ഷാർജ : നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആറാമത് ദിവസത്തിലേക്ക് കടക്കുമ്പോൾ തികച്ചും ജനസാഗരമാണ് കാണാൻ കഴിയുന്നത്. അക്ഷരങ്ങളെ തേടി, അറിവിൻ്റെ പുസ്തകങ്ങളെത്തേടി തങ്ങളുടെ ഇഷ്ട എഴുത്തുകാരെ തേടി കുട്ടികളും മുതിർന്നവരും ഒരു പോലെ പുസ്തകോത്സവത്തിലേക്ക് ഒഴുകിയെത്തുന്നു.

പുസ്തകോത്സവം തുടങ്ങി ആദ്യ വാരാന്ത്യ അവധി കഴിഞ്ഞതോടെ സ്കൂളുകളും ഓഫീസുകളും വീണ്ടും ദൈനംദിന പ്രവർത്തനങ്ങളിലേക്ക് കടന്നു. എന്നാൽ വിദ്യ തേടി വിജയം കൊതിക്കുന്ന വിദ്യാർത്ഥികൾ അവർക്ക് അക്ഷരങ്ങൾ പകർന്നു കൊടുക്കുന്ന അദ്ധ്യാപകർ, അവരാരും ഈ ഒരു പുസ്തകമേള വിട്ടുകളയാറില്ല. അതിനാൽ ഓരോ സ്കൂളുകളും കുട്ടികൾക്ക് പുസ്തക നഗരി സന്ദർശിക്കാൻ പ്രത്യേകം പ്രത്യേകം അവസരങ്ങൾ ഒരുക്കുകയാണ്. രാജ്യ രാജ്യാന്തരങ്ങളിലെ കലയും കളികളും വായനയും എഴുത്തും ഒക്കെയായി കുട്ടികൾ ആഘോഷത്തിൻ്റെ നിറനിലാവ് കാണുകയാണിവിടെ.
ദേശം, ഭാഷ, സംസ്ക്കാരം എല്ലാം ഒരു ചരടിൽ കോർത്തിണക്കി വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് എല്ലാ വിഭാഗം ജനങ്ങളും ഷാർജ സുൽത്താൻ ഹിസ്സ് ഹൈനസ് ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അറിവിൻ്റെ കലവറയായ അന്താരാഷ്ട്ര പുസ്തകമേളയെ നെഞ്ചേറ്റുന്ന കാഴ്ച്ചയാണ് ഓരാവർഷവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.





