ദുബായ് : യുഎഇ ലെ മലയാളി പ്രവാസികളുടെ ഏറ്റവും വലിയ മഹോത്സവമായ തൃശ്ശൂർ പൂരം കൊടിയിറങ്ങി. യുഎഇ യിൽ എങ്ങും 54ാം മത് ദേശീയ ദിനത്തിൻ്റെ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ, പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ പൂരം ഹോത്സവവും അതിന് കൂടുതൽ നിറപ്പകിട്ടേകി .
ദുബായ് എത്തിസലാത്ത് അക്കാദമിയുടെ വളരെ വിശാലമായ ഗ്രൗണ്ടിൽ വടക്കും നാഥ ക്ഷേത്രത്തിൻ്റെ മാതൃക പണിത് അതിന് മുന്നിൽ നെറ്റിപ്പട്ടം കെട്ടിയ ഏഴ് ഗജവീരന്മാരെ അണിനിരത്തി ഇലഞ്ഞിത്തറമേളത്തിൻ്റെ പ്രൗഡിയും ഗാംഭീര്യവും മാറ്റൊലി കൊണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ യുഎഇ ലെ മലയാളികൾ പ്രവാസം മറന്ന് തൃശ്ശൂർ നഗത്തിൽ പറന്നിറങ്ങി. 2025 ഡിസംബർ ഒന്ന്, രണ്ട് തിയ്യതികളിലാണ് തൃശ്ശൂർ പൂരം ദുബായിൽ ആഘോഷിച്ചത്.

പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാമും പത്നി പാർവ്വതീ ജയറാമും വിശിഷ്ടാതിഥികളായി എത്തിയ ഈ വർഷത്തെ പൂരത്തിൽ, താരം നയിച്ച ചെണ്ടമേളവും കാണികളെ ആവേശഭരിതരാക്കി. തൃശ്ശൂർ പൂരം നേരിട്ട് കാണാൻ കഴിയാത്ത കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പ്രവാസി കുടുംബാംഗങ്ങൾക്ക് എന്നും മനസ്സിൽ പൂരനഗരിയിൽ ഏറ്റവും കൂടുതൽ ആവേശം നിറച്ചിട്ടുള്ള കുടമാറ്റം, ദുബായിലെ പൂരത്തിലും പതിനായിരങ്ങളെ കോരിത്തരിപ്പിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായതുകൊണ്ട് തന്നെ യുഎഇ യുടെ എല്ലാ എമിറേറ്റുകളിലേയും ഭരണാധികാരികളുടെ വലിയ ഫ്ലെക്സുകൾ ഗജവീരന്മാരുടെ മുകളിൽ നിരന്നപ്പോൾ എത്തിസലാത്ത് അക്കാദമിയിൽ തിങ്ങിനിറഞ്ഞ ജനങ്ങളും പുൽകൊടികളും കോരിത്തിരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പൂരത്തിൻ്റെ ആദ്യ ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ദുബായിയുടെ നിയമ നിയന്ത്രണങ്ങൾക്ക് വിധേയമായി ജനങ്ങളെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സമാപന ദിവസമായ രണ്ടാം ദിവസം പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു. എന്നിട്ടും ഒഴുകിയെത്തിയ ജനസാഗരത്തെ നിയന്ത്രിക്കാൻ സംഘാടകരും വളണ്ടിയർമാരും, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും വളരെയധികം പാടുപെടുന്നത് കാണാമായിരുന്നു.
പൂരത്തിൻ്റെ ഏറ്റവും ആകർഷകമായ പരിപാടി ഘോഷയാത്രയായിരുന്നു. നിരവധി രീതിയിലുള്ള വാദ്യമേളങ്ങളും, താലപ്പൊലിയും, പാട്ടുകളും, ആട്ടങ്ങളും, വെളിച്ചപ്പാടുകളും, പൊയ്ക്കാൽ കുതിരയും, ക്രിസ്തുമസ് കരോൾ സംഘങ്ങളും, കരകാട്ടങ്ങളും, ഗജവീരനും അങ്ങിനെ അങ്ങിനെ വളരെയധികം കാതുകം പകർന്ന വർണ്ണശബളമായിരുന്നു ഘോഷയാത്ര. ഘോഷയാത്രയുടെ സമാപനത്തോടെ പ്രധാന വേദിയിൽ നിരവധി പ്രഗത്ഭരായ കലാകാരന്മാർ അണിനിരന്ന കലാപരിപാടികളും ഗാനമേളയും നടന്നു.









