ലൗകിക ജീവിതത്തിൽ നമുക്ക് ആഗ്രഹം ( Ambition ) വേണം. പക്ഷേ, അത് ആസക്തി ആവരുത്. പരിധിയില്ലാത്ത ആഗ്രഹമാണ് ആസക്തിയാവുന്നത്. പ്രപഞ്ചത്തിലെ ഏതൊന്നിനെയും അമിതമായി സ്നേഹിച്ചാൽ കിട്ടുന്നത് ദു:ഖമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. സംഗം ദു:ഖ കാരണമെന്ന് ആത്മീയാചാരന്മാർ പഠിപ്പിക്കുന്നു. ആസക്തി മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. ഇത് ആരോഗ്യകരമായ ചിന്തയ്ക്കു വിഘാതം സൃഷ്ടിക്കുന്നു. ശരിയായ അറിവു നേടാത്ത വിദ്യാസമ്പന്നർക്കും തെറ്റ്പറ്റാം. ഒരു പൊൻമനിനോടു സീതാദേവിക്കു തോന്നിയ നിരുപദ്രവമെങ്കിലും ശക്തമായ ആസക്തി എന്തെല്ലാം അനർത്ഥങ്ങളാണ് വരുത്തിവെച്ചത്! ധർമ്മത്തിൻ്റെ മൂർത്തിയായിരുന്ന യുധീഷ്ഠിരമഹാരാജാവിനു ചൂതുകളിയിലുണ്ടായ അമിതാസക്തി നിമിത്തം പണ്ഡവർക്ക് എന്തെല്ലാം ദു:ഖങ്ങളും ദുരിതങ്ങളുമാണ് അനുഭവിക്കേണ്ടിവന്നത്. രാവണനു പെണ്ണിനോടും ദുര്യോധനനു മണ്ണിനോടും തോന്നിയ അത്യാസക്തികൾ വരുത്തിവച്ച ദുര്യോഗങ്ങളുടെ കഥകൾ രാമായണത്തിലും മഹാഭാരത്തിലും കാണാൻ കഴിയും. ഗുരുക്കന്മാരോടും ബന്ധുക്കളോടുമുള്ള ആസക്തിയല്ലേ അജയ്യയോദ്ധാവായ അർജ്ജുനനെ ധർമ്മസമൂഹം ചേതനാക്കിയത്.ഭഗവദ്ഗീത ലോകത്തിനു നൽകുന്ന സന്ദേശം തന്നെ അനാസക്തമായ ജീവിതം നയിക്കാനാണ്. അതുകൊണ്ടായിരിക്കാം നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഗീതാപരിഭാഷയ്ക്ക് അനാസക്തിയോഗം എന്ന് പേര് നൽകിയിട്ടുള്ളത്.
ആസക്തി മനുഷ്യനെ നേരായ ചിന്തകളിൽനിന്നു വ്യതിചലിപ്പിക്കുന്നു. കൈകേയിയോടും രാമനോടുമുള്ള പ്രത്യേക സ്നേഹമാണ് ശ്രീരാമപട്ടാഭിഷേകം തീരുമാനിച്ചതിൽ ദശരഥ മഹാരാജാവിന് വഴിതെറ്റിച്ചത്.ഭാര്യമാരോടും വസിഷ്ഠനോടും ആലോചിച്ചിരുന്നുവെങ്കിൽ ഒരു ദുര്യോഗം ഒഴിവാക്കാമായിരുന്നു. തുറന്നു പറയേണ്ടത് പറഞ്ഞില്ല. ദശരഥൻ്റെ ആ തെറ്റ് കൈകേയിയുടെ തോഴിയായ മന്ഥരയ്ക്ക് മുതലെടുക്കാൻ വഴിയൊരുക്കി. അതു കൊണ്ടു നമ്മൾ മനസ്സിലാക്കേണ്ടത് ചർച്ച ചെയ്യായ്കയാണ് പല കുടുംബപ്രശ്നങ്ങൾക്കും കാരണമാകുന്നത് എന്ന്.
സുഖഭോഗവസ്തുക്കളോട് ആധുനിക മനുഷ്യൻ്റെ ആസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അത് പലപ്പോഴും ബന്ധനമായി വളരുന്നു. അതിൻ്റെ ഫലം അശാന്തിയായിത്തീരുന്നു. ഒന്നു മനസ്സിലാക്കുക! ഒരിക്കലും ബന്ധങ്ങൾ ബന്ധനങ്ങളാവരുത്. ശ്രീരാമകൃഷ്ണൻ ഒരു കഥ പറഞ്ഞത് ഞാൻ ഇവിടെ ഓർത്തു പോകുന്നു.”നാലു സുഹൃത്തുക്കൾ നന്നായി മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. വഴിയിൽ ഒരു നദി കടക്കണം. നേരം വളരെ ഇരുട്ടിയതിനാൽ തോണിക്കാരൻ പോയിക്കഴിഞ്ഞിരുന്നു. വള്ളംകരയ്ക്കടുത്തു കിടക്കുന്നുണ്ട്. അങ്ങനെ നാലുപേരും വള്ളത്തിൽ കയറി തുഴഞ്ഞു തുടങ്ങി.ഏറെ നേരം തുഴഞ്ഞിട്ടും വള്ളം നീങ്ങുന്നില്ല.അവർ ലഹരിയിലായിരുന്നതിനാൽ കാരണം നോക്കാതെ തുഴഞ്ഞു കൊണ്ടേ ഇരുന്നു.അങ്ങനെ നേരം വെളുക്കുന്നവരെ അവർ തുഴഞ്ഞുകൊണ്ടേ ഇരുന്നു. അപ്പോഴാണ് മനസ്സിലായത് വള്ളത്തിൻ്റെ കെട്ടഴിക്കാതെയാണ് അവർ തുഴഞ്ഞിരുന്നത് എന്ന്. അതുപോലെയാണ് ബന്ധനം വിടാതെ ആർക്കും മറുകരയ്ക്കെത്താനാവില്ല എന്നത്.
ഭൗതികവസ്തുക്കളോടുള്ള ആഗ്രഹം കുറയ്ക്കുന്നതോടൊപ്പം ആത്മീയകാര്യങ്ങളിൽ ആഗ്രഹം വർദ്ധിപ്പിക്കുക. ആസക്തി പലവിധമാണ്. പണം ,ഭൂമി , സ്ത്രീ , മദ്യം …. ഒക്കെ ആസക്തിക്കു വിഷയങ്ങളാണ്. വിഷം ഉള്ളിൽ ചെന്നാൽ ഒരു മരണമാണെങ്കിൻ വിഷയം ഉള്ളിൽ ചെന്നാൽ അനവധി മരണങ്ങളാണ് സംഭവിക്കുക. നാടും വീടും വിട്ട് കാണാക്കടലിനക്കരെപ്പോയി പൊന്നു വാരിക്കൊണ്ടുവരാനാണ് പലരും മോഹിക്കുന്നത്. പണം മാത്രമല്ല സ്നേഹ സംരക്ഷണങ്ങൾ കൂടി ചേർന്നതാണ് ജീവിതം എന്നു നാം മനസ്സിലാക്കുന്നില്ല. നമ്മൾ പണത്തിനു വേണ്ടി ജീവിതംതന്നെ ഹോമിക്കുകയാണ്.
സഫലീകരിക്കാൻ കഴിയാത്ത ഒരു കൂട്ടം അഭിലാഷങ്ങളോടു
കൂടിയ ഒരാൾക്ക് അവയുടെ സഫലീകരണത്തിനുള്ള ഉപാധികൾ എത്രതന്നെ വർദ്ധിപ്പിച്ചാലും ഒരിക്കലും സന്തുഷ്ടനാവാൻ കഴിയുകയില്ല.
ശാരീരികാഭിലാഷങ്ങൾ ഒരിക്കലും ശമിപ്പിക്കാൻ കഴിയുകയില്ല എന്നത് സാധാരണ അനുഭവത്തിൽപ്പെട്ട വസ്തുതയാണ്. സുഖഭോഗങ്ങൾക്കു മുൻതൂക്കം നൽകുന്ന ആധുനിക മനുഷ്യൻ എന്നും അസംതൃപ്തനാന്ന്. ശരീരം പോലെ ആത്മാവും ഒഴിവാക്കാൻ പറ്റാത്തതാണെന്നും രണ്ടും വിശപ്പും ശമിച്ചാലെ ജീവിതത്തിൻ്റെ സംതുലിതാവസ്ഥ നിലനിൽക്കൂ എന്നും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ആയിരം കൈകളാൽ സുഖം വാരി വിതറുന്ന ഈ യന്ത്രയുഗത്തിൽ വ്യക്തി സ്വന്തം സുഖംപോലെ സമൂഹത്തിൻ്റെ സുഖവും ശ്രദ്ധിക്കേണ്ടതാണ്. ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിച്ച യയാതി മഹാരാജാവിൻ്റെ ചരിത്രം മഹാഭാരതത്തിലും ഉപനിഷത്തുകളിലും വിവരിച്ചിട്ടുണ്ട്. മകൻ്റെ യൗവ്വനം നാണമില്ലാതെ ഇരന്നു വാങ്ങി ആയിരം വർഷങ്ങൾ കാമസുഖം അനുഭവിച്ച് ഒടുവിൽ അസംതൃപ്തനായി മാറിയ മഹാരാജാവിനു മനസ്സിലായി ഉപഭോഗം കൊണ്ട് കാമവാസന നശിക്കുകയില്ല എന്നും.മറിച്ച് അനുഭവം കൊണ്ട് അത് വർദ്ധിക്കുകയേ ഉള്ളൂ എന്നും. ഇന്ധനം ലഭിക്കുന്ന അഗ്നിപോലെ ആഗ്രഹങ്ങൾ അന്തമില്ലാതെ വർദ്ധിക്കുമെന്ന സത്യവും രാജാവിനു മനസ്സിലായി.
വിഹിതമോ അവിഹിതമോ അയ മാർഗ്ഗങ്ങളിലൂടെ ധനം വാരിവലിച്ചു കൂട്ടുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ഓർക്കുക “ധനമോഹപിശാചു ബാധിച്ചവരുടെ ബന്ധുക്കൾ ശത്രുക്കളായിത്തീരുമെന്നും ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞു പോകേണ്ടിവരും എന്നും . മൃത്യുവിൻ്റെ പിടിയിൽ പെട്ടാൽ രാജാവ് രാജാവല്ലാതായിത്തീരും. ധർമ്മം മോക്ഷം എന്നീ ഉന്നത മൂല്യങ്ങളോട് അർത്ഥവും കാമവും സമഞ്ജസമായി കൂട്ടിക്കലർത്തിക്കൊണ്ടുള്ള ഒരു ജീവിതസങ്കല്പമാണ് നമുക്ക് ഉണ്ടായിരുന്നത്. ഇനിയും അപ്രകാരം തന്നെ ഉണ്ടാകുവാൻ ജഗദീശ്വരൻ കടാക്ഷിക്കട്ടെ.
നല്ല അവതരണം
നന്നായിട്ടുണ്ട്
നല്ല സന്ദേശം. പ്രണാമം ഗുരുജി
ആസക്തിയെ കുറിച്ച് പുരാണ കഥാപാത്രങ്ങളെ മുൻ നിർത്തി എഴുതിയ ഘനഗംഭീര ലേഖനം .അനാസക്തനാകാൻ എന്തെല്ലാം ഉദാഹരണങ്ങളാണ് നിരത്തിയിരിക്കുന്നത്. ഉപകാരപ്രദമായ ഉപദേശങ്ങൾ .നന്ദി
Jisha dileep വളരെ സന്തോഷം
Saji T thanks
ലളിതാമ്മേ സന്തോഷം
Romy benny lot of thanks
ആരും അറിഞ്ഞിരിക്കേണ്ട താത്ത്വികമായ ഒരു വിഷയമാണിത്. തലമുറകൾക്ക് പകർന്ന് കൊടുക്കേണ്ടത്. നന്ദി ഗുരുജി . നമസ്ക്കാരം