Monday, March 2, 2026
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 28) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 28) ✍ രവി കൊമ്മേരി, UAE

ഇങ്ങിനെ ഒരവസരത്തിൽ ജയിംസിന്‍റെ വരവ് കൂടുതൽ സന്തോഷപ്രദമായിരിക്കും എന്ന് രാമഭദ്രന് തോന്നി. അങ്ങിനെയാണെങ്കിൽ കടയുടെ ഉത്ഘാടനം ജയിംസിനെക്കൊണ്ട് ചെയ്യിക്കാൻ അവൻ തീരുമാനിച്ചു..

തുടർന്ന് വായിക്കുക…
👇👇👇👇👇

അദ്ധ്യായം 28

മഞ്ഞിൽകണങ്ങൾ ഈറനണിയിച്ച മലമുകളിലെ പ്രഭാതത്തിലെ കുളിർ കാറ്റിൽ വണ്ടിയുമായി ചുരമിറങ്ങുമ്പോൾ രാമഭദ്രൻ ഡ്രൈവറോഡ് വളരെ ശ്രദ്ധിക്കണം എന്ന് ഓർമ്മിപ്പിച്ചു.

ജയിംസിനെ കൂട്ടിക്കൊണ്ടുവരാൻ എയർപ്പോർട്ടിലേക്ക് പോകുന്ന വഴിയാണ്. നല്ല തണുപ്പ്. വളരെപ്പതുക്കെ മേഘങ്ങളോട് കിന്നാരം പറയുന്ന കാട്ടുമരങ്ങൾക്കിടയിൽ ചിലപ്പോൾ കാട്ടാനകൾ കാണും.

റോഡിൽ തലങ്ങും വിലങ്ങും ചാടുന്ന വാനരസേനകൾ വണ്ടിയുടെ ലൈറ്റിന്‍റെ വെട്ടത്തിൽ ഒന്ന് തുറിച്ചു നോക്കി മരങ്ങളിലേക്ക് ഓടിക്കയറുന്നു. നാടിന്‍റെ മക്കളേ നിങ്ങൾക്ക് ഉറക്കമില്ലേ എന്ന് അവർ ചോദിക്കുന്നു. ഞങ്ങളെ നാട്ടിൽ ഇറങ്ങാനോ സമ്മതിക്കില്ല. ഇപ്പോൾ കാട്ടിലും സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നു വച്ചാൽ എന്താ ചെയ്യുക. വാനരസേനകൾ ആത്മഗതം മൊഴിഞ്ഞു കൊണ്ട് ഉയരങ്ങളിലേക്ക് ചാടിപ്പോയി.

കാറുമായി അവർ കാടു താണ്ടി, വിജനതമാറി. ചിരിക്കുന്ന പൊയ്മുഖമുള്ള നഗരത്തിലൂടെ തിരക്കുകൾ ഇല്ലങ്കിലും തിരക്കുനടിച്ചോടുന്ന ആളുകൾക്കും വാഹനങ്ങൾക്കുമിടയിലൂടെ എയർപ്പോർട്ട് ലക്ഷ്യമാക്കി നീങ്ങി.

വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍. പുറത്തേക്കും അകത്തേക്കും ഉള്ള ആള്‍ക്കാരുടെ തിക്കും തിരക്കും.

ജയിംസ് പുറത്തു വന്നു. അവനാകെ മാറിയിരിക്കുന്നു.

ജയിംസ് ഇതെന്തു കോലമാണെടോ.? കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ…?

വളരെയധികം മാറ്റം അവന്‍റെ മുഖത്തും ശരീരത്തിനും സംഭവിച്ചിരുന്നു.

ഒക്കെപ്പറയാം.. നീ വാ..

അവർ കാറിൽ കയറി യാത്ര തിരിച്ചു. യാത്രയിലുടനീളം ജയിംസ് അവന്‍റെ അമേരിക്കൻ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. വണ്ടിയിൽ ഡ്രൈവർ ഉള്ളതിനാൽ അസുഖത്തെക്കുറിച്ച് അവൻ കൂടുതലൊന്നും പറഞ്ഞില്ല. കാരണം അയാൾക്ക് ജയിംസിന്‍റെ അസുഖത്തെ കുറിച്ച് കൂടുതലൊന്നും. അറിയാത്തതിനാലായിരുന്നു.

വീടെത്തിയതും ജയിംസ് ആകെ അത്ഭുതപ്പെട്ടു പോയി. അത്രയ്ക്ക് മാറ്റവാണ് അവിടെ വരുത്തി വച്ചിരിക്കുന്നത്. ഉദ്ധ്യാനം നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മനോഹരമായ പൂമ്പാറ്റകൾ പൂക്കൾക്കുമീതെ ആനന്ദനൃത്തം ചവിട്ടി ഉല്ലസിക്കുന്നു. വീടിനകത്തും പുറത്തും ആകെ മാറ്റങ്ങൾ. ജയിംസ് സന്തോഷം കൊണ്ട് രാമഭദ്രനെ ചേർത്തു പിടിച്ചു.

കുളിയും ഭക്ഷണവും കഴിഞ്ഞ് അവർ തോട്ടത്തിലേക്കിറങ്ങി. വീടിന്‍റെ പരിസരം കഴിഞ്ഞ് തോട്ടത്തിലേക്ക് ഇറങ്ങുന്നിടത്ത് വലിയൊരു ബോർഡ് വച്ചിരിക്കുന്നു.
“ജയിംസിന്‍റെ സ്വർഗ്ഗം”.

തോട്ടത്തിലേക്ക് കടന്ന ജയിംസിന്‍റെ മനസ്സിൽ സന്തോഷം അലതല്ലുകയാണ്. തന്‍റെ മനസ്സ് താൻ ഏൽപ്പിച്ചിരിക്കുന്നത് യഥാർത്ഥ കൈകളിലാണെന്ന് അവൻ തിരിച്ചറിഞ്ഞു. ശരിക്കും ഞാൻ സ്വപ്നം കണ്ട സ്വർഗ്ഗം ഇവിടെ തീർത്തിരിക്കുന്നു.

കോഴികളും, താറാവും, പശുക്കളും ഒരു ഭാഗത്ത്. ഒരു ഭാഗത്ത് വിളവെടുപ്പ്. മറുഭാഗത്ത്‌ വളമിടൽ. മറ്റൊരു ഭാഗത്ത് പുതിയ കൃഷിയിറക്കൽ. വേറൊരു ഭാഗത്ത് തേനീച്ച വളർത്തൽ. ഒക്കെക്കൂടി ഒരു ഉത്സവം. പണിക്കാരുടെ ബഹളം.

രാമഭദ്രനേയും, ജയിംസിനേയും കണ്ടതും പണിക്കാർക്ക് ഉത്സാഹമായി. അവരൊന്നിച്ച് ആർത്തു പാടി.

“ഏലേലോ.. ഏലോ….. ഏലേലോ…
ഏലേലോ.. ഏലോ….. ഏലേലോ… (2)
തെയ് തെയ് തെയ് … തിത്തിനന്താരാ…
തെയ് തെയ് തെയ് … തിത്തിനന്താരാ. (2)
മണ്ണിലിന്ന് സ്വർഗ്ഗദൂതൻ വിരുന്നു വന്നേ..
സ്വർഗ്ഗമിന്ന് ഞങ്ങൾക്കായ് പൂത്തിടുന്നേ..
ഉയിരറിഞ്ഞ് വിത്തുപാകി വിളവെടുക്കും മർത്യരെ..
പുതുമയുള്ള നാളുകൾ വിരിഞ്ഞിടട്ടെ ഈ മണ്ണിൽ ”

ശാരീരിക പ്രശ്നങ്ങളാൽ ജയിംസിന് അവരോടൊത്ത് നൃത്തച്ചുവടുകൾ വയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ രാമഭദ്രൻ ആടിത്തിമർത്തു.

ജയിംസിന്‍റെ പകുതി അസുഖങ്ങളും മാറിയപോലെ അവന് തോന്നി . അത്രയ്ക്ക് അവൻ ആഹ്ലാദ ചിത്തനായിരുന്നു.

ഒരു മാസം എത്ര പെട്ടന്ന് കഴിഞ്ഞിരിക്കുന്നു. ജയിംസ് വന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് തിരിച്ചു പോകാൻ സമയമായി. അതിനിടയിൽ രാമഭദ്രന്‍റെ കടയുടെ ഉത്ഘാടനം കഴിഞ്ഞു. ജയിംസിന്‍റെ തോട്ടത്തിലെ ജൈവ പച്ചക്കറികളും, സുഗന്ധദ്രവ്യങ്ങളും പഴങ്ങളുമാണ് ആദ്യമായി കച്ചവടത്തിനായി ഒരുങ്ങിയത്.

ഉത്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച്ച പിന്നിടുമ്പോൾ കച്ചവടം നല്ലരീതിയിൽ മുന്നോട്ട് പോകുന്നു. ഇതിന്‍റെ ഒക്കെ വരുമാനം രാമഭദ്രൻ ജയിംസിന്‍റെ എക്കൗണ്ടിൽ കൃത്ത്യമായി നിക്ഷേപിക്കുന്നുണ്ടായിരുന്നു. രമഭദ്രന്‍റെ കൂലി കണക്കു നോക്കാതെ അവന് കിട്ടിക്കൊണ്ടിരുന്നു. പരിപൂർണ്ണ സന്തോഷത്തോടെ ജയിംസ് തിരിച്ചുപോയി.

രാമഭദ്രന്‍റെ നേതൃത്വത്തിൽ മണവാളൻകുന്ന് മാർക്കറ്റിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു.

എല്ലാ കച്ചവടക്കാരും നാട്ടുകാരും ചേർന്നു കൊണ്ട് മാർക്കറ്റിന്‍റെ പിറകിലുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരു മാലിന്യ നിർമ്മാർജ്ജന യൂണിറ്റ് നിർമ്മിക്കുവാൻ തീരുമാനിച്ചു.

ചന്തയിൽ നിന്നും, നാട്ടിൽ നിന്നും കളയുന്ന മുഴുവൻ കച്ചറകളും സംഭരിച്ച് സംസ്ക്കരിച്ച് വളമാക്കുന്ന ഒരു ചെറുകിട യൂണിറ്റ് .

ചന്തയിലെ മുഴുവൻ കച്ചവടക്കാരുടേയും യോഗം രാമഭദ്രൻ വിളിച്ചു ചേർത്തു. അവരെല്ലാം പദ്ധതി അംഗീകരിച്ചു. ചന്തയ്ക്കു പിറകിലുള്ള പഞ്ചായത്ത് വക സ്ഥലം വിട്ടുകിട്ടാനും പഞ്ചായത്ത് ഫണ്ട് കുറച്ച് അനുവദിച്ചു കിട്ടാനും അവർ ഒരു നിവേദനം പഞ്ചായത്ത് സിക്രട്ടറിക്കും, പ്രസിഡണ്ടിനും നല്കി. പോലീസിന്‍റെ ഭാഗത്തു നിന്നുള്ള സഹകരണവും ഉറപ്പിച്ചു.

യൂനിറ്റിന്‍റെ നിർമ്മാണച്ചിലവിലേക്കായി ജയിംസിന്‍റെ കൈയ്യിൽ നിന്നും നല്ലൊരു തുക രാമഭദ്രൻ സംഘടിപ്പിച്ചു നൽകി.

വനിതകൾക്കു കൂടി കമ്മറ്റിയിൽ പ്രാധാന്യം നൽകിയിരുന്നു.. കോഴി ജാനു ആയിരുന്നു സ്ത്രീകളുടെ നേതാവ്. ഈ പദ്ധതിക്ക് നല്ല രീതിയിലുള്ള പ്രതികരണമായിരുന്നു നാട്ടിലുടനീളം. വീടുവീടാന്തരം കയറി ബോധവൽക്കരണവും, ധനസമാഹരണവും നടന്നു. വനിതകളെ സഹായിക്കാൻ രാമഭദ്രന്‍റെ ഭാര്യയും അണിചേർന്നു.

ജാനുവിന്‍റെ കോഴിക്കച്ചവടത്തിന്‍റെ ചുക്കാൻ പിടിച്ചു കൊണ്ട് മകനായിരുന്നു ചന്തയിൽ. കുറഞ്ഞ സമയം കൊണ്ടു തന്നെ അവൻ ചന്തയുടെ ഭാഗമായി. ജാനുവിനേക്കാളും നന്നായി അവൻ കച്ചവടം നടത്തുന്നു.

പഞ്ചായത്ത് വക സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു. ജനങ്ങൾ അംഘാഷത്തിമർപ്പിൽ ആറാടി. നാടണിഞ്ഞൊരുങ്ങി. തറക്കല്ലിടാൻ മന്ത്രി വരുന്നു.

ചടങ്ങടുത്തു. അലങ്കാരങ്ങൾ നിറഞ്ഞു. ചന്തയിൽ വരുന്നവരേയും പോകുന്നവരേയും ശ്രദ്ധിക്കാൻ രാമഭദ്രനും, ഹാജിയാരും ചേർന്ന് പ്രത്യേകം ആളിനെ ഏർപ്പാടാക്കി.

ജാനുവിന്‍റെ മകന്‍റെ കോഴിക്കച്ചവടമായിരുന്നു പൊടിപൊടിക്കുന്നത്. പുറത്തു നിന്നും ധാരാളം ആളുകൾ ചന്തയിൽ എത്തിത്തുടങ്ങി.

വരുന്നവരിൽ ഭൂരിഭാഗവും കോഴിയും വാങ്ങിച്ചു കൊണ്ടാണ് തിരികെപ്പോകുന്നത്.

ഹാജിയാർ രാമഭദ്രനോട് ഇക്കാര്യം വെറുതേ ഒന്ന് സൂചിപ്പിച്ചു.

രാമഭദ്രാ… ജാനുവിന്‍റെ മകൻ കച്ചവടം ഏറ്റെടുത്തതിനു ശേഷം നല്ല കച്ചവടമാണല്ലോ നടക്കുന്നത്. പുറത്തു നിന്നൊക്കെ ആളുകൾ വന്ന് കോഴി വാങ്ങിപ്പോകുന്നുണ്ട്. ജാനുവിന്‍റെ സമയം തെളിഞ്ഞു. ചെക്കന് നല്ലതുവരുത്തട്ടെ.

എന്നാൽ ഇക്കാര്യം അവനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന് പല സംശയങ്ങളും തോന്നിത്തുടങ്ങിയിരുന്നു.

ചന്തയുടെ അരികിലായി വേദി ഒരുങ്ങി. ക്ഷണിക്കപ്പെട്ടവരൊക്കെ എത്തിച്ചേർന്നു. കമ്മറ്റി അംഗങ്ങൾ എല്ലാം അവരവരുടെ കർത്തവ്യങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നു. കാലത്ത് മുതലേ പോലീസുകാർ ചന്തയിലും പരിസരങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

മന്ത്രിയെത്തി. വേദിയിൽ ചടങ്ങുകൾ ആരംഭിച്ചു. ഉദ്ഘാടനം കഴിഞ്ഞ് തറക്കല്ലിടൽ കർമ്മത്തിനു വേണ്ടി ആളുകൾ വേദിയിൽ നിന്ന് താഴെയിറങ്ങി നിയുക്ത സ്ഥലത്തേക്ക് നീങ്ങി.

പെട്ടന്നാണ് ഹാജിയാരുടെ കണ്ണിൽ ആ കാഴ്ച്ച കണ്ടത്. ഒരു നാലു പേര് കോഴി ജാനുവിന്‍റെ മകൻ്റെ കൂടെ ചന്തയുടെ പിൻഭാഗത്തു കൂടെ മെല്ലെ മെല്ലെ നീങ്ങുന്നു.

ഹാജിയാർ ഉടനെ രാമഭദ്രനെ വിവരമറിയിച്ചു.

അവൻ ധൃതിയിൽ ചടങ്ങിൽ നിന്ന് മാറി, മറ്റ് രണ്ട് പേരേയും കൂട്ടി അവരെ നിരീക്ഷിക്കാൻ വേണ്ടി നീങ്ങി.

കോഴി ജാനുവിന്‍റെ മകൻ അവന്‍റെ കടയുടെ പിറകുവശത്തുകൂടെ കടയുടെ ഉള്ളിൽ കയറി. കൂടെ മറ്റുള്ളവരും. അല്പസമയം കഴിഞ്ഞ് അവർ പുറത്തിറങ്ങി ജാനുവിന്‍റെ മകൻ പരിപാടി നടക്കുന്നിടത്തേക്കും, കൂടെ ഉണ്ടായിരുന്നവർ ചന്തയ്ക്ക് പുറത്തേയ്ക്കും തിരിച്ചു.

ഉടനെ രാമഭദ്രനും ടീമും ചന്തയ്ക്ക് പുറത്തു വച്ച് അവരെ തടഞ്ഞു. അവരുടെ എല്ലാവരുടേയും കൈയ്യിൽ കോഴിയിറച്ചി ഉണ്ടായിരുന്നു.

നിങ്ങൾ എവിടെയുള്ളവരാണെന്നും, നിങ്ങളുടെ കൈയ്യിലുള്ള കവർ പരിശോധിക്കണമെന്നും രാമഭദ്രനും ടീമും ശാണ്ഡ്യം പിടിച്ചു. തർക്കമായി. വഴക്കായി. അടിയായി. കോഴി വാങ്ങാൻ വന്നവരിൽ ഒരാൾ രാമഭദ്രന്‍റെ കൂട്ടുകാരനെ കുത്തി. മറ്റവൻ ഓടി പരിപാടി നടക്കുന്നിടത്തു ചെന്ന് വിളിച്ചു പറഞ്ഞു. അവിടെ അടി നടക്കുന്നെന്നും, ഒരാൾക്ക് കുത്തുകിട്ടി എന്നും.

എല്ലാവരും അവിടേയ്ക്ക് ഓടി. കൂടെ പോലീസും.
പോലീസും ആളുകളും ഓടിവരുന്നത് കണ്ട് അക്രമികൾ രാമഭദ്രനെ വിട്ട് ഓടി. പക്ഷേ പോലിസ് സംഘം അവരെ വളഞ്ഞു കഴിഞ്ഞിരുന്നു. നാലു പേരും പിടിക്കപ്പെട്ടു. കുത്തു കൊണ്ട ആളിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാമഭദ്രൻ അവന് പറ്റിയ പരിക്കുകൾ ഒന്നും കാര്യമാക്കാതെ അക്രമികളുടെ കൈയ്യിലുള്ള കവറുകൾ പരിശോധിക്കണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. പോലീസുകാർ അത് പരിശോധിച്ചപ്പോൾ തോലുപൊളിച്ച മുറിക്കാത്ത കോഴിയിറച്ചിയായിരുന്നു.

സാർ. നിങ്ങൾ ആ കോഴിയെ ഒന്ന് മുറിച്ചു നോക്കു എന്ന് അവൻ ആവശ്യപ്പെട്ടു.

ഉടനെ ഇൻസ്പെക്ടർ ഒരു കോഴിയെ എടുത്ത് പൊട്ടിച്ചു. അതിനകത്ത് കോഴിയുടെ അവയവങ്ങൾ എന്ന വ്യാജേന ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി.

തുടരും ..

രവി കൊമ്മേരി, UAE✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com