വിഷയസുഖം അനുഭവിക്കുന്നവൻ്റെ സ്ഥിതി കടുവയെ കണ്ടു പേടിച്ചോടിയ രാജാവിൻ്റേതുപോലെയാണ്. വേട്ടയാടാൻ പോയ രാജാവ് ഒറ്റയ്ക്കായി. ഒരു കടുവ മുമ്പിൽ നിൽക്കുന്നു. കടുവയെ കണ്ട രാജാവ് പിൻതിരിഞ്ഞു ഓടി ഒരു പൊട്ടക്കിണറ്റിൽ വീണു. ഭാഗ്യത്തിനു ഒരു പിടിവള്ളികിട്ടി. അതിൽ തൂങ്ങി കിടന്നു. താഴേക്കു നോക്കിയപ്പോൾ അഗാധമായ, വെള്ളമില്ലാത്ത, കിണറ്റിൽ കുറെയേറെ വിഷസർപ്പങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. മുകളിൽ കടുവ രാജാവിനെ തന്നെ നോക്കി നിൽക്കുകയാണ്. പിടിവള്ളിയാവട്ടെ ഒരു എലി കരണ്ടുമുറിച്ചുകൊണ്ടുമിരിക്കുന്നു. ആ സമയത്ത് അടുത്തുള്ള ഒരു മരത്തിലെ തേൻകൂടു പൊട്ടി, തേൻ തുള്ളി തുള്ളിയായി താഴേക്കു വീണു. മറുകൈ നീട്ടി രാജാവ് തേൻ നുകർന്നു.അദ്ദേഹത്തിന് ഈ മൂന്നു ഭയത്തിനുമിടയ്ക്കു കിട്ടിയ ‘സുഖ’’മത്രെ സാധാരണ മനുഷ്യന് ലൗകിക വിഷയസുഖങ്ങളിൽ നിന്നു ലഭിക്കുന്നത് എന്ന് ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്.
നാം ഒരു സുഖത്തെ കാംക്ഷിച്ചു പ്രവർത്തിച്ചു എന്നിരിക്കട്ടെ. ആ സുഖം ലഭിച്ചുകഴിഞ്ഞാൽ അതിനടുത്തതിനുവേണ്ടി ശ്രമിക്കുന്നു. ആ വസ്തുതന്നെ അല്പകാലം കഴിഞ്ഞ് ദു:ഖം തരുന്നതായി കാണാം.ഒരു പൂവിൽനിന്നും അടുത്തതിലേക്കു പറന്നു നടക്കുന്ന ചിത്രശലഭം പോലെയാണ് നമ്മുടെ സുഖം തേടിയുള്ള യാത്ര. എപ്പോഴും ലഭ്യതയിലല്ല പ്രതീക്ഷയിലാണ് സുഖം കിടക്കുന്നത്.
അതുപോലെതന്നെ ഒരാൾക്ക് സുഖം തരുന്ന വസ്തു മറ്റൊരാൾക്ക് അസുഖം നൽകുന്നതായും കാണാം. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടു നാം അനുഭവിക്കുന്ന സുഖങ്ങൾ നിത്യങ്ങളല്ല.- എല്ലാവർക്കും ഒരുപോലെയുമല്ല. ഒരാൾക്കുതന്നെ മനോനിലയനുസരിച്ച് അത് മാറിയെന്നും വരാം. ഉദാഹരണത്തിന് നല്ല സംഗീതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത ഒരു ബന്ധുവിൻ്റെ അപകടവാത്ത അറിഞ്ഞെന്നിരിക്കട്ടെ, കേട്ടുകൊണ്ടിരുന്ന പാട്ട് അസഹ്യമായി തോന്നിയേക്കാം. അതായത് ജീവിതസുഖത്തേയും സംതൃപ്തിയേയും കുറിച്ചുള്ള സങ്കല്പം തന്നെ എല്ലാവർക്കും ഒന്നായിരിക്കുകയില്ല. ക്ഷണികസുഖംമത്രം തരുന്ന ഒരു വസ്തുവിനു പിറകെ, അത് പിൻക്കാലത്ത് ദു:ഖം തരുന്നതാണെന്നു ബോധ്യമായാൽ വിവേകമുള്ള മനുഷ്യൻ ഒരിക്കലും അതിനു പിറകെ പോകുകയില്ല. എന്നാൽ പ്രാപഞ്ചിക സുഖങ്ങളിൽ മുഴുകിയ അവിവേകി വീണ്ടും വീണ്ടും ഇന്ദ്രിയങ്ങൾ നൽകുന്ന നൈമിഷികസുഖങ്ങളുടെ പിന്നാലെ പാഞ്ഞ് ദു:ഖം മാത്രം സ്വായത്തമാക്കുകയാണ്. എവിടെയാണു നിത്യസുഖം? ആത്മാവിനെ – ഈശ്വരനെ സ്വാംശീകരിക്കുന്നതിലൂടെ നിത്യമായ പരമാനന്ദം കണ്ടെത്താമെന്നു നമ്മുടെ ഋഷിമാർ മനസ്സിലാക്കി. എങ്ങിനെ ആത്മാവിനെ കണ്ടെത്താം? വാസനകൾ അതായത് രാഗദ്വേഷാദികൾ, ആഗ്രഹങ്ങൾ, ഫലേച്ഛകൾ ഇവയൊക്കെ ത്യജിച്ച് ആ പരം പുരുഷനുവേണ്ടി എല്ലാ കർമ്മങ്ങളും ചെയ്യുന്നതായി സങ്കല്പിച്ചുകൊണ്ട് പ്രവർത്തിച്ചാൽ കാലക്രമേണ ആ നിത്യസുഖം നേടാൻ കഴിയും.
ഞാൻ ആരാണ്? ഈ ശരീരമോ മനസ്സോ ബുദ്ധിയോ ഒന്നും അല്ല.പ്രത്യുത ഇവയെയെല്ലാം ചൈതന്യവത്താക്കി, പ്രവർത്തനനിരതമാക്കുന്ന ശക്തിവിശേഷമാണ് ആത്മാവ്. എല്ലാ ജീവജാലങ്ങളിലും അത് ഒരുപോലെ പ്രവർത്തിക്കുന്നു. അതു ഒന്നു തന്നെയാണ്. ഒരേ വൈദ്യുതി തന്നെ ബൾബിൽക്കൂടി ഒഴുകുമ്പോൾ പ്രകാശമായും റേഡിയോയിൽ ശബ്ദമാകും ടി.വി.യിൽ ദൃശ്യമായും മാറുന്നു. ഫ്രിഡ്ജിൽ തണുപ്പുണ്ടാക്കുന്നതും ഹീറ്ററിൽ ചൂടുണ്ടാക്കുന്നതും ഒരേ വൈദ്യുതി തന്നെയാണല്ലൊ. അപ്പോൾ വൈദ്യുതി ഒന്നേയുള്ളൂ. ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് അത് മാറ്റങ്ങൾ ഉണ്ടാക്കുന്നു.അതുപോലെ ഒരേ ആത്മാവിൻ്റെ പ്രവർത്തനഫലമായി എല്ലാ ജീവജാലങ്ങളുടെയും ശരീരം പ്രവർത്തിക്കുന്നു.- മനസ്സിൽ വികാരങ്ങൾ ഉണ്ടാക്കുന്നു. ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. ഓരോ വസ്തുവിൻ്റെയും പ്രവർത്തന വൈവിദ്ധ്യം ആ വസ്തുവിൻ്റെ മാത്രം പ്രത്യേകതയാണ്. അതിനെ പ്രവർത്തിപ്പിക്കുന്ന ചൈതന്യം ഒന്നുതന്നെയാണ്. കറൻ്റ് ഓഫാകും പോലെ ആത്മാവ് നഷ്ടപ്പെടുന്നതോടെ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനരഹിതമാകുന്നു. ഒന്ന് മനസ്സിലാക്കുക മനസ്സ് വികാരത്തിനു അടിമപ്പെടുന്നില്ല. ബുദ്ധി ചിന്തിക്കുന്നില്ല. അപ്പോൾ ആരാണ് ഈ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്?അതാണ് നിത്യസത്യമായ ആത്മാവ് – ഞാൻ. എൻ്റെ ശരീരത്തിൽനിന്നും മനസ്സിൽനിന്നും ബുദ്ധിയിൽ നിന്നും അത് വേറിട്ട് നിൽക്കുന്നു. അതായത് പ്രവർത്തിക്കുന്നത് ആത്മാവാണ്. ശരീരവും മനസ്സും ബുദ്ധിയും വെറും ഉപകരണങ്ങൾ മാത്രമാണ്. ഇത് മനസ്സിലാക്കിയാൽ സുഖത്തിലും ദു:ഖത്തിലും മാനത്തിലും അപമാനത്തിലും എല്ലാം ഒരുപോലെ നിസ്സംഗനാകാൻ സാധിക്കും. സുഖം സ്വന്തം ആത്മാവിനെ കണ്ടെത്തലാണെന്നും ആത്മാവ് തന്നിൽത്തന്നെ കുടികൊള്ളുന്നുവെന്നും അത് ഈശ്വരനാണെന്നും മനസ്സിലാക്കാതെ, നാം കസ്തൂരിമാൻ കസ്തൂരി തന്നിൽ തന്നെയാണെന്നറിയാതെ മണം തേടി നടക്കുന്നതുപോലെ ഈശ്വരനെ അന്വേഷിച്ചു നടക്കുകയാണ്.
നാം എപ്പോഴും മോഹത്തിൻ്റെ പിടിയിലായി പോവുകയാണ്. അനിയന്ത്രിതമായ മോഹം നമ്മെ സുഖത്തിൽ നിന്നും അകറ്റുന്നു എന്ന സത്യം നാം മനസ്സിലാക്കുന്നില്ല.
സന്തോഷം സിതാരേ
വളരെ നല്ല പോസ്റ്റ്



Thank you Aravind
നല്ല അവതരണം
Thank you Jisha
മികച്ചത്

Thank you Mary Josey
ഹൃദ്യം… വിജ്ഞാനപ്രദം മാഷേ


Thanks Prabha
നല്ല അറിവ് ഗുരുജി. നിത്യ സത്യമായ ആത്മാവ്’ ഞാൻ, പ്രവർത്തിക്കുന്നു. എന്റെ ഹൃദയം, എൻ്റെ ബുദ്ധി, എൻ്റെ ശരീരം. എല്ലാം എൻ്റെ , ഈ ആത്മാവിൻ്റെ ‘ആ ആത്മാവാകുന്ന ഈശ്വരനെ സാക്ഷാത്ക്കരിക്കലാണ് നമ്മുടെ ജീവിതലക്ഷ്യം. നന്ദി ഗുരുജി നമസ്ക്കാ.രം ‘
Thanks Sarojini
നല്ല അറിവ്
Thanks Saji
സന്തോഷം സിതാരേ
Thank you Aravind