശിപ്പിക്കാൻ ഇടയാക്കും. ജീവിതവിജയത്തിന് മാനസിക ആരോഗ്യം പ്രാധാന്യം അർഹിക്കുന്നു.
മനസ്സും ശരീരവും ചേർന്നതാണ് നമ്മുടെ വ്യക്തിത്വം. ഇവ രണ്ടും എപ്പോഴും സമന്വയത്തിൽ പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ. മനസ്സിനെ സദാ നമ്മുടെ നിയന്ത്രണത്തിന് വിധേയമാക്കണം. പ്രശാന്തമായ മനസ്സും ആരോഗ്യമുള്ള ശരീരവും വിജയിക്കാൻ ഏറ്റവും അത്യാവശ്യമാണ്. പ്രകൃതിയിൽ നിന്ന് അകലാതെ, എപ്പോഴും പ്രകൃതി നിയമങ്ങൾക്ക് വിധേയമായി ജീവിക്കുവാൻ ശ്രമിക്കുക. എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. അതുപോലെ തന്നെ ആരും പ്രതിഭാശാലിയായി ജനിക്കുന്നുമില്ല. ഒരുവനെ മഹാനാക്കുന്നത് അവൻ്റെ ജീവിത ശൈലിയും സ്ഥിരമായ പരിശ്രമവുമാണ്.
ഇന്ന് ചെയ്യേണ്ടതായ എല്ലാ പ്രവർത്തികളും ഇന്നുതന്നെ ചെയ്തു തീർക്കുവാൻ ശ്രമിക്കുക. തക്കതായ കാരണമില്ലാതെ ഒന്നും തന്നെ നാളെയ്ക്ക് മാറ്റിവെയ്ക്കരുത്. അങ്ങനെ മാറ്റിവെക്കാൻ ശ്രമിച്ചാൽ അത് പരാജയത്തിലേയ്ക്ക് നയിക്കും. എല്ലാവിധ ദുഷിച്ച കൂട്ടുകെട്ടുകളിലും നിന്ന് കഴിയുന്നതും അകന്നു നിൽക്കുക. അത് നമ്മുടെ അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന ദുർവാസനകളെ തട്ടിയുണർത്തും. അലസമായ മനസ്സ് പിശാചിൻ്റെ പണിപ്പുരയാണ്. അതുകൊണ്ട് മനുഷ്യൻ്റെ മനസ്സും ബുദ്ധിയും എപ്പോഴും ക്രിയാത്മകവും സൃഷ്ടിപരവുമായ ആശയങ്ങൾകൊണ്ട് നിറഞ്ഞിരിക്കണം.
എനിക്ക് കഴിയില്ല [ I can’t ] എന്ന് ഒരിക്കലും വിചാരിക്കുകയോ പറയുകയോ ചെയ്യരുത്. എനിക്ക് കഴിയില്ല എന്ന ചിന്ത നമ്മുടെ ഉപബോധമനസ്സിനെ വളരെ തെറ്റായ രീതിയിൽ സ്വാധീനിക്കുകയും, പിന്നീട് നമുക്ക് വിജയകരമായി മുന്നോട്ട് പോകാൻ കഴിയാതെ വരികയും ചെയ്യും. അസാധ്യമായി ഒന്നുമില്ല എന്ന ഉറച്ച വിശ്വാസത്തോടെ പ്രവർത്തിക്കുക. ഒന്നിനോടും അമിതമായ ആസക്തി കാണിക്കരുത്. എല്ലാ കാര്യത്തിലും മിതത്വം പാലിക്കുകയും രണ്ടു അറ്റവും വെടിഞ്ഞുകൊണ്ട് മധ്യമാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയുമാണ് ഏറ്റവും നല്ലത്. അതിരുവിട്ട ആഹ്ലാദവും അതുപോലെതന്നെ കനത്ത ദുഃഖവും ഒഴിവാക്കുവാൻ പ്രത്യേകം പരിശ്രമിക്കണം.
മാന്യമായ പെരുമാറ്റം ജീവിത വിജയത്തിന് ആവശ്യമാണ്. സ്വഭാവശുദ്ധിയും വിജയത്തിൽ പ്രധാന്യം അർഹിക്കുന്നുണ്ട്. ആകർഷകമായ രീതിയിൽ എല്ലാവരോടും സംസാരിക്കുമ്പോൾ മധുരമുള്ള വാക്കുകൾ മാത്രം ഉപയോഗിക്കുക. ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരോ പരാജയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരോ ലോകത്തിൽ ആരുമില്ല. തീവ്രമായ ആഗ്രഹവും നന്നായി അദ്ധ്വാനിക്കാൻ തയ്യാറുമാണെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും വളരാൻ സാധിക്കും. സ്വാശ്രയശീലം വളർത്തിയെടുക്കുക. ജീവിതത്തിലെ പ്രതിസന്ധികളെ വെല്ലുവിളിച്ചുകൊണ്ട് വളരാനും വാനോളം ഉയരാനും നമുക്ക് കഴിയണം. ഒന്ന് മനസ്സിലാക്കുക! എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനവധി കഴിവുകൾ ഉള്ളവരാണ്. തങ്ങൾക്ക് യാതൊരു കഴിവും ഇല്ലെന്ന് ആരും കരുതരുത്. അപകർഷതാബോധത്തെ ദൂരെ മാറ്റി നിർത്തുക.
അവസരങ്ങൾ എപ്പോഴും നമ്മെ കാത്തിരിക്കുകയാണ്. നമുക്കോരോരുത്തർക്കും ഇനി എത്രവേണമെങ്കിലും വളരുകയും ഉയരുകയും ചെയ്യാം. കൂടുതൽ നേട്ടങ്ങൾക്കു വേണ്ടി നിരന്തരം പരിശ്രമിക്കുക. താല്ക്കാലികമായ തിരിച്ചടികളിൽ തളരാതെ അവയെ അതിജീവിക്കാനും വിജയം വരിക്കാനുമുള്ള കരുത്തും ശക്തിയും നാം സ്വയം ഉൾക്കൊള്ളുകയാണ് വേണ്ടത്.




🙏🙏
🙏🙏
ആർക്കും ഏതുപ്രായക്കാരും അറിഞ്ഞിരിക്കേണ്ട ‘അറിവാണ് ഇവിടെ പകർന്നു തന്നത്. ജീവിതവിജയം നേടാൻ പ്രചോദനം നൽകി മനസ്സിൽ ഉറപ്പിക്കേണ്ട സംഗതികളാണ് ഇവ. നന്ദി ഗുരുജി. നമസ്ക്കാരം ”
സിതാര , അരവിന്ദൻ , സരോജിനി ഒരുപാട് സന്തോഷം