പ്രഭാതം മുതൽ പ്രദോഷം വരെ കേരളത്തിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും ക്ഷേത്രങ്ങളിലേയ്ക്ക് ശുഭ്രവസ്ത്രധാരികളായി ഭക്തിപുരസ്സരം നീങ്ങുന്ന ജനസമൂഹം കാലാതിവർത്തിയായി എല്ലാ വെല്ലുവിളികളേയും നേരിട്ടുകൊണ്ട് ഈ നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽപോലും വിജിഗീഷുവായി
അവർത്തിയ്ക്കന്നുവെന്ന് വിളിച്ചറിയിക്കുകയാണ്. അനുസ്യൂതമായ ആ ചരിത്രപ്രവാഹത്തിൻ്റെ ബിന്ദുക്കളായ ജനങ്ങൾ ക്ഷേത്രസങ്കല്പമെന്തെന്നോ ക്ഷേത്രത്തിൽ പോയി ഗതാനുഗതിത്വേന നടത്തുന്ന ആരാധനാക്രമങ്ങളുടെ പൊരുളെന്തന്നോ യുഗദ്രഷ്ടാക്കളായ നമ്മുടെ പൂർവ്വസൂരികൾ മനുഷ്യൻ്റെ വ്യക്തിപരവും സാമൂഹികവും ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിയേയും സുസ്ഥിതിയേയും എങ്ങനെയാണ് ക്ഷേത്രാരാധനയോട് ബന്ധിച്ചിരിയ്ക്കുന്നതെന്നോ ഗ്രഹിയ്ക്കുവാനിടയില്ല. ഇന്നത്തെ കാലഘട്ടത്തിൽ പൗരാണിക സങ്കല്പങ്ങളുടെ ഉള്ളടക്കം അനാവരണം ചെയ്യുന്നത് പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളെ യുക്തിചിന്തയുടെ മൂശയിലിട്ട് സ്‌ഫുടം ചെയ്തെടുക്കുന്നതിന് തദ്വാര ദേശീയ ചൈതന്യത്തിൻ്റെ പുനർവിജ്യംഭണത്തിന് ഒട്ടേറെ സഹായകമാകും.
ക്ഷേത്രാരാധനയിലെ ഉപാസനാരഹസ്യം
ആദ്ധ്യാത്മിക സാധനയുടെ ഒരു സുപ്രധാനഘടകമായ മന്ത്രോപാസനയുടെ ശാസ്ത്രീയാടിസ്ഥാനത്തിലാണ് ക്ഷേത്രമെന്ന സങ്കല്പം ഉണ്ടായിട്ടുള്ളത്. അവ കല്ലുകൊണ്ടും മറ്റും നിർമ്മിക്കുന്ന വെറും കെട്ടിടങ്ങളല്ല. അവ മന്ത്രചൈതന്യത്തെ ജനോപകാര ക്ഷമങ്ങളായി ആവിഷ്ക്കരിക്കാൻ ഉപയോഗിക്കുന്ന താന്ത്രിക യന്ത്രങ്ങൾതന്നെയാണ്. അതിനാൽ ഒരു പ്രത്യേക ശാസ്ത്രീയ സംവിധാനമനുസരിച്ച് തന്നെയാണ് ആ പ്രാസാദങ്ങൾ പണി ചെയ്തിരിക്കുന്നത്. പ്രതിഷ്ഠ കഴിയുമ്പോൾ ബിംബത്തിലും അതോടുകൂടി ക്ഷേത്രത്തിൻ്റെ പുറംമതിൽ വരേയും മന്ത്രചൈതന്യം – അതുതന്നെയാണ് ദേവൻ്റെ സൂക്ഷ്മരൂപം – വ്യാപിയ്ക്കുന്നു. ഭക്തന്മാർ കടന്നുചെന്ന് വികാരതരളിതങ്ങളായ ഹൃദയങ്ങളോടെ വിളിച്ചാരാധിയ്ക്കുമ്പോൾ അവിടെ സ്പന്ദിച്ചുകൊണ്ടിരിയ്ക്കുന്ന ദേവചൈതന്യം അവരുടെ ദേഹങ്ങളിലും അനുരണനം ചെയ്യുകയും അവരിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീശക്തി, ഈശ്വര ശക്തിയുടെ ലേശാംശത്തെ ഉണർത്തുകയും ചെയ്യുന്നു. ഇങ്ങനെ അതിസൂക്ഷ്മമായി ഉണർത്തുന്ന ഭക്തൻ്റെ കുണ്ഡലിനീശക്തിയാണ് അവൻ്റെ ആഗ്രഹനിവൃത്തി വരുത്തി പ്രാർത്ഥനയെ സാധിപ്പിച്ചു കൊടുക്കുന്നത് എന്ന ശാസ്ത്രീയ തത്ത്വം മനസ്സിലാക്കിയാൽ ക്ഷേത്രാരാധനയുടെ ഉള്ളടക്കം മനസ്സിലാക്കുവാൻ വിഷമമുണ്ടാകുകയില്ല.
ക്ഷേത്രക്കുളത്തിലെ കുളി
മലിനമായ ശരീരമോ മനസ്സോ പവിത്രമായ ഈശ്വരാരാധന എന്ന കർമ്മത്തിന് സഹായകമാവുകയില്ലല്ലോ. ബാഹ്യശക്തിയ്ക്ക് പുറമെ കൃച്ഛ്റങ്ങളായ യമനിയമാദികൾ അനുഷ്ഠിച്ചശേഷം മാത്രമാണ് സുഖാസനത്തിലിരുന്ന് പ്രാണായമാദി ക്രിയകൾ അനുഷ്ഠിയ്ക്കുവാനും ആദ്ധ്യാത്മിക സൗധത്തിൻ്റെ ഉന്നത മണ്ഡലങ്ങളിലേയ്ക്ക് കയറുവാനും യോഗശാസ്ത്രം അനുശാസിക്കുന്നത്. ഈ ബാഹ്യാഭ്യന്തരശുദ്ധിതന്നെയാണ് ദേവതാദർശനത്തിനു മുമ്പേ സ്നാനം ചെയ്യണമെന്ന ആചാരത്തിൻ്റെ അടിസ്ഥാനം. സ്നാനന്തര ദേഹത്തിന് ഒരു കുളിർമ്മയും ഓജസ്സും കിട്ടുന്നതോടൊപ്പം മനസ്സിനൊരു തെളിച്ചവും ഉണർവ്വും കൈവരും എന്നത് അനുഭവൈകവേദ്യമായ ഒരു കാര്യമാണ്. പക്ഷെ കുളിച്ച് സ്ഥൂലദേഹത്തിൻ്റെ തൊലിപ്പുറം മാത്രം വൃത്തിയാക്കുകയല്ല അവിടെ സ്നാനം കൊണ്ടുദ്ദേശിക്കുന്നത്.ഈശ്വരചൈതന്യത്തിൽ ആറാടുകയെന്ന ആന്തരപ്രക്രിയകൂടി അവിടെ നടക്കേണ്ടതായിട്ടുണ്ട്. പരബ്രഹ്മത്തിൻ്റെ ‘ അത്യുന്നതമായ മേഖലകളിൽനിന്നു ഏറ്റവും സ്ഥൂലമായ പൃഥീതലംവരെ ഒഴുകി വരുന്ന സൃഷ്ട്യുന്മുഖമായ ഈശ്വരചൈതന്യത്തിൻ്റെ പ്രതീകമായിട്ടാണ് വൈദിക്രിയകൾ ആപസ്സിനെ അല്ലെങ്കിൽ ജലത്തെ കല്പിച്ചിട്ടുള്ളത്. ആ ജലത്തിലാണല്ലോ നാം നിമഞ്ജനം ചെയ്യുന്നത്. സാധകനിൽ ഉറങ്ങിക്കിടക്കുന്ന ദൈവികശക്തി ഉണർന്ന് ശരസ്സിൻ്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധ്രത്തോളം ഉയരുകയും അവിടെയുള്ള പരമാത്മചൈതന്യത്തോട് സമ്മിളിതമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദമയ സ്വരൂപമായ 72000 നാഡി ഞരമ്പുകളിലൂടെ ഒഴുകിവന്ന് ദേഹമാകെ ആപ്ലാവനം ചെയ്യിയ്ക്കുന്ന ഒരു പരമാനന്ദപ്രവാഹം യോഗികളുടെ അനുഭൂതിയാണ്. ഇതുതന്നെയാണ് വൈദികഋഷികളുടെ അപസ്തത്ത്വം. അതിനാൽ വൈദികസ്നാനത്തിൻ്റെ ഒരത്യാവശ്യഘടകമാണ് ആപോഹിഷ്ടാദി ഋക്കുക്കൊണ്ട് ജപിച്ച് തളിക്കൽ. സ്ഥൂല സൂക്ഷ്മ ശരീരത്തിലുണ്ടായേക്കാവുന്ന സകലവിധമാലിന്യങ്ങളെയും അത് കഴുകിക്കളഞ്ഞ് ദേഹത്തിൽ ഈശ്വരൻ്റെ ആവാസഗൃഹത്തിനുതകുന്ന പവിത്രയണിയിയ്ക്കുന്നു. ഗംഗാനദി തീർത്ഥസ്നാനങ്ങളിൽ പാപമോചനം ഉണ്ടാകുന്നുവെന്ന അടിസ്ഥാനവും ഇതുതന്നെയാണ്. ആദ്ധ്യാത്മികാനുഭൂതിയുടെ പരമകാഷ്ഠഭാവം പുലർത്തുന്ന ശിവസ്വരൂപത്തിൻ്റെ ശിരസ്സിൽ നിന്നൊഴുകി വരുന്നുവെന്ന് പറയപ്പെടുന്ന ഗംഗാപ്രവാഹം ഈ യോഗാനുഭൂതിയുടെ കവിതാമയമായൊരു ഉത്തമ പ്രതീകമത്രെ. ക്ഷേത്രത്തിൽ പോയി ദേവദർശനം നടത്തുന്നതിനു മുമ്പായി ഇത്തരത്തിലുള്ള തീർത്ഥസ്നാനം നടത്തുന്നതിനുള്ള ഔചിത്യം ദ്വിമുഖമാണ്. ക്ഷേത്രക്കുളങ്ങളിൽ കുളിയ്ക്കുമ്പോൾ അതു തന്നെയാണ് ഉദ്ദേശിക്കുന്നതും.
ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേ/സ്മിൻ സന്നിധിം കുരു
എന്ന തീർത്ഥവാഹനമന്ത്രത്താലും പരസഹസ്രം വേദവിത്തുകൾ നൂറ്റാണ്ടുകളായി സ്നാനം ചെയ്തു വന്നിരുന്നാലും ക്ഷേത്രങ്ങളും ഒരു പുണ്യതീർത്ഥത്തിനു തുല്യമാണെന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല ദേവൻ്റെ ഉത്സവ പരിസമാപ്തിയാകുന്ന ആറാട്ടു നടത്തുമ്പോൾ ചെയ്യുന്ന പുണ്യാഹക്രിയകളിലൂടെയും ക്ഷേത്ര കുളത്തിന് ഈ പവിത്രത കൈവരുന്നു. ആ തീർത്ഥത്തിൽ സ്നാനം ചെയ്ത് പരിശുദ്ധരായിട്ടുതന്നെയാണ് ദേവദർശനം നടത്തേണ്ടതും.
(തുടരും)
നല്ല അറിവുകൾ
അഭിപ്രായം പറഞ്ഞ mary josey ക്കുംrena ക്കുംcicybiinoy ക്കും ഒരു പാട് നന്ദി യുണ്ട്.
നമസ്ക്കാരം ഗുരുജി നമ്മുടെ ക്ഷേത്രമാഹാത്മ്യത്തെ കുറിച്ച് നല്ല അറിവുകൾ പകർന്നു. ബാഹ്യാഭ്യന്തര സ്നാനമെന്തിനെന്നും അത് പകരുന്ന ആത്മാനുഭൂതിയെ കുറിച്ചുമെല്ലാം പറഞ്ഞു. നന്ദി ഗുരുജി നമസ്ക്കാരം ‘
അവശ്യം അറിഞ്ഞിരിക്കേണ്ട അറിവുകൾ. നന്ദി ഗുരുജി. പ്രണാമം
അരവിന്ദാക്ഷൻ ,സരോജിനി , ലളിതാസുരേഷ് മൂന്നു പേർക്കും എൻ്റെ സന്തോഷം അറിയിക്കുന്നു.
നല്ല അറിവിന് നന്ദി