Thursday, January 8, 2026
Homeഅമേരിക്കമഹത്തായ പാരമ്പര്യം (കഥ) ✍🏼 നിഷ എലിസബത്ത്

മഹത്തായ പാരമ്പര്യം (കഥ) ✍🏼 നിഷ എലിസബത്ത്

നമ്മക്ക് നമ്മടെ പാരമ്പര്യം അതു വിട്ടൊരെടപാടും ഇല്ല …… അദെന്നെ ….അത് ഏത് അമേരിക്കാ ക്കു പോയാലും 😎😎😎

നീലയിൽ ചെറിയ വെള്ളപ്പൂക്കൾ ഉള്ള ഒരു ഒര്‍ഗന്റി സാരി,പിന്നെ നാലു കാഞ്ചീപുരം സാരികൾ , പള്ളീൽ പോകാൻ കുറച്ചു കോട്ടൺ സാരികൾ, സൈഡിൽ ഉള്ള വെട്ടിന്റെ നീളം അല്പം കുറയ്ക്കണം എന്നു പ്രത്യേകം തയ്യൽകാരി സാലിയോട് പറഞ്ഞു തയ്പ്പിച്ച മൂന്നു ചുരിദാറുകൾ. ഇത്രയും വത്സമ്മ അമേരിക്കയ്ക്ക് കൊണ്ടുപോകാൻ ഉള്ള പെട്ടിയിൽ ഭദ്രമായി വെച്ചു .

ലേഹ്യം, കുഴമ്പ് ഇങ്ങനെ ഒന്നും കൊണ്ടുവരരുത് എന്നു ജോയ്മോൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് . പെറ്റു കിടക്കുന്ന പെണ്ണുങ്ങൾക്ക് ഇത്തിരി എങ്കിലും ഇതൊക്കെ കൊടുക്കാതെ എങ്ങനാ . അതും കടിഞ്ഞൂൽ പ്രസവം. മരുമോൾ റോസിലിക്ക് രണ്ടു ചെറിയ കുപ്പികളിൽ കഷായവും ലേഹ്യവും വത്സമ്മ എടുത്തു വെച്ചു .

അരിപ്പൊടീം അച്ചാറും അവലോസുണ്ടേം പലഹാരങ്ങളും എല്ലാം കൂടി വെച്ചപ്പോഴേയ്ക്കും പെട്ടി നിറഞ്ഞു . കെട്ടിയോൻ ജോർജൂട്ടി പെട്ടിയുടെ തൂക്കം നോക്കി നോക്കി തളർന്നു .

വത്സമ്മ, ആദ്യമായിട്ട് ഒന്നും അല്ല വിമാനത്തേൽ കയറുന്നത് . കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ജോർജൂട്ടിയും ആയി പള്ളിയിൽ നിന്നു വിശുദ്ധ നാടു കാണാൻ പോയത് .

കൂരോപ്പട യിലുള്ള കാരിപ്പറമ്പു വീട്ടിൽ നിന്നും ജോർജൂട്ടിയും മൂത്ത മകൻ ജോസ്‌മോനും കൂടി ആണ് നെടുമ്പാശ്ശേരിയിലേയ്ക്ക് വത്സമ്മയെ കൊണ്ടുവിട്ടത് . ജോസ്മോൻ എയർപോർട്ടിൽ വെച്ചു തന്നെ അമ്മ ട്രോളിബാഗും പിടിച്ചു നിൽക്കുന്ന ഫോട്ടോ അനിയന് വാട്സാപ്പിൽ അയച്ചു കൊടുത്തു.

വിമാനത്തിലെ തണുപ്പും , നീണ്ട നേരം ഉള്ള ഇരുപ്പും ഒഴിച്ചാൽ വല്യ ബുദ്ധിമുട്ടു ഒന്നും വത്സമ്മയ്ക്കു തോന്നിയില്ല .
അങ്ങനെ വത്സമ്മ പിറ്റേന്നു വൈകുന്നേരം ന്യൂയോർക്കിലെ JFK എയർപോർട്ടിൽ വന്നു വിമാനം ഇറങ്ങി.

അനിയത്തി കുഞ്ഞു മറിയാമ്മേം ഭർത്താവ് തമ്പിയും ജോയ്‌ ‌മോനും കൂടിയാണ് എയർപോർട്ടിൽ വന്നത് . ജോയ്‌ മോൻ, വത്സമ്മ ജോർജൂട്ടി ദമ്പതി കളുടെ രണ്ടാണ്മക്കളിൽ രണ്ടാമത്തവൻ ആണ് .

മാർച്ചിലെ ചുറ്റി നടക്കുന്ന കാറ്റിലും അതിലൂടെ ഊളിയിട്ടു പോകുന്ന പിശറന്‍ മഴയിലും ഒന്നു എത്തിനോക്കി പോകുന്ന തണുത്ത വെയിലിലും ന്യൂയോർക്കും ന്യൂജേഴ്സിയും എത്തിച്ചേർന്ന ഫിലാഡെൽഫിയയും നനഞ്ഞു തണുത്തു കിടന്നു . നാട്ടിലെ ചൂടിൽ നിന്നും വന്ന വത്സമ്മ കനത്ത ജാക്കറ്റിനുള്ളിലേക്കു കയറി .

അടുത്ത ആഴ്ച ആണ് ജോയ്മോന്റെ ഭാര്യ റോസിലിക്കു പ്രസവത്തിനു ഡേറ്റ് കൊടുത്തിരിക്കുന്നത് .

പ്രസവത്തിനു രണ്ടുദിവസം മുൻപുവരെ റോസിലി എന്ന നഴ്സ് നൈറ്റ് ഡ്യൂട്ടിക്കു പോയതു കണ്ട് വൽസമ്മേടെ അമ്മായിഅമ്മ ഹൃദയം നൊന്തു ” വയറ്റി കിടക്കുന്ന ഞങ്ങടെ കൊച്ചിനു ഒരാപത്തും വരുത്തരുതേ കർത്താവേ..”

ജൊയ്‌ മോനു അമേരിക്കയിൽ പോകണമെന്നത് കൊച്ചിലേ മുതലുള്ള ആഗ്രഹം ആണ് . ഡിഗ്രീം കഴിഞ്ഞു പണിയൊന്നും ഇല്ലാതെ തേരാ പാരാ നടക്കുമ്പോഴാണ് ജോയ്മോനു ഒരു അമേരിക്കൻ കല്യാണത്തിലൂടെ അമേരിക്കൻ വിസാ കിട്ടുന്നത് .

ആങ്ങനെ വത്സമ്മയുടെ അമേരിക്കൻ വരവിനു കാരണമായ റോസിലി യുടെ പ്രസവ ദിവസം ആഗതമായി .

പ്രസവ മുറിയിലേയ്ക്കു ജോയ്മോൻ കയറി പോകുന്നത്കണ്ടു വത്സമ്മ മൂക്കത്തു കൈ വെച്ചു. കൂട്ടിനു വന്നിരുന്ന കുഞ്ഞുമറിയാമ്മ ആണ് “വൽസമ്മാമ്മേ ഇത് ഒരു അമേരിക്കൻ രീതി ആണ് ” എന്നുപറഞ്ഞു സമാധാനിപ്പിച്ചത് .

പൊന്നും തേനും കൊച്ചിന് മൊല കൊടുക്കുന്നതിനു മുൻപേ കൊടുക്കണം എന്നു പറഞ്ഞിട്ട് മൈൻഡു ചെയ്യാതെ അവൻ ഫോണിലോട്ടു നോക്കി തോണ്ടി തോണ്ടി നടന്നുപോയി .
.
പ്രസവം കഴിഞ്ഞു തള്ളേം കൊച്ചിനേം മുറിയൽ കൊണ്ടുവന്നപ്പോൾ ആണ് വത്സമ്മയ്ക്കു ഒന്നു കാണാൻ പറ്റിയത് . ‘ആൺകുട്ടി’ ഒരു ടർക്കി തുണികൊണ്ടു ചുറ്റികെട്ടി മുഖം മാത്രം കാണാവുന്ന രീതിയിൽ ആണ് കട്ടിലിന്റെ അടുത്തുള്ള തൊട്ടിലിൽ കൊച്ചിനെ കൊണ്ടു കിടത്തിയിരിക്കുന്നത് .

റോസിലിയുടെ മുഖത്തു എന്തോ ഒരു വല്ലായ്മ്മ ഉണ്ടന്നു വൽസമ്മയ്ക്കു തോന്നി . അവളാ കൊച്ചിനോടു വല്യ അടുപ്പം കാണിക്കുന്നില്ല . ഇവക്കെന്നാ ഇപ്പ പറയുന്നപോലത്തെ ‘ഡിർപഷൻ’ സൂക്കേട് വെല്ലോ ആണോ എന്റെ മാതാവേ.

ജൊയ്മൊന്റെ മുഖത്തു സന്തോഷം ആണ് . എന്തൊക്കെയോ റോസിലി അവനോടു കുശുകുശുക്കുന്നുണ്ട് . അതുകേട്ടു അവന്റെ മുഖം വാടുന്നതും വത്സമ്മ കണ്ടു .

വത്സമ്മ കുഞ്ഞിന്റെ അടുത്തു ചെന്നു സൂക്ഷിച്ചു നോക്കി . നല്ല തങ്കക്കൊടം പോലൊരു കൊച്ച്. ഇതിനെ ആണോ ഇവളു ഇടയ്ക്കു കടുപ്പിച്ചു നോക്കുന്നത് . നെറം ഇത്തിരി കൊറവാ . കാരിപ്പറമ്പു കുടുംബക്കാർക്കു ഇത്തിരി നിറം കുറവാ . അല്ലേത്തന്നേ കുടുംബത്തി പെറന്ന കൊച്ചുങ്ങക്കു എന്തിനാ ഒത്തിരി നെറം .

എന്നാലും കൊച്ചിന്റെ ചെവി ഒന്നു കണ്ടാൽ അറിയാം വളർന്നു വരുമ്പോ കറക്കുവോ വെളുക്കുവോ എന്ന് . ( ജനിക്കുമ്പോൾ കുഞ്ഞിന്റെ ചെവി കറത്തിരുന്നാൽ പ്രായം ആകുമ്പോൾ നിറം കുറയും എന്നും വെളുത്തിരുന്നാൽ പിന്നീട് കുഞ്ഞു വെളുത്തതാവും എന്നും ഒരു നാട്ടു വർത്തമാനം ഉണ്ട് .)

കുഞ്ഞിനെ കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്ന തുണിമാറ്റി ചെവിയൊന്നു കാണാൻ ശ്രമിച്ചപ്പോൾ റോസിലി തടഞ്ഞു . “അമ്മച്ചി ഇപ്പൊ കാണണ്ട” അവളു കട്ടായം പറഞ്ഞു . ആഹാ എന്നാ കണ്ടിട്ടേ തരമുള്ളൂ ,എന്റെ കൊച്ചുമോനെ എനിക്കൊന്നു ശരിക്കു കാണാൻ പറ്റത്തില്ലന്നോ എന്നാ അതൊന്നു കാണണം . ബലമായി വത്സമ്മ കുഞ്ഞിന്റെ തലയിലെ തുണി മാറ്റി നോക്കി .

ആദ്യം കണ്ടത് ചെമ്പക പൂവിന്റെ ഇതളുപോലെ ചുവന്ന നിറത്തിൽ അറ്റം കൂർത്തു നിൽക്കുന്നതും താഴേയ്ക്ക് അല്പം വികസിച്ചതുമായ രണ്ടു പിഞ്ചു ചെവികൾ .

“ആഹാ” വത്സമ്മയുടെ മുഖം വിടർന്നു . എടീ കുഞ്ഞുമറിയേ ഇങ്ങോട്ടു നോക്കിക്കേ ഇതു കാരിപ്പറമ്പിലെ കൊച്ചു തന്നെ, ജോർജൂട്ടീടേം മൂത്തമോൻ ജോസ്‌മോന്റേം, എന്റെ അമ്മായിഅപ്പൻ ഇട്ടിച്ചന്റേം എല്ലാം ചെവി ഇങ്ങനത്തെയാ. അപ്പനപ്പൂപ്പൻമാരായിട്ടു വല്യ കുടുംബ പാരമ്പര്യം ഒള്ള ചെവിയാ ഇത് .. മുയൽചെവിയന്മാര് എന്നാ ഞങ്ങടെ കുടുംബത്തെ നാട്ടിൽ എല്ലാവരും വിളിക്കുന്നത് .

വത്സമ്മ ഫോൺ എടുത്ത് കൂരോപ്പട വേലിക്ക പള്ളീലെ വികാരി തരകനച്ചനോടും, വീട്ടിലും നാട്ടിലും ഉള്ള എല്ലാവരോടും ,അങ്ങനെ ലോകം മുഴുവനും ഈ സന്തോഷ വാർത്ത വിളംബരം ചെയ്തു .

അമേരിക്കക്കാരി പെറ്റത് തന്റെ ചെറുമകൻ തന്നെ എന്നു നിസംശയം തെളിഞ്ഞതിൽ വത്സമ്മയ്ക്കു ഗൂഡമായ സന്തോഷം തോന്നി . പക്ഷേ റോസിലീടെ മുഖത്തു നോക്കിയപ്പോൾ ആ സന്തോഷം എല്ലാം പോയി .

കുടുംബ പാരമ്പര്യം കണ്ട്‌ കലി ഇളകി ഇരിക്ക ആണ് അവൾ . ജോയ്മോനു ഈ പാരമ്പര്യം കിട്ടിയിട്ടില്ല . പക്ഷേ അവന്റെ കൊച്ചിനു കിട്ടി . ഈ നാണം കേട്ട ചെവികൊണ്ടു ഈ കുഞ്ഞു എങ്ങനെ ഈ അമേരിക്കയിൽ ജീവിക്കും . പലവിധ ചിന്തകളാൽ റോസിലി വലഞ്ഞു .

രണ്ടു ദിവസം കഴിഞ്ഞു തള്ളേം കോച്ചും ഡിസ്ചാർജ് ആകും എന്നു പറഞ്ഞ് ജോയ്‌ മോൻ വത്സമ്മയെ വീട്ടിൽ കൊണ്ടുചെന്ന് ആക്കി .

കുഞ്ഞിനെ വീട്ടിൽ കൊണ്ടു വന്നു കഴിഞ്ഞാൽ തരം പോലെ വീഡിയോ കോളിലൂടെ ചെവി കാണിച്ചുതരാം എന്നു വത്സമ്മ ജോർജൂട്ടിയോടും ജോസ്മോനോടും വേലിക്ക പള്ളീലെ മർത്തമറിയ സമാജ പെണ്ണുങ്ങളോടും പറഞ്ഞു .

കൊച്ചിന്റെ തല തൊടണ്ടിയത് വല്യപ്പൻ ജോർജൂട്ടി ആയിരിക്കണം . അതു വേലിക്കപ്പള്ളീൽ തന്നെ നടത്തണം തരകനച്ചൻ മാത്രം പോരാ , ഏതെങ്കിലും തിരുമേനിമാരെ കൊണ്ട് ആവണം മാമോദീസ. വല്യപ്പന്റേം കൊച്ചുമോന്റേം ചെവി ഒരുപോലെ, മഹത്തായ കുടുമ്പ പാരമ്പര്യം. ആഹാ അന്തസ്സ് , ഓർത്തിട്ടു വത്സമ്മയ്ക്കു വലിയ അഭിമാനം കൂടി കൂടി വന്നു .

രണ്ടു ദിവസം കഴിഞ്ഞാണ് റോസിലിയും കുഞ്ഞും വീട്ടിൽ വന്നത് .
റോസിലി ടോയ്‌ലെറ്റിൽ പോയ തക്കത്തിന് കുഞ്ഞിന്റെ ചെവിയുടെ ഫോട്ടോ എടുക്കാൻ ചെന്ന വത്സമ്മ, പയ്യെ കുഞ്ഞിനെ ചുറ്റി വെച്ചിരുന്ന തുണി മാറ്റി നോക്കിയതും ഞെട്ടി പോയി ചെവിയുടെ സ്ഥാനത്തു രണ്ടു വലിയ വെള്ള ഡ്രസിങ് മാത്രം .

വത്സമ്മ അലറി കരഞ്ഞു അതു കേട്ടു പേടിച്ച കുഞ്ഞും ഉറക്കെ കരഞ്ഞു . ജോയ്‌ മോൻ ഓടിവന്നു വത്സമ്മയോടു പറഞ്ഞു ‘അമ്മ കൊച്ചിന്റെ ചെവി നോക്കണ്ട അതു റോസിലി പ്ലാസ്റ്റിക് സർജ്ജറി ചെയ്യിച്ചു നേരെ ആക്കി.

വത്സമ്മ തലയിൽ കൈ വെച്ചിരുന്നു ” കർത്താവേ കുടുമ്പ പാരമ്പര്യം ഒക്കെ ഇങ്ങനെ മറ്റാവോ, ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ ഇനി ഞാൻ എല്ലാരോടും എന്നാ പറയും. ”

ടോയ്‌ലെറ്റിൽ നിന്നു ഇറങ്ങി വന്ന റോസിലി ‘സിമിലാക്ക്‌ ‘ കലക്കിയ കുപ്പിപ്പാൽ കുഞ്ഞിന്റെ വായിലേയ്ക്ക് വെച്ചുകൊടുത്ത് “ഇത്രേ ഉളളൂ മഹത്തായ പാരമ്പര്യം ” എന്നു മനസ്സിൽ പറഞ്ഞ് ഒരു ചെറു പുഞ്ചിരിയോടെ ഇരുന്നു .

നിഷ എലിസബത്ത്✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com