വാർത്തകളുടെ വൈവിദ്ധ്യങ്ങളുമായി മലയാളി മനസ്സിന് ഇന്ന് നാലാം പിറന്നാൾ. പ്രതീക്ഷയുടെ പുതുവർഷവും ഇന്ന് പിറക്കുന്നു.
വർണ്ണശോഭ പകരുന്ന സുന്ദര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ
ഏവർക്കും കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഐശ്വര്യ സമൃദ്ധമായ പുതുവത്സരമാണ് ഏവരുടെയും സ്വപ്നം.
“സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു.
അടഞ്ഞ വാതിലിൽത്തന്നെ നോക്കി നിൽക്കുന്നതിനാൽ തുറന്ന വാതിൽ കാണാതെ പോകുന്നു”
ഹെലൻ കെല്ലറുടെ ഈ വാക്കുകൾ നമ്മിൽ ആശയും ആവേശവും പകരുന്നതാണ്.
പുതുവർഷം സുന്ദര സുരഭിലമാകുവാൻ നമുക്ക് എന്ത് ചെയ്യുവാൻ കഴിയും? മലയാളത്തിന്റെ അക്ഷര സുകൃതം ടി. പത്മനാഭനെ കേൾക്കുക:
“ഒരു ദുഷ്ട കഥാപാത്രത്തെയും ഞാൻ സൃഷ്ടിച്ചിട്ടില്ല. അല്ലാതു തന്നെ അത്തരത്തിലുള്ള ആളുകൾ സമൂഹത്തിൽ ഉണ്ട് രാഷ്ട്രീയ ത്തിന്റെയും, സാഹിത്യത്തിന്റെയും അടക്കം ലോകത്ത് ദുഷ്ടശക്തികൾ പെരുകുകയാണ്. ഞാൻ മുന്നിട്ടിറങ്ങി ദുഷ്ടന്മാരെ സൃഷ്ടിക്കേണ്ടെന്നു വെച്ചു”
എന്റെ ആയുഷ്കാലമൊക്കെയും പൂർണ്ണ ആത്മാവോടും, പൂർണ്ണമനസ്സോടും,
പൂർണ്ണ ശക്തിയോടും നന്മയുടെ പാതയിലൂടെ മാത്രം സഞ്ചരിക്കും എന്ന ഉറച്ച തീരുമാനം എടുത്താൽ ആഹ്ലാദ പൂർണ്ണമായ പുതുവർഷം ആഘോഷപൂർവ്വം നമ്മിലേക്ക് കടന്നുവരും.
എവിടെനിന്നോ പാറിവന്ന അപ്പൂപ്പൻതാടി പോലെ മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം വിതയ്ക്കാൻ നമുക്ക് കഴിയണം. നന്മ വിതച്ചാലേ നന്മ കൊയ്യാനാവൂ.
നമ്മുടെ ജീവിതം ഇഹത്തിലും പരത്തിലും സഫലം ആകുവാൻ ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ.
ഇക്കാലമത്രയും മലയാളി മനസ്സിനെ നെഞ്ചോട് ചേർത്ത് പിടിച്ച മാന്യവായനക്കാർക്ക് നിറഞ്ഞ ഹൃദയത്തോടെ പുതുവത്സര മംഗളങ്ങൾ നേരുന്നു.