പ്രിയരേ ;
ഇന്ന് മലയാളിമനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത്
‘ദശരഥം’ എന്ന സിനിമയെ കുറിച്ച്:
ദശരഥം:
എല്ലാ അമ്മമാരും ആനിയെപ്പോലെയാണോ ? ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്നേഹിക്കാമോ ? സ്വന്തം അമ്മയിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സ്നേഹത്തിൻ്റെ നഷ്ടബോധവും മകന് കൊടുക്കാൻ കഴിയാത്ത സ്നേഹവും എല്ലാം കൂടിക്കലർന്ന അവസാന രംഗം ഇത്രയും ഭാവതീവ്രതയോടെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു താരവും ഇന്നും ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് നിസ്സംശയം പറയാം.
സന്തോഷം സങ്കടം കണ്ണീർ ചിരി നിരാശ എല്ലാം കലർന്ന ക്ലെമാക്സ് രംഗം കണ്ട് പ്രേക്ഷകരും കണ്ണുകളെ ഈറനാക്കിയാണ് അന്ന് പ്രദർശനശാലകളിൽ നിന്ന് ഇറങ്ങിയത്. ഇന്നും TV യിൽ കണ്ടാലും ഒരിറ്റു കണ്ണുനീർ വീഴാതിരിക്കില്ല.

ലോഹിതദാസിൻ്റെ തൂലികയിൽ നിന്നും അത്രയും ശക്തമായ തിരക്കഥയിലൂടെ സിബിമലയിലിൻ്റെ സംവിധാന മുദ്ര പതിഞ്ഞ 35 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മറക്കാൻ കഴിയാത്ത മലയാള ചലച്ചിത്രമാണ് ‘ദശരഥം’.
അന്നും ഇന്നും ആരും കൈവയ്ക്കാത്ത പ്രമേയം .ലോഹിതദാസിൻ്റെ ഗൗരവമുള്ള
‘ തിരക്കഥയുടെ ശക്തി ഒട്ടും ചോർന്ന് പോകാതെ അഭ്രപാളികളിലേക്ക് എത്തിക്കാൻ സിബി മലയിലിന് കഴിഞ്ഞു.’
വാടക ഗർഭപാത്രമാണ് സിനിമയുടെ വിഷയം ‘.ഇന്ത്യയിൽ അന്ന് കേട്ടുകേൾവിയില്ലാത്ത കാര്യമായതുകൊണ്ട് പ്രേക്ഷകരിൽ പലരും ഈ സിനിമയുടെ വിമർശകരായി. കൂടാതെ ചില സംഭാഷണങ്ങൾ അക്കാലത്തെ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാതെ വന്നു. എന്നാൽ #മോഹൻലാലിൻ്റെ അഭിനയ വൈവിധ്യ മുഹൂർത്തങ്ങൾ ഇത്രയും തീവ്രമായി ഹൃദയസ്പർശിയായി വന്ന സിനിമകൾ വളരെ അപൂർവ്വമാണ്. (കിരീടം ഭരതം, സദയം എന്നീ ‘സിനിമകൾ മറന്ന് കൊണ്ട് പറയുന്നതല്ല)
ഏതൊരമ്മയ്ക്കും അത് മനുഷ്യനാകട്ടെ മൃഗമാകട്ടെ പക്ഷികൾ ആകട്ടെ സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം ലാളന വാത്സല്യം എന്നീ വികാരങ്ങൾ പ്രകൃതി ദത്തമായി ഉണ്ടാകുന്നതാണ് എഴുതിയാലും പറഞ്ഞാലും തീരാത്ത വികാരങ്ങൾ. ”
ഒരു കോഴിയുടെ കുഞ്ഞിനെ പരുന്തോ കാക്കയോ ആക്രമിക്കാൻ വന്നാൽ ആ അമ്മയുടെ രോഷം നമുക്ക് കാണാം. മനുഷ്യരോടായായും അങ്ങനെ തന്നെ.
പശുവായാലും ആനയായാലും പട്ടിയായാലും അതിൻ്റെ കുഞ്ഞിനെ നമ്മൾ മാറ്റാൻ നോക്കിയാൽ തള്ളയുടെ സ്വഭാവം മാറും.
പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ?
ഇവിടെ ഒരമ്മ തൻ്റെ കൊച്ചു മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് പോയി.. എന്നാൽ എല്ലാ അമ്മമാരും അങ്ങനെയാണോ?
തൊമ്മിയെ എനിക്ക് തരുമോ എന്ന് ചോദിച്ചാൽ ഒരച്ഛനും നൽകാൻ കഴിയില്ല.
ആരുടെ കുഞ്ഞിനെ സ്വന്തം ഉദരത്തിൽ പേറിയാലും പൊക്കിൾ കൊടി ബന്ധത്തെ മുറിച്ച് മാറ്റാനാവില്ല.
ദശരഥം പറയുന്നത് അമ്മ മകൻ സ്നേഹത്തിൻ്റെ ആഴം തന്നെയാണ് വാടക ഗർഭപാത്രം ഒരു വിഷയമായി വരുന്നു എന്ന് മാത്രം. അന്നും പിന്നീടും സിനിമ കണ്ടവർക്ക് അതെല്ലാം അറിയാം കാണാത്തവർക്ക് വേണ്ടി കഥാ തന്തുവിലൂടെ കടന്നുപോകുന്നു.
കണ്ട സിനിമയുടെ കഥയിലൂടെ കടന്ന് പോകുമ്പോൾ ഓർത്തെടുക്കുമ്പോൾ തന്നെ വിവിധ വികാര വിചാരങ്ങളിലൂടെ കടന്ന് പോയി. അപ്പോൾ ഇതിൻ്റെ തിരക്കഥ എഴുതിയ ലോഹിതദാസ് എത്ര സംഘർഷം അനുഭവിച്ചു കാണും സിബി മലയിൽ എത്ര സ്ട്രെസ് എടുത്തു കാണും. അതിൽ അഭിനയിച്ച മോഹൻലാലും രേഖയും മുരളിയും സുകുമാരിയും കെ. പി. എ സി ലളിതയും നെടുമുടി വേണുവും കരമനയും മറ്റെല്ലാവരും അഭിനയിക്കുകയാണ് എന്ന് തോന്നാത്ത വിധം കഥാപാത്ര സന്നിവേശം നടത്തുകയായിരുന്നു.അത്രയും അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ഓരോ അഭിനേതാക്കളും കടന്ന് പോകുന്നത്. പ്രത്യേകിച്ച് മോഹൻലാലിൻ്റെ രാജീവ് മേനോനെ ഒരിക്കലും മറക്കാൻ കഴിയില്ല.
രാജീവ് മേനോൻ :
32 വയസ് പിന്നിട്ടിട്ടും വിവാഹം കഴിക്കാൻ താൽപര്യമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന മുപ്പത്തി രണ്ടുകാരൻ. പലവിധ ദുഃശ്ശീലങ്ങളിലൂടെ കടന്ന് പോകുന്ന ആളെ മാറ്റിയെടുക്കാൻ മുതിർന്നവർക്ക് സാധിക്കുകയില്ല എന്നാൽ ഏതാനും കുട്ടികളുടെ കുറഞ്ഞ ദിവസത്തെ സഹവാസം സാമീപ്യം അയാളെയാകെ മാറ്റിയെടുത്തു.. രാജീവ് മേനോൻ എന്ന ബിസിനസുകാരൻ്റെ ജീവിതയാത്രയാണ് ദശരഥം.
അച്ഛൻ തുടങ്ങി വച്ച രത്നഗിരി പ്ലാൻ്റേഷൻസ് ബിസിനസ്സ് മകൻ തുടർന്നു പോകുന്നു എന്ന് മാത്രം. യഥാർത്ഥത്തിൽ എല്ലാം നോക്കി നടത്തുന്നത് അച്ഛൻ്റെ പഴയ സ്നേഹിതൻ അങ്കിൾ എന്ന് രാജീവ് സ്നേഹബഹുമാനത്തോടെ വിളിയ്ക്കുന്ന പിള്ള സാറാണ്.. ഫയലുകളിൽ ഒപ്പിടുക എന്ന ഒരു പ്രവൃത്തി മാത്രമേ രാജീവ് ചെയ്യുന്നുള്ളൂ. യാതൊരു നിയന്ത്രണവുമില്ലാതെ കാണുവർക്കെല്ലാം പണം വാരിക്കോരി കൊടുക്കുന്ന ധൂർത്തൻ. കൂടാതെ ക്ലബ്ബിൽ പണം വച്ചുള്ള ‘ ചീട്ട് കളിയും. മദ്യപാനം ഒഴിഞ്ഞ നേരമില്ല. ഓഫിസിൽ ഇരുന്നും മദ്യപിക്കാൻ യാതൊരു മടിയും ഇല്ല. വീട്ടിൽ എത്തുന്നതും ആടിക്കുഴഞ്ഞു തന്നെ. അങ്ങനെ തുടരുന്ന രാജീവിൻ്റെ കുടുംബത്തിലേക്ക് ഒരു കൃസ്മസ് അവധിക്കാലത്ത് സുഹൃത്ത് കറിയാച്ചനും ഭാര്യയും മക്കളും കൂടി വന്ന് ഒരാഴ്ചയോളം അത്യധികം ആഹ്ളാദത്തോടെ താമസിക്കുകയും ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുകയും അവർ പോയ ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളും വളരെ തൻമയത്തമായി അവതരിപ്പിച്ചിട്ടുണ്ട്.
സാഗാ ഫിലിംസിൻ്റെ ബാനറിൽ അപ്പച്ചനാണ് നിർമാതാവ്
പ്രധാന വേഷത്തിൽ അഭിനയിക്കുന്ന മോഹൻലാലിനോടൊപ്പം ശ്രദ്ധേയമായ വേഷത്തിൽ ‘ മുരളിയും (ചന്ദ്രദാസ്) ചന്ദ്രദാസിൻ്റെ ജീവിതപങ്കാളി ആനിയായി രേഖയും അഭിനയിച്ചു. ഒരമ്മയുടെ വികാരവിചാരങ്ങൾ മന:സംഘർഷങ്ങൾ വളരെ തൻമയത്തമായി അഭിനയിച്ചു. ആനിയുടെ അമ്മയായി കവിയൂർ പൊന്നമ്മയും , സുകുമാരൻ (Dr.ഹമീദ്). സുകുമാരി ( മാഗി ),നെടുമുടി വേണു ( കറിയാച്ചൻ )ഭാര്യ മറിയാമ്മ യായി KPAC ലളിത കരമന ജനാർദ്ദനൻ നായർ (ഓഫീസ് മാനേജർ) ജയഭാരതി (Dr സീനത്ത് ) എം.എസ് തൃപ്പൂണിത്തുറ (അഡ്വക്കറ്റ്) , രാജീവ് രംഗൻ, ജഗന്നാഥൻ ( ലീഗൽ അഡ്വൈസർ) ബോബി കൊട്ടാരക്കര തുടങ്ങിയവരും ദശരഥത്തിലെ അഭിനയകലയുടെ ഭാഗമായി.
പൂവ്വച്ചൽ ഖാദറിൻ്റെ മനോഹര വരികൾക്ക് ജോൺസൺ മാഷുടെ സംഗീതം കൂടാതെ ഓരോ രംഗങ്ങൾക്കും അനുയോജ്യമായ പശ്ചാത്തല സംഗീതവും ജോൺസൺ മാഷ് തന്നെയാണ് നിർവഹിച്ചത്. ഗായകരായി എം.ജി ശ്രീകുമാറും ചിത്രയും ‘
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ — എന്ന ഗാനം സംഗീത പ്രേമികളുടെ ഇഷ്ടഗാനമായി.’
കുട്ടിക്കാലത്തുതന്നെ പിതാവ് മരണപ്പെട്ട രാജീവ് മേനോൻ എന്നയാളുടെ ജീവിതയാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ തുടരുന്ന കഥ:
മൂന്നുവയസ്സു മാത്രമുള്ളപ്പോൾ രാജീവിനേയും അച്ഛനേയും ഉപേക്ഷിച്ച് പൂർവ്വകാമുകനോടൊപ്പം സ്വന്തം അമ്മ പോയതിൽ മനം ന്തൊന്ത് ഉണ്ടായ മാനസിക പ്രയാസം ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു. ആ വിഷമമാണ് മുതിർന്നപ്പോൾ നിയന്ത്രണമില്ലാത്ത മദ്യസേവയിലേക്കും കുത്തഴിഞ്ഞ ജീവിതത്തിലേക്കും മാറാൻ കാരണമായത്. അമ്മയോടുള്ള വെറുപ്പ് മൂലം വിവാഹം ചെയ്യാനും രാജീവിന് ഒട്ടും താൽപര്യമില്ല. ” ‘
രാജീവിൻ്റെ അച്ഛൻ്റെ പ്രയത്നത്തിൽ രൂപീകരിച്ച രത്നഗിരി പ്ലാൻ്റേഷൻ കമ്പനിയിൽ പോലീസ് അന്വേഷിച്ചുവരുന്നതോടെയാണ് സിനിമയുടെ തുടക്ക രംഗം.
പോലീസ് വാഹനത്തിൻ്റെ ഡ്രൈവറെ രാജീവ് കഴിഞ്ഞ ദിവസം തല്ലിയത് അന്വേഷിക്കാനാണ് അവർ വന്നത്. രാജീവ് സ്ഥലത്തില്ലാത്തതിനാൽ വന്നവർ തിരിച്ച് പോയി. ആ സമയത്ത് ബാറിൽ ഇരുന്ന് മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു . കാൽ നിലത്ത് ഉറയ്ക്കാതെയാണ് പുറത്ത് വന്നതെങ്കിലും സ്വന്തം വാഹനം ഓടിച്ച് കൊണ്ട് താമസ സ്ഥലത്തേക്ക് പോയി.
അടുത്ത ദിവസം സ്റ്റേഷനിൽ പോയി ഡ്രൈവർക്ക് കുറച്ച് തുക നൽകി ഭീഷണിയുടെ ഭാഷയിൽ ഒത്തുതീർപ്പാക്കി.
നാട്ടിൽ പുറത്തുകാരനായ ഹൈറേഞ്ചിൽ ജോലിയുളള സുഹൃത്ത് കറിയാച്ചന് ആ ഹിൽ സ്റ്റേഷനടുത്ത് തന്നെയാണ് ജോലി. കൃസ്മസ് വെക്കേഷനിൽ മക്കൾക്ക് ഹൈറേഞ്ചിൽ ‘ വരാൻ ആഗ്രഹമുണ്ടെന്നും ലോഡ്ജ് വാടക താങ്ങാൻ കഴിയില്ലെന്നും രാജീവിനോട് പറഞ്ഞു. എൻ്റെ വീട്ടിൽ താമസിക്കാം എന്ന് പറഞ്ഞത് പ്രകാരം കറിയാച്ചനും ഭാര്യ മറിയാമ്മയും മൂന്നു മക്കളും കൂടി സ്റ്റേഷനിൽ എത്തി. രാജീവ് അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
വീട്ടിൽ കയറിയ ഉടനെ തന്നെ കൂട്ടികൾ ആന കരിമ്പിൻതോട്ടത്തിൽ കയറിയ പോലെ വീട്ടിലെ ഒരു വിധം സാധനങ്ങളും നശിപ്പിച്ചു. എന്നാൽ അതെല്ലാം രാജീവിന് വളരെ രസകരമായിട്ടാണ് തോന്നിയത്. പിള്ള സർ കുട്ടികളെ ചീത്ത പറഞ്ഞെങ്കിലും അവർക്ക് ഒരു കൂസലും ഉണ്ടായില്ല. കുട്ടികളുടെ ഭക്ഷണം കഴിക്കലും ഉറക്കവും എല്ലാം രാജീവിനോടൊപ്പം തന്നെയായി.
ഒരാഴ്ച കഴിഞ്ഞ് അവരെല്ലാം തിരിച്ച് പോയപ്പോൾ രാജീവിന് ആകെ ശൂന്യതയായി.
മരിച്ച വീട് പോലെയായില്ലേ എന്ന് പിള്ള സാറിനോട് രാജീവ്.
കുട്ടികൾ തിരിച്ചു പോയ അസ്വസ്ഥതയിൽ കറിയാച്ചനെ പോയി കണ്ട രാജീവ് മകൻ തൊമ്മിയെ എനിക്ക് തരുമോ എന്ന് ചോദിച്ചു
ഒരപ്പനും തൻ്റെ മക്കളെ മറ്റാർക്കും കൊടുക്കില്ല എന്ന് കറിയാച്ചൻ പറഞ്ഞു.
ഒരു കുട്ടിയെ ദത്തെടുക്കാനുള്ള വഴി അന്വേഷിച്ചെങ്കിലും അത് എവിടേയും എത്തിയില്ല. അങ്ങനെ സുഹൃത്ത് Dr ഹമീദിൻ്റെ നിർദ്ദേശ പ്രകാരം ഗർഭപാത്രം വാടകയ്ക്ക് എടുക്കുന്ന മാർഗ്ഗമാണ് നല്ലത് എന്ന തീരുമാനമെടുന്നത്.
ആ ഉദ്യമത്തിന് വേണ്ടി ഗർഭപാത്രം നൽകാൻ തയ്യാറുള്ളവരെ അന്വേഷിച്ചെങ്കിലും ഏറെ നാളുകൾക്ക് ശേഷമാണ് അർദ്ധ സമ്മതത്തോടെ ഒരാളെ കിട്ടിയത്. ഡോക്ടർ ഹമീദിൻ്റെ പേഷ്യൻ്റാണ് ഫുട്ബോൾ താരമായിരുന്ന ചന്ദ്രദാസ്. ഭാര്യ ആനി അവരുടെ പ്രണയ വിവാഹം :കുട്ടികൾ ഇല്ല ചന്ദ്രദാസ് കിടപ്പിലാണ് നട്ടെല്ലിലെ വേദന യുടെ മരുന്നിൻ്റെ പാർശ്വഫലം കൊണ്ട് കിഡ്നി പ്രവർത്തന രഹിതമായതിനാൽ ഇനി ട്രാൻസ്പ്ലാൻ്റേഷൻ അല്ലാതെ വഴിയില്ല. എന്നാൽ അതിന് ലക്ഷങ്ങൾ വേണം. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ.
ആനി വാടക ഗർഭം ധരിക്കാൻ തയ്യാറായാൽ ഓപ്പറേഷനും തുടർചികിത്സയ്ക്കുമുള്ള പണം രാജീവ് നൽകും. ഡോക്ടർ ഹമീദിൻ്റേയും ‘ സീനത്തിൻ്റെയും നിർദ്ദേശം മനസ്സില്ലാമനസ്സോടെ ആനി സമ്മതിച്ചു.
തൻ്റെ ഭർത്താവിൻ്റെ അപകടാവസ്ഥ തരണം ചെയ്യാൻ വലിയ തുക അവൾക്ക് ആവശ്യമായിരുന്നതിനാൽ അഭിമാനക്ഷതമൊന്നും കാര്യമാക്കിയില്ല. മറ്റൊരാളുടെ കുഞ്ഞ് തൻ്റെ ഭാര്യയുടെ ഉദരത്തിൽ വളരുന്നതിൽ അത്രയും താൽപര്യമില്ലെങ്കിലും ചന്ദ്രദാസും സ്വജീവൻ്റെ കാര്യത്തിന് പരിഗണന കൊടുത്തു.
വ്യവസ്ഥകൾ ലീഗൽ ആയി നടക്കാനും കരാർ ലംഘനം ഇരുഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാനും അവർ തമ്മിൽ ഒരു എഗ്രിമെൻ്റ് ഉണ്ടാക്കണമെന്ന് കമ്പനി വക്കീൽ പറഞ്ഞു.
ചന്ദ്രദാസും രാജീവും തമ്മിൽ ഹമീദിൻ്റെ ആശുപത്രിയിൽ വച്ച് ആദ്യമായി കൂടിക്കാഴ്ച നടന്നു. എഗ്രിമെൻ്റിൻ്റെ കാര്യം ചന്ദ്രദാസിനോട് രാജീവ് സൂചിപ്പിച്ചു.
എഗ്രിമെൻ്റ് വക്കീൽ വായിച്ചു കേൾപ്പിച്ചു. രാജീവും ആനിയും എഗ്രിമെൻ്റിൽ ഒപ്പുവച്ചു. അവർക്ക് പറഞ്ഞ തുക രണ്ടു ലക്ഷം കൈമാറി.
അധികം വൈകാതെ ആനിയുടെ ജൈവീകഘടനയ്ക്ക് അനുയോജ്യമായ ദിവസം നോക്കി ആർട്ടിഫിഷ്യൽ ഇൻസെമെനേഷൻ നടത്തി
ഒരു മാസം പിന്നിട്ടിട്ടും ആനിയുടെ യാതൊരു വിവരവും ഇല്ലാത്തതിനാൽ കാര്യങ്ങളുടെ പുരോഗതി അറിയാത്തതിനാൽ രാജീവ് ആകെ അസ്വസ്ഥനായി. സ്വന്തം കിടപ്പുമുറിയിലെ സാധനങ്ങൾ എല്ലാം രാജീവ് വാരിവലിച്ച് താഴേക്ക് എറിഞ്ഞു. കണ്ടുവന്ന പിള്ള സാർ ശാസിച്ചു. എല്ലാവരും ചതിയൻ മാരാണെന്നും ഡോക്ടർ ദമ്പതികളും കമ്മീഷ ൻ വാങ്ങി പറ്റിക്കുകയായിരുന്നു എന്നും രാജീവ് പറഞ്ഞപ്പോൾ അത്തരക്കാരല്ല അവർ എന്ന് പിള്ള സാർ പറഞ്ഞു.
ഏതാനും ദിവസം പിന്നിട്ടപ്പോൾ Dr. ഹമീദിൻ്റെ ഫോൺ പിള്ള സാറിന് വന്നു ആനി ഗർഭിണിയായി എന്ന വിവരം. രാജീവിൻെറ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്ത വിധമായി. ആകെ ഉത്സവപ്രതീതി. പിള്ള സാറും എല്ലാവരും സന്തോഷത്തിൽ. കമ്പനിയിലെ എല്ലാവർക്കും മധുര പലഹാരങ്ങൾ നല്കി.
രാജീവിന് ഇരിക്കപ്പൊറുതിയില്ലാതെ ഒരു വണ്ടി നിറയെ ഫ്രൂട്സുമായി ആനിയെ കാണാൻ പോയി. എന്നാൽ ആനി അതൊന്നും സ്വീകരിക്കാതെ മേലിൽ ഇവിടെ വരരുതെന്ന് പറഞ്ഞു. ചന്ദ്രദാസ് മാത്രം ഒരു ആപ്പിൾ സ്വീകരിച്ചു. രാജീവ് തിരിച്ചു പോയപ്പോൾ ഇതൊന്നു വയറ്റിൽ നിന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി എന്ന് ആനി ഭർത്താവിനോട് പറഞ്ഞു.
ചന്ദ്രദാസിൻ്റെ ഓപ്പറേഷൻ്റെ ദിവസമായി.
രാജീവ് അവരെ കാണാൻ വളരെ ദൂരെയുള്ള ആശുപത്രിയിൽ പോയി. ഓപ്പറേഷൻ തിയേറ്ററിലേക്ക് ചന്ദ്രദാസിനെ കണ്ണീരോടെ യാത്രയാക്കി. ഇങ്ങനെ കരയുന്നത് ശരിയല്ല എന്ന് രാജീവ് ആനിയോടു പറഞ്ഞു.
ആനിയോടുള്ള നിബന്ധനകൾ ഇഷ്ടപ്പെടാതെ അവൾ അനിഷ്ടം പ്രകടിപ്പിച്ചു.
ചന്ദ്രദാസിൻ്റെ ഓപ്പറേഷൻ വിജയകരമായി നടന്നു.
ഏറെ ദിവസത്തെ സമ്മർദ്ദത്തിന് വഴങ്ങി ചന്ദ്രദാസിൻ്റെ അഭിപ്രായവും കണക്കിലെടുത്ത് രാജീവ് ഏർപ്പാടാക്കിയ ലേഡി ഡോക്ടർമാരുള്ള പരിചാരകമാരുടെ അതീവ ശ്രദ്ധയുള്ള ഹിൽ സ്റ്റേഷനിലെ സ്ത്രീകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് ആനി താമസം മാറി.
അവിടത്തെ താമസവും അമിത പരിചരണവും ഇഷ്ടപ്പെടാത്ത ആനി ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. അതിനെതിരെ രാജീവ് പ്രതികരിച്ചപ്പോൾ എന്നെ തടവിലിട്ടിരിക്കയാണോ എന്ന് ചോദിച്ചു. ആനി കരഞ്ഞ് റൂമിലേക്ക് പോയി.
കുറച്ചു ദിവസം കഴിഞ്ഞ് ചന്ദ്രദാസിൻ്റെ കത്ത് ആനിയ്ക്ക് വന്നു. അയാൾ ആരോഗ്യം വീണ്ടെടുത്തു.
ദിവസങ്ങൾ ചെല്ലുംതോറും ആനി ഏറെ ഉത്സാഹവതിയായി. ചന്ദ്രദാസ് ആനി താമസിക്കു സ്ഥലത്ത് എത്തി ആനിയെ കാണാൻ സമ്മതിക്കില്ല എന്ന് രാജീവ് പറഞ്ഞപ്പോൾ അവർ തമ്മിൽ തർക്കമായി. അതുകണ്ട് ആനി അവിടേക്ക് ഓടിയെത്തി. അവർ ആലിംഗനബദ്ധരായി. രാജീവ് അക്ഷമനായി.
പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത രാജീവ് ചന്ദ്രദാസിനോട് ക്ഷമ ചോദിച്ചു.
ബന്ധങ്ങളുടെ തീവ്രത എനിക്ക് മനസ്സിലാവില്ല എന്ന് പറഞ്ഞു.
ഏറെ ദിവസങ്ങൾ കഴിയുമ്പോഴേക്കും ആനിയ്ക്ക് രാജീവിനോടുള്ള വെറുപ്പ് മാറി. മോൻ ഉള്ളിൽ കിടന്ന് ചവിട്ടുന്ന കാര്യം ആനി രാജീവിനോട് പറഞ്ഞു. കുട്ടിയുടെ വളർച്ചയുടെ കാര്യം കേൾക്കുമ്പോൾ രാജീവ് പുതിയ ആളായി മാറുകയായിരുന്നു മദ്യപാനവും പുകവലിയും മറ്റു ദു:ശ്ശീലങ്ങൾ എല്ലാം സ്വയമേ അവസാനിപ്പിച്ചു.
ദിവസങ്ങൾ കഴിഞ്ഞു. ആനിയെ ആശുപത്രിയിലാക്കി രാജീവ് ആശുപത്രിയിൽ ഓടിയെത്തി.
ആനി പ്രസവിച്ചു ആൺകുട്ടി. തൻ്റെ മകനെ കാണാൻ രാജീവും തൻ്റേതല്ലാത്ത കുട്ടിയെ കാണാൻ ചന്ദ്രദാസും ലേബർ റൂമിന് മുന്നിൽ. രാജീവും ചന്ദ്രദാസും വലിയ സന്തോഷത്തിൽ തന്നെ അവിടെ നിന്നെങ്കിലും ചന്ദ്രദാസ് യഥാർത്ഥത്തിൽ ഒരു പരാജിതനെ പോലെയും രാജീവ് വളരെ അഭിമാനത്തോടെയും നിൽക്കുമ്പോൾ കുട്ടിയെ അച്ഛനെ കാണിക്കാൻ നഴ്സ് കൊണ്ടുവന്നു. ആരാണ് അച്ഛൻ എന്ന് ചോദിച്ച് രാജീവിൻ്റെ കയ്യിൽ കൊടുത്തു. ചന്ദ്രദാസും ആ കുഞ്ഞിൻ്റെ മുഖത്ത് ഒരു വട്ടം നോക്കി.സ്വന്തം ഭാര്യ പ്രസവിച്ച കുഞ്ഞാണെങ്കിലും താനല്ലല്ലോ അച്ഛൻ എന്ന നിരാശ മുഖത്ത് പ്രകടമായിരുന്നു.
കുഞ്ഞിനെ കയ്യിൽ കിട്ടിയ രാജീവ് അങ്കിൾ നമുക്ക് പോകാം എന്ന് പറഞ്ഞ് കൊണ്ട് പോകാനാണ് ശ്രമിച്ചത്.
കരാർ ഇന്നത്തോടെ അവസാനിച്ചു എന്ന് പറയുകയും ചെയ്തു. ഡോക്ടർ സീനത്ത് അദ്ദേഹത്തെ ശാസിച്ചു. കുട്ടിയ്ക്ക് അമ്മയുടെ ചൂടും മുലപ്പാലും വേണ്ട കാര്യം പറഞ്ഞു.
കുട്ടിയെ കാണാതെ ബഹളം വച്ച ആനിയുടെ അടുത്തേക്ക് ഡോക്ടർ തന്നെ കൊണ്ടു പോയി.
കുഞ്ഞിനെ കാണാതിരിക്കാൻ കഴിയാത്ത രാജീവ് രാത്രിയിൽ ജനൽ വഴി കുഞ്ഞിൻ്റെ മുഖത്തേക്ക് നോക്കി നിന്നു. ആനിക്ക് സംശയം തോന്നിയപ്പോൾ തിരിച്ച് പോന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആനിയെ പ്രസവാനന്തര ശുശ്രൂഷയ്ക്കും സംരക്ഷണയ്ക്കും വേണ്ടി ഹിൽ സ്റ്റേഷനിലെ ബംഗ്ലാവിലക്ക് തന്നെ തിരിച്ചു കൊണ്ടു വന്നു.
രാജീവ് തൻ്റെ വാഹനം കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് കൊടുക്കുന്ന വലിപ്പമുള്ള ഒട്ടേറെ കളിപ്പാട്ടങ്ങളുമായി ബംഗ്ലാവിലെത്തി. ആ നിയോടൊപ്പം അവിടെ എത്തിയിരുന്ന ചന്ദ്രദാസിനോട് രാജീവ് സംസാരിച്ചപ്പോൾ എൻ്റെ ഭാര്യ പ്രസവിച്ച കുഞ്ഞിനോട് എനിക്കും സ്നേഹമുണ്ടെന്ന് പറഞ്ഞത് രാജീവ് മറ്റൊരു അർത്ഥത്തിലാണ് എടുത്തത്. ഇൻസൽട്ട് ചെയ്തു എന്ന് പിള്ള സാറിനോട് പറയുകയും ചെയ്തു.
ഏതൊരമ്മയേയും പോലെ ഓരോ ദിവസം ചെല്ലും തോറും കുഞ്ഞിനോട് ആനി കൂടുതൽ കൂടുതൽ അടുത്തു പോയി.
അങ്ങനെ നാലു മാസങ്ങൾ വേഗം കടന്ന് പോയി.
ബംഗ്ലാവിൽ എത്തിയ രാജീവ് കുഞ്ഞിനെ എടുത്ത് കുപ്പിയിൽ നിറച്ചു വച്ചിരുന്ന പാൽ കൊടുക്കുന്നത് ആനി കണ്ടു വന്നു.
കുഞ്ഞിനെ പിടിച്ച് വാങ്ങി.
ഇനി ഞാൻ കുഞ്ഞിനെ കൊണ്ടുപോകുകയാണ് എന്ന് പറഞ്ഞ രാജീവിനോട് കുഞ്ഞിനെ ഞാൻ വിട്ടു തരില്ല എന്ന് ആനി കട്ടായം പറഞ്ഞു.മുറിയിൽ കയറി വാതിൽ അടച്ചു.തിരിച്ചു വീട്ടിൽ വന്ന രാജീവ് ആകെ നിരാശനും അസ്വസ്ഥമായി.
നിറുത്തി വച്ചിരുന്ന മദ്യപാന ശീലം ആരംഭിച്ചു.
പിള്ള സാറിനോട് പറഞ്ഞു. നന്നാവാൻ മററുള്ളവർ സമ്മതിക്കില്ല എന്ന് ‘
ആ സമയം എസ്റ്റേറ്റിലെ വാച്ചർ വന്ന് അമ്മയേയും കുഞ്ഞിനേയും കാണാനില്ല എന്ന് അറിയിച്ചു രാജീവ് ആകെ പൊട്ടിത്തെറിച്ചു .ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തിയ വാച്ച്മാനെ ചീത്ത വിളിച്ചു.
ആനി സ്വന്തം വീട്ടിലേക്കി പോലീസുകാരേയും കൂട്ടിയാണ് എത്തിയത്.. ജീവന് ഭീഷണി യുണ്ടെന്ന് പരാതി കൊടുത്തപ്പോൾ അവർ എസ്കോർട്ട് വന്നതാണ്..
ആ സമയം രാജീവ് അവിടെയെത്തി ബഹളമുണ്ടാക്കി. എൻ്റെ പണം കൊണ്ടാടാ നിൻ്റെ ജീവൻ തിരിച്ചു കിട്ടിയത് എന്ന് പറഞ്ഞ് ചന്ദ്രദാസിനെ തള്ളിയിട്ടു. പോലീസ് രാജീവിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി.
നമ്മൾ ചെയ്തത് ശരിയായില്ല എന്ന് ചന്ദ്ര ദാസ് ആനിയോട് പറഞ്ഞു.
ഇക്കാര്യം പറഞ്ഞ് അവർ തർക്കത്തിലായി.
കേസ് കോടതിയിലെത്തി. വിധി രാജീവിന് പ്രതികൂലമായി. ഇന്ത്യയിൽ നിയമസാധുതയില്ല എന്ന് പറഞ്ഞ് കേസ് തള്ളി. രാജീവ് ആകെ തകർന്ന് പോയി.
ആസ്ത്രീ വഞ്ചിച്ചെങ്കിലും സ്വത്തുക്കൾ എല്ലാം മകൻ്റെ പേരിലാക്കി വക്കണം എന്ന് അങ്കിളിനോട് പറഞ്ഞു. മകനെ സ്നേഹിക്കുന്ന ഒരമ്മയെ അവന് കിട്ടിയല്ലോ എന്ന് പറഞ്ഞ് തീരുന്നോഴേക്കും രാജീവിൻ്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ ഒഴുകി.
പിറ്റേന്ന് രാവിലെ തന്നെ രാജീവ് ചന്ദ്രദാസിൻ്റെ വീട്ടിൽ പോയി. കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്ന ആനി ഭയപ്പെട്ടു എഴുന്നേറ്റു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനല്ല വന്നത് എന്ന് രാജീവ് പറഞ്ഞു.
ഒരിക്കൽ കൂടി അപേക്ഷിക്കാൻ വന്നതാണ്.
എൻ്റെ എല്ലാ സ്വത്തും എടുത്ത് അവനെ തരുമോ എന്ന് താണുകേണക്ഷിക്കാൻ വന്നതാണ് എന്ന് പറഞ്ഞു.
മോനെ ഒന്ന് എടുക്കട്ടെ എന്ന് ചോദിച്ചു. ആനിയുടെ അമ്മ ആ കുഞ്ഞിനെ വാങ്ങി രാജീവിൻ്റെ കയ്യിൽ കൊടുത്തു . മനസ്സില്ലാ മനസ്സോടെ തിരികെ കൊടുത്ത് രാജീവ് തിരിച്ച് വന്നു.
ചന്ദ്രദാസ് ആനിയോട് പറഞ്ഞു.നാളെ ഇവൻ നമ്മുടെ മുഖത്ത് നോക്കി നിങ്ങളല്ലേ എൻ്റെ അച്ഛനെ തകർത്തത് എന്ന് ചോദിച്ചാൽ എന്ത് പറയും?
രാജീവ് വളരെ നിരാശയോടെ ബംഗ്ലാവിലേക്ക് എത്തി.അവിടെ പരിചാരിക മാഗി മാത്രം ബാക്കിയായി. മറ്റെല്ലാവരും രാവിലെ തിരിച്ച് പോയി. മാഗിയോട് തൻ്റെ വിഷമങ്ങൾ പങ്കിടുമ്പോൾ കോളിങ് ബെൽ അടിക്കുന്നത് കേട്ടു.
തുറന്ന് നോക്കിയപ്പോൾ ചന്ദ്രദാസ് കുഞ്ഞിനെയും കൊണ്ട് മുന്നിൽ നിൽക്കുന്നു. മകനെ രാജീവിന് കൈമാറി. മകനെ വിട്ടുകൊടുക്കാൻ ആനി സമ്മതിച്ചു എന്ന് ദാസ് പറഞ്ഞു. പുതിയ അന്തരീക്ഷത്തിക്ക് മാറാനും വിഷമം ഇല്ലാതാകാനും ഞങ്ങൾ ദൂരെ ഒരിടത്തേക്ക് മാറുകയാണെന്നും ദാസ് പറഞ്ഞു ‘
ആനി അങ്ങോട്ട് വരാതെ കാറിൽ തന്നെയിരുന്നു.
ചന്ദ്രദാസ് തിരിച്ചു പോകുമ്പോൾ മുറ്റത്തേക്ക് കുഞ്ഞിനേയും രാജീവ് ഇറങ്ങി.
അന്നേരം കാറിൻ്റെ ഡോർ തുറന്ന് ആനി കുഞ്ഞിനെ എടുക്കാൻ ഓടി വന്നപ്പോൾ ചന്ദ്രദാസ് തടഞ്ഞു.
ഒന്നുകിൽ ഞാൻ അല്ലെങ്കിൽ കുഞ്ഞ് ഏതെങ്കിലും ഒന്ന് ഇപ്പോൾ തീരുമാനിക്കണം എന്ന് പറഞ്ഞപ്പോൾ നിസ്സഹായയായി ആ അമ്മ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. അന്നേരം ആ കുഞ്ഞ് വ്യക്തമാകാത്ത ശബ്ദത്തിൽ അമ്മേ എന്ന് വിളിച്ചു. അമ്മേ എന്ന ആദ്യമന്ത്രാക്ഷരം.
ആ വിളി രാജീവിൻെറ ഉള്ളിൽ ചെന്നു തറച്ചു. സ്വന്തം അമ്മയെ വിളിക്കുന്നതിന് തുല്യമല്ലേ എന്ന തോന്നൽ അയാളിൽ ഉണ്ടായി.
അപ്പോൾ തന്നെ സ്വന്തം കുത്തിനെ ആനിയുടെ കയ്യിൽ കൊടുത്തു ഒരമ്മയുടെ യഥാർത്ഥ സ്നേഹം തിരിച്ചറിയുകയായിരുന്നു. എൻ്റെ മകൻ വളരേണ്ടത് യഥാർത്ഥ കൈകളിൽ ആണെന്ന് പറഞ്ഞു .പത്തു മാസത്തെ കരാറിൽ പത്തുമാസം ചുമന്നതിൻ്റെ പേരിൽ അവസാനിക്കുന്നതല്ല അമ്മ മക്കൾ ബന്ധം എന്ന് പ്രേക്ഷകരും തിരിച്ചറിയുന്നു.
കുഞ്ഞിനെ കൊടുത്ത ശേഷം രാജീവ് മേനോൻ പറഞ്ഞു. നിങ്ങൾ എവിടെയായാലും എൻ്റെ മരണശേഷം വായ്ക്കരി ഇടാൻ മകനെ അനുവദിക്കണം കൂടാതെ ചിതയ്ക്ക് തീ കൊളുത്താനും അങ്ങനെ ഒരു വിശ്വാസം മനസ്സിൽ കടന്നു കൂടി.
ചന്ദ്രദാസിനോട് പറഞ്ഞു കുട്ടിയുടെ കാര്യത്തിൽ നിങ്ങൾ ആനിയോട് മത്സരിക്കാൻ പോകരുത് തോറ്റുപോകും എന്ന്. അങ്ങനെ സ്വന്തം മകനും അവനെ നളർത്തുന്ന അമ്മയും കണ്ണിൽ നിന്ന് മറയുമ്പോൾ പൊട്ടിത്തകർന്ന് നിൽക്കുന്ന ആ മനുഷ്യൻ അമ്മയുടെ പ്രായമുള്ള മാഗിയോട് ചോദിച്ചു.
“എല്ലാ അമ്മമാരും ആനിയെപ്പോലെയാണോ ? ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്നേഹിക്കാമോ?” എന്ന് നിറയാർന്ന ശബ്ദത്തിൽ ചോദിക്കുമ്പോൾ കണ്ണുകൾ ഈറനാകുമ്പോൾ ദശരഥത്തിന് സമാപ്തി.
സ്വന്തം അമ്മയിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സ്നേഹത്തിൻ്റെ നഷ്ടബോധവും മകന് കൊടുക്കാൻ കഴിയാത്ത സ്നേഹവും എല്ലാം കൂടിക്കലർന്ന അവസാന രംഗം ഇത്രയും ഭാവതീവ്രതയോടെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു താരവും ഇന്നും ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് നിസ്സംശയം പറയാം.
ദശരഥം അവലോകനം ഇവിടെ തീരുന്നു.
അവലോകനം ഹൃദയപൂർവ്വം തുടരും —-



