പഴയ കാലത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ സ്ഥിരമായി കേൾക്കുന്നതാണ്. പൊയ്പ്പോയൊരു വസന്തകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ മനുഷ്യർക്ക് ഏതു കാലത്തും പ്രിയപ്പെട്ടതുതന്നെ! മാവേലിനാടിനെക്കുറിച്ചുള്ള ഓർമ്മകൾതന്നെ ഉദാഹരണം. പക്ഷേ, കുറ്റവും കുറവുമില്ലാത്തതായി ഈ ലോകത്ത് ഒന്നുംതന്നെയില്ല, എല്ലാ കാലത്തും നന്മതിന്മകളുണ്ടായിട്ടുണ്ട്. എല്ലാ ഭരണസംവിധാനങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും പോരായ്മകളുണ്ട്. കൂടുതൽ മെച്ചപ്പെട്ടൊരു സംവിധാനത്തിനുവേണ്ടിയാണ് ഈ ലോകത്തെമ്പാടുമുള്ള മനുഷ്യർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘History repeats itself’ എന്നു പറയാറുണ്ട്. ചരിത്രത്തിന്റെ ചലനം പലപ്പോളും ചാക്രികമാണ്. കൈയിലുള്ളതിനെ അവഗണിച്ച് കൈയിലില്ലാത്തതിനെ തേടിപ്പോവുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. ഭക്തിയിൽനിന്ന് യുക്തിവാദത്തിലേക്കും വീണ്ടും യുക്തിവാദത്തിൽനിന്നു ഭക്തിയിലേക്കും മനുഷ്യർ അടുക്കും. പണ്ടൊക്കെ നാട്ടിൽ ഫോറിൻഭ്രമമായിരുന്നു. ഇപ്പോൾ പഴമയിലാണ് കമ്പം.
പഴയ കാലത്ത് തീർച്ചയായും നന്മകൾ ഉണ്ടായിരുന്നു. പണ്ട് നമ്മൾ മായമില്ലാത്ത ഭക്ഷണം കഴിച്ചിരുന്നു, നല്ല വായു ശ്വസിച്ചിരുന്നു, മക്കളും വിദ്യാർഥികളും അനുസരണശീലമുള്ളവരാമായിരുന്നു, ആളുകൾ ദൈവഭയമുള്ളവ(?)രായിരുന്നു. അങ്ങനെയങ്ങനെ കുറെയേറെ നന്മകൾ അക്കാലത്തുണ്ടായിരുന്നു. എന്നാൽ പഴയ കാലമൊരു സ്വർഗ്ഗമായിരുന്നു. അന്ന് ഒന്നിനുമൊരു കുറവുമുണ്ടായിരുന്നില്ല. അന്ന് മനുഷ്യമൂല്യങ്ങളും ധാർമികതയും അതിന്റെ ഉദാത്തമായ അവസ്ഥയിൽ നിലനിന്നിരുന്നു എന്നൊക്കെ പറയുന്നത് കണ്ണടച്ചിരുട്ടാക്കുന്നതുപോലുള്ള സംഗതിയാണ്. അന്നത്തെ സാമൂഹികാവസ്ഥ എന്തായിരുന്നു? സാക്ഷരതയുടെ ശതമാനമെത്രയായിരുന്നു? അന്നത്തെ ശിശുമരണനിരക്ക് എത്രയായിരുന്നു? അന്നത്തെ മനുഷ്യന്റെ ശരാശരി വയസ്സ് എത്രയായിരുന്നു? അന്നത്തെ ക്ഷയരോഗികളുടെയും കുഷ്ഠരോഗികളുടെയും അവസ്ഥയെന്തായിരുന്നു? അന്നത്തെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥയെന്തായിരുന്നു? കുടുംബങ്ങളിലെ കാരണവന്മാരുടെ സ്വേച്ഛാധിപത്യം എത്രമാത്രം ദുസ്സഹനീയമായിരുന്നു? (എല്ലാവരും അങ്ങനെയാണെന്നല്ല) ഇതൊക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അക്കാലത്ത് താഴ്ന്നജാതിക്കാരുടെ ജീവിതമെത്ര പരിതാപകരമായിരുന്നെന്ന് ഓർത്തിട്ടുണ്ടോ? അയ്യായിരത്തോളം വർഷങ്ങൾക്കുമുമ്പുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന മഹാഭാരതയുദ്ധകാലത്തെ കുടുംബങ്ങളുടെ അവസ്ഥയെന്തായിരുന്നു? അന്ന് ധർമച്യുതിയും അനീതിയും അക്രമവുമൊന്നുമുണ്ടായിരുന്നില്ലേ? അന്ന് വഞ്ചനയും ചതിയുമൊന്നും ഉണ്ടായിരുന്നില്ലേ? എല്ലാ മക്കളും അനുസരണശീലമുള്ളവരായിരുന്നോ? അർജുനന് ഗീതോപദേശം നൽകിയ കൃഷ്ണന്റെ തലമുറക്കാർ എങ്ങനെയാണ് നശിച്ചതെന്ന് വായിച്ചിട്ടുണ്ടോ?
പറഞ്ഞുവരുന്നത് ‘നന്മയും തിന്മയും എക്കാലത്തുമുണ്ട്’ എന്നുതന്നെയാണ്. എല്ലാക്കാലങ്ങളിലെ കുടുംബസംവിധാനങ്ങളിലും ഭരണസംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നു. ഇപ്പോളും ഉണ്ട്. പണ്ടത്തെ രീതിമാത്രം ശരി, ഇപ്പോളത്തെ രീതിയെല്ലാം തെറ്റ് എന്ന വാദഗതി ഒട്ടും ശരിയല്ല. പണ്ടത്തെ അനുസരണശീലം വലിയൊരു പരിധിവരെ നിവൃത്തികേടുകൊണ്ടായിരുന്നു. ഇപ്പോൾ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ലഭിച്ചുതുടങ്ങിയപ്പോൾ ആളുകൾ പലതും ചോദ്യംചെയ്യാൻ തുടങ്ങി (സ്വാതന്ത്ര്യം പലപ്പോളും അതിരുവിടുന്നുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല) ജനാധിപത്യത്തിന് തീർച്ചയായും പോരായ്മകളുണ്ട്. എന്നാൽ അതിനേക്കാൾ മികച്ചൊരു സംവിധാനം മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് വാസ്തവം. നാം മുൻവിധികളില്ലാതെ, പക്ഷപാതരഹിതമായി കാര്യങ്ങളെ നിരീക്ഷിക്കണം. മാറുന്ന കാലത്തെ മനസ്സിലാക്കണം. ‘സതി’യുടെ കാലത്തേക്കും തൊട്ടുകൂടായ്മയുടെ കാലത്തേക്കും തിരിച്ചുനടക്കരുത്. ഏതു കാലത്തുള്ളതായാലും നന്മയെ ചേർത്തുപിടിക്കുക. മനുഷ്യത്വത്തിന് ഏറ്റവുമുയർന്ന വിലകല്പിക്കുക.
സത്യം
വളരെ നന്നായിട്ടുണ്ട്. ആശംസ.
മനോഹരം
മനോഹരം, ആശംസകൾ