ഷാർജ : SIBF 2025-ൽ സാഹിത്യലോകത്തെ നാരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങൾ നയിക്കുന്ന ചർച്ചകളാണ് പുരോഗമിക്കുന്നത്.
കഥകൾ എഴുതുമ്പോഴും, അത് ദൃശ്യവൽക്കരിക്കുമ്പോഴും സാധാരണയായി നിരവധി ട്വിസ്റ്റുകൾ ഉണ്ടാക്കാറുണ്ട്. ഓരോ ട്വിസ്റ്റുകളും കഥയ്ക്ക് അനിവാര്യമായ രീതിയിലായിരിക്കും ക്രമീകരിക്കുന്നത്. ഇത് വെറുതേ ഒരു രസമായി ഉണ്ടാക്കുന്നതല്ല എന്നും, വ്യത്യസ്ഥ തലങ്ങളിൽ കാഴ്ച്ചപ്പാടുകളുള്ള ആളുകളാണ് കഥകളെ കൂടുതൽ ജനകീയവൽക്കരിക്കുന്നതെന്ന് നാൽപ്പത്തിനാലാമത് ഷാർജ പുസ്തകോത്സവത്തിൽ എത്തിയ ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയർ വിറ്റ്‌ഫീൽഡും എമിറാത്തി എഴുത്തുകാരൻ തലാൽ മഹ്മൂദും അഭിപ്രായപ്പെട്ടു.

കഥകൾ ജനകീയമാകണമെങ്കിൽ കഥയുടെ സാരാംശം ജനകീയമാകണം. കഥകൊണ്ടുപോകുന്ന പാശ്ചാത്തലം, കഥാപാത്രങ്ങളുടെ സ്വഭാവം, പ്രതിപാദിക്കുന്ന വിഷയങ്ങൾ കൂടാതെ ഇടയ്ക്കിടയ്ക്ക് നൽകുന്ന ട്വിസ്റ്റുകൾ എന്നിവ മൂലഘടകങ്ങളാണ്. എഴുത്തുകാരൻ്റെ കാഴ്ച്ചപ്പാടുകളെ വിശാല വൽക്കരിച്ച് അത് ജന മനസ്സുകളിലൂടെ നയിക്കുമ്പോഴാണ് കഥയ്ക്ക് ജീവൻ വയ്ക്കുന്നത് എന്നും കഥ അവതരണ ചർച്ചകളിൽ സംവദിച്ചു കൊണ്ട് അവർ പറഞ്ഞു.

കൂടാതെ പുസ്തകോത്സവ വേദിയിൽ പന്ത്രണ്ടാമത് ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസ് സമാപിക്കുമ്പോൾ, ലൈബ്രറികളുടെ ഡിജിറ്റൽ വൽക്കരണത്തെക്കുറിച്ചും, അതിലൂടെ ലൈബ്രറികളുടെ പുരോഗതിയെക്കുറിച്ചും, ഇതിനായി ലൈബ്രേറിയന്മാരെ പരിശീലിപ്പിക്കേണ്ടതിനെക്കുറിച്ചും അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് ഷാർജ ബുക്ക് അതോറിറ്റി ( SIBF) സംഘടിപ്പിച്ച പന്ത്രണ്ടാമത് ഷാർജ ഇന്റർനാഷണൽ ലൈബ്രറി കോൺഫറൻസ് ചർച്ച ചെയ്തു.

മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ലൈബ്രറി പ്രൊഫഷണലുകൾ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ലൈബ്രറികളിൽ Al സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിജ്ഞാനം വികസനം എന്ന തത്വം കൂടുതൽ ഉപയോഗപ്രദമാക്കണം എന്ന ആശയവും കോൺഫറൻസ് മുന്നോട്ട് വയ്ക്കുകയുണ്ടായി. കൂടാതെ ലൈബ്രറിയുടെ ആഗോള വികസനം സാധ്യമാക്കുന്നതിന് ഷാർജ ബുക് അതോറിറ്റിയുടെ ചെയർപേഴ്‌സൺ H H ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനത്തിന് ആഗോളതല സഹകരണം ആവശ്യമാണെന്ന് കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്ന ബുക്ക് പബ്ലിഷിംഗ് സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസ്സാനി പറഞ്ഞു.



