ഷാർജ : നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2025) പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 101 പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കണ്ണൂരിലെ ഇരിട്ടി ആസ്ഥാനമായി ഒരു കൂട്ടം വനിതകൾ രൂപികരിച്ച ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മ. സമൂഹത്തിൻ്റെ അടിത്തട്ടിൽ അറിയപ്പെടാതെ പോയ കുറച്ച് സ്ത്രീകളുടെ കലാവൈഭവത്തെ പൊടിതട്ടിയെടുക്കാൻ ശ്രമിച്ച്, ആ കൂട്ടായ്മയ്ക്ക് അവർ ” താച്ചി ” എന്ന പേരുകൊടുത്തു. അതിൽ അവർ എഴുതിയും പറഞ്ഞും സന്തോഷിച്ചും ദിനങ്ങൾ തള്ളിനീക്കി.
എഴുതും തോറും അറിയുകയും, അറിയുന്തോറും കൂടുതൽ കൂടുതൽ എഴുതുകയും ചെയ്യാൻ അവർ പഠിച്ചു. ഇരിട്ടിയുടെ ചുറ്റുവട്ടങ്ങൾ വിട്ട് മറ്റ് പ്രദേശങ്ങളിലേക്കും അവർ അറിയപ്പെട്ടു തുടങ്ങി. കൂടുതൽ കൂടുതൽ സ്ത്രീ എഴുത്തുകാരെ അവർ അവരോടൊപ്പം ചേർത്തു നിർത്തി. അത് ജില്ല വിട്ട് മറ്റു ജില്ലകളിലേക്ക് വളർന്നു. അങ്ങിനെ വാട്ട്സ് ആപ്പിൽ മാത്രം എഴുതിയാൽ പോര , എഴുതുന്നത് ഒരു പുസ്തക രൂപത്തിൽ ആയിത്തീരണം എന്നവർ ആഗ്രഹിച്ചു. അതോടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ നിന്ന് ശ്രീമതി രാജി അരവിന്ദിൻ്റെ നേതൃത്വത്തിൽ പെണ്ണില്ലം എന്ന പേരിൽ എല്ലാവരുടേയും സൃഷ്ടികൾ കോർത്തിണക്കി ഒരു പുസ്തകം 2023 ൽ പ്രസിദ്ധീകരിച്ചു.
കൂട്ടായ്മ വളർന്നപ്പോൾ അവരെ നയിക്കാൻ ശ്രീമതി രാജി അരവിന്ദ് ജനറൽ സെക്രട്ടറിയായും, ലേഖ പ്രസിഡണ്ടായും, അജിത സജീവ് ട്രഷററായും കൂടാതെ, മറ്റ് പന്ത്രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും ചേർത്ത് ഒരു കമ്മിറ്റിക്ക് രൂപം കൊടുക്കുകയും, പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് എന്ന പേരിൽ ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായി ആ കൂട്ടായ്മയെ മാറ്റുകയും ചെയ്തു.
കേരളത്തിൻ്റെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും ഇന്ന് ഈ കൂട്ടായ്മയിൽ എഴുത്തുകാരികൾ ഉണ്ട്. കൂടാതെ ഈ വർഷം മുതൽ പുരുഷ എഴുത്തുകാരേയും ചേർത്തുകൊണ്ട് പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് നൂറ്റി ഒന്ന് പുസ്തകങ്ങളുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനത്തിനായി എത്തിയിരിക്കുന്നു. മാത്രമല്ല അവരുടേതായ ഒരു ബുക്സ്റ്റാളും പുസ്തകോത്സവത്തിൽ തയ്യാറാക്കിയിരിക്കുന്നു. ഏദേശം നാൽപ്പതോളം എഴുത്തുകാരാണ് നൂറ്റി ഒന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മത്തിനായി ഷാർജയിൽ എത്തിയിരിക്കുന്നത്. അക്ഷരങ്ങളുടെ സുൽത്താനും, സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ സുൽത്താനുമായ ഹിസ്സ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നാട്ടിൽ സ്ത്രീ എഴുത്തുകാർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരത്തിൻ്റെ തെളിവായി 11-11-2025 ന് പുസ്തകോത്സവ നഗരിയിലെ ഹാൾ നമ്പർ ഏഴിൽ ഇൻ്റലക്ച്വൽ ഹാളിൽ 101 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് നടന്നു. കഥ, കവിത, സാഹിത്യം, ലേഖനം തുടങ്ങിയ എല്ലാതരം സൃഷ്ടികളും ഉൾപ്പെടുന്നതാന്ന് 101 പുസ്തകങ്ങൾ.



