സർവ്വരോടും സകലതിനോടും സ്നേഹമുണ്ടാവുകയാണ് ആത്മീയമായ ഉന്നതി നേടനുള്ള മാർഗ്ഗം. മനസ്സ് വിശാലമാക്കുക. അതിനു വിഘാതമായി നിൽക്കുന്നത് സ്വാർത്ഥത, ദുരാഗ്രഹം, അസൂയ മുതലായവയാണ്. വിചാരം, സങ്കല്പം, വാക്ക് ഇവയെ പവിത്രമാക്കുകയും തെറ്റുപറ്റിയാൽ സമ്മതിക്കുകയും ആവർ ത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്താൽ മനസ്സ് വിശാലമാകും. രാത്രി ഊണു കഴിഞ്ഞ് ഉറങ്ങാൻ നേരത്ത് മുറിയിൽ ഒരു മൂർഖൻ പാമ്പ്. വടിയുമായി വന്നപ്പോൾ അതിനെ കാണാനില്ല. പിന്നെ നാം എങ്ങനെ സമാധാനത്തോടെ ഉറങ്ങും! സ്ഥൂലമായ പാമ്പിനെക്കാൾ വിനാശകാരിയാണ് ആത്മാവിലെ മൂർഖൻ. പാമ്പുവിഷത്തിൻ്റെ തിന്മകൾ ശരീരനാശത്തോടെ തീരും.എന്നാൽ ആത്മാവിലെ വിഷമോ? നീച ചിന്തകളാൽ മരിച്ചാൽ നീച കുടുംബത്തിൽ പുനർജ്ജനിക്കുമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. മാത്രമല്ല ജന്മജന്മാന്തരങ്ങളായി ഇത് ആവർത്തിക്കുകയും ചെയ്യുമത്രെ. അഹംഭാവം, ആസക്തി, അസൂയ, കോപം, വൈരാഗ്യം, ഇങ്ങനെ എത്രയോ മൂർഖന്മാർ നമ്മുടെ മനസ്സിൽ പാർക്കുന്നു.!ഉള്ളിലെ ദുർവികാരങ്ങളാകുന്ന പാമ്പുകളെ കൊല്ലാനുള്ള വടിയാണ് സ്നേഹം. മണികൾക്ക് വില കുറവാണ്. എന്നാൽ മണിമാലയാകുമ്പോൾ വില കൂടുകയും ചെയ്യും. മണികൾ കോർക്കുന്ന നൂലാണ് സ്നേഹം. അത് തുല്യരോടു കാണിക്കുമ്പോൾ സ്നേഹമാണ്.താണവരോട് കാണിക്കുമ്പോൾ അത് കരുണയാകുന്നു. എന്നാൽ വലിയവരോടു കാണിക്കുമ്പോൾ അത് ബഹുമാനമാണ്. എന്നാൽ ഈശ്വരനോടു കാണിക്കുമ്പോൾ ഭക്തിയായിട്ടോ പ്രേമമായിട്ടോ ആണ് കണക്കാക്കുക. ഈശ്വരന് നമ്മളോടെല്ലാം സ്നേഹമാണ്. സത്യത്തെയും ധർമ്മത്തെയും സ്നേഹിക്കലാണ് ഭഗവൽപൂജ. അതുപേലെ അദ്ധ്യാപകന് കുട്ടിയുടെ ജാതിയോ മതമോ പ്രശ്നമല്ല.- വേഷം പ്രശ്നമല്ല. പാവ മോ പണക്കാരനോ എന്നു നോക്കാറില്ല. അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം കുട്ടി പഠിക്കുന്നുണ്ടോ ,ശ്രദ്ധിക്കുന്നവനാണോ, സൽസ്വഭാവിയാണോ എന്നു മാത്രമേ അറിയാൻ ആഗ്രഹമുണ്ടായിരിക്കുകയുള്ളൂ. അതുപോലെ ഈശ്വരൻ നോക്കുന്നത് നമ്മളിലെ സ്നേഹത്തെ അതായത് ഭക്തിയെ മാത്രമാണ്. സ്നേഹമാകുന്ന നൂലിന് എല്ലാവരേയും കോർത്തിണക്കി കൊണ്ടുപോകാനുള്ള കഴിവുണ്ട്.അതായത് ഒരുമയുടെ സൂത്രമാണ് സ്നേഹം.
സ്നേഹം മൂന്നുതരമുണ്ട്. തിരിച്ചുകിട്ടിയാൽമാത്രം സ്നേഹം കൊടുക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. സ്നേഹത്തെ അവർ ബിസിനസ്സാക്കുന്നു. തിരിച്ചുകിട്ടാൻവേണ്ടിയുള്ളതാവരുത് നമ്മുടെ സ്നേഹം. അത് തികച്ചും നിരുപാധികമായിരിക്കണം. ഇല്ലെങ്കിൽ അത് തിരിച്ചുകിട്ടാതെവരുമ്പോൾ ദു:ഖവും നഷ്ടബോധവും നമുക്ക് തോന്നുവാൻ കാരണമാകും. നൊന്തു പെറ്റു,കഷ്ടപ്പാടുസഹിച്ചു വളർത്തി, പഠിപ്പിച്ചു, ജോലികിട്ടി, നല്ല ഒരു വധുവിനെയും കണ്ടു പിടിച്ചുകൊടുത്തശേഷം സ്വന്തമായി വരുമാനവും കുടുംബവും ആയിക്കഴിഞ്ഞാൽ മക്കൾ നമ്മളെ ശ്രദ്ധിക്കാതെ വന്നാൽ നമുക്ക് വിഷമം തോന്നരുത്. നമ്മൾ നമ്മുടെ കടമ ചെയ്തു തീർത്തതിൽ സന്തോഷം കാണുക. താൻ അനുഭവിക്കുന്നത് തൻ്റെ കർമ്മഫലമാണെന്ന ബോധം ശാന്തിയും സമാധനവും തരും. സ്നേഹമുള്ളിടത്ത് സഹനശക്തി താനേ ഉണ്ടായിത്തീരും. യഥാർത്ഥ സ്നേഹത്തിനു ത്യാഗത്തിൻ്റെ മേമ്പൊടിയുണ്ടായിരിക്കണം.
ഇങ്ങോട്ട് കിട്ടിയാലുമില്ലെങ്കിലും കിട്ടുമെന്ന പ്രതീക്ഷപോലും സൂക്ഷിക്കാതെ കൊടുക്കുന്ന സ്നേഹമാണ് യഥാർത്ഥ സ്നേഹം. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം ഇതിനു ശരിയായ ഉദാഹരണമാണ്. മുടിയനായ പുത്രനും അമ്മ സ്വാദിഷ്ടമായ ആഹാരം ഉണ്ടാക്കികൊടുക്കും. അതു കൊടുക്കുമ്പോഴും എൻ്റെ മകൻ നന്നായി വരണേ, അവന് സദ്ബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഇതുപോലെതന്നെയാണ് പതിവ്രതയ്ക്ക് ഭർത്താവിനോടുള്ള സ്നേഹവും. പിശുക്കന് പണത്തോടുള്ള സ്നേഹവും തീവ്രസ്നേഹത്തിനുദാഹരണങ്ങളായി പറയാറുണ്ട്. ഇങ്ങോട്ടൊന്നും വേണ്ട. എല്ലാം സ്നേഹിക്കുന്നയാളിനുവേണ്ടി. ഈ ത്യാഗപൂർണ്ണമായ സ്നേഹത്തിനു വേദാന്തത്തിൽ പ്രേമം എന്ന് പറയും.
ഇനി മൂന്നാമതൊരുകൂട്ടരുണ്ട്. ഇങ്ങോട്ട് എത്ര സ്നേഹിച്ചാലും സ്നേഹം തിരിച്ചു കൊടുക്കാത്തവർ – ആരോടും സ്നേഹമില്ലാത്തവർ – തികഞ്ഞ സ്വാർത്തികളായവർ. അത്തരക്കാർ സ്വന്തം കാര്യം നേടാൻവേണ്ടി മാത്രം സ്നേഹം അഭിനയിക്കുന്നവർ. ഇവരുടെ സ്നേഹം സാമ്പത്തികാധിഷ്ഠിതമാണ്. നശ്വരമായ ശരീരത്തോടും അതിനു സുഖാനുഭവങ്ങൾ പകരുന്ന ഉപഭോഗവസ്തുക്കളോടുമാണവർക്കു സ്നേഹം. ഈ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേക സ്വഭാവമായി ഇത് മാറികഴിഞ്ഞിരിക്കുന്നു.! ചിലന്തി ഉണ്ടാക്കുന്ന വലയിൽ അത് ഉടക്കി നിൽക്കും. ആ വല നശിപ്പിച്ചാൽ അതു വീണ്ടും ഉണ്ടാക്കി അതിൽ കുടുങ്ങിക്കിടക്കും. അതുപോലെ ഭൗതികാസക്തിയിൽ മഗ്നരായിരിക്കുന്നവർ സ്വയം നിർമ്മിക്കുന്ന വലയിൽ കുരുങ്ങിക്കിടക്കുന്നു. ഇക്കാലത്ത് അച്ഛനും മക്കളും തമ്മിൽ, അദ്ധ്യാപകരും ശിഷ്യരും തമ്മിൽ, ഡോക്ടറും രോഗിയും തമ്മിൽ…. എല്ലാം സാമ്പത്തികാധിഷ്ഠിതമായ ബന്ധം മാത്രമാണ് ഉള്ളത്. എന്നാൽ ഇതിനൊരപവാദം കൊച്ചു കുട്ടികളും വളർത്തുമൃഗങ്ങളും മാത്രമാണ്. അവർ അടി കിട്ടിയാലും വഴക്കു പറഞ്ഞാലും തൽക്കാലം കരയുമെങ്കിലും പെട്ടന്നുതന്നെ എല്ലാം മറന്ന് ഓടി അടുത്തുവരും.
ആധുനികമനുഷ്യൻ മനസ്സിൽ നിന്നും സ്നേഹത്തെ ഒഴിവാക്കി. ബാങ്ക്ബാലൻസ് വർദ്ധിച്ചപ്പോൾ ഭൗതികതയുടെ ഭാരത്താൽ ആത്മീയതയിലേയ്ക്കുയരാൻ പറ്റാതായി. ചുറ്റും മണിമാളികകൾ കാണും. അവ വീടുകളല്ല വെറും കെട്ടിടങ്ങൾ മാത്രം. അവിടെ കുടുംബാംഗങ്ങൾ പരസ്പരം സംവാദിക്കാറില്ല. നാം ധരിക്കുന്നത് നമ്മോട് എല്ലാവർക്കും സ്നേഹമാണെന്നാണ്. പണം സമ്പാദിക്കുന്ന കാലത്തോളം അങ്ങനെയായിരിക്കാം. അതില്ലാതായാൽ പിറുപിറുപ്പ്, ശകാരം.ബന്ധങ്ങൾ വെറും നൈമിഷികം മാത്രം. സമ്പത്തിൽ അമിതാസക്തി ഇല്ലാത്തവരും കിട്ടുന്നതിൽ സംതൃപ്തി അടയുന്നവരും ഏവരേയും സ്നേഹിക്കുന്നവരും ആത്മസുഖം അനുഭവിക്കുന്നു. അവരാണത്രെ ഈശ്വരനോട് അടുത്തു നിൽക്കുന്നവർ!
Nice
സന്തോഷം
നല്ല ഉപദേശം ഗുരുജി. സ്നേഹമാകുന്ന വടി ജീവിത ലക്ഷ്യത്തിലേക്കുള്ള വഴി തെളിയിച്ച് നമ്മെ ഉയർച്ചയിലേക്ക് നയിക്കുന്നു. ഈശ്വര പ്രാപ്തിനേടാനാവുന്നു നന്ദി ഗുരുജി , നമസ്ക്കാരം.
മനസ്സ് വിശാലമാക്കുക!
എത്ര മനോഹരമായ ഭാവന..
പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുവാൻ നമുക്ക് കഴിയട്ടെ
അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്
സരോജിനി അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്
നല്ലറിവിന് നന്ദി
സന്തോഷം
സ്നേഹത്തെപറ്റി ഇത്രയും ആധികാരികമായി വിവരിച്ചുതന്ന
ഗുരുജീയക് അഭിനന്ദനങ്ങൾ
സന്തോഷം
സൂപ്പർ
വായിക്കുമ്പോൾ തന്നെ മനസ്സിന് കുളി൪മ്മ തോന്നുന്നു… എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എത്ര ലളിതമായാണ് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്… ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സ൪

വളരെ നല്ല അഭിപ്രായം
സന്തോഷം
സന്തോഷം
Well explained Guruji
സന്തോഷം