Logo Below Image
Sunday, March 23, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

 

1. ലബനനിൽ 2 വർഷത്തിനുശേഷം പുതിയ സർക്കാർ അധികാരമേറ്റു. യുദ്ധവും നിരന്തരമായ സംഘർഷങ്ങളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് സർക്കാരുണ്ടാക്കാൻ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ പ്രസിഡന്റ് ജോസഫ് ഔൻ നിർദേശിക്കുകയായിരുന്നു. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകി സലാം 24 അംഗ മന്ത്രിസഭയുണ്ടാക്കി. 2022ൽ കാവൽ മന്ത്രിസഭ രാജിവച്ചതിനെത്തുടർന്ന് ഇവിടെ മന്ത്രിസഭയുണ്ടായിരുന്നില്ല. രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ തുടർന്നിരുന്ന ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിൽ കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ നിലവിൽ വന്നിരുന്നു. പുതിയ പ്രധാനമന്ത്രി സലാമിനെ പിന്തുണയ്ക്കാൻ ഹിസ്ബുല്ല തയാറായിട്ടില്ലെങ്കിലും മന്ത്രിസഭയിലെ മുസ്‍ലിം പ്രാതിനിധ്യം സംബന്ധിച്ച് ചർച്ചകൾക്കു തയാറായിരുന്നു. മുൻ സൈനിക മേധാവിയായ ജോസഫ് ഔനിനെ കഴിഞ്ഞ മാസമാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

2. സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാക്കിസ്ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടി. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകി. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിയമപാലകരുടെ കുടുംബാംഗങ്ങൾക്ക് വിധി ബാധകമല്ല. സുപ്രീം കോടതിയുടെ വിധിക്ക് മുൻപു നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കില്ല.

3. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ലിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. 2021ൽ അധികാരത്തിലേറിയതിനു പിന്നാലെ ട്രംപിനു ലഭിച്ചിരുന്ന ഇന്റലിജൻസ് ബ്രീഫിങ് ബൈഡൻ പിൻ‌വലിച്ചിരുന്നു. ട്രംപിന്റെ ഏറ്റവും പുതിയ പ്രതികാര നടപടിയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

4. 2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ എന്നറിയപ്പെടുന്ന പ്രദേശത്തിനാണ് ഇത്രയും പഴക്കമുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്റർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞർ ചേർന്ന് റെസല്യൂഷൻ റിമോട്ട് സെൻസിങ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ‘ശിവശക്തി പോയിന്റി’ന്റെ കാലപ്പഴക്കം നിർണയിച്ചത്. 2023 ഓഗസ്റ്റ് 23നായിരുന്നു വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വഹിക്കുന്ന ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങിയത്. ഇതോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു. സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ മറ്റു രാജ്യങ്ങൾ.

5. ജനുവരി 19ന് ആരംഭിച്ച ഗാസ വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്നും ഹമാസ് നിലപാട് സ്വീകരിച്ചു. ഹമാസ് ബന്ദികളെ വിടുന്ന ദൃശ്യങ്ങൾ നാത്‌സി തടങ്കൽപാളയങ്ങളിൽ നിന്നു മോചിപ്പിക്കപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതു ക്ഷമ കെടുത്തുന്നെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വിട്ട മൂന്ന‌് ഇസ്രയേലി ബന്ദികൾ അവശനിലയിലായിരുന്നതു പരാമർശിച്ചാണു ട്രംപ് ഇതു പറഞ്ഞത്. തീവ്രനിലപാടുകാരായ നെതന്യാഹുവിന്റെ സഖ്യകക്ഷികൾ വെടിനിർത്തൽ അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ശേഷിക്കുന്നത് 76 ബന്ദികളാണ്. കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയും ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യുന്ന രണ്ടാം ഘട്ടം വെടിനിർത്തൽ സംബന്ധിച്ച ചർച്ച ഈ മാസം 4 ന് ആരംഭിക്കേണ്ടതായിരുന്നു.
അതേസമയം, കിഴക്കൻ ജറുസലമിൽ ദീർഘകാലമായി പലസ്തീൻ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ബുക് ഷോപ്പിൽ റെയ്ഡ് നടത്തിയ ഇസ്രയേൽ പൊലീസ്, ഉടമകളായ അഹ്മദ്, മഹ്മൂദ് എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങൾ വിറ്റെന്നാരോപിച്ചാണു നടപടി.

6. ഗാസ യുഎസ് ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. പലസ്തീനിലെ ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും. ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’ – ട്രംപ് പറഞ്ഞു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.
അതേസമയം ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചിരുന്നു. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
അതിനിടെ ഗാസയിൽനിന്നുള്ള പലസ്തീൻകാരെ ജോർദാനിൽ പുനരധിവസിപ്പിക്കണമെന്ന ആവശ്യം, ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ ജോർദാനിലെ അബ്ദുല്ല രാജാവ് തള്ളിയെന്ന് റിപ്പോർട്ട്. ജോർദാനിലും ഈജിപ്തിലുമായി ഗാസയിലെ 20 ലക്ഷത്തിലേറെ പലസ്തീൻകാരെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പലസ്തീൻകാരെ ഒഴിപ്പിക്കുന്ന വിഷയം ചർച്ച ചെയ്യാനാണെങ്കിൽ വൈറ്റ് ഹൗസ് സന്ദർശനം വേണ്ടെന്നു വയ്ക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്ല ഫത്താ അൽ സിസി തീരുമാനിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ ട്രംപ് സിസിയെ ക്ഷണിച്ചിരുന്നു.

7. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ നേരത്തേയും മാർപാപ്പ വിമർശിച്ചിരുന്നു. നാടുകടത്തൽ‌ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ മെക്‌സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ വേലി കെട്ടാനുള്ള ട്രംപിന്‍റെ പദ്ധതിയെ വിമർശിച്ചുകൊണ്ടു, “മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം” എന്ന് 2017 ൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നതും ചർച്ചയാവുന്നുണ്ട്.

8. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെപ്പറ്റി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും സംസാരിച്ചെന്നു ട്രംപ് പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്നു ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്ക്കെതിരെ അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പുതിയ സംഭവവികാസങ്ങൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അർഥവത്തായ ചർച്ചയാണ് നടന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചു. ‘സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.’ – സെലെൻസ്‌കി എക്സിൽ കുറിച്ചു.

യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഉടനടി കരാറിൽ ഏർപ്പെടണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും എന്നായിരുന്നു ഭീഷണി. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നു ട്രംപ് പറഞ്ഞിരുന്നു.

9. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന് വൈറ്റ്ഹൗസ്. ഇതു സംബന്ധിച്ച ഉത്തരവിൽ ബുധനാഴ്ച വൈകിട്ട് ഒപ്പുവച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന നിർണായക നീക്കം. ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണൾഡ് ട്രംപ് ഡിസംബറിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ‘ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉൽപന്നങ്ങൾക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതുതന്നെയാണു ചെയ്യാൻ പോകുന്നത്’– ട്രംപ് ഡിസംബറിൽ പറഞ്ഞു. ‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചുള്ള പരിഗണന’ എന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതികരിച്ചിരുന്നു.

യുഎസിന്റെ കടുത്ത സമ്മർദത്തെ തുടർന്ന് ആഡംബര കാറുകൾ ഉൾപ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിർണായക തീരുമാനം.

10. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദർശനം. 12നു വൈകിട്ടോടെ ഫ്രാൻസിൽനിന്നാണു മോദി യുഎസിൽ എത്തിയത്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേർന്നു പ്രവർത്തിക്കുമെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും ട്രംപിനു മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ശതകോടീശ്വരനും യുഎസ് സർക്കാർ ഏജൻസി ഡിപാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനുമായ ഇലോൺ മസ്കുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടനിലെ ബ്ലെയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾ‍ട്സ്, യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്, വ്യവസായി വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇതിനു മുൻപും മസ്കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015ൽ സാൻ ഹോസെയിലെ ടെസ്‌ല പ്ലാന്റിലും മോദി സന്ദർശനം നടത്തി. എന്നാൽ അന്ന് ഡെമോക്രാറ്റിക് പാർട്ടി അനുകൂലിയായിരുന്ന മസ്ക് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ സർക്കാരിൽ ഉന്നതസ്ഥാനം വഹിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ കൂടിക്കാഴ്ചയ്ക്കുണ്ട്.
ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി യുഎസ് പര്യടനത്തിൽ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. ‘‘ട്രംപിന്റെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ– അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങൾക്ക് നന്നായി അറിയാം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയിൽ പറഞ്ഞാൽ, ഇതു മിഗ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ – ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’– മോദി പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും പ്രഖ്യാപിച്ചു‌. വികസനം, ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളിൽ സംയുക്തമായി 2 രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.

അതിനിടെ ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) തീരുമാനപ്രകാരമാണു നടപടി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ദിവസങ്ങൾക്കുശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments