Monday, February 23, 2026
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ -75 കടമ്പനാട് പള്ളി, പത്തനംതിട്ട ✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

പുണ്യ ദേവാലയങ്ങളിലൂടെ -75 കടമ്പനാട് പള്ളി, പത്തനംതിട്ട ✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

🌻കടമ്പനാട്

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടമ്പനാട് . അടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടമ്പനാട് സ്ഥിതിചെയ്യുന്നത്.

എ ഡി 325-ൽ, മാർത്തോമാ ശ്ളീഹ സ്ഥാപിച്ച നിലക്കൽ പള്ളിയിൽ കുർബാന കൂടി വന്നിരുന്ന ക്രിസ്ത്യാനികൾ കടമ്പനാട് ദേശത്തു താമസം ആക്കുകയും വിശുദ്ധ കന്യക മറിയാമിന്റെ നാമത്തിൽ പള്ളി പണിയുകയും ചെയ്തു എന്ന് കുറെ പേർ വിശ്വസിക്കുന്നു.ഈ പളളി മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ ദേവാലയങ്ങളുടെ മാതൃ ദേവാലയമാണ്, ഇവിടെ ആണ് മാർത്തോമാ ശ്ളീഹാ ജ്ഞാന സ്നാനം കഴിപ്പിച്ച പകലോമറ്റം മഹാ കുടുംബത്തിലെ മലങ്കര സഭ ഭരിച്ചിരുന്ന അർക്കദിയാക്കോൻമാരിൽ മൂന്നാമത്തെ ആൾ മൂന്നാം മാർത്തോമാ മെത്രാപോലീത്താ കബറടങ്ങിയിട്ടുള്ളത്, അതിപുരാതന ദേവാലയമായ നിരവധി ചരിത്രമുറങ്ങുന്ന ഇവിടെ ചില പ്രത്യേക ലിപികൾ ആലേഖനം ചെയ്തിട്ടുണ്ട്.

സഭയിലെ അതിപുരാതന മലങ്കര ദേവാലയങ്ങളിൽ ഒന്നായ കടമ്പനാട് പള്ളി, അധിനിവേശങ്ങളുടെയും അപനിർമ്മിതികളെയും എതിർത്തു തോൽപ്പിച്ച കാലത്തിൻ്റെ അടയാളമാണ്. അലക്സിസ് മെൻസസിന്റെ റോമൻ ലത്തീൻവൽക്കരണത്തെ പ്രതിരോധിച്ച്,ഉറച്ച കോട്ടപോലെ നവീകരണത്തെ എതിർത്ത് തോൽപ്പിച്ച്, അന്ത്യോക്യൻ മലങ്കരയുടെ തിലകക്കുറിയായി നില കൊണ്ട കടമ്പനാട് ഒരു കാലത്ത് മലങ്കര സഭയുടെ ഭരണസിരാകേന്ദ്രമായിരുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദേവാലയങ്ങളുടെ മാതൃദേവാലമാണ് മലങ്കര സഭയുടെ കടമ്പനാട് പള്ളി.അതിപുരാതനമായ കടമ്പനാട് ദേശവും അവിടുത്തെ ഹൃദയത്തുടിപ്പായ ദേവാലയവും, ചരിത്രത്തിൽ സ്വാധീന ശക്തിയായി നിലകൊണ്ട വസ്തുതകളാണ്.

🌻കടമ്പനാട് പള്ളിയെ കുറിച്ചുള്ള ഐതിഹ്യം

കടമ്പനാട് പള്ളിയുടെ ഉത്ഭവത്തെപറ്റി വ്യത്യസ്തമായ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. ആ ഐതിഹ്യങ്ങൾ ഇങ്ങനെ..

  1. കടമ്പനാട് പള്ളി മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമെന്ന് കരുതുന്ന ഐതിഹ്യം.

സെന്റ് തോമസ് ക്രിസ്തുമതം പ്രചരിപ്പിച്ചുകൊണ്ട് നടത്തിയ യാത്രയിൽ നിരണത്തിനുശേഷം മലമ്പ്രദേശമായ ചായലിൽ (നിലയ്ക്കൽ) എത്തി. അവിടേയും ദേവാലയം സ്ഥാപിച്ച വിശുദ്ധൻ അടുത്ത ജനവാസ സ്ഥലത്തേക്ക് യാത്രയായി. എത്തിച്ചേർന്ന പ്രദേശമാണ് കുരെക്കൊണ്ടഎല്ലെ. ശ്ലീഹാ അവിടെയുള്ള മതപാഠശാലയിലെ പണ്ഡിതന്മാരുമായി സംവാദത്തിൽ ഏർപ്പെടുകയും, ബ്രാഹ്മണർ ഉൾപ്പെടെ ചെറു വിഭാഗത്തെ ക്രിസ്തു മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു, അവിടെ ഒരു ആരാധനാലയവും സ്ഥാപിച്ചു. അതാണ് ഇന്നത്തെ കടമ്പനാട് പള്ളി. ഇതു ഏകദേശം എ.ഡി. 60 -കളിലാണ്. സെന്റ് തോമസ് നിരണത്തിന് ശേഷം ഏകദേശം 90 കിലോമീറ്റർ യാത്ര ചെയ്താണ് ചായലിൽ എത്തുന്നത്. അവിടെ നിന്ന് 90 കിലോമീറ്റർ ആണ് കടമ്പനാട്ടേക്കുള്ളത്.തമ്മിലുള്ള ദൂരത്തിൻ്റെ സാദൃശ്യം പോലും സെന്റ് തോമസ് കടമ്പനാടെത്തി ദേവാലയം സ്ഥാപിച്ചു എന്നതിനെ സാധൂകരിക്കുന്നു. ഏഴു പള്ളികളിൽ ഒന്ന് കടമ്പനാടാണെന്ന് ചിലർ കരുതുന്നു.തെക്കൻ, മധ്യകേരളത്തിലെ നൂറുകണക്കിന് ദേവാലയങ്ങളുടെ മാതൃസ്ഥാനം കടമ്പനാട് പള്ളിക്കാണെന്ന് കുറെ പേർ വിശ്വസിക്കുന്നു.

2. നിലയ്ക്കലിൽ നിന്നുള്ള കുടിയേറ്റം.

കടമ്പനാടിനെപ്പറ്റിയുള്ള ഐതീഹ്യങ്ങളിൽ മറ്റൊന്ന് നാലാംശതകത്തിൽ മലങ്കര സുറിയാനിക്കാർ നിലയ്ക്കൽ പ്രദേശത്തു നിന്നും കടമ്പനാട് എത്തപ്പെട്ടു. നിലയ്ക്കലിൽ അവർക്ക് വിഷജീവികളുടെ ഉപദ്രവം മൂലം ജീവിതം ദുസ്സഹമായപ്പോൾ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെട്ട ഒരു കൂട്ടം ജനങ്ങൾ തെക്കൻ നാടുകളിലേയ്ക്ക് കുടിയേറി.അതിൽ സുറിയാനി വിശ്വാസ പാരമ്പര്യത്തിന്റെ ഉടമകളായ ഒരു കൂട്ടം ആളുകൾ കടമ്പനാട്ടേക്ക് കുടിയേറി. നിലയ്ക്കൽ നിന്നു വന്ന ക്രിസ്ത്യാനികളും ഹൈന്ദവരും, ഉയരം കൂടിയ പ്രദേശത്ത് വിശ്രമിക്കാൻ ഒത്തുകൂടി. അന്ന് അവിടെ കൂടിയിരുന്നവരെ ആ നാട്ടിലെ നിവാസികൾ നിലയ്ക്കൽ മക്കൾ എന്നു വിളിക്കുകയും, ആ സ്ഥലം പിന്നീട് നിലയ്ക്കുമുകൾ എന്നറിയപ്പെടുകയും ചെയ്തു. അവിടെനിന്നും ഹൈന്ദവ സഹോദരങ്ങൾ മണ്ണടിയിലേയ്ക്കും, ക്രിസ്ത്യൻ സഹോദരങ്ങൾ ഇന്നു കാണപ്പെടുന്ന കടമ്പനാട് പള്ളിക്ക് സമീപത്തേയ്ക്ക് സ്ഥിരതാമസമാക്കുകയും ചെയ്തു. മാർത്തോമാ ശ്ലീഹാ നിലയ്ക്കലിൽ സ്ഥാപിച്ച ദേവാലയത്തിലെ കുരിശ് അവർ കൊണ്ടു വരികയും, മാർത്തോമാശ്ലീഹായുടെ കടമ്പനാട് പള്ളി പുനഃനാമകരണം ചെയ്ത് സ്ഥാപിച്ചു എന്നും ഈ ഐതിഹ്യപ്രകാരം കരുതുന്നു.

🌻കടമ്പനാട് പള്ളി പുനർ നിർമ്മാണം

പുരാതനകാലം മുതൽ ക്രിസ്ത്യൻ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലമായിരുന്നു എന്നതാണ് കടമ്പനാടിനെ എഴുപള്ളികളുടെ കൂട്ടത്തിൽ പിതാക്കന്മാരുടെ വാമൊഴികളിൽ ഏഴരപ്പള്ളി മുൻപോൻ പള്ളി എന്ന് വന്നത്. (കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ) കടമ്പനാട് പള്ളിയെ നിരവധി തവണ പുനർനിർമിച്ചു.  പാരമ്പര്യമനുസരിച്ച് പുനർനിർമ്മാണങ്ങൾ ഏകദേശം 800, എ.ഡി 1200, എ.ഡി 1800, എ.ഡി 1912, ഒടുവിൽ 1952 -ലും നടന്നു. ഇപ്പോൾ അടൂർ – കടമ്പനാട് ഭദ്രാസനത്തിലെ ആസ്ഥാന മാർത്തോമൻ തീർത്ഥാടന കേന്ദ്രവും അനേകം പേർക്ക് അഭയസ്ഥാനവുമാണ് ദേവാലയമാണ് കടമ്പനാട് കത്തീഡ്രൽ.

🌻മൂന്നാം മാർത്തോമയും കടമ്പനാടും.

രണ്ടാം മാർത്തോമാ കാലം ചെയ്തശേഷം അദ്ദേഹത്തിൻ് പിൻഗാമിയായി പകലോമറ്റം തായ് വഴിയിൽ പെട്ട പുരോഹിതനെ മൂന്നാം മാർത്തോമ്മാ എന്ന പേരിൽ തിരഞ്ഞെടുത്തു. അദ്ദേഹത്തെ കടമ്പനാട് വലിയപ്പാപ്പൻ എന്നും അറിയപ്പെടുന്നു. പകലോമറ്റം കുടുംബത്തിൽ ജനിച്ച അദ്ദേഹം കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ മാർത്തോമയും മലങ്കര ഓർത്തഡോക്‌സ് സിറിയൻ പള്ളിയിലെ മെട്രോപ്പൊളീറ്റനുമായിരുന്നു. 1685-ൽ കണ്ടനാട് മർത്തമറിയം ദേവാലയത്തിൽ വച്ച് മാർ ഇവാനിയോസ് ഹിദായത്തുള്ളയാണ് മൂന്നാം മാർത്തോമായെ വാഴിച്ചത്. പ്രാർത്ഥനാ ജീവിതത്താലും, വ്രതനിഷ്ഠയാലും ശ്രേഷ്ഠനായിരുന്നു പരിശുദ്ധ മൂന്നാം മാർത്തോമ്മ. അദ്ദേഹത്തിൻറെ ഭരണകാലം പൊതുവേ സമാധാനപരമായിരുന്നു. എങ്കിലും കരിങ്ങാച്ചിറ പള്ളിയിൽ ഒരു വിഭാഗം റോമക്കാരോട് ചേർന്ന് മലങ്കരയിൽ കലഹത്തിനു ശ്രമിച്ചു. പക്ഷേ ഭൂരിപക്ഷവും മൂന്നാം മാർത്തോമ്മായെ പിന്തുണയ്ക്കയും, റോമൻ ബിഷപ്പായ ജോസഫ് സെബസ്ത്യാനോയുടെ അധികാരം നിരസിക്കുകയും ചെയ്തു. ആ കാലത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര വളരെ പ്രയാസമായിരുന്നു. ഇത് പ്രധാനമായും നദികളിലൂടെ ആയിരുന്നു. അങ്ങനെ മൂന്നാം മാർത്തോമ്മാ കടമ്പനാട് ദേവാലയത്തിൽ എത്തുകയും പിന്നീട് ഇവിടം ആസ്ഥാനമാക്കി മലങ്കര സഭയെ ഭരിക്കുകയും ചെയ്തു. എന്നാൽ അവിചാരിതമായി മലയാള വർഷം 863 മേടമാസം 8, (1688 ഏപ്രിൽ 21-ന് ) തിരുമേനി കാലം ചെയ്തു. പരിശുദ്ധ പിതാവിൻറെ ഭൗതികശരീരം വിശുദ്ധ മദ്ബഹായിൽ മേടമാസം 9ഏപ്രിൽ 22 -ആം തീയതി സംസ്കരിച്ചു. ഈ ദിവസങ്ങളിലാണു കടമ്പനാട് ഈ പിതാവിൻറെ ഓർമ്മ കൊണ്ടാടുന്നത്.

അധികനാൾ മലങ്കരയെ നയിക്കാന് അദ്ദേഹത്തിന് സാധിച്ചില്ല. മൂന്നാം മാർത്തോമ്മാ പിതാവ് മലങ്കര സഭയെ നയിച്ചതിനെക്കുറിച്ചുള്ള ലിഖിതങ്ങളും ലിപികളും കടമ്പനാട് പള്ളിയുടെ ചുമരുകളിലും, അദ്ദേഹം ഭരണം നടത്തിയിട്ടുള്ള കാർത്തിക പള്ളി പള്ളിയുടെ ചുമരുകളിലും കാണാവുന്നതണ്. ഇന്ന് കാണുന്ന അദ്ദേഹത്തിൻ്റെ ഛായചിത്രം ലഭിച്ചത് കാർത്തികപള്ളി പള്ളിയിൽ നിന്നുമാണ്. അവിടെ ആ ചിത്രം അദ്ദേഹത്തിൻ്റെതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മലങ്കര സഭയിൽ സുറിയാനി ക്രിസ്ത്യാനികൾ ഒന്നായി നിന്നപ്പോൾ അവരെ നയിക്കുകയും, റോമൻ ആധിപത്യത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്ത പരിശുദ്ധ മൂന്നാം മാർത്തോമ്മാ പിതാവിനെയും, കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലനെ കുറിച്ചും വരും തലമുറ അറിയേണ്ടതാണ് . പരിശുദ്ധ പിതാവിന്ന്റെ മധ്യസ്ഥത അനേകർക്ക് അഭയസ്ഥാനമാണ്. ദൈവസന്നിധിയിൽ അനേകർക്ക് വേണ്ടി അഭയയാചന നടത്തുന്ന പിതാവ് കടമ്പനാട് അപ്പൂപ്പൻ എന്ന് അറിയപ്പെടുന്നു.പുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, കടമ്പനാടിനെ പൂർവ്വപിതാക്കന്മാരുടെ വാമൊഴിയനുസരിച്ച് ഇങ്ങനെ പറയപ്പെടുന്നു.
“ഏഴരപ്പള്ളി
മുൻപോൻ പള്ളി
കടമ്പോൻ പള്ളി
അവിടെ വാഴും പുണ്യവാൻ
ഏഴകൾക്ക് അഭയം”

പുരാതനമായ കടമ്പനാട് പള്ളി സന്ദർശിച്ച് അനുഗ്രഹം പ്രാപിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

ലൗലി ബാബു തെക്കെത്തല, കുവൈറ്റ് ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com