ശൂരപത്മാസുരനെ നിഗ്രഹിച്ച് തനിക്ക് ദേവലോകവും ദേവരാജപദവിയും നൽകിയനുഗ്രഹിച്ച ശ്രീ വേലായുധസ്വാമിക്ക് തന്റെ ഓമനപ്പുത്രിയായ ദേവയാനിയെ പരിണയം ചെയ്തുകൊടുക്കുവാൻ ദേവേന്ദ്രൻ തീരുമാനിച്ചു. തന്റെ ആഗ്രഹം ശ്രീ മഹാവിഷ്ണുവിനേയും ബ്രഹ്മദേവനേയും ഇന്ദ്രൻ ഉണർത്തിച്ചു. ശ്രീ മുരുകനെ കാന്തനായി സിദ്ധിക്കുന്നതിന് തപസ്സനുഷ്ഠിക്കുന്ന ഇന്ദ്രപുത്രിയെ സർവ്വേശ്വരന് പരിണയം ചെയ്തു നൽകുന്നത് ഏറ്റവും ഉത്തമമായ കാര്യമാണെന്ന് ശ്രീ വിഷ്ണു ദേവനും ബ്രഹ്മാവും അഭിപ്രായപ്പെട്ടു. അതുകൊണ്ട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ എത്രയും വേഗം സജ്ജീകരിക്കണമെന്നും ദേവദേവന്മാർ ഇന്ദ്രനെ ഉണർത്തിച്ചു.
മഹാമേരു പർവ്വതത്തിൽ വസിച്ചിരുന്ന ഇന്ദ്രാണിയേയും പുത്രി യേയും ഇന്ദ്രൻ ദേവലോകത്തേയ്ക്ക് ആഗതരാക്കി.
തിരുപ്പരം കുന്നിലെത്തിയ ഇന്ദ്രാണിയും പുത്രിയും ഇന്ദ്രനേയും ജയന്തകുമാരനേയും ദർശിച്ച് സന്തോഷിച്ചു. ദേവന്മാരുമൊത്ത് ശ്രീമുരുക സന്നിധിയിലെത്തിയ ദേവരാജാവ് തന്റെ പുത്രിയെ പരിണയം ചെയ്യാൻ സന്മനസ്സുണ്ടാകണമെന്ന് ശ്രീമുരുക സ്വാമിയോടപേക്ഷിച്ചു. ഇന്ദ്രന്റെ അപേക്ഷ ചെവികൊണ്ട സ്കന്ദൻ പരിണയം നാളെ തന്നെ നടത്താം എന്ന് സമ്മതം അരുളിച്ചെയ്തു.
മുചുകുന്ദ ചക്രവർത്തിയ്ക്കും മറ്റുള്ള രാജാക്കന്മാർക്കും, ദേവന്മാർക്കും, മഹർഷിമാർക്കും ദൂതന്മാർ മുഖാന്തിരം ഇന്ദ്രൻ വിവാഹ വാർത്തയയച്ചു. തിരുപ്പുരംകുന്നിൽ കതിർമണ്ഡപവും, അതിഥിമന്ദിരങ്ങളും, അലങ്കാരഗോപുരങ്ങ
ളും ആഡംബരപൂർവ്വം പണിയൊരുക്കുന്നതിന് ദേവേന്ദ്രൻ ദേവശില്പിയെ നിയോഗിച്ചു.
അവസാനിച്ചു.



