Saturday, February 21, 2026
Homeഅമേരിക്കന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ച് എഐ ഇംപാക്ട് ഉച്ചകോടി 2026-ന് സമാപനം

ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ച് എഐ ഇംപാക്ട് ഉച്ചകോടി 2026-ന് സമാപനം

‘എഐ സ്വാധീനം സംബന്ധിച്ച ന്യൂഡൽഹി പ്രഖ്യാപന’ത്തിന് അംഗീകാരം നല്‍കിയതോടെ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക് സമാപനമായി. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.

സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കും എഐ പ്രയോജനപ്പെടുത്തുന്നതിലെ വിപുലമായ ആഗോള സമവായം പ്രതിഫലിപ്പിച്ച് 88 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്രഖ്യാപനത്തെ പിന്തുണച്ചു.

നിര്‍മിതബുദ്ധിയ്ക്ക് പങ്കാളിത്ത ആഗോള കാഴ്ചപ്പാട്

“സർവജന ഹിതായ, സർവജന സുഖായ” അഥവാ എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന തത്വത്തിലധിഷ്ഠിതമായ ഈ പ്രഖ്യാപനം നിർമിതബുദ്ധിയുടെ ഗുണഫലങ്ങൾ മാനവരാശി തുല്യമായി പങ്കിടണമെന്ന് അടിവരയിടുന്നു. പ്രഖ്യാപനം മുൻഗണന നൽകുന്ന കാര്യങ്ങള്‍ ഇവയാണ്:

അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തുക.

ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക.

സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക.

ഏഴ് പ്രവർത്തന സ്തംഭങ്ങൾ (ചക്രങ്ങൾ)

ആഗോള എഐ സഹകരണത്തിൻ്റെ അടിത്തറയായി ഏഴ് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം രൂപീകരിച്ചിരിക്കുന്നത്:

എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം

സാമ്പത്തിക വളർച്ചയും സാമൂഹ്യ നന്മയും

സുരക്ഷിതവും വിശ്വസനീയവുമായ എഐ

ശാസ്ത്രത്തിനായി എഐ

സാമൂഹ്യ ശാക്തീകരണത്തിൻ്റെ പ്രാപ്യത

മനുഷ്യവിഭവശേഷി വികസനം

പ്രതിരോധാത്മകവും കാര്യക്ഷമവും നൂതനവുമായ എഐ സംവിധാനങ്ങൾ

പ്രഖ്യാപിക്കപ്പെട്ട പ്രധാന ആഗോള നേട്ടങ്ങൾ

സ്വയംസന്നദ്ധവും സഹകരണപൂര്‍ണവുമായ നിരവധി ആഗോള സംരംഭങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിച്ചു:

നിര്‍മിതബുദ്ധിയുടെ ജനാധിപത്യപരമായ വ്യാപനത്തിന് നയരേഖ: ‍

അടിസ്ഥാന എഐ വിഭവങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.

പ്രാദേശിക നൂതനാശയ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നു.

ഗ്ലോബല്‍ എഐ ഇംപാക്ട് കോമണ്‍സ്:

എഐ ഉപയോഗം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ആവർത്തിക്കാനുമുള്ള സംവിധാനം.

വികസന സ്വാധീനത്തിന് രാജ്യങ്ങൾ തമ്മിലെ സഹകരണം സാധ്യമാക്കുന്നു.

ട്രസ്റ്റഡ് എഐ കോമണ്‍സ്:

വിവിധ എഐ സംവിധാനങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും മികച്ച മാതൃകകളുടെയും വിജ്ഞാനകോശം

സുരക്ഷിതവും വിശ്വസനീയവുമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു.

ശാസ്ത്ര സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര എഐ ശൃംഖല

ആഗോള ശാസ്ത്ര സഹകരണം സുഗമമാക്കുന്നു.

എഐ അധിഷ്ഠിത ഗവേഷണ ശേഷി വർധിപ്പിക്കുന്നു.

സാമൂഹ്യ ശാക്തീകരണത്തിന് എഐ സംവിധാനം:

അറിവ് കൈമാറാനും വിപുലീകരിക്കാവുന്ന പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു.

തുല്യമായ എഐ വിന്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എഐ തൊഴിൽസേന വികസന മാർഗരേഖയും പുനർനൈപുണ്യ തത്വങ്ങളും:

എഐ മേഖലയിലെ നൈപുണ്യ വികസനം, പുനർനൈപുണ്യ പരിശീലനം, സാങ്കേതിക സാക്ഷരത എന്നിവയെ പിന്തുണയ്ക്കുന്നു. ‍

എഐ അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയ്ക്ക് രാഷ്ട്രങ്ങളെ സജ്ജമാക്കുന്നു.

കാര്യക്ഷമമായ എഐ സംബന്ധിച്ച മാർഗനിർദേശ തത്വങ്ങൾ:

ഊർജ്ജക്ഷമമായ എഐ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എഐ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി സംബന്ധിച്ച പ്രായോഗിക മാർഗരേഖയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നു.

സാമ്പത്തിക വളർച്ചയിലും കാര്യക്ഷമതയിലും ശ്രദ്ധ:

പ്രഖ്യാപനത്തില്‍ എടുത്തുപറയുന്ന ചില കാര്യങ്ങള്‍:

സാമ്പത്തിക പരിവർത്തനത്തിൽ എഐ വഹിക്കുന്ന പങ്ക്.

സ്വതന്ത്രവും എളുപ്പം ലഭ്യമാകുന്നതുമായ എഐ ആവാസവ്യവസ്ഥകളുടെ പ്രാധാന്യം.

ഊർജ്ജക്ഷമമായ എഐ അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യകത.

ശാസ്ത്രം, ഭരണനിര്‍വഹണം, പൊതുസേവന വിതരണം എന്നിവയിൽ എഐ വഹിക്കുന്ന പങ്കിൻ്റെ വിപുലീകരണം.

ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു

പങ്കെടുത്ത രാഷ്ട്രങ്ങൾ ഇക്കാര്യങ്ങളില്‍ പ്രതിബദ്ധത ആവര്‍ത്തിച്ചു:

എഐ ഭരണനിർവഹണത്തിലെ പങ്കാളിത്ത മുൻഗണനകളുടെ വിപുലീകരണം.

സ്വയം സന്നദ്ധവും നിർബന്ധിതമല്ലാത്തതുമായ ചട്ടക്കൂടുകളുടെ പ്രോത്സാഹനം.

തുടർച്ചയായ സഹകരണത്തിലൂടെ കാഴ്ചപ്പാടുകളുടെ പ്രായോഗികവല്‍ക്കരണം.

ദീർഘകാല അന്താരാഷ്ട്ര പങ്കാളിത്തത്തിന് ഉച്ചകോടി വഴിയൊരുക്കുമെന്നും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.

88 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ച ഉച്ചകോടി പ്രഖ്യാപനം അനുബന്ധമായി ചേർക്കുന്നു.

എഐ ഇംപാക്ട് ഉച്ചകോടി പ്രഖ്യാപനം

ആമുഖം
“സർവജന ഹിതായ, സർവജന സുഖായ” (എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം) എന്ന തത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, നിർമിതബുദ്ധിയുടെ ഗുണഫലങ്ങൾ മാനവരാശി ഒന്നടങ്കം പങ്കിടുമ്പോൾ മാത്രമേ അതിൻ്റെ ലക്ഷ്യം പൂർണമാകൂവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് 2026 ഫെബ്രുവരി 19-ന് വിവിധ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നുമെത്തിയ പ്രതിനിധികളായ ഞങ്ങൾ ന്യൂഡൽഹിയിൽ ഒത്തുചേർന്നു. സാങ്കേതിക പരിണാമ പാതയിലെ നിർണായക വഴിത്തിരിവാണ് നിർമിതബുദ്ധിയുടെ വരവിലൂടെ അടയാളപ്പെടുത്തുന്നത്. ഇന്ന് നാം കൈക്കൊള്ളുന്ന തീരുമാനങ്ങളായിരിക്കും വരുംതലമുറയ്ക്ക് ലഭിക്കാൻ പോകുന്ന എഐ അധിഷ്ഠിത ലോകത്തെ രൂപപ്പെടുത്തുന്നത്.

മനുഷ്യവിഭവശേഷി വികസനം; സാമൂഹ്യശാക്തീകരണ പ്രാപ്യത വർധിപ്പിക്കൽ; എഐ സംവിധാനങ്ങളുടെ വിശ്വസനീയത; എഐ സംവിധാനങ്ങളുടെ ഊർജ്ജക്ഷമത; ശാസ്ത്രരംഗത്തെ എഐ ഉപയോഗം; എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം; സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കുമായി എഐ ഉപയോഗം എന്നിങ്ങനെ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഏഴ് സ്തംഭങ്ങളെ (ചക്രങ്ങൾ) അടിസ്ഥാനമാക്കി അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിലവിലെ അന്താരാഷ്ട്ര സംരംഭങ്ങൾക്കും മറ്റ് ശ്രമങ്ങൾക്കും പൂരകമായി ‌വർത്തിച്ചും ദേശീയ പരമാധികാരത്തെ ബഹുമാനിച്ചും നിർമിതബുദ്ധിയെ എങ്ങനെ മാനവിക സേവനത്തിന് വിനിയോഗിക്കാമെന്നത് സംബന്ധിച്ച് പങ്കിട്ട ധാരണ വളർത്തിയെടുക്കാൻ ഞങ്ങൾ പരിശ്രമിക്കും. ഉച്ചകോടിയുടെ ഏഴ് സ്തംഭങ്ങളിലായി (ചക്രങ്ങൾ) പ്രഖ്യാപിക്കപ്പെട്ട സംരംഭങ്ങളെ ഇതിനായി ഞങ്ങൾ പരിഗണിക്കുന്നു.

എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം
എഐ വിന്യാസത്തിനും അതിൻ്റെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്താനും ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും എല്ലാവർക്കും താങ്ങാവുന്ന ഇൻ്റര്‍നെറ്റ് ലഭ്യതയും അടിസ്ഥാന ആവശ്യകതകളാണ്. “വസുധൈവ കുടുംബകം” (ലോകം ഒരു കുടുംബം) എന്ന തത്വത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എല്ലാ രാജ്യങ്ങൾക്കും അവരുടെ പൗരന്മാരുടെ പ്രയോജനത്തിന് എഐ വികസിപ്പിക്കാനും സ്വീകരിക്കാനും വിന്യസിക്കാനും ആവശ്യമായ എഐ വിഭവങ്ങളുടെ ലഭ്യതയും താങ്ങാവുന്ന ചെലവും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ദേശീയ നിയമങ്ങളെ മാനിച്ച് അടിസ്ഥാനപരമായ എഐ വിഭവങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കാനും പ്രാദേശികമായി പ്രസക്തമായ നൂതനാശയങ്ങളെ പിന്തുണയ്ക്കാനും പ്രതിരോധാത്മക എഐ ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്താനും സ്വയംസന്നദ്ധവും നിർബന്ധിതമല്ലാത്തതുമായ ചട്ടക്കൂടായി ജനാധിപത്യപരമായ എഐ വ്യാപന നയരേഖയെ ഞങ്ങൾ അംഗീകരിക്കുന്നു.

സാമ്പത്തിക വളർച്ചയും സാമൂഹ്യ നന്മയും
നിര്‍മിതബുദ്ധിയുടെയും എഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെയും വിപുലമായ സ്വീകാര്യത സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉത്തേജിപ്പിക്കുന്നതിൽ അഭൂതപൂർവമായ സാധ്യതകൾ നൽകുന്നു. ഉചിതമായ ഇടങ്ങളിൽ സ്വതന്ത്ര എഐ ആപ്ലിക്കേഷനുകളും മറ്റ് സുതാര്യ സമീപനങ്ങളും സ്വീകരിക്കുന്നത് വിവിധ മേഖലകളിൽ എഐ സംവിധാനങ്ങളുടെ വിപുലീകരണത്തിനും അനുകരണത്തിനും അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും സഹായിക്കും.

വിവിധ മേഖലകളിൽ വിജയകരമായ എഐ മാതൃകകൾ സ്വീകരിക്കാനും അവ ആവർത്തിച്ച് നടപ്പാക്കാനും വിപുലീകരിക്കാനും പ്രായോഗിക വേദിയൊരുക്കുന്ന സ്വയംസന്നദ്ധ സംരംഭമായ ഗ്ലോബൽ എഐ ഇംപാക്ട് കോമൺസിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

സുരക്ഷിതവും വിശ്വസനീയവുമായ എഐ
സുരക്ഷിതവും വിശ്വസനീയവും കരുത്തുറ്റതുമായ എഐ വികസിപ്പിക്കുന്നത് പൊതുവിശ്വാസം വളർത്താനും സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങൾ പരമാവധി വർധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട സുരക്ഷാ വശങ്ങളെക്കുറിച്ച് ആഴമേറിയ ധാരണ പ്രധാനമാണെന്ന് തിരിച്ചറിയുന്നതിനൊപ്പം നിര്‍മിതബുദ്ധിയുടെ ഓരോ ഘട്ടത്തിലും പൊതുതാല്പര്യം സംരക്ഷിച്ച് നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക പരിഹാരങ്ങളുടെയും അനുയോജ്യമായ നയ ചട്ടക്കൂടുകളുടെയും പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു.

എല്ലാവർക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന സാങ്കേതിക വിഭവങ്ങളും ടൂളുകളും മാനദണ്ഡങ്ങളും മികച്ച മാതൃകകളും ക്രോഡീകരിക്കുന്ന ട്രസ്റ്റഡ് എഐ കോമൺസ് എന്ന സംയുക്ത വിജ്ഞാനശേഖര വേദിയെയും അതിൻ്റെ മാർഗനിർദേശങ്ങളെയും ഞങ്ങൾ അംഗീകരിക്കുന്നു.

ശാസ്ത്രം
എഐ ഗവേഷണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയും ഈ മേഖലയിലെ തടസങ്ങൾ നീക്കിയും വിവിധ രാജ്യങ്ങളിൽ ശാസ്ത്രീയ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ എഐ ഉപയോഗം വർധിപ്പിക്കാനാവുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വൈദഗ്ധ്യം, കാഴ്ചപ്പാടുകൾ, വിഭവങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണങ്ങൾക്ക് ഗവേഷണ-വികസന മേഖലയിലെ എഐ സാധ്യതകളെ പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കും.

നിര്‍മിതബുദ്ധിയുടെ ഫലപ്രദ വിന്യാസം വേഗത്തിലാക്കുന്നതിന് ശാസ്ത്ര സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ഗവേഷണ ശേഷികൾ പങ്കിടാനുമാകുന്ന വേദിയെന്ന നിലയിൽ സ്വയംസന്നദ്ധ സംയുക്ത സംരംഭമായ ‘ശാസ്ത്ര സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര എഐ ശൃംഖല’യെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

സാമൂഹ്യ ശാക്തീകരണത്തിന് എഐ പ്രാപ്യത
വ്യക്തികൾക്ക് അറിവ്, രാജ്യാന്തര എഐ പരിഹാരങ്ങൾ, വിവരങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാക്കിയും സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉയർത്തിക്കൊണ്ടുവരാൻ നിർമിതബുദ്ധിക്ക് ശേഷിയുണ്ട്. സാമൂഹ്യ ശാക്തീകരണത്തിന് എഐ സ്വീകരിക്കുന്നത് സുഗമമാക്കുന്ന സഹകരണത്തിൻ്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു.

സാമൂഹ്യ ശാക്തീകരണത്തിനായി എഐ വിന്യാസം പ്രോത്സാഹിപ്പിക്കുന്നതിന് അറിവുകളും വിപുലീകരിക്കാവുന്ന മാതൃകകളും കൈമാറുന്ന സ്വയംസന്നദ്ധ സംയുക്ത പ്ലാറ്റ്‌ഫോമിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

മനുഷ്യവിഭവശേഷി
നിർമിതബുദ്ധിയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താന്‍ എഐ മനുഷ്യവിഭവശേഷി വികസനം, വിദ്യാഭ്യാസ സംരംഭങ്ങൾ, തൊഴിൽസേന വികസനം, പൊതു ഉദ്യോഗസ്ഥ പരിശീലനം, എഐ സാക്ഷരത മെച്ചപ്പെടുത്തല്‍, തൊഴിൽ പരിശീലന സംവിധാനങ്ങളുടെ പരിഷ്കരണം എന്നിവയിലൂടെ വ്യക്തികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നല്‍കേണ്ടതുണ്ട്.

അർത്ഥപൂര്‍ണമായ എഐ നൈപുണ്യ-പുനർനൈപുണ്യ സംരംഭങ്ങളിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എഐ അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയ്ക്ക് രാജ്യങ്ങളെ സജ്ജമാക്കാന്‍ സഹായിക്കുന്ന എഐ യുഗത്തിലെ പുനർനൈപുണ്യ മാർഗനിർദേശ തത്വങ്ങളും എഐ തൊഴിൽസേന വികസന മാർഗരേഖയും ഞങ്ങൾ അംഗീകരിക്കുന്നു.

പ്രതിരോധാത്മകത, നൂതനാശയങ്ങള്‍‌, കാര്യക്ഷമത
ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ നിർമിതബുദ്ധി ചെലുത്തുന്ന വര്‍ധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത് ഊർജ്ജക്ഷമമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. ചെലവ് കുറഞ്ഞ എഐ സംവിധാനങ്ങളുടെ ലഭ്യത വർധിപ്പിക്കുകയും പങ്കാളിത്ത വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ പ്രാദേശിക നൂതനാശയങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യും.

പ്രതിരോധാത്മകവും കാര്യക്ഷമവുമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് പ്രതിരോധാത്മകവും നൂതനവും കാര്യക്ഷമവുമായ നിർമിതബുദ്ധി സംബന്ധിച്ച സ്വയംസന്നദ്ധ മാർഗനിർദേശക തത്വങ്ങൾ സഹായകമാവുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. കൂടാതെ പ്രതിരോധാത്മക എഐ വികസനത്തിന് പിന്തുണ നൽകുന്ന ആധികാരിക വിഭവമായി പ്രതിരോധാത്മക എഐ അടിസ്ഥാനസൗകര്യ വിപുലീകരണ പ്രവർത്തനരേഖയെ ഞങ്ങള്‍ അംഗീകരിക്കുന്നു.

ഉപസംഹാരം
അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്താനും മാനവികതയുടെ ഐശ്വര്യപൂർണമായ ഭാവി ഉറപ്പാക്കുന്നതിന് എഐ പ്രയോജനപ്പെടുത്താനും എഐ ഇംപാക്ട് ഉച്ചകോടി സഹായകമാകുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

നിർമിതബുദ്ധിയുടെ ഗുണഫലങ്ങൾ എല്ലാവരിലും എത്തിക്കാന്‍ സ്വീകരിക്കുന്ന പങ്കാളിത്ത ലക്ഷ്യങ്ങളിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുന്നു. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൻ്റെ ‘മൂന്ന് സൂത്രങ്ങളെ’ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റാന്‍ തുടർച്ചയായ സഹകരണത്തിന് ഞങ്ങൾ കാത്തിരിക്കുന്നു.

പ്രഖ്യാപനം അംഗീകരിച്ച രാജ്യങ്ങൾ/അന്താരാഷ്ട്ര സംഘടനകൾ:

1. അൽബേനിയ

24. ഫിൻലാൻഡ്

47. മാൾട്ട

70. സിംഗപ്പൂർ

2. അർമേനിയ

25. ഫ്രാൻസ്

48. മൗറീഷ്യസ്

71. സ്ലൊവാക്യ

3. ഓസ്‌ട്രേലിയ

26. ഗാംബിയ

49. മെക്സിക്കോ

72. സ്ലൊവേനിയ

4. ഓസ്ട്രിയ

27. ജർമനി

50. മൊറോക്കോ

73. ദക്ഷിണ കൊറിയ

5. ബെൽജിയം

28. ഗ്രീസ്

51. മൊസാംബിക്

74. സ്പെയിൻ

6. ഭൂട്ടാൻ

29. ഗയാന

52. മ്യാൻമർ

75. ശ്രീലങ്ക

7. ബൊളീവിയ

30. ഹംഗറി

53. നേപ്പാൾ

76. സുരിനാം

8. ബോട്സ്വാന

31. ഐസ്‌ലാൻഡ്

54. നെതർലാൻഡ്‌സ്

77. സ്വീഡൻ

9. ബ്രസീൽ

32. ഇന്ത്യ

55. ന്യൂസിലാൻഡ്

78. സ്വിറ്റ്സർലാൻഡ്

10. ബൾഗേറിയ

33. ഇന്തോനേഷ്യ

56. നോർവേ

79. താജിക്കിസ്ഥാൻ

11. കംബോഡിയ

34. ഇറാൻ

57. ഒമാൻ

80. ടാൻസാനിയ

12. കാനഡ

35. അയർലാൻഡ്

58. പരാഗ്വേ

81. ട്രിനിഡാഡ് ആൻഡ് ടൊബാഗോ

13. ചിലി

36. ഇസ്രായേൽ

59. പെറു

82. യുഎഇ

14. ചൈന

37. ഇറ്റലി

60. ഫിലിപ്പീൻസ്

83. ഉക്രൈൻ

15. ക്രൊയേഷ്യ

38. ജപ്പാൻ

61. പോളണ്ട്

84. യുകെ

16. ക്യൂബ

39. കസാക്കിസ്ഥാൻ

62. പോർച്ചുഗൽ

85. യുഎസ്എ

17. സൈപ്രസ്

40. കെനിയ

63. റൊമാനിയ

86. ഉസ്ബെക്കിസ്ഥാൻ

18. ചെക്ക് റിപ്പബ്ലിക്

41. കിർഗിസ്ഥാൻ

64. റഷ്യ

87. യൂറോപ്യൻ യൂണിയൻ

19. ഡെന്മാർക്ക്

42. ലാത്വിയ

65. റുവാണ്ട

88. അന്താരാഷ്ട്ര കാര്‍ഷിക വികസന ഫണ്ട് (IFAD)

20. ഈജിപ്ത്

43. ലിച്ചെൻസ്റ്റീൻ

66. സൗദി അറേബ്യ

21. എസ്റ്റോണിയ

44. ലിത്വാനിയ

67. സെനഗൽ

22. എത്യോപ്യ

45. ലക്സംബർഗ്

68. സെർബിയ

23. ഫിജി

46. മാലിദ്വീപ്

69. സീഷെൽസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com