Saturday, January 24, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം 6) ' പെണ്ണു തങ്കപ്പൻ...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം 6) ‘ പെണ്ണു തങ്കപ്പൻ ‘ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

വീടിന്റെ പടിഞ്ഞാറുവശത്താണ് ഓലി.
സോപ്പും ബക്കറ്റും കപ്പും അവിടെ വച്ചിട്ടുണ്ട്.
നേരെ ഓലിക്കൽ ചെന്ന് കുളിച്ച് തോർത്തുമുടുത്ത് കയറിച്ചെല്ലുമ്പോൾ അമ്മ വിളക്ക് വയ്ക്കുകയായിരുന്നു.

‘ ഇത്രയും താമസിക്കരുതെന്ന് പറഞ്ഞിട്ടില്ലേ?’

അമ്മ അവനെ വാൽസല്യത്തോടെ തഴുകി.

അപ്പോഴാണ് അമ്മയുടെ കയ്യിലെ കെട്ട് അവൻ ശ്രദ്ധിച്ചത്.
ഇടത് കൈയുടെ പെരുവിരലിനോട് ചേർന്ന് ഉള്ളം കയ്യിലാണ് മുറിവ്.

കെട്ട് കണ്ടപ്പോൾ അമ്മ ആശുപത്രിയിൽ പോയിരുന്നു വെന്ന് അവന് മനസ്സിലായി.

വള്ളിപ്പടർപ്പിനടുത്ത് നിന്നിരുന്ന കാടും പടലും വെട്ടി മാറ്റിയപ്പോൾ പടർന്നു കയറിയ വള്ളിയിൽ തട്ടി വാക്കത്തി കൊണ്ടതാണ് .

നല്ല മൂർച്ചയുള്ള വാക്കത്തിയായതിനാൽ മുറിവിന് ആഴമുണ്ട്.
അഞ്ച് തുന്നലുമുണ്ട്..

പണിക്കു പോകാൻ പറ്റില്ലല്ലോഎന്നതാണ് അമ്മയുടെ സങ്കടം.

അപ്പുക്കുട്ടന് വല്ലാത്ത വിഷമം തോന്നി.
അമ്മയുടെ കഷ്ടപ്പാടുകൾ പലപ്പോഴും അവന്റെ ഉറക്കം കെടുത്താറുണ്ട്.

പാതി തുറന്ന ജനൽ വിടവിലൂടെ അമ്പിളിക്കല മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്നതും നോക്കി അവൻ കിടന്നു.

അധ്വാന ശീലനായിരുന്ന അച്ഛന് വെട്ടിപ്പിടിച്ചെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നത് ഒരാവേശമായിരുന്നു.
എന്തു പണിയാണെങ്കിലും ആ നാട്ടിൽ കൂലി കൊടുക്കുന്ന സമ്പ്രദായമില്ല.

‘”മാറ്റാൾ പണി”യാണ്.

അപ്പുവിന്റെ അച്ഛൻ പണിക്കിറങ്ങിയാൽ പണി തീരുന്നതാണ് കണക്ക്.
അല്ലാതെ ദിവസമെണ്ണി കണക്ക് വയ്ക്കുന്ന ശീലമില്ല.

അതുകൊണ്ടുതന്നെ എല്ലാവരുടെയും സ്നേഹവും സൗഹൃദവും പിടിച്ചു പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

‘ ശ്രീധരേട്ടൻ പണിക്കിറങ്ങിയാൽ ഒരാഘോഷമാണെ’ന്നാണ് അവർ പറയാറ്.

ഒരു ദിവസം പറമ്പിൽ പണിതു കൊണ്ടിരുന്ന അച്ഛനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

കാടിന്റെ അതിര് ‘ജണ്ട’ കെട്ടി ത്തിരിച്ചിരിക്കുന്ന നരിമടപ്പാറയുടെ പരിസരത്തു വച്ചാണ് അച്ഛനെ കാണാതാകുന്നത്.

അന്ന് അത് വലിയ വാർത്തയായിരുന്നു.

പിന്നീട് ആരും തന്നെ ആ ഭാഗത്തേക്ക് പോകാറില്ല.

നിഗൂഢതകളുടെ ഇരുണ്ട കൊട്ടാരം പോലെ ആ താഴ് വാരം ഇരുൾ മൂടിക്കിടന്നു.

പുലികൾ ഇറങ്ങാറുള്ള കാട്ടുപ്രദേശമാണ് അവിടം.
പലർക്കും അവിടെ ‘എങ്ക്രോച്ച് ഭൂമി ഉണ്ടെങ്കിലും അവിടെയൊന്നും ആൾതാമസമില്ല.

“നരിമടപ്പാറ”യുടെ താഴ് വാരമെല്ലാം ഇടതൂർന്ന ഇഞ്ചക്കാടാണ്.

അതിന്റെ ചില ഭാഗങ്ങൾ വളർന്നു പടർന്ന് വനാതൃത്തിയുടെ പരിസരത്തുള്ള “കൂർമുള്ളുകൾ” നിറഞ്ഞ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുന്നു..

ഇഞ്ചവെട്ടാൻ വല്ലപ്പോഴും ‘തങ്കപ്പൻ,’ വരുന്നതൊഴിച്ചാൽ അവിടം മിക്കവാറും വിജനമാണ്.

നാട്ടിൻ പുറത്ത് പതിവായി ഇഞ്ച വെട്ടി കൊണ്ടുപോയി കൊടുക്കുന്നത് തങ്കപ്പനാണ്.

‘മന്നാൻ’ സമുദായത്തിൽപ്പെട്ട അയാൾക്ക് കാട് സുപരിചിതമാണ്.

നല്ല ഉയരമുണ്ടെങ്കിലും അയാളുടെ മുഖത്ത് താടിയും മീശയും ഇല്ല.
ആളുകൾ അയാളെ ‘ പെണ്ണ് തങ്കപ്പാ’ എന്നും ‘തങ്കമ്മോ ‘ എന്നും കളിയാക്കി വിളിക്കാറുണ്ട്.

അത് കേൾക്കുമ്പോൾ അയാൾ പിറുപിറുത്തുകൊണ്ട് കല്ലുകൾ പെറുക്കി എറിയും..

അയാളെ കളിയാക്കുന്നത് ചെറുപ്പക്കാർക്ക് ഒരു ഹരമാണ്.

ഇഞ്ചക്കാടിന്റെ അപ്പുറത്തെങ്ങോ ആണ് തങ്കപ്പന്റെ ‘മന്നാക്കുടി ‘ ഉള്ളത്.

ഇഞ്ച വെട്ടിച്ചതച്ച് തലച്ചുമടാക്കി വലിയ വീടുകളിലൊക്കെ കൊണ്ടുചെന്നു കൊടുക്കാറാണ് പതിവ് .
ഇപ്പോൾ ഇഞ്ചയ്ക്ക് ആവശ്യക്കാർ കുറവായതിനാൽ തങ്കപ്പന് അത്ര കച്ചവടമൊന്നുമില്ല.

ഒരിക്കൽ വിൽക്കാൻ കൊണ്ടുപോയ ഇഞ്ച ചിലവാകാതെ മടങ്ങി വരും വഴിയാണ് തന്റെ വീട്ടിൽ തങ്കപ്പൻ വെള്ളം കുടിക്കാൻ കയറിയത്. എന്തുകൊണ്ടാണെന്ന് അറിയില്ല അമ്മയ്ക്ക് തങ്കപ്പനോട് സഹതാപമാണ്.

അയാൾ അധികമാരോടും സംസാരിക്കാറില്ല. എങ്കിലും അപ്പുവിനോട് അന്ന് എന്തൊക്കെയോ പറഞ്ഞു.

പണ്ട് ‘നരിമടപ്പാറ’യുടെ അടുത്തായിട്ടായിരുന്നു തങ്കപ്പന്റെ കുടുംബം താമസിച്ചിരുന്നത്.
അവരുടെ സ്വന്തക്കാരും ഒക്കെക്കൂടി അഞ്ചാറു വീടുകൾ ഉണ്ടായിരുന്നു.

തങ്കപ്പനെ സ്കൂളിൽ ചേർത്തെങ്കിലും ഒരുപാടൊന്നും പോയിട്ടില്ല.

അതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ല.

എങ്കിലെന്ത്, അയാൾക്ക് തമിഴ് നന്നായിട്ടറിയാം.

തങ്കപ്പന്റെ പെങ്ങളെ ഒന്നാം ക്ലാസിൽ ചേർത്തിരുന്നെങ്കിലും ചേട്ടന് സ്കൂളിൽ വരാൻ മടിയായിരുന്നതിനാൽ അവൾക്കും പോകാനൊത്തിട്ടില്ല..

അങ്ങനെയിരിക്കെ ഒരുനാൾ തങ്കപ്പൻ നാടുവിടുകയായിരുന്നു.
കുറെക്കാലം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടെ വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല..
ആ സ്ഥലമൊക്കെ കാടുകയറി നശിച്ചിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ അവിടമാകെ ഒലിച്ചുപോയത്രേ!

അതിനുശേഷം അവിടെ അവശേഷിച്ചവർ ആരെങ്കിലുമുണ്ടോ,? അല്ലെങ്കിൽ ഉള്ളവർ എവിടെയാണ്?എന്നൊന്നും ആർക്കും അറിയില്ല.

നാട്ടുകാരുമായി വലിയ അടുപ്പമൊന്നും പുലർത്താത്തവരാണ് മന്നാൻ സമുദായത്തിൽ പ്പെട്ടവർ..

അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ പുറംലോകം ശ്രദ്ധിച്ചതുമില്ല.

പെങ്ങളെക്കുറിച്ച് സംസാരിക്കവേ തങ്കപ്പൻ മിഴികൾ തുടയ്ക്കുന്നത് അപ്പു കണ്ടു..
പാവം തങ്കപ്പൻ..
അയാളോട് നാട്ടുകാർ എന്തിനാണ് അകലം പാലിക്കുന്നതെന്ന് അവൻ ഓർത്തു.

അപ്പുറത്തുനിന്നും ‘ദേവകിയമ്മേ ‘എന്ന വിളി കേട്ട് കയ്യാലയിൽ ഇരുന്ന ഉപ്പൻ മാവിന്റെ ചില്ലയിലേക്ക് പറന്നുയർന്നു.

അങ്ങേ വീട്ടിലെ ഉണ്ണിക്കുട്ടന്റെ അമ്മയാണ്.
തൊണ്ടിയില പറിക്കാൻ വന്നതാണ്.
അവരുടെ പശു പെറ്റിക്കുന്നു.
മൂരിക്കിടാവായതുകൊണ്ട് അവർക്ക് വലിയ സന്തോഷമൊന്നുമില്ല.ഒരു പശുക്കിടാവിനെയാണ് ആഗ്രഹിച്ചിരുന്നത്.

പ്രഭുവിന്റെ വീട്ടിൽ നിന്നും കിടാവായിരിക്കുമ്പോൾ വളർത്താൻ വാങ്ങിയതാണ് അതിനെ.
അത് പ്രസവിക്കുമ്പോൾ കിടാവിനെ എടുത്തിട്ട് പശുവിനെ തിരികെ നൽകണം.

അതാണ് വ്യവസ്ഥ.

ഇപ്പോഴത്തെത് മൂരിക്കുട്ടൻ ആയതിനാൽ അടുത്ത കുഞ്ഞ് ഉണ്ടാകുന്നതുവരെ അവർഅതിനെ വളർത്തിയേക്കും.

പൊക്കമുള്ള കയ്യാലയിൽ വേരുപിടിച്ച് ഉറച്ചിരിക്കുന്ന തൊണ്ടിയില പറിക്കാൻ അപ്പുക്കുട്ടൻ സഹായിച്ചു. കൂടാതെ കല്യാണി ച്ചേച്ചിയോടൊപ്പം പോവുകയും ചെയ്തു.

കിടാവിനെ ഒന്ന് കാണാമല്ലോ.

ഇറയത്ത് ഉണ്ണി ഇരിക്കുന്നുണ്ട്.
പശുവിന്റെ'” മാച്ച് ‘”പോയിക്കഴിഞ്ഞിട്ടില്ല.
അത് ഒരു പ്ലാസ്റ്റിക് കൂടിൽ ചുവന്ന വെള്ളം നിറച്ചതു പോലെ പിൻഭാഗത്ത് തൂങ്ങി കിടക്കുന്നുണ്ട്.
പശു കിടാവിനെ നക്കി തോർത്തിയപ്പോഴേക്കും അത് കഷ്ടപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുകയും വേച്ചു വീഴുകയും ചെയ്തുകൊണ്ടിരുന്നു..

കിടാവിനെ കാണാൻ നല്ല ഓമനത്തമുണ്ട്.

കണ്ണുകൾക്ക് ചുറ്റും മഷി എഴുതിയ പോലെയാണ്.

നെറ്റിയിൽ വെളുത്ത “ചുട്ടി”യും ഉണ്ട്.

നമുക്ക് ഇവനെ കണ്ണൻ എന്ന് വിളിക്കാം. അപ്പുക്കുട്ടൻ അഭിപ്രായപ്പെട്ടു.

“ഉണ്ണീ, നീയും കൂടി ചെന്ന് പ്ലാവില വെട്ടിക്കൊണ്ടുവാ…”

ഉണ്ണിയുടെ അമ്മ പറഞ്ഞു.

അപ്പുക്കുട്ടനും ഉണ്ണിയും കൂടി ദേവസ്യച്ചേട്ടന്റെ പറമ്പിലേയ്ക്കു പോയി.

കപ്പയ്ക്ക് തടമെടുത്തു കൊണ്ടിരുന്ന ദേവസ്യച്ചേട്ടൻ അത് നിർത്തിയിട്ട് പ്ലാഞ്ചവർ വെട്ടിയിട്ടു.
കൂടെ കുറെ തൊണ്ടിയിലയും.
“മാച്ച്” പോകാൻ അത് നല്ലതാണത്രേ.

. കുട്ടികൾ അതുമായി ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മ ഉണക്കക്കപ്പ വേവിച്ചതും തിരണ്ടി മീൻ ചുട്ട് ഇടിച്ചതും കട്ടൻകാപ്പിയും എടുത്തുവെച്ച് കാത്തിരിക്കുകയായിരുന്നു.
,…………………………..
അപ്പു പോകാനിറങ്ങുമ്പോൾ ഉണ്ണി ചോദിച്ചു.

“എങ്ങോട്ടാ”?

” അവതകുന്നിലേക്ക് “.

അപ്പു പറഞ്ഞു.

ഉണ്ണിയുടെ കണ്ണുകൾ വിടർന്നു.
ഉണ്ണിയെ വീട്ടിൽ നിന്നും ഒരിടത്തും അങ്ങനെ വിടാറില്ല.
മക്കൾ ഇല്ലാതിരുന്ന് എട്ടു കൊല്ലം കഴിഞ്ഞാണ് അവന്റെ മാതാപിതാക്കൾക്ക് അവനെ കിട്ടിയത്.
അതുകൊണ്ടു തന്നെ തോട്ടിലോ,പുഴയിലോ, എന്തിന് മറ്റു കുട്ടികൾ കളിക്കുന്നിടത്തു പോലും പോകാൻ അവന് അനുവാദമില്ല.
കൂട്ടുകാർ ഓരോ കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ അവന് കൊതിയും നിരാശയും വരും..

എന്നാൽ ഇന്നിപ്പോൾ അങ്ങനെയല്ല.
അവനു കൂട്ടുകൂടാൻ ഒരു പുതിയ അതിഥിയെ കിട്ടിയിരിക്കുന്നു. കുഞ്ഞിക്കിടാവിനെ നിർനിമേഷനായി നോക്കിക്കൊണ്ടു നിന്ന അവന്റെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

1 COMMENT

  1. കൂർമുള്ളും, ഇഞ്ചക്കടും…
    കുട്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ തികട്ടിവരുന്നു..
    നന്നായി എഴുതി

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com