കേരളത്തിന്റെ തനത് ദൃശ്യ കലാരൂപമായ കഥകളിക്ക് അമേരിക്കൻ മണ്ണിൽ വീണ്ടും വേദിയൊരുങ്ങുന്നു.
കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ എന്ന കലാസംഘടനയാണ് കേരളത്തിലെ പ്രഗൽഭരായ കഥകളി കലാകാരന്മാരെ ഉൾപ്പെടുത്തി, ‘കേളീരവം – 2025’ എന്ന ഈ കലാപര്യടനത്തിന് അവസരം ഉണ്ടാക്കുന്നത്. 2025 സെപ്റ്റംബർ മാസം 13 ന് അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടൺ ഡി സി യിൽ തിരശ്ശീല ഉയരുന്ന ഈ കലാപര്യടനം ഇരുപതോളം വേദികളിൽ കഥകളിയുടെ വിസ്മയമാർന്ന അവതരണങ്ങൾക്ക് ശേഷം 2025 നവംബർ 9 ന് അറ്റ്ലാന്റയിൽ സമാപിക്കുന്നു. ഹൂസ്റ്റൺ, ഡാലസ്, ന്യു ജേഴ്സി, ന്യൂയോർക്ക്, ഫിലാഡെല്ഫിയ, സാൻ ഫ്രാൻസിസ്കോ, മൗണ്ടൻഹൗസ്, സാക്രമെന്റോ, സിയാറ്റിൽ, പോർട്ട്ലാൻഡ്, ഡിട്രോയിറ്റ്, ഷിക്കാഗോ, സെന്റ് ലൂയിസ് തുടങ്ങിയ നഗരങ്ങളിലാണ് മറ്റ് വേദികൾ ഒരുങ്ങുന്നത്. തപസ്യ അർട്ട്സിനോടൊപ്പം ഈ നഗരങ്ങളിലെ കലാ സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് കഥകളി സംഘടിപ്പിക്കുന്നത്.
കഥകളിയിൽ കഴിവും പ്രാഗൽഭ്യവും തെളിയിച്ച കലാകാരന്മാരുടെ ഒരു മികച്ച സംഘമാണ് കേളീരവം 2025 ഇൽ പങ്കെടുക്കുന്നത്. കലാമണ്ഡലം മനോജ്, പീശപ്പിള്ളി രാജീവ്, കോട്ടക്കൽ മധു, കലാമണ്ഡലം ശിവദാസ്, കോട്ടക്കൽ ഹരികുമാർ, രോഷ്നി പിള്ള, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം വേണു, ഏരൂർ മനോജ്, ജിഷ്ണു ഒരുപുലാശ്ശേരിൽ, കലാനിലയം ശ്രീജിത് സുന്ദരൻ, സദനം ജിതിൻ എന്നിവർ ഉൾപ്പെടുന്ന ഈ സംഘം വിസ നടപടികൾ പൂർത്തിയാക്കി ഈ കലാപര്യടനത്തിന് തയ്യാറെടുപ്പുകൾ നടത്തിവരുന്നു. കഥകളി ആസ്വാദകർക്ക് എന്നും ആവേശമായ ദുര്യോധനവധം, ദക്ഷയാഗം, സന്താനഗോപാലം, കുചേലവൃത്തം, കർണ്ണശപഥം, കീചകവധം, കിരാതം തുടങ്ങി വ്യത്യസ്തമായ നിരവധി കഥകൾ ഈ സംഘം അവതരിപ്പിക്കും. കഥകളി സംഗീതത്തിലൂടെ പുതിയ തലമുറയെ കഥകളിയിലേക്ക്
ആകർഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അനുഗൃഹീത ഗായകനായ കോട്ടക്കൽ മധുവിന്റെ നേതൃത്വത്തിൽ സംഗീതപരിപാടികളും വിവിധ വേദികളിൽ അരങ്ങേറും.
കേരളത്തിന്റെ തനതു കലകളുടെ പ്രചാരത്തിനും ഉന്നമനത്തിനും പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന തപസ്യ അർട്ട്സ് സാൻഫ്രാൻസിസ്കോ, ഈ സംരംഭത്തിൽ സഹകരിക്കുന്ന അമേരിക്കയിലെ വിവിധ നഗരങ്ങളിലെ സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നു. തപസ്യ ആർട്ട്സിന്റെ നേതൃത്വത്തിൽ സാൻഫ്രാൻസിസ്കോ യിൽ അരങ്ങേറുന്ന ‘സമന്വയം-2025’ ഒക്ടോബർ 11, 12 തീയതികളിൽ നടത്തപ്പെടും. കോട്ടക്കൽ മധു നേതൃത്വം നൽകുന്ന സംഗീതനിശയും, ദുര്യോധനവധം കഥകളിയും സമന്വയം 2025 ന്റെ മുഖ്യ ആകർഷണങ്ങളാണ്.
തപസ്യ ആർട്ട്സ് സാൻഫ്രാൻസിസ്കോയുടെ ഭാരവാഹികളായ പ്രസിഡന്റ് മധു മുകുന്ദൻ, സെക്രട്ടറി സജീവ് പിള്ള, ട്രഷറർ അനിൽ നായർ, രക്ഷാധികാരി സജൻ മൂലേപ്ലാക്കൽ എന്നിവർ അടങ്ങുന്ന സംഘമാണ് കേളീരവം 2025 ന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം കഥകളിയുടെ വിവിധ തലങ്ങളെക്കുറിച്ച് അറിവ് പകരുന്ന ലേഖനങ്ങളും, കഥാ സംഗ്രഹങ്ങളും, കലാകാരന്മാരുടെ അനുഭവങ്ങളും പങ്കുവെക്കുന്ന കേളീരവം 2025 സുവനീർ അണിയറയിൽ തയ്യാറായി വരുന്നു. കൂടുതൽ വിവിരങ്ങൾക്ക് തപസ്യ ആർട്ട്സ് സാൻഫ്രാൻസിസ്കോയുമായി ബന്ധപ്പെടാവുന്നതാണ്. Email: admin@thapasyaarts.com, thapasya.ca@gmail.com



