എന്നത്തേതിലും വ്യത്യസ്തമായി ഇപ്രാവശ്യം ചിരിയും ചിന്തയും നിറഞ്ഞ ഇൻഷുറൻസ് കഥകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.വളരെ അവിചാരിതമായി എന്നിലേക്ക് എത്തിച്ചേർന്ന പുസ്തകമാണ് സിന്ദഗി കെ സാധ് ഭി സിന്ദഗി കെ ബാദ് ഭി വർഗീസിന്റെ ഇൻഷുറൻസ് കഥകൾ. LIC യുടെ ക്ലാസ്സ് ൽ ജോർജി ഉമ്മൻ സർ ന്റെ വക സമ്മാനം.
ശ്രീ വർഗീസ് ജോസഫിന്റെ അനുഭവങ്ങൾ അദ്ദേഹം തമാശയിൽ കൂടി വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. വായനക്കാരുടെ ചുണ്ടിൽ ഒരു ചിരി വരുത്തുന്നതോടൊപ്പം തന്നെ അതിനെ കാര്യഗൗരവത്തോട് കൂടി വീക്ഷിക്കുന്ന രീതിയും പ്രശംസാർഹമാണ്. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ നേരിടുന്ന പ്രശ്നങ്ങൾ രസകരമായി അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ എഴുത്ത് ശൈലിയ്ക്ക് മിഴിവേകുന്നു.11 കഥകൾ എന്ന് പറയാൻ സാധിക്കില്ല.. അനുഭവങ്ങൾ.. അതെ സന്തോഷവും സങ്കടവും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ കുറെയേറെ അനുഭവങ്ങൾ. ജീവിതത്തിന്റെ നേർകാഴ്ചകൾ.

“ശവമടക്കിന് എന്നാ ആളായിരുന്നു” – ശവമടക്കിന് ധാരാളം ആളുകൾ ഉണ്ടാവും. പക്ഷെ പിന്നീട് ആ വീട്ടിലെ അംഗങ്ങളുടെ ജീവിതം എങ്ങനെ എന്ന് അന്വേഷിക്കാൻ ആരുമുണ്ടാവില്ല. മരണപ്പെട്ട ഭർത്താവിന്റെ പോളിസി അനുകൂല്യത്തെ കുറിച്ച് സംസാരിക്കാൻ ചെല്ലുന്നവരോട് അവരുടെ ചോദ്യം എൽ ഐ സി യ്കും പുള്ളിക്കാരൻ പൈസ തരാൻ ഉണ്ടോന്നു.. അവരുടെ ഇപ്പോഴത്തെ സ്ഥിതി ആ ഒറ്റ ചോദ്യത്തിൽ വ്യക്തമാണ്. എന്നാൽ ഒരു ചെറിയ അനുകൂല്യത്തിൽ നിന്നുള്ള ഡെത്ത് ക്ലെയിം ന്റെ ചെക് അവരെ ഏല്പിക്കുമ്പോൾ അവർ അത് നെഞ്ചോടു ചേർക്കുന്നതും വായനക്കാരന് കണ്മുൻപിൽ കാണാൻ സാധിക്കും.
കുടുംബത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും ഇൻഷുറൻസിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നു. എന്നാൽ ” ഞാൻ മരിച്ചിട്ട് അവൾ അങ്ങനെ സുഖമായി ജീവിക്കേണ്ട എന്ന നിലപാട് എടുക്കുന്നവരെയും ഇതിൽ കാണാൻ പറ്റും.തന്റെ അഭാവത്തിൽ കുടുംബം ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന ഉദ്ദേശത്തിൽ ഇൻഷുറൻസ് എടുക്കുന്ന കുടുംബസ്നേഹികളെയും ഈ പുസ്തകത്തിൽ കാണാം. നിർബന്ധങ്ങൾക്ക് വഴങ്ങി പോളിസി എടുത്ത് മുടക്കുന്നവരും എന്നാൽ ആവശ്യം വരുമ്പോൾ ഇൻഷുറൻസ് ന്റെ സംരക്ഷണം കിട്ടാതെ പ്രതിസന്ധിയിൽ അകപ്പെടുന്നവരുമായ ചിലർ. പോളിസി എങ്ങനെ ചോദിക്കണം എപ്പോൾ ചോദിക്കാം.. ആരോടൊക്കെ എന്നെല്ലാം സരസമായി അവതരിപ്പിച്ചു ഈ പുസ്തകത്തിൽ അദ്ദേഹം.
ഈ പുസ്തകം വായിക്കുന്ന വായനക്കാരൻ ഇൻഷുറൻസ് ഇല്ലെങ്കിൽ ഉടൻ തന്നെ ഇൻഷുറൻസ് എടുത്തിരിക്കും. എന്തെന്നാൽ അതിൽ ചില സത്യങ്ങൾ ഉണ്ട്.. ജീവിത യാഥാർഥ്യം ഉണ്ട്.




👍