Saturday, December 21, 2024
Homeഅമേരിക്കഫാമിലി & യൂത്ത് കോൺഫറൻസ് സുവനീർ റിലീസിന് തയ്യാർ

ഫാമിലി & യൂത്ത് കോൺഫറൻസ് സുവനീർ റിലീസിന് തയ്യാർ

-ഉമ്മൻ കാപ്പിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ സ്മരണാർത്ഥം പുറത്തിറക്കുന്ന സുവനീർ ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിൽ നടക്കുന്ന കോൺഫറൻസിൽ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ 6 മാസമായി ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ സുവനീർ കമ്മിറ്റിയുടെയും ഫൈനാൻസ് കമ്മിറ്റിയുടെയും കഠിനാധ്വാനത്തിൻ്റെ പരിസമാപ്തിയാണ് സുവനീർ എന്ന് ചീഫ് എഡിറ്റർ ദീപ്തി മാത്യു പറഞ്ഞു. സുവനീറിലേക്ക് ലേഖനങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളും സംഭാവന ചെയ്ത വികാരിമാരുടെയും സഭാംഗങ്ങളുടെയും പരസ്യങ്ങളിലൂടെ പിന്തുണച്ച വ്യക്തികളുടെയും ബിസിനസ്സുകളുടെയും പിന്തുണ ദീപ്തി നന്ദിയോടെ സ്മരിക്കുന്നു.

സുവനീർ കമ്മിറ്റി അംഗങ്ങളും ഫൈനാൻസ് കമ്മിറ്റി അംഗങ്ങളും ഭദ്രാസനത്തിലെ വിവിധ ഇടവകകൾ സന്ദർശിച്ച് സുവനീറിൻ്റെ പ്രചാരണത്തിനും ലേഖനങ്ങളും പരസ്യങ്ങളും ശേഖരിക്കാനും എത്തിയിരുന്നു. സുവനീർ ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും വിജയകരമാക്കാൻ എല്ലാ ഇടവകകളിൽ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവും അമൂല്യമായിരുന്നെന്ന് ഫൈനാൻസ് കോർഡിനേറ്റർ ജോൺ താമരവേലിൽ അറിയിച്ചു.. കോൺഫറൻസിൻ്റെ രണ്ടാം ദിവസമായ ജൂലൈ 11 വ്യാഴാഴ്ച അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത സുവനീർ പ്രകാശനം ചെയ്യുന്നതാണ്.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments