നിൻ മുടിപ്പൂക്കൾ തൻ
പ്രണയസൗരഭ്യവുമായ്
ഒരു ചെറു തെന്നൽ
വന്നെന്നെത്തഴുകവേ
ധൂമജാലത്തിലെ അഗ്നിനക്ഷത്രം
പോൽ
ഓർമ്മയിൽ നിൻ മുഖം
തെളിയുന്നു മൽസഖീ..
നിൻ മൃദുലാംഗുലീ സ്പർശന
മാത്രയിൽ
സപ്തസ്വരങ്ങൾ തൻ
താളലയങ്ങളായ്
ഹൃദയ വിപഞ്ചികയിൽ
രാഗങ്ങളുണർന്നതും
എന്നുള്ളിൽ നൊമ്പര പ്പൂക്കൾ
വിടർത്തുന്നു..
വർഷമേഘങ്ങൾ
ക്കുള്ളിൽ വിടരുന്ന
വാർമഴവില്ലിന്റെ വർണ്ണ
വിന്യാസങ്ങൾ
നിൻ കപോലങ്ങളിൽ ചാരുത
പകർന്നതും
എൻ പ്രണയസ്വപ്നങ്ങൾ
തൊട്ടുണർത്തീടുന്നു..
നീല നിലാവിന്റെ മുഗ്ദ
സൗന്ദര്യമായ്
നിൻ മിഴിക്കോണുകളിൽ പൂക്കൾ
വിരിഞ്ഞതും
കാതരയാമിനി മിഴിപൂട്ടി നിന്നതും
ഇടറുമെൻ നെഞ്ചിലൊരു
കവിതയായ് കുറിക്കട്ടെ
വസന്തം മറഞ്ഞൊരെൻ സ്വപ്ന
ഗേഹങ്ങളിൽ
നിന്നെക്കുറിച്ചെന്നും
ഓർത്തിരിക്കാൻ..




👍