വിവശയായ രാത്രിയുടെ
കറപുരണ്ട ഉടയാടയിൽ
അമ്മക്കുളിര് മാറാത്ത
ശിശു രോദനങ്ങൾ..
അമ്മത്തൊട്ടിലുകളാടുമ്പോൾ
വഴിവിട്ടബന്ധങ്ങളുടെ
വഴുക്കലുകളിൽ തെന്നിവീണ
ഗർഭാശയങ്ങളുടെ
വാതിലുകളടയുന്നു.
പോറ്റമ്മമാർ മുലചുരത്തുമ്പോൾ
പെറ്റമ്മ മനം ദുരഭിമാനത്തിൻ
മലകൾ താണ്ടി ,
പുണ്യാഹം തളിച്ച്
പുതുതളിർ ചൂടുന്നു.
അതിനിടയിലൊരു
സ്ത്രീജന്മത്തിൻ
പുണ്യസുകൃതമായിരുന്നമ്മയെന്നനാമ,
മെന്നവളുടെ കാതുകളെ
കൊട്ടിയടയ്ക്കുമാറാരോ
ഉച്ചത്തിലുച്ചത്തിൽ
നിലവിളിക്കുന്നു
ഒരായിരം മുള്ളുകളവളിൽ
തറഞ്ഞു കീറുന്നു
ചെന്നിണം വാർന്നകം
ചുട്ടുപൊള്ളുന്നു…
അപ്പോഴുമെങ്ങുമെത്താ
ചോദ്യങ്ങ,ളുത്തരങ്ങൾ
അവളുടെയുള്ളകത്താന്തലുകൾ..
ഒറ്റ നിമിഷമെങ്കിലു
മുയിരുപിടയുന്നുവോ?
ഉടലുകളുഷ്ണശമനതാളങ്ങളെ
പൂകിയതുള്ള്
കുത്തിനോവിക്കുന്നുവോ?
പശ്ചാത്താപത്തിനഗ്നി
യിൽ
ഹൃത്തെരിയുന്നുവോ?
വീണ്ടും കളിയരങ്ങുകളിൽ
തൃഷ്ണകൾ പൂക്കുന്നുവോ?
കാലയവനികയ്ക്കുള്ളിൽ
മാതാപിതാബന്ധം അറ്റു വീഴുന്നുവോ?
രഹസ്യങ്ങളെ മൂടി കറുപ്പ്
തഴച്ചമ്മത്തൊട്ടിലുകൾ
ആടുന്നുവോ?
കാലം കൈമലർത്താതെ
കാവൽ നിൽക്കുന്നുവോ?




നന്നായി ട്ടുണ്ട്
മനസ്സിൽ എന്തൊക്കെയൊ അസ്വസ്ഥതകൾ നിറച്ചല്ലോ 👍