Thursday, January 8, 2026
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (123) ക്ഷേത്രവും സമാജവും (ഭാഗം-2) 'സമാജത്തിൻ്റെ ഛിദ്രാവസ്ഥ മാറണം'...

അറിവിൻ്റെ മുത്തുകൾ – (123) ക്ഷേത്രവും സമാജവും (ഭാഗം-2) ‘സമാജത്തിൻ്റെ ഛിദ്രാവസ്ഥ മാറണം’ ✍പി.എം.എൻ.നമ്പൂതിരി.

വാസ്തവത്തിൽ വെളിയിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്ന ആക്രമണങ്ങൾ ഇവിടെ ഫലപ്രദമായത് ഹിന്ദുസമുദായം ഛിന്നഭിന്നമായി അസംഘടിതാവസ്ഥയുടെ നെല്ലിപ്പലക യോടടുത്തപ്പോഴാണ്. കെട്ടുറപ്പും ഓജസ്സും നശിച്ച് ഒരു ജീവച്ഛമായിത്തീർന്ന അവസ്ഥയിലാണല്ലോ, വെളിയിൽ നിന്നുണ്ടാകുന്ന രോഗാണുക്കളുടെ ആക്രമണം ഫലപ്രദമാകാറുള്ളത്. ഭാരത രാഷ്ട്രത്തിൻ്റെ ചരിത്രത്തിൽ പ്രകടമായി കാണുവാൻ സാധിയ്ക്കുന്ന ഈ പാഠം ക്ഷേത്ര നശീകരണകാര്യത്തിലും പ്രസക്തമാണ്. ടിപ്പുവിൻ്റേയും ഹൈദരിൻ്റെയും പടയോട്ടവും മൺറോ പ്രഭു ചെയ്തുവെന്ന് പറയപ്പെടുന്ന ക്ഷേത്രസ്വത്തുക്കളുടെ സർക്കാരീകരണവും മറ്റും നടന്ന സമയത്തെ ഇവിടുത്തെ സമൂഹത്തിൻ്റെ ദുസ്ഥിതി ചരിത്ര വിദ്യാർത്ഥികൾക്ക് അറിയാവുന്ന കാര്യമാണ്. ഇന്നാണെങ്കിൽ പോലും ഒരു നൂറുകൂട്ടം ഛിദ്രവാസനകൾ തലപൊക്കി കാട്ടാളനൃത്തം ചവിട്ടുന്ന ഹിന്ദുസമുദായമാണ് നമ്മുടെ കൺമുമ്പിലുള്ളത്. ഇത്തരം അസംഘടിതമായ ഒരു സമാജമാണ് വെളിയിൽനിന്നുള്ള ആക്രമണത്തിനിരയാവുക എന്നത് ഒരു ചരിത്ര യാഥാർത്ഥ്യവുമാണ്. ക്ഷേത്ര നശീകരണങ്ങളെ സംബന്ധിച്ചിടത്തോളം പ്രകടമായി കാണാവുന്നതും എന്നാൽ ബാഹ്യതല സ്പർശികളെന്ന് നേരത്തെ വിശേഷിപ്പിച്ചവയും ആയ പുറമേ നിന്നുള്ള അക്രമണങ്ങളുടെ മൂലകാരണം ഹിന്ദുക്കളുടെ ഉള്ളിൽതന്നെയാണ് കിടക്കുന്നതെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുണ്ട്. അസംഘടിത സമാജത്തിൻ്റെ മാന ബിന്ദുക്കളായ ക്ഷേത്രങ്ങൾ നശിയ്ക്കുന്നതിനുള്ള ആത്യന്തികമായ കാരണമന്വേഷിച്ച് നാം ഗവൺമെൻഡിലേയ്ക്കോ ഇതര സമുദായങ്ങളിലേയ്ക്കോ നോക്കേണ്ട കാര്യമില്ല. സമാജത്തിനു ഉള്ളിൽത്തന്നെ ഇന്നു വ്യക്തമായി കാണുന്ന അന്ത: ഛിദ്രവും തജ്ജന്യമായ ദുഷ്പ്രവണതകളും മാത്രമാണ് എല്ലാവിധ നാശനഷ്ടങ്ങൾക്കും കാരണം. ആ വക ദുഷ്പ്രവണതകളെ ദൂരീകരിക്കാനുള്ള മൗലിക പ്രയത്നം കൊണ്ടേ ക്ഷേത്രങ്ങളുടെ ഇന്നത്തെ ദുരവസ്ഥ ദൂരീകരിയ്ക്കാനാവൂ എന്നത് ഒരു ചരിത്ര പാഠമാണ്.

ക്ഷേത്രചൈതന്യലോപം ഇന്നത്തെ ദുരവസ്ഥയുടെ ഒരു മുഖ്യഘടകം.

സമാജത്തിനു നേരിട്ട ഈ ഛിദ്രാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിനു കാരണമായി സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പല പൊരുത്തക്കേടുകളേയും അടിസ്ഥാനപരമായി ചൂണ്ടിക്കാണിക്കാനുണ്ടാകും. പക്ഷെ അതിനെല്ലാമുപരിയായി മറ്റൊരു ഘടകവും കൂടി ഇവിടെ പ്രവർത്തിക്കുന്നുവെന്ന് പറയാതെ തരമില്ല. അത് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടുക്കഴിഞ്ഞ ചൈതന്യത്തിൻ്റെ ലോപമാണെന്ന് ക്ഷേത്രസങ്കല്പത്തെക്കുറിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ക്ഷേത്രമെന്നത് വെറും കല്ലിലും കുമ്മായത്തിലും കെട്ടിപ്പടുത്ത ഒരു കൂട്ടം കെട്ടിടങ്ങളല്ലെന്നും അവ ശാസ്ത്രീയമായി കണക്കൊപ്പിച്ച് സംവിധാനം ചെയ്ത മാനവദേഹ പ്രതീകങ്ങൾ തന്നെയാണെന്നും അവയിൽ താന്ത്രിക വിധികൾക്കനുസരിച്ച് ചെയ്യുന്ന പ്രതിഷ്ഠ ആചാര്യദേഹത്തിൽ നടന്ന ചിരകാല തപസ്സിൻ്റേയു ഉപാസനയുടേയും ഫലമായി ജ്വലിച്ചുയർന്ന ആത്മീയശക്തികണത്തിൻ്റെ നിക്ഷേപമാണെന്നും ആ ആത്മീയ ശക്തീക്രമത്തിൻ്റെ പരിപോഷണത്തിനുവേണ്ട ഏർപ്പാടുകളാണ് നിത്യനൈമിത്തികങ്ങളായ പൂജാ ഉത്സവാദികൾ എന്നും മറ്റുമുള്ള ആഗമശാസ്ത്രസിദ്ധാന്തങ്ങൾ നാമിവിടെ അനുസ്മരിക്കേണ്ടതായിട്ടുണ്ട്‌. ചൈതന്യമുള്ള ഒരു ക്ഷേത്രം അതത് ദേവൻ്റെ മൂലമന്ത്രചൈതന്യം സ്പന്ദിക്കുന്ന സാധകപ്രതീകം തന്നെയാണ്. ആ ക്ഷേത്രത്തിന് സദൃശ്യമായ ശരീരഘടകങ്ങൾ ഉള്ള സാധാരണ ഭക്തൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ അവൻ്റെ ദേഹത്തിലും ക്ഷേത്രത്തിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന മന്ത്രചൈതന്യം അനുരണപ്രക്രിയ മൂലം സ്പന്ദിക്കുവാൻ തുടങ്ങും. അത് അവനിൽ ഉറങ്ങിക്കിടക്കുന്ന ആത്മീയമായ ശാസ്ത്രീയമായ വിധത്തിൽ തട്ടി ഉണർത്തുകയും അങ്ങനെ ഉണർന്ന കണികയുടെ പ്രവർത്തനം മൂലം ഭക്തൻ്റെ ആത്മീയമാകുന്ന ആവശ്യങ്ങൾ സാധിക്കുകയാണ് ചെയ്യുന്നത്. ആ കണിക ഭക്തനിൽ ഉറങ്ങിക്കിടക്കുന്ന പരമേശ്വരചൈതന്യം തന്നെയാണ്. തന്മൂലം മനുഷ്യസാധാരണമായ നിലവാരത്തിൽ നിന്നുയർന്നതായിരിയ്ക്കും. ആ കണികയുടെ ശക്തിവിശേഷം എന്നു സിദ്ധമാകുന്നു അതാണല്ലോ അത്ഭുതകരമായ വിധത്തിൽ പല കാര്യങ്ങളും ക്ഷേത്രോപാസനകൊണ്ട് നേടുന്നത്. ഇപ്രകാരം ചിന്തിക്കുകയാണെങ്കിൽ, അതത് ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ സമുൽക്കർഷത്തിനു വേണ്ടി ശാസ്ത്രീയമായി സംവിധാനം ചെയ്ത മന:ശാസ്ത്ര യന്ത്രങ്ങൾ തന്നെയാണ് ക്ഷേത്രങ്ങളെന്നിരിയ്ക്കെ, ക്ഷേത്രവും ദേശവും തമ്മിലുള്ള അഭേദ്യബന്ധമെന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഇത്തരത്തിലൊരു ശാസ്ത്രീയ സംവിധാനം ഇതരമതക്കാരുടെ ആരാധനാലയങ്ങൾക്ക് അവകാശപ്പെടാൻ കഴിയുകയില്ല. ഹൈന്ദവക്ഷേത്രങ്ങൾ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പരമേശ്വര ശക്തിയെ തദ്ദേശവാസികളുടെ ഉപയോഗത്തിനു വേണ്ടി കാര്യമായി ഒതുക്കി നിർത്തിയ മന:ശാസ്ത്ര എഞ്ചിനീയറിങ്ങ് (psycho Engineering Scheme) പദ്ധതിയിലെ സുപ്രധാന ഘടകങ്ങളാണെന്നും നിസംശയം പറയാൻ കഴിയും. മന്ത്രതന്ത്രാദിശാസ്ത്രങ്ങളിൽ അവഗാഹവും പാണ്ഡിത്യവും കൃച്രമായ തപസ്സും ഉണ്ടായാൽ മാത്രം സാധിയ്ക്കാവുന്ന മന്ത്രചൈതന്യ സ്ഫുരണം, അതൊന്നും കൂടാതെ തന്നെ ക്ഷേത്രദർശനം നടത്തുന്നതു കൊണ്ട് മാത്രം സാധാരണക്കാരന് ലഭ്യമാണ്. വിദ്യുത്ഛക്തിയുടെ ശാസ്ത്രീയവശം പഠിക്കാതെ വെറുമൊരു സ്വിച്ച് അമർത്തി ആവശ്യമുള്ള വെളിച്ചവും കാറ്റും മറ്റു സൗകര്യങ്ങളും കിട്ടുമാറാക്കുന്ന ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങളെപ്പോലെതന്നെയുള്ള ഒന്നാണ് നമ്മുടെ പൂർവ്വീകന്മാർ അദ്ധ്യത്മികസാധനാശാസ്ത്രത്തിൽ നിന്ന് ആവിഷ്ക്കരിച്ചെടുത്ത സാങ്കേതിക പദ്ധതിയായി നാടെങ്ങും വിരാജിക്കുന്ന ക്ഷേത്രങ്ങൾ.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

2 COMMENTS

  1. അതെ ഗുരുജി. നന്നായി പാഞ്ഞു ക്ഷേത്രങ്ങൾ പുനരുദ്ധരിക്കേണ്ടത് പ്രദേശത്തിൻ്റെ തന്നെ ആവശ്യമാണ് അതിനായി സമൂഹം ബോധവാന്മാരാകണം. ബിംബത്തിൻ്റെ ഊർജ്ജ ശക്തി വർദ്ധിക്കാൻ ഭക്തജനത്തിനും പങ്കുണ്ട്. നന്ദി ഗുരുജി. നമസ്ക്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com