അധ്യായം മൂന്ന് – ‘ചിറകറ്റ കാക്ക’
സ്കൂളിൽ പോകാൻ തയ്യാറാകുമ്പോഴാണ് ഓലിയ്ക്കൽ കാക്കകളുടെ കൂട്ടക്കരച്ചിൽ കേട്ടത്.
ഒന്ന് നോക്കിയിട്ട് വരാം.മേശപ്പുറത്തെ ടൈംപീസിൽ
ഒൻപതു മണിയായിരിക്കുന്നു.
ഓടി താഴെയെത്തി.
ഒരു കാക്കയുടെ ചുറ്റും കുറേ കാക്കകൾ വട്ടമിട്ടു പറക്കുകയുമാണ്.
മധ്യത്തിലുള്ള കാക്ക നിലത്തുനിന്ന് പൊങ്ങാനാകാതെ പിടയുകയാണെന്നു തോന്നി.
ഒന്നുകൂടി അടുത്തേയ്ക്കു ചെന്നപ്പോൾ കണ്ട കാഴ്ച.
ഹോ!!!
അപ്പു ഞെട്ടിപ്പോയി.
നിലത്തിരിക്കുന്ന കാക്കയുടെ ചിറക് മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു!.
അവിടെനിന്നും കുറുകിയ ചോര ഒലിക്കുന്നുണ്ട്.
ആ ചോരയ്ക് ചുവന്ന പെയിന്റിന്റെ പോലുള്ള നിറമാണ്.
മറ്റു കാക്കകളിലൊന്നിന്റെ ചുണ്ടിൽ വെട്ടിമറ്റിയ ഒരു ചിറക്!
കാക്കക്കൂട്ടം മുറിവേറ്റ കാക്കയ്ക്കൊപ്പം ദുഃഖർത്തരായി അലറിവിളിക്കുകയാണ്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുന്പ്പ് അവയെല്ലാം ആക്രോശത്തോടെ
അപ്പുവിനുനേരെ പറന്നടുത്തു.
അവൻ ഒറ്റയോട്ടത്തിന് വീട്ടിൽ കയറി കതകടച്ചു. പിന്തുടർന്നുവന്ന കുറേകാക്കകൾ അവന്റെ വീടിനുമുകളിലായി പറന്നുകൊണ്ടിഇരിക്കുന്നത് ജനാലയിലൂടെ കാണുമ്പോൾ അവൻ കിതയ്ക്കുകയായിരുന്നു
കാ… ക്രാ…. കാ….. ക്രാ……
കതടപ്പിക്കുന്ന ആ ശബ്ദം അവനെ ഭയപ്പെടുത്തി.
ഹോ! എന്തൊരു ദൃശ്യം!!!
എങ്കിലും ആരാണ് ഈ കടുംകൈ ചെയ്തത്?
ഇത്രയും ദുഷ്ടത ചെയ്തയാൾക്ക് എന്തു ശിക്ഷയായിരിക്കും വരാൻ പോകുന്നത്?
ഇനി ആ കാക്ക എങ്ങനെ പറക്കും? പറക്കാതെ എങ്ങനെ ജീവിക്കും?
മറ്റു കാക്കകൾ അതിനെ സംരക്ഷിക്കുമോ?
അത് ചതുപോകുമോ?
നൂറുനൂറു ചോദ്യങ്ങൾ അപ്പുവിന്റെ ഇളം മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
ഒന്നും കഴിക്കാൻ തോന്നിയില്ല. രണ്ടിറക്ക് ചായമാത്രം കുടിച്ചിട്ട് സ്കൂൾ ബാഗിൽ തോർത്തും എടുത്തുവച്ച് അവൻ മുറ്റത്തേക്കിറങ്ങി.
കാക്കകളെല്ലാം എങ്ങോട്ടോ പൊയ്ക്കഴിഞ്ഞിരിക്കുന്നു രിക്കുന്നു.
എങ്കിലും അവ അവശേഷിപ്പിച്ച ആ ഇരമ്പൽ
അത് തന്റെ കാതുകളിൽ മറ്റൊലിക്കൊള്ളുന്നതായിഅപ്പുവിനു തോന്നി.
“ആറ്റ ശല്യം ഒത്തിരി കൂടുതലാണ്. ഇനിയങ്ങോട്ട് കൊയ്ത്തുവരെ ഏറുമാടത്തിൽ കിടക്കേണ്ടിവരും. ഇന്ന് ഞാൻ സ്കൂൾ വിട്ട് അവതപ്പറമ്പിലേയ്ക്ക് പൊയ്ക്കോളാം.”
അമ്മ പറഞ്ഞ മറുപടി കേൾക്കാൻ നിൽക്കാതെ അപ്പു വേഗത്തിൽ നടന്നു.
ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി ബന്നുചേർന്നിട്ടുണ്ട്. , ഉണക്കച്ചുള്ളി പോലിരിക്കുന്ന വയസ്സായ ഒരു വല്യമ്മയോടൊപ്പം അവളെ ഓഫീസ് വരാന്തയിൽ രാവിലെ കണ്ടിരുന്നു.
മറ്റേതോ സ്കൂളിന്റെ യൂണിഫോം ആണ് ഇട്ടിരിക്കുന്നത്.
ഓഫീസ് റൂമിന്റെ വരാന്തയിൽ ഹെഡ് മാസ്റ്ററെ കാണാൻ കാത്തുനിൽക്കുന്നപോലെ തോന്നിച്ചു.
താൻ പകർത്തു ബുക്ക് എടുത്തുവയ്ൽക്കാൻ ഓഫീസലേയ്ക്ക് പോകുമ്പോൾ അവളും ആ വല്യമ്മയും ഹെഡ്മാസ്റ്ററോട് സംസാരിച്ചുകൊണ്ട് ഓഫീസ് മുറിയിൽ ഉണ്ടായിരുന്നു.
വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി.
അവളുടെ വല്യമ്മയ്ക്ക് അത്ര വെളുപ്പുനിറമൊന്നുമില്ല.
പുതിയ ഒരു തോർത്ത് ചുവന്ന ബ്ലൗസിനുമുകളിൽ ഇട്ടിട്ടുണ്ട്. നീലക്കള്ളികളുള്ള വൃത്തിയുള്ള കൈലി അരയിൽ ഉടുത്തിരിക്കുന്നതുകണ്ടാൽ വയറിന്റെ സ്ഥാനത്ത് നട്ടെല്ലുമാത്രമേയുള്ളൂ എന്ന് തോന്നി പ്പോകും. അത്രയ്ക്ക് മെലിഞ്ഞിട്ടാണ്.
അപ്പുവിനെക്കണ്ട് പെൺകുട്ടി ചിരിച്ചു.അത് പൂനിലാവുപോലെ മനോഹരമായിരുന്നു
എണ്ണതേച്ചു ചീകി രണ്ടായി പകുത്തുകെട്ടിയിരിക്കുന്ന അവളുടെ മുഷിഞ്ഞ മുടിയിൽ വലിയ മഞ്ഞ വെന്തിപ്പൂക്കൾ ചൂടിയിട്ടുണ്ട്.
അത് അവിടെത്തന്നെയുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് തൊട്ടുനോക്കി അവൾ ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.
.ആ മുടിയുടെ വകച്ചിൽ ഒട്ടും ശരിയായിട്ടില്ലെന്നതും ഒരു പകുതി റബർ ബാൻഡ് കൊണ്ടും മറ്റേ പകുതി റിബൻ കൊണ്ടുമാണ് കിട്ടിയിരിക്കുന്നതെന്നും അവൻ ശ്രദ്ധിച്ചു.
അവളുടെ കണ്മഷി പരന്ന് കൺ പോളകളിലേയ്ക്കുകൂടി വ്യാപിച്ചിരിക്കുന്നു. പുരികം നന്നായി കറുപ്പിച്ചിട്ടുണ്ട് അതും എണ്ണമയും പൂണ്ട് പരന്നിട്ടുണ്ട്.
എല്ലാംകൂടി കണ്ടാൽ അവൾ തനിയെയാണ് ഒരുങ്ങിയതെന്ന് ആർക്കും മനസ്സിലാകും.
അതിമനോഹരമായിട്ടാണ് താൻ ഒരുങ്ങിയിരിക്കുന്നതെന്ന ആത്മവിശ്വാസത്താൽ അവൾ സ്കൂൾ വരാന്തയിലൂടെ തുള്ളിച്ചാടി നടന്നു.
അപ്പു ഉച്ചഭക്ഷണത്തിന്റെ എണ്ണം കൊടുക്കാൻ വേണ്ടി പാചകപ്പുരയിലേക്ക് പോയപ്പോൾ പുതിയ കുട്ടി അവിടെയിരുന്ന് എന്തോ തിന്നുന്നുണ്ടായിരുന്നു.
ഉച്ച ഭക്ഷണം പാകം ചെയ്യുന്ന അമ്മിണിയമ്മ എന്തോ കൊടുത്തതായിരിക്കണം.
അവർ പ്രഭാത ഭക്ഷണം സ്കൂളിൽ വന്നിട്ടേ കഴിക്കാറുള്ളൂ.
ഈ കുട്ടിയും തന്നെപ്പോലെ ഏതോ പാവപ്പെട്ട വീട്ടിലെയായിരിക്കും.
അപ്പു മനസ്സിൽ കരുതി. എന്നാലും ഇവൾക്ക് ഇത്തിരി കൂടി വൃത്തിയായി നടന്നാൽ എന്താണ്.
അവളുടെ മുഷിഞ്ഞ മുടിയും അലക്കാത്ത വസ്ത്രവും അവനിൽ ഈർഷ്യ ഉളവാക്കിയെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിയും സൗഹൃദ മനോഭാവവും അവനു വലിയ ഇഷ്ടമായി.
കൂട്ടത്തിൽ ‘ശാലിനി ‘എന്ന പേരും.
വെളിക്ക് വിട്ടതിനുശേഷം ക്ലാസിൽ തിരിച്ചു കയറാനുള്ള മണി അടിച്ചു . എല്ലാവരും കയറി. അൽപസമയം കഴിഞ്ഞേ സുജാത വരികയുള്ളൂ.
ഭവാനിത്തള്ളയുടെ മകളുടെ മകളാണ് സുജാത.
ഭവാനി തള്ളക്ക് മൂന്നു മക്കളാണ് മൂത്ത മകളുടെ കുട്ടിയാണ് സുജാത.
അവളിവിടെ വല്യമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്.
തള്ളക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്
അവർ രണ്ടുപേരും അപ്പുറത്തെ സ്കൂളിൽ എട്ടിലോ ഒമ്പതിലോ മറ്റോ ആണ് പഠിക്കുന്നത്.
സുജാതയ്ക്ക് കൃത്യനിഷ്ഠ തീരെയില്ല. ഇങ്ങനെയുള്ള കുട്ടികളെ അപ്പുവിന് ഇഷ്ടമില്ല.
അക്കാര്യത്തിൽ ‘അനന്തപത്മനാഭനെ കണ്ടുപഠിക്കണം’ എന്നാണ് അനിത ടീച്ചർ പറയാറുള്ളത്.
അതുകൊണ്ടാണല്ലോ തന്നെ മോണിറ്റർ ആക്കിയിരിക്കുന്നതും.
ഉച്ചകഴിഞ്ഞ് അപ്പു ഹാജർ ബുക്കുമായി ഓഫീസിലേക്ക് പോകുമ്പോൾ, മുറ്റത്തെ ചോറ് വറ്റുകൾ കൊത്തിത്തിന്നു കൊണ്ടിരുന്ന പ്രാവുകൾ എല്ലാം പെട്ടെന്ന് വലിയ ശബ്ദത്തോടെ പറന്നുയർന്നു അവ അങ്ങനെയാണ്. ഊണു കഴിഞ്ഞ് കുട്ടികൾ അവശേഷിപ്പിക്കുന്ന ചോറുവറ്റുകൾ കൊത്തിത്തിന്നാൻ പ്രാവുകൾ കൂട്ടത്തോടെ വരും.
ചില കുട്ടികൾ ആരും കാണാതെ അതിവിദഗ്ധമായി ചോറ് വറ്റുകൾ മുറ്റത്തേക്ക് തൂളിഎറിയാറുണ്ട്.
അത് തിന്നാൻ വരുന്ന പ്രാവുകളെ നോക്കി കൊണ്ടാണ് പിന്നീടുള്ള ഭക്ഷണംകഴിപ്പ്.
എല്ലാവരും അത് നോക്കിയിരിക്കും.പക്ഷേ ചില ‘പാരവയ്പ്പുകാർ’ അതൊക്ക അസ്വദിച്ചിട്ട് ടീച്ചർ വരുന്ന സമയം നോക്കി വല്യ മാന്യൻ ചമയഞ്ഞ് അത് വലിച്ചെറിഞ്ഞ ആളെ കാണിച്ചു കൊടുക്കും.
അത്തരക്കാരെ ആർക്കും ഇഷ്ടമല്ല.
ആ പ്രാക്കൾ അവിടെ നിന്നോട്ടെ. എല്ലാവർക്കും കാണാമല്ലോ. അത് എറിഞ്ഞു കൊടുത്ത ആളെ സ്നേഹിക്കുകയല്ല വേണ്ടത്?
അമ്മിണിയമ്മ അടിച്ചുവാരുന്നതിനു മുമ്പായി അവറ്റകൾ വറ്റുകൾ മിക്കവാറും തിന്നു തീർത്തിരിക്കും. ഒന്നും രണ്ടും അല്ലല്ലോ മുറ്റം നിറയെ പ്രാവുകൾ ആയിരിക്കും. ചാര നിറത്തിലുള്ളതും വെള്ളയുമുണ്ട്. കൂടാതെ കറുത്ത പുള്ളികൾ ഉള്ളവയും.
എണ്ണിയാലൊടുങ്ങില്ല!
ചില കുട്ടികൾ ചോറ് തീരുന്നതിനു മുമ്പ് പാത്രം കഴുകാൻ ഇറങ്ങി യിട്ട് ടീച്ചർമാർ കാണാതെ എറിഞ്ഞു കൊടുക്കാറുമുണ്ട്.
പ്രാവുകൾ പറന്നുയരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സുജാത ഭിത്തിയുടെ മറവിൽ നിന്നും ഓടിമറയുന്നതാണ്.
ഒന്ന് രണ്ട് തൂവലുകൾ മുറ്റത്ത് ചിതറി വീണിരിക്കുന്നു.
” അമ്പടി കള്ളി ഇവളാണ് പ്രാവിനെ പതിവായി എറിഞ്ഞോടിക്കുന്നത്.
ഇത് പൊളിച്ചിട്ട് തന്നെ കാര്യം”
അപ്പു മനസ്സിൽ കരുതി.
(തുടരും……)




മനസ്സിൽ ദൃശ്യ വിസ്മയം തീർത്ത കഥാ സന്ദർഭം…
🙏😀
മടുപ്പ് തോന്നാതെ വായിച്ചു. ഒത്തിരി ഇഷ്ട്ടപ്പെട്ടു ഇനിയും അടുത്ത ആഴ്ച ഉറപ്പായും വായിക്കും ❤️
🙏😀