ഭാരതത്തിലെ പല പ്രാദേശികഭാഷകളില്‍ ഒന്നു മാത്രം ആയ ബംഗാളിയില്‍ എഴുതപ്പെട്ട ഒരു ഗാനം നമ്മുടെ ‘ദേശീയഗാനം’ ആയി സ്വീകരിക്കപ്പെട്ടതില്‍ ആര്‍ക്കും ഗൗരവമായ പരാതികളൊന്നുമുണ്ടായതായി കേട്ടിട്ടില്ല. പ്രാദേശികഭാഷാപരിമിതികള്‍ മറികടന്ന് ഓരോ ഭാരതീയഹൃദയത്തിലും അത് ഒരു വികാരവീചിയായി അലയടിക്കും എന്ന് അന്നത്തെ രാഷ്ട്രീയവിചക്ഷണര്‍ക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം.ഒരു ഭാഷയും ഒറ്റപ്പെട്ട ദ്വീപല്ലെന്നും ഒന്നിന്റെ പകര്‍ന്നാട്ടമാണ് മറ്റേതെന്നും അറിയുന്നവരായിരുന്നു അന്ന് ദേശീയോത്ഗ്രഥനത്തിത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.പഞ്ചാബ്- സിന്ദ്-ഗുജറാത്ത- മറാത്ത- ദ്രാവിഡ-ഉത്കല-വംഗാ..എന്നിങ്ങനെ അനേകം പ്രാദേശിക സാംസ്കാരികത്തനിമകളെ ഈ ഗാനം ഒന്നിപ്പിക്കുന്നത് ഓരോ ഭാഷയും അതിര്‍ത്തികള്‍കടന്ന് മറ്റുഭാഷകളിലേക്ക് പകരുന്നതുകൊണ്ടാണ്. പാലക്കാട്ടെ മലയാളത്തില്‍ തമിഴ് കലരുന്നുണ്ട്; കാസര്‍കോട്ടുകാരുടെ ഭാഷക്ക് കന്നഡയുടെ സ്വാധീനമുണ്ട്.അങ്ങനെ, ഓരോ പ്രാദേശികതയും അത് ഉള്‍ക്കൊള്ളുന്ന ഭാഷയും ഒരേ ”ചരടിലിണക്കിത്തീര്‍ത്ത പുഷ്പങ്ങ”ള്‍ പോലെ പരസ്പരം കൂടിപ്പിണഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ, നാനാസംസ്കാരങ്ങളൂടെ നിറവെെവിധ്യങ്ങളേറെയുള്ള പലപല മണിമുത്തുകളെ കോര്‍ത്തിണക്കുന്ന അദൃശ്യമായ ഒരു ചരടിന്റെ സാന്നിധ്യം ഈ ഗാനത്തില്‍ നമുക്ക് ദര്‍ശിക്കാം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പ്രാദേശിക ബഹുസ്വരതകളെ ഒരേസ്വരത്തില്‍ ഏകോപിക്കുന്നു ഈ ഗാനം.
ഇന്ത്യാഉപഖണ്ഡത്തിലെ ജനഗണമനങ്ങളെ ഭാരതീയരാക്കുന്നത് ഒരേ ഈണത്തിലൊഴുകുന്ന ആ സ്വരമാണ്. നിന്റെ സ്വരവും ചേര്‍ന്നാല്‍ നമ്മുടെ സ്വരമായി്. അതിനെ ഭാരതത്തിന്റെ ആത്മാവ് എന്ന് വിളിക്കാം. അതുതന്നെയാണ് ഭാരതത്തിന്റെ ഭാഗ്യവിധാതാവും. ചരട് പൊട്ടിപ്പോയാല്‍ മുത്തുകള്‍ ചിന്നിച്ചിറിപ്പോവും.
‘ജനഗണമന….’ വെറും ഭൂമിശാസ്ത്രവര്‍ണ്ണനയല്ല. പഞ്ചാബും… വംഗയും സാസ്കാരികത്തനിമയാവുന്നതുപോലെ, വിന്ധ്യനും ഹിമാലയവും ഭാരതീയതയുടെ അടയാളങ്ങളാണ്. ‘ദേവതാത്മാ ഹിമാലയോ നാമഃ” എന്നല്ലെ മഹാകവി കാളിദാസന്‍ ഹിമാലയത്തെ സാക്ഷാത്കരിക്കുന്നത്?. അതിന്റെ ശിഖരിയില്‍നിന്നാണ് ഐതിഹാസിക ദേവാസുരപരമ്പരകളുടെ സ്വാര്‍ത്ഥത്തിന്റെയും പരമാര്‍ത്ഥത്തിന്റെയും കഥകള്‍ക്ക് സാക്ഷ്യം വഹിച്ച യമുനയും ഗംഗയും പ്രവഹിക്കുന്നത്.കിഴക്കും പടിഞ്ഞാറും ആര്‍ത്തിരമ്പുന്ന ഉജ്വലജലധി തരംഗങ്ങള്‍ക്കിടയില്‍ ഭൂമിക്ക് അളവുകോലുപോലെ നീണ്ടുനിവര്‍ന്നു നില്‍ക്കുന്നു ആ നഗാധിരാജന്‍.
വെെവിധ്യമാര്‍ന്ന ഭൂപ്രകൃതിയുടെ സമന്വയം വിശാലമായ സാംസ്കാരത്തിന്റെ ഭൂമികയായി മാറുമ്പോളാണ് ജനങ്ങളുടെ മനസ്സില്‍ ദേശം പിറക്കുന്നത്. നമ്മുടെ രാജ്യവും നമ്മുടെ സംസ്കാരവും വാസ്തവത്തില്‍ പിറക്കുന്നത് നമ്മുടെ സങ്കല്‍പ്പത്തിലാണ്.ആ സങ്കല്‍പ്പമാണ് കന്യാകുമാരിമുതല്‍ കാഷ്മീരംവരെ പരന്നുകിടക്കുന്ന ഭൂപ്രദേശത്തെ ഭാരതം എന്ന നമ്മളുടെ മാതൃഭൂമിയായി സൃഷ്ടിക്കുന്നത്.അതിന്റെ സാക്ഷാത്കാരമാണ് ”ജനഗണമന അധിനായക..” എന്നു തുടങ്ങുന്ന രവീന്ദ്രസംഗീതം സാധിക്കുന്നത്.




നല്ല അറിവ്