Monday, February 23, 2026
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ - (73) 'അങ്കമാലി ചെറിയപള്ളി' ✍ ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

പുണ്യ ദേവാലയങ്ങളിലൂടെ – (73) ‘അങ്കമാലി ചെറിയപള്ളി’ ✍ ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ, അങ്കമാലി (അങ്കമാലി ചെറിയപള്ളി)

അങ്കമാലി എന്ന ദേശം

കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു.

മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്. ഇവിടത്തെ ഭരണം കൈയ്യാളിയിരുന്ന അർക്കെദിയാക്കോന്മാർക്ക് (ആർച്ച് ഡീക്കൻ)50,000 ത്തിൽ കുറയാത്ത പോരാളികൾ ഉണ്ടായിരുന്നു. നായന്മാരെപ്പോലെ ആയുധമേന്തി നടന്നിരുന്ന ആദ്യകാല നസ്രാണികളാണവർ. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവർ പരിശീലനം നടത്തിയിരുന്നത് ഇവിടെ വെച്ചായിരുന്നു എന്നു പറയപ്പെടുന്നു. അങ്ങനെ സ്ഥിരമായി അങ്കക്കസർത്തുകൾ നടന്നിരുന്നതിനാലലയിരിക്കാം അങ്കമാലി എന്ന പേർ വന്നത് എന്നു കരുതുന്നു.

1799-ല് റോമിൽ നിന്നു അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ സംസ്കൃത-ലാറ്റിൻ-വ്യാകരണ ഗ്രന്ഥത്തിൽ അങ്കമാലി എന്നതിന് സർക്കസ്(Circus) എന്നാണ് അർത്ഥം എഴുതിക്കാണുന്നത്.ഈ ഗ്രന്ഥം അർണ്ണോസ് പാതിരിയെഴുതിയതും പ്രസിദ്ധപ്പെടുത്തിയത് പൗളിനോസ് പാതിരിയുമാണ്. ഇതിൽ നിന്നും അങ്കത്തിനും മറ്റുമുള്ള അഭ്യാസങ്ങൾ നടത്തിയിരുന്ന മൈതാനം ആയിരിക്കാം ഇങ്ങനെ ആയത് എന്നും അനുമാനിക്കാം.

മറ്റൊരു വാദം ആലി എന്ന ഒരു മല്ലൻ അങ്കം ജയിച്ചതിനാലാണ്‌ അങ്കമാലി എന്ന പേർ വന്നു എന്നാണ്‌. പ്രാചീന കാലത്ത് തുറമുഖത്തിന്‌ മാലി എന്ന് വിളിച്ചിരുന്നു എന്നും (ഉദാ:മാലിയങ്കര)മാലി കുരുമുളകു കേന്ദ്രമാണെന്നു കോസ്മസ്സ് സൂചിപ്പക്കുന്നുണ്ട്. ഇന്നത്തെ മാഞ്ഞാലിത്തോട് അന്ന് പെരിയാറായിരുന്നു , മാലിയിലേക്ക് കപ്പൽ കയറ്റാനായി കുരുമുളക് കൊണ്ട് പോയിരുന്ന വഴിയിലെ ഒരു കവലയായിരുന്നു അങ്കമാലി. അങ്ങനെയുള്ള ഇടത്താവളത്തിനെ അങ്കമാലി എന്ന് വിളിച്ചിരുന്നതാവാം എന്നുമാണ്‌ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്. അങ്കെ മാലി എന്ന് മൂല ദ്രാവിഡഭാഷയിൽ മാലിയങ്കരയിലേക്കുള്ള യാത്രയുടെ തുടക്കമെന്ന നിലയിൽ വിളിച്ചിരുന്നതുമാവാം എന്നുൊരു വാദമുണ്ട്.

ഭാരത ക്രൈസ്‌തവ സഭയുടെ ചരിത്രം തുടങ്ങുന്നതു മുതലേ അങ്കമാലി എന്ന നാമവും അതിൻ്റെ ഭാഗമായിരുന്നു. ഭാരത സുറിയാനി സഭ മുഴുവൻ്റേയും ആസ്ഥാനം അങ്കമാലി ആയിരുന്നു. മലങ്കരസഭയിൽ പല സുന്നഹദോസുകൾക്ക് വേദിയായ ചരിത്രവും അങ്കമാലിക്ക് സ്വന്തമണ്,

സാംസ്കാരിക രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി. ഇവിടെ 90 ശതമാനത്തിലേറേ ക്രൈസ്തവരായതിനാൽ ക്രിസ്തീയ മതവുമായി ബന്ധപ്പെട്ട കലാ സാംസ്കാരിക രംഗങ്ങളിലാണിവ. പരിച മുട്ടുകളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് , റമ്പാൻ പാട്ട്, ചവിട്ടു നാടകം തുടങ്ങിയ കലകളും പ്രചരിപ്പിക്കുന്നതിൽ അങ്കമാലി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

അങ്കമാലിയേ പറ്റി പറയുമ്പോൾ അങ്കമാലി പടിയോലയേ കുറിച്ചും സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. പാശ്ചാത്യമിഷനറിമാരിൽ നിന്ന് സുറിയാനി ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ അനുസ്മരണമാണ് അങ്കമാലി പടിയോല. അതിൽ ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹായിൽ നിന്നുള്ള കേരള ക്രിസ്തീയസഭയുടെ ഉത്ഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് തുടക്കം, സുറിയാനി ക്രിസ്ത്യാനികളുടെ ശിഥിലീകരണത്തിൽ കലാശിച്ച കൂനൻ കുരിശുസത്യത്തിന്റെ പശ്ചാത്തലത്തേയും പ്രത്യാഘാതങ്ങളേയും അങ്കമാലി പടിയോലയിൽ പരാമർശിക്കുന്നു.

ചരിത്രമുറങ്ങുന്ന ഈ പട്ടണത്തിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്നു അങ്കമാലി സെൻ്റ് മേരീസ് സുറിയാനി പള്ളി.

🌻പള്ളി സ്ഥാപന ചരിത്രം

മലങ്കരസഭ ഭരിച്ചിരുന്ന പകലോമറ്റം അർക്കദിയാക്കോന്മാരുടെ (ആർച്ച് ഡീക്കൻ) ആസ്ഥാനമായിരുന്ന അങ്കമാലിപ്പള്ളി എ. ഡി. 409 ലാണു സ്ഥാപിച്ചത്. എ.ഡി 345 ൽ ക്നായിതോ മായുടെ നേത്യത്വത്തിൽ കൊടുങ്ങല്ലൂരിൽ കുടിയേറിയ 400 സിറിയൻ കുടുംബങ്ങളിൽ ഒരുവിഭാഗം അങ്കമാലിയിലെത്തി പളളി സ്ഥാപിച്ചെന്നാണു ചരിത്രം. നാട്ടുപ്രമാണിയായ മങ്ങാട്ടച്ചൻ കുടിയേറ്റക്കാർക്കു പള്ളിയും നഗരവും വാണിഭകേന്ദ്രവും പണിയാനുള്ള അനുവാദം നൽകി. ഗീവർഗീസ് അർക്കദിയാക്കോൻ്റെ കാലത്താണ് അവസാനമായി ഈ ദൈവാലയം പുതുക്കിപണി കഴിപ്പിച്ചത്. അതിനുശേഷം കാലാകാലങ്ങളിൽ വരുത്തിയ പരിഷ്‌കാരങ്ങളുടേയും പരിണിത രൂപമാണ് പുരാതനവും മനോഹരവുമായ ഇന്നത്തെ പള്ളി.

🌻അങ്കമാലി പള്ളിയുടെ സവിശേഷതകൾ

ഒന്നാം മാർത്തോമ, പകലോമറ്റം ഗീവർഗീസ് അർക്കദിയാക്കോൻ, അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്ത അമ്പാട്ട് മോർ കൂറിലോസ് എന്നിവരെ കബറക്കിയിരിക്കുന്നത് ഈ പള്ളിയിലാണ്.

1836 ലെ മാവേലിക്കര പടിയോലയിൽ മലങ്കരസഭയുടെ തലപ്പളളിയായി അങ്കമാലി പളളിയെ പരാമർശിച്ചിട്ടുണ്ട്.

വിശുദ്ധ ദൈവമാതാവിൻ്റെ തിരുവസ്ത്രത്തിന്റെ അംശം (സുനോറോ) പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.

28 പള്ളികൾക്ക് തലപ്പള്ളിയാണ് അങ്കമാലി പുരാതനമായ അകപ്പറമ്പ്, പൊയ്ക്കാട്ടുശേരി, പീച്ചാനിക്കാട് ഇടവകുകൾ ഈ പള്ളിയിൽ നിന്നും പിരിഞ്ഞുപോയവയാണ്.

1789 ലെ ടിപ്പുസുൽത്താൻ്റെ ആക്രമണത്തിൽ പള്ളിക്കു കാര്യമായ നാശനഷ്ടമുണ്ടായി.

1876 ൽ പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കിസ് ബാവ വിളിച്ചുകൂട്ടിയ മുളന്തുരുത്തി സുന്നഹദോസ് തീരുമാനപ്രകാരം മലങ്കരസഭയെ ആറു ഭദ്രാസനങ്ങളായി വിഭജിച്ചതോടെയാണു അങ്കമാലി കേന്ദ്രീകരിച്ചുള്ള സഭാഭരണം അവസാനിച്ചത്.

സമാനതകളില്ലാത്ത നിരവധി ചുവർചിത്രങ്ങൾ ഈ ദേവാലയത്തിൻ്റെ അമൂല്യ നിധിയാണ്. ഇതിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത് ഏറ്റവും വലുപ്പമേറിയതും ഇന്നുവരെ റീടച്ച് ചെയ്‌തിട്ടില്ലാത്തതുമായ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും പ്രതീകാത്മകമായ ചിത്രങ്ങളാണ്.

ഏദൻ തോട്ടത്തിലെ പ്രലോഭനത്തിൻ്റെയും, നോഹയുടെ പെട്ടകം, ഇസഹാക്കിന്റെ ബലി, ദാവീദും ഗോല്യാത്തുമായുള്ള യുദ്ധം, യേശുവിൻ്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ചാരുതയാർന്ന ചിത്രങ്ങൾ, ചുമരിലും ശിലകളിലുമുള്ള അനേകം പുരാതന ലിഖിതങ്ങൾ, മരത്തിലുള്ള കൊത്തു പണികൾ ദേവാലയത്തിന്റെ ശ്രേഷ്ഠത ഉയർത്തുന്നു.

പുരാതനവും ലക്ഷണമൊത്തതുമായ വലിയ കൽകുരിശ് പള്ളിയുടെ തെക്കു ഭാഗത്ത് നിരത്തിൽ സ്ഥിതിചെയ്യുന്നു.

1808 ൽ വന്ന ആംഗ്ലിക്കൻ മിഷനറി ക്ലോഡിയസ് ബുക്കാനന് അങ്കമാലി പള്ളിയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ പൗരാണിക സുറിയാനി ബൈബിൾ (പ്ശീത്തോ) സമ്മാനിച്ചിരുന്നു. ഈ ബൈബിൾ ഇപ്പോൾ കേംബ്രിഡ്ജ് സർവ കലാശാല ലൈബ്രറിയിലാണ്.

🌻പള്ളി പെരുന്നാൾ

പ്രധാന തിരുനാൾ: -അമ്പാട്ട് ഗീവർഗീസ് മോർ കുരില്ലോസ് തിരുനാൾ

കൂടാതെ രണ്ടാം ശനി പെരുന്നാൾ പാച്ചോർ നേർച്ചയോടെ ആഘോഷിക്കുന്നു

കേരളത്തിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ട സുറിയാനി ഓർത്തഡോക്സ് പള്ളികളിലൊന്നും, മലങ്കരയിലെ ആദ്യകാല ക്രിസ്ത്യൻ സമൂഹത്തിന്റെ ആധാരകേന്ദ്രവുമായിരുന്ന അങ്കമാലി പള്ളി സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

ലൗലി ബാബു തെക്കെത്തല,കുവൈറ്റ് ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com