നമ്മൾ പ്രകാശത്തെ കൂടുതൽ ഇഷ്ടപ്പെടുകയും, ഇരുട്ടിനെ ഭയത്തോടു കൂടി കാണുകയും ചെയ്യുന്നു. എന്നാൽ പ്രകാശം ഇല്ലാത്ത ഒരു അവസ്ഥയും, ഇരുട്ട് ഇല്ലാത്ത അവസ്ഥയും നമുക്ക് ചിന്തിക്കാൻ കഴിയുമൊ.
കൊടുംകാട്ടിൽ അകപ്പെട്ട് പുറത്ത് കടക്കാൻ കഴിയാതെ വലയുമ്പോൾ അങ്ങ് ദൂരെ ഒരു മിന്നാമിനുങ്ങിന്റെ അത്ര വെളിച്ചം കണ്ടാൽ അവിടേക്ക് എത്രയും പെട്ടെന്ന് എത്തിചേരാൻ നമ്മൾ ശ്രമിക്കുന്നത് പോലെ.
ഇപ്പോൾ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ അകപ്പെട്ട് സത്യത്തിന്റെ വെളിച്ചത്തിനു വേണ്ടി , അവിടേക്കും, ഇവിടേക്കും ഓടി നടക്കുമ്പോൾ, ഒരു നിമിഷം സ്വസ്ഥമായിരുന്ന്, കണ്ണുകൾ അടച്ച് സ്വന്തം ഹൃദയത്തിലേക്ക് അക കണ്ണുകൾ കൊണ്ടു നോക്കൂ ഒരു പ്രകാശമായോ, മറ്റുപല ചൈതന്യങ്ങളുമായൊ ഈശ്വരനെ നിങ്ങൾക്ക് കാണാൻ കഴിയും.
നിങ്ങളിൽ കുടി കൊള്ളുന്ന , പ്രപഞ്ചം ആകെ നിറഞ്ഞുനിൽക്കുന്ന ആ ഈശ്വര ചൈതന്യത്തെ, പ്രകാശത്തെ, പൂർണ്ണ വിശ്വാസത്തോടെ, സ്നേഹത്തോടെ, ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുമ്പോൾ ഈശ്വര കൈവലയത്തിനുള്ളിൽ നിങ്ങൾ സുരഷിതരാണ്.
രാത്രി നേരങ്ങളിൽ ചില കാലങ്ങളിൽ , വൈദ്യുതി ബൾബിന്റെ പ്രകാശത്തിന് ചുറ്റും ഈയാം പാറ്റകൾ വട്ടമിട്ട് പറക്കുന്നത് നാം കണ്ടിട്ടുണ്ട്. ഏതാനും നിമിഷ നേരം കൊണ്ട് ചിറകുകൊഴിഞ്ഞ് ജീവൻ പൊലിഞ്ഞ് കിടക്കുന്നതും നാം കണ്ടിട്ടുണ്ട്. അതുപോലെ പകൽ നേരങ്ങളിൽ ഈയാം പാറ്റകൾ പറന്നുയരുന്ന നിമിഷം കാക്ക മുതലായ പക്ഷികൾ കൊത്തി അവ ഭക്ഷിക്കുന്നതും കണ്ടുകാണും. ഇതേ അവസ്ഥ തന്നെയാണ് മരണാനന്തരം മനുഷ്യനും വന്നുചേരുന്നത്. ഈശ്വര ചൈതന്യമാകുന്ന വെളിച്ചം കണ്ട് അതിൽ ലയിച്ച് അങ്ങനെ ഈശ്വര സാക്ഷാത്കാരം നേടാൻ പറന്ന് ഉയരുമ്പോൾ അതിന് കഴിയാതെ ചിറകുകൾ കൊഴിഞ്ഞ് വിഴുന്ന ഇയാം പാറ്റകളെ പോലെ ആകാതിരിയ്ക്കാൻ ഈ ജീവിതകാലത്ത് നമ്മളിൽ കുടികൊള്ളുന്ന ഈശ്വരന് ഇണങ്ങും വിധം ജീവിക്കുക.
രാത്രികാലങ്ങളിൽ കടലിൽ യാത്ര ചെയ്യുന്ന കപ്പൽ മുതലായവയ്ക്ക് ശരിയായ ദിശയിൽ കൂടി യാത്ര ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനമാണ് ലൈറ്റ് ഹൗസ്. അതിനെ വകവയ്ക്കാതെ യാത്ര ചെയ്താൽ അപകടത്തിൽ പെടും എന്നത് തീർച്ച. അതുപോലെ ഈശ്വരൻ നമുക്ക് ഈശ്വര സാക്ഷാക്കാരം നേടുന്നതിനുള്ള വഴി പറഞ്ഞ് തരുന്നത് കേൾക്കണമെങ്കിൽ ഈശ്വരനെ കേൾക്കണം. അതിനുള്ള മാർഗം സ്വസ്ഥമായി കണ്ണുകൾ അടച്ച് ഇരിക്കുകയാണ്.
ഈശ്വര സാക്ഷാത്ക്കാരം നേടുക എന്ന ഓരേ ഒരു ലക്ഷ്യത്തോടെയാണ് ഒരോ ആത്മാവും മനുഷ്യ ശരീരം തെരഞ്ഞെടുക്കുന്നത്. എന്നാൽ, അതിനെ തടസ്സപ്പെടുത്തി കൊണ്ട് തട്ടിപ്പ് വീരന്മാർ,സത്യത്തെ തിരിച്ചറിയുന്നതിന് ഇടം കൊടുക്കാതെ അവൻ്റെ ഉള്ളിലേക്ക് അന്ധവിശ്വാസങ്ങളുടെ കാളകൂട വിഷം കുത്തി നിറയ്ക്കും.
സത്യത്തിന്റെ വഴി അറിയുന്നതിന് മുമ്പ് ചെളികുണ്ടിൽ അകപ്പെട്ട അവർ , സത്യം തിരിച്ചറിഞ്ഞാലും ചെളിയിൽ നിന്നും ശുദ്ധി വരുത്താൻ കഴിയത്ത വിധം അഗാധമായ ഗർത്തത്തിൽ അകപ്പെട്ടവരായിരിക്കും. അവരാണ് ശുദ്ധ ആത്മാക്കളായി ജീവിക്കുന്നവരെ പ്രേരിപ്പിച്ച് വഴിതെറ്റിച്ച് കൂടെ കൂട്ടുന്നത്.
ആരെയും കാണാനൊ, കേൾക്കാനൊ പോകാതെ, സത്യത്തിന്റെ വഴിയിൽ കൂടി മാത്രം ജീവിത അവസാനം വരെ സഞ്ചരിക്കാൻ കഴിഞ്ഞാൽ ഈശ്വര സാക്ഷാത്കാരം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയും.
ഇതെല്ലാം എഴുതുമ്പോഴും ഞാൻ എപ്പോഴും ഈശ്വരനിൽ അടിയുറച്ച് വിശ്വസിക്കുന്നവനാണ് എന്ന് എങ്ങനെ പറയും. കാര്യങ്ങൾ സുഗമമായി നടക്കാതെ വരുമ്പോൾ നമ്മുടെ ദുർബലന്റേതായ സംശയത്തിന് ഞാനും അടിമപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് ആ സംശയങ്ങളിൽ നിന്ന് മുക്തി നേടി ഈശ്വരനിൽ സമർപ്പിക്കുകയാണ് ചെയ്യുക.
ഞാൻ പാതി ദൈവം പാതി എന്ന ഈ നിബന്ധന അക്ഷരംപ്രതി പാലിച്ചു കൊണ്ടുള്ള ഒരു ജീവിതക്രമമാണ് നമ്മൾ ജീവിതത്തിൽ ചിട്ട പെടുത്തേണ്ടത്. അധ്വാനിക്കാൻ കഴിയുന്ന കാലത്ത് അധ്വാനിച്ചും, നമ്മെളെ ക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തികളും ഭംഗിയായി നിർവഹിച്ചും ജീവിക്കുക. അതുപോലെ തന്നെ നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ ശ്രദ്ധയോടെ വീക്ഷിയ്ക്കണം. ആരാലും വഞ്ചിക്കപ്പെടാതിരിക്കുന്നതിന് ആവശ്യമായ സൂത്രങ്ങളും, കൗശലങ്ങളും ആർക്കും ദ്രോഹം വരാത്ത വിധവും, സത്യത്തിന് നിരക്കുന്ന വിധത്തിലും പ്രയോഗിക്കണം. അല്ലെങ്കിൽ ഈ ലോകത്തിൽ ജീവിക്കാൻ കഴിയാത്തവനാവും. ഒരു ചെറിയ ഒരു നുണ കൊണ്ട് വലിയ കലഹങ്ങളിൽ നിന്ന് പല കുടുംബങ്ങളും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ട്.
ഈശ്വര സാക്ഷാത്കാരം എന്ന കടമ്പ കടന്ന് , ലക്ഷ്യത്തിലെത്താൻ നമ്മെ സഹായിക്കാൻ ,മരിച്ചവരൊജീവിച്ചിരിക്കുന്നവരൊ ആയ ഒരു മനുഷ്യനും കഴിയുകയില്ല എന്ന സത്യം തിരിച്ചറിയുക. നമ്മൾ ഈ ജീവിതകാലത്ത് അറിഞ്ഞുകൊണ്ട് ചെയ്തുകൂട്ടിയ തെറ്റുകളുടെ മോചനത്തിനായി ഒരു മനുഷ്യൻ ജീവൻ ഹോമിച്ചാൽ പോലും അതുകൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല എന്ന സത്യം തിരിച്ചറിയുക. ഈശ്വര സാക്ഷാൽക്കാരം എന്ന ആത്മാവിന്റെ ലക്ഷ്യം കൈവരിക്കുന്നതാകട്ടെ നമ്മുടെ ഇഹലോകവാസം.