മാരകമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരി മരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫീറ്റമിൻ . സംഗീത മേളകളിലും നൃത്ത പരിപാടികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ ലഹരിമരുന്നിൻ്റെ ഏറ്റവും നിർണ്ണായകമായ ദൂഷ്യം ഇത് ഉപയോഗിക്കാൻ തുടങ്ങിയ വ്യക്തി ഏകദേശം അതിന് അടിമപ്പെട്ടു കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഒട്ടുമിക്ക കേസുകളിലും ആ വ്യക്തിയുമായി ഇടപഴകുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളോ, ബന്ധുക്കളോ പോലും ഇതിനെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ്.
യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, കൽക്കണ്ടം ,പൊടി, ക്രിസ്റ്റൽ മെത്ത് ,ക്രിസ്റ്റൽ ഗ്ലാസ് ,സ്പീഡ് ,ക്രിസ്റ്റൽ ഐസ് ,ഷാബു, ബ്ലൂ, ഷാർഡ് , തുടങ്ങിയ ഓമന പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്.
ഉപയോഗിച്ച് തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയും, എന്നാൽ അതി വേഗം നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതും, രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും കോടികൾ മതിപ്പു വിലവരുന്നതുമാണ് ഈ സ്പീഡ് ലഹരി .
എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിച്ചിരുന്ന എഫ്രഡിൻ കായിക താരങ്ങൾ ഉത്തേജക മരുന്നായി ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. ചൈനയിലും മംഗോളിയയിലും എല്ലാം ധാരാളമായി കാണുന്ന ഈ ചെടി ഇപ്പോൾ കടുത്ത നിയന്ത്രണത്തിലും ഇതിൻെറ ഉത്പാദനവും ഉപയോഗവും എല്ലാം ഗവൺമെന്റിന്റെ നിയന്ത്രണത്തിലുമാണ്.
മണവും രുചിയും ഇല്ലാത്ത ഈ ലഹരി ജ്യൂസിലും,മദ്യത്തിലും മറ്റു ഡ്രിങ്ക്സ് കളിലും ഒക്കെ ചേർത്ത് കലക്കി കൊടുക്കാം എന്നുള്ളത് കൊണ്ട് ഡിജെ പാർട്ടികളിൽ എത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് ഇരയാക്കാനും എളുപ്പത്തിൽ സാധിക്കുന്നു. അതുകൊണ്ട് കൂടിയാണ് ഇതിന് പാർട്ടി ട്രഗ് എന്ന പേരുകൂടി വന്നത്.
ഹാപ്പിനെസ്സ് പിൽസ്,പീപി എന്നിങ്ങനെയുള്ള പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ്വ് ലഭിക്കുന്ന ഈ ലഹരി വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷൻ ആയും ഒക്കെ ഉപയോഗിക്കുന്നു. സാധാരണ രീതിയിൽ ഇത് കുത്തിവയ്ക്കുന്നത് പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരി ഉപയോഗിച്ചോ, ലൈറ്റർ ഉപയോഗിച്ചോ ചൂടാക്കി
ദ്രവരൂപത്തിൽ ആക്കിയതിനു ശേഷമാണ്.
വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന ഈ മയക്കുമരുന്ന് കേന്ദ്ര നാഡി വ്യൂഹത്തെയാണ് പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന് അടിമപ്പെട്ട ഒരാൾക്ക് 5 അല്ലെങ്കിൽ 10 വർഷത്തെ ആയുസ്സ് മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് വിദഗ്ധർ പറയുന്നത്.
അങ്ങനെയുള്ള ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക ഏറെ പ്രയാസകരമാണ്. എന്നാൽ ഇത്തരം ആളുകളെ അതിനു മുമ്പായി തന്നെ തിരിച്ചറിയുന്നതിന് ചില സൂചനകൾ നമ്മെ സഹായിക്കും. നമ്മുടെ വീട്ടിലോ, അയൽപക്കത്തോ, ചുറ്റുവട്ടത്തോ ഒക്കെയുള്ള അനേകം പേർ നാം അറിഞ്ഞോ അറിയാതെയോ ഒക്കെ ഈ ലഹരിക്ക് അടിമപ്പെട്ട് കിടക്കുന്നുണ്ടാകാം. അവരെ തിരിച്ചറിയാൻ ചില സൂചനകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം…
ഇതിന്റെ തുടക്കം ഏതായാലും അയാളുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിൽ നിന്നോ, അല്ലെങ്കിൽ ഇടപഴകുന്ന ആരെങ്കിലും അടുത്തവരിൽ നിന്നോ, അവർ പരിചയപ്പെടുത്തിക്കൊടുത്ത മറ്റൊരാളിൽ നിന്നോ , ആകാം. ഇങ്ങനെയുള്ള വ്യക്തികൾക്ക് ആദ്യം ഇങ്ങോട്ട് വച്ച് നീട്ടുന്ന ഒരു ഓഫർ ആയി ഒന്നോ രണ്ടോ മൂന്നോ തവണ ഈ സാധനം (ഈ ലഹരി) അവർ ഫ്രീയായി തന്നെ നേരിട്ട് കൊടുക്കുകയോ, ആരെങ്കിലും വഴിഎത്തിച്ചു കൊടുക്കുകയോ ചെയ്യും. ഇതൊരു ബിസിനസ് തന്ത്രവും, ചൂഷണ മനോഭാവവും, വിപണന മാർഗ്ഗവുമാണ്.
ലഹരി ഉപയോഗിച്ചു തുടങ്ങിയ വ്യക്തി വീണ്ടും അടുത്ത ഉപയോഗത്തിനായി പണം എങ്ങനെയും സംഘടിപ്പിക്കാൻ നോക്കും. അയാൾക്ക് പണത്തിന്റെ ചിലവ് ഏറിയേറി വരും. വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും, അടുത്തറിയാവുന്ന ആരിൽ നിന്ന് പോലും പലപല ആവശ്യങ്ങളും എക്സ്ക്യൂസുകളും പറഞ്ഞ് അവർ എങ്ങനെയും പണം കടം വാങ്ങും .അവരുടെ ഒറ്റ ലക്ഷ്യം ഈ ലഹരി വാങ്ങി ഉപയോഗിക്കുക എന്നത് തന്നെയാണ്.
ഈ തക്കം നോക്കി ഇതുമായി ബന്ധപ്പെട്ട റാക്കറ്റിലുള്ളവർ അയാളെ മുതലാക്കും. വേണ്ട പണം ഇതിൽ നിന്നുതന്നെ നിനക്ക് സംഘടിപ്പിക്കാം എന്ന വാഗ്ദാനത്തിൽ അയാളെയും ഈ റാക്കറ്റിൽ ചേർത്ത് ഇരയാക്കും.
അങ്ങനെ റാക്കറ്റിൽ ഒരു കണ്ണി കൂടി ചേർക്കപ്പെടുന്നു. ഇയാൾ മുഖാന്തിരം ഇയാളുടെ ഏറ്റവും അടുത്ത കൂട്ടുകാരോ മറ്റു ബന്ധുക്കളോ, ആരെങ്കിലും ഒക്കെ ഇതിന്റെ ഉപയോഗത്തിന് ആദ്യത്തെ ഇരയാക്കപ്പെടുന്നു. ഇതേ അവസ്ഥ തന്നെ അവരിലും തുടരുന്നു. അങ്ങനെ റാക്കറ്റിലെ കണ്ണികൾ ചങ്ങലകളായി മാറുന്നു. തുടക്കക്കാർ ഈ ലഹരിക്ക് അടിമകളാവുകയും, എങ്ങനെയും പണം സമ്പാദിച്ച് ലഹരി ഉപയോഗിക്കാൻ കൂടുതൽ കൂടുതൽ പുതിയ ഇരകളെ തേടുകയും, അതിനുവേണ്ട പണം സമ്പാദിക്കാൻ വേണ്ടി ആരെയും തരവും തക്കവും നോക്കി സ്വാധീനിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെയാണ് ലഹരി മാഫിയ രാജ്യം ഒട്ടാകെ പടർന്നു പന്തലിച്ച് യുവതലമുറയെയും കൗമാരക്കാരെയും കാർന്നു തിന്നുന്നത്.
ഈ സിന്തറ്റിക് ലഹരി സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയ ഒരാൾക്ക് പിന്നെ ഒരു സാധാരണക്കാരന്റെ ജീവിതം നയിക്കാൻ ഒരിക്കലും കഴിയില്ല. ഉറക്കവുമായി ബന്ധപ്പെട്ട ഇവരുടെ മാറ്റം പഠനവിധേയമാണ്. ചിലപ്പോൾ ഇവർ ഒരു രാത്രിയും പകലും മുഴുവൻ ഹൈപ്പർ ആക്ടീവായി ഉറങ്ങാതിരിക്കുകയും അതേപോലെതന്നെ ബോധംകെട്ട് ഉറങ്ങുകയും ചെയ്യുന്നു. ആഹാരം പോലും ഇതിനിടയിൽ അവർക്കൊരു പ്രശ്നമാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇനി ഇതിന് അടിമയായി കഴിഞ്ഞവരുടെ രോഗലക്ഷണങ്ങൾ കൂടി ഒന്നു പരിശോധിക്കാം. സ്വന്തം അമ്മയെ മുതൽ വീട്ടിലെ ആരെയും ഇവർക്ക് പിന്നീട് സംശയം ആകും .ചില സമയങ്ങളിൽ അവർ കൊടുക്കുന്ന ഭക്ഷണം പോലും സംശയം കൊണ്ട് ഇവർ കഴിക്കില്ല. ഈ സംശയം രണ്ടാംഘട്ടത്തിൽ മൂർച്ഛിച്ച് ഇല്ലാത്തത് പലതും സംഭവിക്കുന്നതായി തോന്നലുണ്ടാവുകയും, അവരെ ആരോ ഫോളോ ചെയ്യുന്നതായി സങ്കൽപ്പിക്കുകയും, ചുറ്റുമുള്ള ഏത് വസ്തുക്കളിലും അവർ അപായം മണത്തറിയുകയും, സംശയങ്ങളുടേത് മാത്രമായ ഒരു ചുറ്റുപാടിൽ അവ്യക്ത ശബ്ദങ്ങൾ കേൾക്കുകയും, അടുത്ത കടമ്പയിൽ ഒറ്റയ്ക്കിരുന്ന് സംസാരിക്കുക , മറ്റൊരാളായി മാറുക, എന്നിങ്ങനെയും, പിന്നീട് അവസാന ഘട്ടത്തിൽ അക്രമം കൊല്ല്,കൊല തുടങ്ങിയ കൃത്യങ്ങളിലേക്ക് നീങ്ങുകയുമായി.
ലഹരി വാങ്ങാനുള്ള പണം കിട്ടാതെയായാൽ അവർ ആരെയും കൊല്ലും, മോഷ്ടിക്കും, എന്തും തച്ചുടയ്ക്കും!. അവരുടെ മുന്നിൽ ഉന്മാദവും ലഹരിയും മാത്രമേ ജീവനായുള്ളൂ.
മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും, യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുണ്ട്. മയക്കുമരുന്നിലെ കാള കൂടം എന്നറിയപ്പെടുന്ന ഈ MDMA യുടെ തുടർച്ചയായ ഉപയോഗത്തിലൂടെ ഉത്കണ്ഠ ,ആത്മഹത്യാ പ്രവണത, നിസ്സംഗത വിഷാദരോഗം, ഹൃദയാഘാതം, തുടങ്ങിയ അവസ്ഥകളും ഉണ്ടാകുന്നു.
ഇതിൽ നമുക്കു ചെയ്യാനുള്ളത് ഒത്തൊരുമയോടെ ആയിരം കണ്ണുകൾ കാവലാക്കി ,നമ്മുടെ യുവതലമുറയെ ,ഒരു രാജ്യത്തിൻെറ ഭാവി വാഗ്ദാനങ്ങളെ ചേർത്തുനിർത്താം എന്നതു തന്നെയാണ്. ചൂഷണത്തിന്റെ ലഹരി കണ്ണുകളെ ചൂഴ്ന്നെടുക്കാം. വരൂ… സംഘടിക്കാം …നമ്മുടെ മക്കൾക്കായി , നല്ല കുടുംബങ്ങൾക്കായി, സമൂഹത്തിനായി,ഒരു നല്ല നാടിനായി.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം നന്ദി,സ്നേഹം
ഈ കാര്യത്തിൽ എങ്കിലും രാഷ്ട്രീയം കലർത്താതെ എല്ലാവരും ഒരുമിച്ച് നീങ്ങിയാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ.
എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ പടർന്നു കയറുന്ന ഈ ലഹരിക്ക് തടയിടാൻ ആവും…