Saturday, December 21, 2024
Homeഅമേരിക്കഓർമ്മയില്‍ എന്റെ ചേട്ടന്‍ സി.ഐ. പോള്‍ ' (ഓര്‍മ്മകുറിപ്പ്) ✍രചന: സി.ഐ.ഇയ്യപ്പന്‍, തൃശ്ശൂര്‍.

ഓർമ്മയില്‍ എന്റെ ചേട്ടന്‍ സി.ഐ. പോള്‍ ‘ (ഓര്‍മ്മകുറിപ്പ്) ✍രചന: സി.ഐ.ഇയ്യപ്പന്‍, തൃശ്ശൂര്‍.

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂര്‍.

ഞങ്ങളുടെ ചെറുപ്പ കാലം ഓര്‍ത്തെടുക്കട്ടെ. അന്ന് ഞങ്ങളുടെ വീട് പുത്തന്‍ പള്ളിയുടെ മുന്നിലായിരുന്നു. അപ്പന്‍, അമ്മ, അമ്മാമ ചേച്ചി റോസിലി, ചേട്ടന്‍ പോള്‍, ഞാനും, കൈ കുഞ്ഞായി അനിയന്‍ തോമാസും ആയിരുന്നു അന്നത്തെ കുടുംബം..

ഞങ്ങളെ ട്യൂഷന്‍ പഠിപ്പിയ്ക്കാന്‍ മാഷുമാരും, ടീച്ചര്‍മാരും മാറി, മാറി വന്നിരുന്നു .ചേച്ചിയുടേയും, ചേട്ടന്റേയും കയ്യിലിരിപ്പുകൊണ്ടാണൊ എന്ന് എനിയ്ക്ക് ഇന്നു സംശയമുണ്ട്.. ഞങ്ങളെ നന്നായി പഠിപ്പിയ്ക്കാന്‍ അപ്പന്‍ അന്ന് അങ്ങാടിയില്‍ നിന്ന് കിട്ടിയിരുന്ന മുഴുത്ത ചൂരല്‍ വാങ്ങിച്ച് ട്യൂഷന്‍ എടുക്കുന്ന മുറിയില്‍ മേശപുറത്തു വെച്ചിട്ടുണ്ടാകും പഠിപ്പിയ്ക്കുന്നതിനു വരുന്നവര്‍ ആദ്യം കാണുന്ന കണി അതായിരിയ്ക്കും. അതോടെ താന്‍ പഠിപ്പിയ്ക്കാന്‍ വന്നിരിയ്ക്കുന്നത് അസുര വിത്തുകളെയാണെന്ന് ഏതാണ്ട് അവര്‍ക്ക് പിടികിട്ടും. പുതിയ ചൂരല്‍ വാങ്ങിയതില്‍ ചേച്ചി, ചേട്ടന്‍ കൂട്ടു കെട്ട് ചെയ്തിരുന്ന ഒരു കലാപരിപാടി ചൂരലില്‍ ബ്ലെയ്ഡു കൊണ്ട് വരഞ്ഞ് വെയ്ക്കുകയാണ് . പഠിപ്പിയ്ക്കുന്നതിനിടയ്ക്ക് പേടിപ്പിയ്ക്കാന്‍ ടീച്ചര്‍ മേശപുറത്ത് അടിയ്ക്കുമ്പോള്‍ കാണാം കഷ്ണം കഷ്ണമായി ചൂരല്‍ മുറിഞ്ഞുപോകുന്നത്. അതുപോലെ ഈ കൂട്ടുകെട്ട് ചെയ്യുന്ന മറ്റൊരു പരിപാടി ചൂരല്‍ കിണറ്റിലേയ്ക്ക് ഇടുകയാണ്. കിണര്‍ വൃത്തിയാക്കുമ്പോള്‍ ചേറിനെക്കാല്‍ അധികം കിട്ടുന്നത് ചൂരലുകളായിരിയ്ക്കും.

പുത്തന്‍ പള്ളിയുടെ മുന്നില്‍ തൃശ്ശൂര്‍ ടൗണിന്റെ ഹൃദയ ഭാഗാത്തായിരുന്ന വീടിന്റെ പിന്നിലെ ഹാളിലായിരുന്നു ഞങ്ങളുടെ സി.പി സോപ്പ് വര്‍ക്സ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് വെറെ ഒരു വീട് മിഷ്യന്‍ ക്വാട്ടേഴ്സില്‍ വാങ്ങി താമസം മാത്രം അങ്ങോട്ട് മാറ്റിയെങ്കിലും . ചേട്ടന്റേയും, എന്റെയും കൂട്ടുകാര്‍ പഴയ സ്ഥലത്തുതന്നെയായിരുന്നു.

പുത്തന്‍ പള്ളിയുടെ പരിസരത്തുള്ള കുട്ടികളും കുട്ടി യുവാക്കളും കൂടി ഒരു ക്ലബ് ആരംഭിച്ചു. മൂണ്‍ സ്റ്റാര്‍ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് എന്നൊ മറ്റൊ ആണ് അതിന്റെ പേര് ക്ലബിന്റെ ആദ്യ പരിപാടിയായി ഒരു ഗാന്ധിജയന്തിയോട്
അനുബന്ധിച്ച് ശുദ്ധീകരണ പരിപാടി സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചു.. പുത്തന്‍ പള്ളിയ്ക്കു ചുറ്റുമുള്ള റോഡിലെ ചപ്പു ചവറുകള്‍ അടിച്ചു വാരി ശുദ്ധീകരണം നടത്താനായിരുന്നു പരിപാടി. അങ്ങിനെ ആ ദിവസം കാലത്ത് റോഡ് സൈഡില്‍ ഇട്ടിയിരുന്ന അക്കാലത്ത് ചവറുകൊണ്ടുപോകുന്ന മുന്‍സിപാലിറ്റിയുടെ ചവറു വണ്ടിയില്‍ കടലാസ് അരങ്ങ് കെട്ടി അലങ്കരിച്ചു. വണ്ടി കുറച്ചു കുട്ടികള്‍ വലിച്ചു തുടങ്ങി. അതീനു പിന്നില്‍ ചവറുകള്‍ അടിച്ചു വാരിയത് വണ്ടിയില്‍ ഇട്ട് കുട്ടികളും അതിനു പിന്നില്‍ ഒരു ഉന്തുവണ്ടിയില്‍ ആകാലത്ത് ഉപയോഗിച്ചിരുന്ന രണ്ട് വലിയ കോളാമ്പി സ്പീക്കറുകള്‍ വെച്ചുകെട്ടിയ ഉന്തുവണ്ടി വലിച്ച് കുട്ടികളുമായി ഞങ്ങൾ നടന്നുനീങ്ങി. പരിപാടിയുടെ ഉദ്ദേശത്തെ കുറിച്ചും ആ ദിനത്തിന്റെ പ്രതേകതയും ചൂണ്ടികാണിച്ചു കൊണ്ട് കുട്ടികള്‍ക്കു് ആവേശം കൊടുത്തും റോഡിന്റെ രണ്ടു വശങ്ങളിലെ വീട്ടു കാരെ സ്വാഗതം ചെയ്തും മൈക്കില്‍ കൂടി പറഞ്ഞിരുന്നത് സി.ഐ. പോളായിരുന്നു. ചെറുപ്രായത്തിലേ മൈക്ക് പോളിന്റെ ഒരു ദൗര്‍മ്ബല്യമായിരുന്നു എന്ന് പറയാം.

ക്ലബിന്റെ ധനശേഘരണത്തിന് പുത്തന്‍ പള്ളി പെരുന്നാളിനു പരസ്യ പ്രക്ഷേപണം നടത്താന്‍ തീരുമാനിച്ചു. ആ കാലത്ത് ഉല്‍സവങ്ങള്‍, പള്ളിപെരുനാളുകള്‍ എന്നിവ നടക്കുന്നതിനു വളരെ അടുത്തുള്ള കെട്ടിടത്തില്‍ കോളാമ്പി സ്പീക്കറുകള്‍ വെച്ചുകെട്ടും. അങ്ങാടിയിലെ പീടികകള്‍ തോറും കയറിയിറങ്ങി വേണം പരസ്യം ശേഖരിയ്ക്കാന്‍ ഇതിനിടയ്ക്ക് ചില പീടികകാരുടെ ആട്ടും കേള്‍ക്കണം .പരസ്യം പറയാനുള്ളത് പീടികകാര്‍ പുസ്തകത്തില്‍ എഴുതിതരും.

അങ്ങിനെ പുത്തന്‍ പള്ളി പെരുന്നാളിനു മുമ്പായി അന്നു തൃശ്ശൂരിലുണ്ടായിരുന്ന വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും, സ്വര്‍ണക്കച്ചവടം നടത്തുന്നവയിലും, മറ്റു പീടികളിലും പോയി പരസ്യം പറയാനുള്ളത് സംഘടിപ്പിച്ചു.
സ്ഥാപനത്തിൻറ പേര് , അവിടെ കിട്ടുന്ന സാധനങ്ങളുടെ വിവരങ്ങൾ എന്നിവയാണ് പറയാനുള്ളത്. ചില പീടികളിൽ കിട്ടുന്ന. ഉപ്പ് മുതൽ കർപൂരം വരെയുള്ളത് പറയാൻ തന്നിട്ടുണ്ടാകും അതു മുഴുവൻ പറയുന്നുണ്ടൊ എന്നറിയാൻ അവരുടെ ആളെ അയയ്ക്കും. പെരുന്നാള്‍ ദിവസം പുത്തന്‍ പള്ളിയുടെ വലത്തുവശത്തെ കെട്ടിടത്തിന്റെ മുകളില്‍ രണ്ട് കോളാമ്പി സ്പീക്കറുകള്‍ കെട്ടി വെച്ചു. അതിന്റെ താഴത്തെ മുറിയില്‍ പുല്‍പായയില്‍ ഇരുന്ന് അന്ന് ഉച്ചതിരിഞ്ഞ് ‍6 മണിയോടെ സി.ഐ. പോള്‍ പരസ്യപ്രക്ഷേപണം ആരംഭിച്ച് ആ ഇരുപ്പില്‍ നിന്ന് എഴുനേറ്റത് രാത്രി 12 മണിയ്ക്കാണ് .ശനി, ഞായര്‍, തിങ്കള്‍ എന്നീ മൂന്നു ദിവസവും അതു തുടര്‍ന്നു. നന്നായി പ്രസംഗിയ്ക്കാന്‍ കഴിവുണ്ടായിരുന്ന ചേട്ടന്‍ പോള്‍ രാഷ്ടീയത്തില്‍
വന്നിരുന്നെങ്കില്‍ ഒരു പക്ഷെ കേരളം അറിയപ്പെടുന്ന ഒരു രാഷ്ടീയ നേതാവായേനെ.

ചേട്ടന്‍ സി.ഐ. പോള്‍ ഒരു കുട്ടികുറുമ്പന്‍ ആയിരുന്നുവത്രെ. അതുകൊണ്ട് പഠിച്ച് മിടുക്കനാക്കാനും നല്ലകുട്ടി ആക്കാനും തൃശ്ശൂരില്‍ എല്‍ത്തുരുത്ത് ഗൊവേന്തയില്‍ ചേട്ടന്‍ പോളിനെ കൊണ്ടു ചെന്നാക്കി. വല്ല്യ കുഴപ്പകാരനല്ലായിരുന്ന ചേട്ടനെ ഒരു വൈദീകനായി കാണാന്‍ അപ്പന്‍ ആഗ്രഹിച്ചിരുന്നുവൊ എന്നത് അപ്പനു മാത്രം അറിയുന്ന രഹസ്യമാണ് . ഏതായാലും അവിടത്തെ പരിശീലനം കൊണ്ട് നന്നായി പ്രസംഗിയ്ക്കാന്‍ പഠിച്ചു. അവിടെ കൂട്ടുകാരുമായി ചെറു നാടകങ്ങള്‍ കളിച്ച് ഒരു നടനാകാനും കഴിഞ്ഞു.സ്ക്കൂള്‍ അവധിയ്ക്ക് ചേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ വീട്ടില്‍ നാടകങ്ങള്‍ കളിയ്ക്കാറുണ്ട്.

വീടിനു പുറത്ത് ആദ്യമായി ചേട്ടന്‍ പോള്‍ നാടകം കളിച്ചത് പുത്തന്‍ പള്ളിയുടെ മുന്നിലെ സ്റ്റേജില്‍ വെച്ചാണ് .പ്രൊഫസര്‍ ചുമ്മാര്‍ ചൂണ്ടല്‍ എഴുതി സംവിധാനം ചെയ്ത ആനാടകത്തില്‍ പ്രധാന വേഷമായ ഒരു അമ്മാമയുടെ വേഷമായിരുന്നു സി. ഐ. പോളിന്. തൃശ്ശൂര്‍ സെന്റ് തോമാസ് കോളേജ് ഹൈസ്ക്കൂളില്‍ പഠിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അവിടെ നാടകങ്ങള്‍ കളിച്ച് സി.ഐ. പോള്‍ അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. അതുവരെ ചേട്ടന്റെ ഒരു നിഴല്‍ അയി നടന്നിരുന്ന ഞാന്‍ ഞങ്ങളുടെ സോപ്പു കമ്പനിയില്‍ അപ്പനെ സഹായിയ്ക്കാന്‍ കൂടി. ചേട്ടന്‍ നാടകവും,സിനിമയുമായി നടന്നു.

എന്നെ കാര്‍ ഓടിപ്പിയ്ക്കാന്‍ പഠിപ്പിച്ച എന്റെ ഗുരുനാഥന്‍ ചേട്ടന്‍ സി.ഐ. പോള്‍ ആയിരുന്നു എന്ന വസ്തുത നന്ദിയോടെ സ്മരിയ്ക്കുന്നു.

✍സി.ഐ. ഇയ്യപ്പന്‍ , തൃശ്ശൂര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments