Monday, February 23, 2026
Homeഅമേരിക്കദേവശയനി ഏകാദശി (ലഘുവിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ദേവശയനി ഏകാദശി (ലഘുവിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ആത്മീയവും മതപരവുമായി പ്രാധാന്യമുള്ള ദേവശയനി ഏകാദശിയെക്കുറിച്ചുള്ള വിവരണത്തിലൂടെ..

പുരാതനകാലം മുതൽക്കേ നിലനിൽക്കുന്നതാണ് ക്ഷേത്രസന്ദർശനവും, ഏകാദശി പ്രാർത്ഥനകളും,ആചാരങ്ങളിലൊക്കെ പങ്കെടുക്കുന്നതുമെല്ലാം.
നാമവും മാഹാത്മ്യവും തുടർന്നുപോകുന്ന ഹിന്ദുമതത്തിലെ ഏകാദശിക്ക് ഏറെ പ്രാധാന്യമാണുള്ളത്.

ഏകാദശിക്കുള്ള 2 കർത്തവ്യങ്ങളാണ് ഈശ്വരനാമം ജപിച്ച് പകൽ മുഴുവൻ ഭഗവത് നാമം ജപിക്കുകയും,രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യണമെന്നത്.
ഒരു വർഷത്തിൽ സാധാരണയായി 24,25 ഏകാദശികൾ ഉണ്ടാകുമെന്നാണ്. ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കുന്നതിനും, സ്വയം ശുദ്ധീകരിക്കുന്നതിനുള്ള ദിവസമാണ് ഏകാദശിയെന്നാണ് വിശ്വാസം.

ഹിന്ദു കലണ്ടറിന്റെ പുണ്യ ദിനമാണ് ചന്ദ്രന്റെ ഏകാദശിയിൽ വരുന്ന ആഷാഡി ഏകാദശി, ഹരിശയന ഏകാദശി, പത്മ ഏകാദശിയെന്നുമറിയ പ്പെടുന്ന ദേവശയനി ഏകാദശി. ചതുർമാസത്തിന്റെ ആരംഭമാണ് ആഷാഢ മാസത്തിലെ പതിനൊന്നാം ദിവസത്തെ ദേവശയനി ഏകാദശി. പൊതുവേ ജൂൺ, ജൂലൈ മാസങ്ങളിൽ വരുന്ന ദേവശയനി ഏകാദശി ഈ പ്രാവശ്യം നാളെ (ജൂലൈ 6) ഞായറാഴ്ചയാണ്.

വിഷ്ണു ഭഗവാൻ ദിവ്യനിദ്രയിലേക്ക് പ്രവേശിക്കുന്ന നാല് മാസമാണിത്. ഹിന്ദു കലണ്ടറിലെ ഈ നാല് മൺസൂൺ മാസങ്ങൾ ആഷാഢം, ശ്രാവണം, ഭദർപദം, അശ്വിൻ എന്നിവയാണ്. ആത്മശുദ്ധീക രണത്തിന്റെ സമയമാണ് ചാതുർമാസ്യം.
ആദിശേഷ എന്ന സർപ്പത്തിന്റെ മുകളിൽ ക്ഷീര സമുദ്രത്തിൽ വിഷ്ണു ഭഗവാൻ ഉറങ്ങുന്നു. ഇത് യോഗനിദ്ര എന്ന പേരിലറിയപ്പെടുന്നു. നാലുമാസം നീണ്ടുനിൽക്കുന്ന നിദ്രയിൽ നിന്നും വിഷ്ണു ഭഗവാൻ ഉണരുന്നത് കാർത്തിക പ്രബോധിനി ഏകാദശിയിലാണ്. വിവാഹം, ഗൃഹപ്രവേശം, മുണ്ഡൻ തുടങ്ങിയ ശുഭകരമായ ചടങ്ങുകൾ ഈ കാലയളവിൽ അനുഷ്ഠിക്കാറില്ല.

ചതുർമാസകാലഘട്ടത്തെ സൂചിപ്പിക്കുന്ന ഈ ദിനത്തിൽ ഹരേ കൃഷ്ണ അനുയായികൾ വിഷ്ണു പ്രീതിക്കായി പവിത്രമായ ചതുർമാസ വ്രതം ആരംഭിക്കുന്നു. വിഷ്ണു ഭഗവാന്റെ വിഗ്രഹമോ,ചിത്രമോ ശേഷശായി (ചാരി ഇരിക്കുന്ന രൂപത്തിൽ )സ്ഥാപിച്ച് തുളസി ഇലകൾ, മഞ്ഞപ്പൂക്കൾ, ചന്ദനം, പഞ്ചാമൃതവും ( പാൽ,തൈര്, തേൻ, നെയ്യ്, പഞ്ചസാര)സമർപ്പിക്കുന്നു. കൂടാതെ വിഷ്ണു സഹസ്രനാമമോ, ഭഗവത്ഗീത ശ്ലോകങ്ങളോ വായിക്കുന്നു.

അതിരാവിലെ പുണ്യസ്നാനം കഴിഞ്ഞ് ക്ഷേത്രങ്ങളിലോ, വീടുകളിലോ പൂജിച്ച്
ഭക്തർ വിഷ്ണുവിനായി ഉപവാസം അനുഷ്ഠിക്കുന്നു. ഈ ദിവസം ചിലർ പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നു. മറ്റു ചിലർ ധാന്യങ്ങൾ ഒഴിവാക്കിക്കൊണ്ട് പഴം,പാൽ,വെള്ളം എന്നിവ മാത്രം കഴിക്കുന്നു.രാത്രി ഉറങ്ങാതെ സ്തുതി ഗീതങ്ങൾ ആലപിക്കുന്നു. അടുത്ത ദിവസം രാവിലെ പരാന മുഹൂർത്തത്തിൽ വ്രതമവസാനിപ്പിക്കുന്നു. മതപരമായ ഉപവാസമെന്നതിലുപരി ഈ ദിന വ്രതം കാരുണ്യം, ഭക്തി, ആത്മ പുനസജ്ജീകരണത്തിന്റേയും ദിവസമാണ്. ദേവശയനി ഏകാദശിവ്രതം മുൻകാല പാപങ്ങളെ ശുദ്ധീകരിക്കാനും, മോക്ഷത്തിലേക്കടുക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.

‘ ദേവ’ എന്നർത്ഥം വരുന്ന ‘ദൈവം’ ഭഗവാൻ എന്നതിനേയും ‘ശയനി’ എന്നർത്ഥം വരുന്ന ‘ഉറക്കം’ എന്നതിനേയും സൂചിപ്പിക്കുന്നു.ഈ രണ്ട് സംസ്കൃത വാക്കുകളിൽ നിന്നാണ് ദേവശയനി ഏകാദശി ഉരുത്തിരിഞ്ഞതെന്നാണ്. ഏതാണ്ട് എല്ലാ പുണ്യ ഉത്സവങ്ങൾക്ക് പിന്നിലും ഏറെ കഥകളുണ്ടാകാം. ദേവശയനി ഏകാദശിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നാടോടി കഥകളുണ്ട്. പുരാതന പുരാണങ്ങൾ പ്രകാരമുള്ള ദേവശയനി ഏകാദശിയുടെ കഥ നോക്കാം.

സദ് വൃത്തായ രാജാവ് മണ്ഡതയുടെ കഥയുമായി ബന്ധമുള്ളതാണ്. നീതിയുക്തമായ ഭരണത്തിനും, ധർമ്മത്തിനും പേര് കേട്ട രാജാവായ മണ്ഡതയുടെ സംരക്ഷണത്തിൽ രാജ്യം അഭിവൃദ്ധിയാർജ്ജിച്ചിരുന്നു.എങ്കിലും പിന്നെയൊരു കാലത്ത് തുടർച്ചയായ വരൾച്ച നേരിട്ടു.നദികൾ വറ്റി, വിളകൾ നശിച്ചു.അദ്ദേഹത്തിന്റെ രാജ്യത്തിൽ ദാരിദ്ര്യം വന്നുചേർന്നു. രാജാവ് നിരവധി ശ്രമങ്ങൾ നടത്തി, യജ്ഞങ്ങൾ നടത്തി, പക്ഷേ ഒരു പ്രയോജനവുമുണ്ടാ യില്ല.തുടർന്ന് സഹായത്തിനായി രാജാവ് അംഗീര മഹർഷിയോട് പ്രാർത്ഥിച്ചു. പൂർണ്ണ വിശ്വാസത്തോടെ ദേവശയനി ഏകാദശി വ്രതമനുഷ്ഠിക്കാൻ അദ്ദേഹം പറഞ്ഞത് പ്രകാരം, രാജാവും പ്രജകളും വിഷ്ണു ഭഗവാന്റെ ആചാരങ്ങൾ ഭക്തിയോടെ പാലിച്ചു. തുടർന്ന് വ്രത ശേഷം കനത്ത മഴ പെയ്യുകയും രാജ്യം വീണ്ടും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവെ ന്നാണ് കഥ. വിഷ്ണു ഭഗവാനിൽ ഭക്തരുടെ പൂർണ്ണ വിശ്വാസ ത്തോടെയുള്ള ഉപവാസ ശക്തിയാണ് ഈ കഥയ്ക്കടിസ്ഥാനം.

ഇസ്കോൺ അനുയായികളും, പല വൈഷ്ണവരും ഈ സമയം ഭഗവാനോട് അടുക്കാനുള്ള ഏറ്റവും നല്ല സമയമായി കാണുന്നത് കൊണ്ട് പുണ്യ നാമങ്ങൾ ജപിക്കുകയും,കീർത്തനങ്ങളാലപിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ പ്രശസ്തമായ പണ്ഡർപൂർ വിട്ടാല ക്ഷേത്രത്തിൽ ദേവശയനി ഏകാദശി ആഷാഢി ഏകാദശിയെന്ന പേരിൽ പ്രസിദ്ധമായി ആഘോഷിക്കുന്നു. അനേകം വാർക്കാരികൾ തുക്കാറാം, ജ്ഞാനേശ്വർ തുടങ്ങിയ സന്യാസികളുടെ പാദുകങ്ങളും വഹിച്ചുകൊണ്ട് പാൽക്കികളുമായി ( പല്ലക്കുകൾ ) നഗ്നപാദരായി നടക്കുന്ന വലിയൊരു കാൽനട തീർത്ഥാടനമാണ് പണ്ഡവൂർ പാരി. ഈ ദിനത്തിൽ പ്രശസ്തമായ പണ്ഡർപൂർ ആഷാഡി വാരിയാത്രയവസാനിക്കുന്നു.

ദേവ ശയനി ഏകാദശി ദിനത്തിൽ വിശക്കുന്നവർക്ക് വേണ്ടി അന്നദാനം ഒരുക്കുന്നതും മധുരപലഹാരങ്ങളും, പഴങ്ങളോ,ലളിതമായ ഭക്ഷണമോ നൽകുന്നതും വളരെ നല്ലതാണ്.ഇത്തരം കർമ്മങ്ങൾ എല്ലാവരുടേയും സംരക്ഷകനായ ഭഗവാനെ പ്രസാദിപ്പിക്കുന്നുവെ ന്നാണ്. പത്മപുരാണമനുസരിച്ച് ഒരാൾക്ക് വേദങ്ങൾ പഠിക്കുന്നതിനും, യാഗങ്ങൾ നടത്തുന്നതിനും, പുണ്യ സ്ഥലങ്ങളിൽ കുളിക്കുന്നതിനും തുല്യമായ പുണ്യമാണ് ദേവശയനി ഏകാദശി ഉപവസിക്കുന്നതിലൂടെ ലഭ്യമാകുന്നതെന്നാണ്. ഏകാദശി തിഥി ജൂലൈ 5 ന് വൈകുന്നേരം 06:58 ന് ആരംഭിച്ച് ജൂലൈ 6 ന് രാത്രി 09:14 ന് അവസാനിക്കുന്നു.

ഏവർക്കും ദേവശയനി ഏകാദശി ആശംസകൾ 🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com