Monday, February 23, 2026
Homeഅമേരിക്കപ്രത്യാശായാണ് ജീവിതം ✍ജോർജ്ജ് തുമ്പയിൽ

പ്രത്യാശായാണ് ജീവിതം ✍ജോർജ്ജ് തുമ്പയിൽ

ക്രിസ്മ‌സ് കാലത്ത് നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന പൂക്കൾപോലെ മഞ്ഞു തൂവന്ന രാത്രിയിൽ വിടർന്നു നിൽക്കുന്നു. അതിൻ്റെ വർണ്ണരാജികളിലേക്ക് നോക്കിനിൽക്കുമ്പോൾ ഈ നിറച്ചാർത്താണ് ജീവിക്കാൻ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിർഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോൾ ഓർമ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകൾ ചേർത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, ‘നീ ഭൂമിയിൽ പോയി സൂര്യനു കീഴിൽ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാൻ 60 വർഷത്തെ ആയുസ്സ് തരുന്നു.’ അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു. ‘അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വർഷത്തെ ആയുസ്? എനിയ്ക്ക് 20 വർഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു.’ കാള പറഞ്ഞു.

അതു കേട്ടു ദൈവത്തിന് അലിവു തോന്നി. അദ്ദേഹം അപ്രകാരം ചെയ്‌തു. രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ട‌ിച്ചു. ‘മനുഷ്യരുടെ സ്നേഹത്താൽ നിന്റെ ജീവിതം ധന്യമാകും. അതു കൊണ്ടും ജീവിതകാലം മുഴുവൻ അവരുടെ വീട്ടുവാതിൽക്കൽ കാവൽ കിടക്കുക. അരികിൽ കൂടെ ആരു പോയാലും നീ കുരയ്ക്കുക. നിനക്ക് ഞാൻ അതിനായി 20 വർഷത്തെ ആയുസ് തരുന്നു.’ പട്ടിക്കും അതത്ര തൃപ്‌തികരമായി തോന്നിയില്ല. അത് വേദനയോടെ, ദൈവത്തോടു പറഞ്ഞു.

’20 വർഷം കുരച്ചു കൊണ്ടു ജീവിയ്ക്കാൻ വയ്യ പ്രഭോ. എനിയ്ക്ക് 10 വർഷം മതി. ബാക്കി 10 അങ്ങ് തിരിച്ചെടുത്തോളു.’

നായ പറയുന്നതിൽ കാര്യമുണ്ടെന്നു സർവ്വശക്തനായ ദൈവത്തിനു തോന്നി. അദ്ദേഹം അപ്രകാരം ചെയ്തു. തുടർന്നു, മൂന്നാം ദിവസമായി. അദ്ദേഹം ദൈവം കുരങ്ങനെ സൃഷ്ടിച്ചു. എന്നിട്ടു കുരങ്ങനോടായി പറഞ്ഞു, ‘നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വർഷം ആയുസ്സു തരുന്നു.’ ദൈവത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കുരങ്ങനു ദുഃഖമായി. കുരങ്ങൻ കരുണയോടെ ദൈവത്തോട് പറഞ്ഞു.

‘പ്രഭോ, മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വർഷം എങ്ങനെ ജീവിയ്ക്കും? അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 വർഷം തിരിച്ചെടുത്തോളു.’ കുരങ്ങൻ്റെ മറുപടിയിൽ കാര്യമുണ്ടെന്നു മനസ്സിലാക്കിയ ദൈവം അപ്രകാരം ചെയ്.

നാലാം ദിവസം ദൈവം തൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് മനുഷ്യനെ സൃഷ്‌ടിച്ചു. തന്റെ സൃഷ്ട്‌ടിയിൽ ഏറ്റവും മികച്ചത് മനുഷ്യനാണെന്നു ദൈവത്തിനു തോന്നി. അദ്ദേഹം മനുഷ്യനെ അടുത്തു വിളിച്ചിട്ടു പറഞ്ഞു,

‘എന്റെ ഏറ്റവും മികച്ച പാത്രസൃഷ്‌ടിയാണ് നീ. നിനക്ക് ബുദ്ധിയും ശക്തിയും ഞാൻ തരുന്നു.

അതു കൊണ്ട് നീ പോയി തിന്നുക, കുടിയ്ക്കുക, ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക. നിനക്കു ഞാൻ 20 വർഷം ആയുസ്സ് തരുന്നു. ജീവിതം ആസ്വദിക്കുക.’

എന്നാൽ, ദൈവത്തിൻ്റെ വാക്കുകളിൽ മനുഷ്യന് തീരെ തൃപ്‌തി ഉണ്ടായില്ല. അവൻ തന്റെ അനിഷ്ടം മറച്ചുവയ്ക്കാതെ തന്നെ പറഞ്ഞു, ‘എന്ത്? വെറും 20 വർഷങ്ങളോ? ജീവിതം ആസ്വദിച്ച് തീർക്കാൻ ഇതു മതിയാവുകയില്ല. അങ്ങൊരു കാര്യം ചെയ്യു. മറ്റുള്ളവരിൽ നിന്നും തിരിച്ചെടുത്ത ജീവിതവർഷവും കൂടി എനിക്ക് കൂട്ടിത്തരിക. കാളയുടെ നാൽപ്പതും പട്ടിയുടെയും കുരങ്ങിൻ്റെയും 10 വീതവും എൻ്റെ ഇരുപതും കൂടെ കൂട്ടി മൊത്തം 80 വർഷങ്ങളെങ്കിലും എനിക്കു തരൂ.’

ആദ്യം ദൈവത്തിന് അതിൽ അതൃപ്‌തി തോന്നിയെങ്കിലും, തന്റെ മികച്ച സൃഷ്‌ടിയാണല്ലോ തന്നോട് ഇങ്ങനെ ആവശ്യപ്പെടുന്നത് എന്നോർത്ത് അദ്ദേഹം സമ്മതിച്ചു. മനുഷ്യനു 80 വർഷത്തെ ആയുസ്സു നല്‌കി. പക്ഷേ, അതിൽ മറ്റുള്ളവർക്കായി വീതം വച്ചു നൽകിയ വർഷങ്ങൾ കൂട്ടിച്ചേർത്തപ്പോൾ അവർക്കു നൽകിയ അതേ വരങ്ങളുടെ സ്വഭാവം കൂടി ഉണ്ടാകുമെന്നു മനുഷ്യന് ഓർത്തതേയില്ല. അതു കൊണ്ടാവണം, ദൈവം സമ്മാനിച്ച ആയുസ്സിൽ ആദ്യത്തെ 20 വർഷം തിന്നും കുടിച്ചും കളിച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു. പിന്നെയുള്ള 40 വർഷം കുടുംബത്തിനു വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയർപ്പൊഴുക്കിയും ജീവിക്കുന്നു. അടുത്ത 10 വർഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു. അവസാനത്തെ 10 വർഷം വീട്ടുവാതിൽക്കൽ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു. പിന്നെയോ- എല്ലാമുണ്ടെന്ന് അഹങ്കരിച്ച് ലക്ഷങ്ങൾ വാരിക്കൂട്ടി പേരിനൊപ്പം പലതും കൂട്ടിച്ചേർത്ത് പലതും സ്വന്തമാക്കിയ നാം മരിച്ചാലുടനെ നമ്മുടെ മേൽവിലാസം ‘ബോഡി’ എന്നാകുന്നു. നമ്മളെപ്പറ്റി ‘ബോഡി’ കൊണ്ട് വന്നോ? ‘ബോഡി’ എപ്പഴാ എടുക്കുന്നത്, എന്നിങ്ങനെയാകും ചോദ്യങ്ങൾ. ഓർത്തു നോക്കൂ, നമ്മുടെ പേരുപോലും ആരും പറയില്ല. ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ‘ബോഡി’ മാത്രം… അത്രയേ ഉള്ളൂ. നമ്മൾ ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക. അവസരങ്ങൾ ഉപയോഗപ്പെടുത്തുക. ആരെയും തോല്പിക്കാനായി ജീവിക്കാതിരിക്കുക. പ്രതീക്ഷയും പ്രത്യാശയുമാണ് ജീവിതമെന്നും അതെല്ലാം ദൈവത്തിൻ്റെ വരദാനമാണെന്നും കരുതി ജീവിതത്തെ ക്രമീകരിക്കുക. അന്തരിച്ചു

അതിനൊപ്പം, ദൈവത്തെ മറക്കാതെ തന്നെ നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക. നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾക്ക് പണം ഉപയോഗിക്കുക. വയറു വേദനിക്കും വരെ പൊട്ടിച്ചിരിക്കുക. ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ എയർ പിടിക്കാതെ കൂളാവുക. കുട്ടികളെ പോലെ എല്ലാം ആസ്വദിക്കുക. ഓർക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടമല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതു പോലെ, ജീവിക്കുന്നതാണു നഷ്ട‌ം. ആലോചിക്കുക ഈ അവസ്ഥയ്ക്ക് പറയുന്ന പേരാകണം ‘ജീവിതം’. എന്നാൽ ഇതിനൊന്നും കഴിയാതെ എന്നും പട്ടിണിയുമായും ദുരിതങ്ങളുമായും മുന്നോട്ടു ജീവിക്കുന്നവർ ഈ ജീവിതത്തെ തള്ളി പറയാറുണ്ട്. അവർ ദൈവത്തെ എക്കാലവും സ്‌തുതിക്കും. എന്നാൽ ഫലമൊന്നും ഇല്ലല്ലോയെന്നു കാണുമ്പോൾ തിരിച്ച് നടക്കാൻ തുടങ്ങും. അങ്ങെയുള്ളവർക്ക് എന്താണ് ജീവിതമെന്നു നാം തിരിച്ചറിയണം. ഈ നാടോടിക്കഥ അതു നിങ്ങൾക്ക് വ്യക്തമാക്കി തരും.

ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ തെംസ് നദിയുടെ കരയിൽ ആണ ജോനാഥാൻ എൽവി എന്ന ദരിദ്രനായ മനുഷ്യൻ്റെ വീട്. വളരെ വലിയ ദൈവഭക്തനായ ആ മനുഷ്യൻ ദിവസവും നാലു നേരം പ്രാർഥിക്കുന്ന മനുഷ്യൻ ആണ്. മരിയ എന്ന തൻ്റെ ഭാര്യ, എഡ്വിൻ എന്ന മകൻ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബം. തെംസിൻ്റെ കരയിൽ, അദ്ദേഹത്തിന് ഒരു ചെറിയ കൃഷിസ്ഥലം ഉണ്ട്. വൈകുന്നേരങ്ങളിൽ തെംസ് നദിയിൽ മീൻ പിടിക്കുവാൻ അദ്ദേഹം പോകാറുണ്ട്. പലപ്പോഴും നിരാശൻ ആയി അദ്ദേഹം മടങ്ങി വരും. അപ്പോഴെല്ലാം അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്. ‘ഇന്നത്തെ ദിവസത്തേക്കാളും ശ്രേഷ്ടമായി നാളെ നീ എനിക്കായി ഒരുക്കിയിട്ടുള്ളത് ഓർത്ത് നാഥാ നിനക്ക് നന്ദി.’ തന്റെ പിതാവിന്റെ പ്രാർത്ഥന ഇങ്ങനെ കേൾക്കുന്ന മകൻ എഡ്വിൻ പിതാവിനോട് ചോദിക്കുക പതിവാണ്. ‘ഡാഡി, എന്താണ് നാളത്തേക്ക് ദൈവം നമുക്ക് ഒരുക്കുന്നത്?’

അത് കേൾകുന്ന ജോനാഥാൻ ഇങ്ങനെ പറയും. ‘മകനേ, നമ്മൾ വിചാരിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായി ദൈവം നമുക്ക് നൽകും. പക്ഷേ, അത് എന്ത് എന്ന് നാം പ്രതീക്ഷികരുത്. കാരണം, ദൈവത്തിൻ്റെ ദാനം അത് ഏറ്റവും വിലയേറിയത് ആണ്.’

പലപ്പോഴും തെംസ് നദി കരകവിഞ്ഞ് ഒഴുകാറുണ്ട്. അപ്പോൾ അതിൽ കൂടി മൃഗങ്ങളും, മരത്തടികളും ഒഴുകി വരും. അത് ഒക്കെയും നീന്തി എടുത്തു അന്വേഷിച്ചു വരുന്നവർക്ക് ജോനാഥാൻ തിരികെ നല്‌കും. ഒരിക്കൽ ഒരു മഴക്കാലത്ത്, രാത്രിയിൽ ഒരു ആടിൻ്റെ കരച്ചിൽ കേട്ട് ജോനാഥാൻ ഉണർന്നു. താൻ കരച്ചിൽ കേട്ട ലക്ഷ്യം വെച്ച് നീന്തി ചെന്നപ്പോൾ ഒരു പലകയിൽ പിടിച്ചു ഒഴുകി വരുന്ന ഒരു ആട്. അതിനെയും എടുത്തു കരയിൽ കയറുമ്പോൾ എഡ്വിൻ പറഞ്ഞു.

‘ഡാഡി ഇതിനെ അന്വേക്ഷിച്ച് ആരും അടുത്ത ദിവസങ്ങളിൽ വരാതെ ഇരുന്നാൽ എനിക്ക് ഇതിനെ സൂപ്പ് ആകി തരുമോ?’ മകന്റെ ചോദ്യം കേട്ട് ജോനാഥാൻ ചിരിച്ച് കൊണ്ട് പറഞ്ഞു: ‘ഒരിക്കലും ഇല്ല എഡ്വിൻ, നിൻ്റെ ഡാഡി അങ്ങനെ ചെയ്യില്ല.’

എഡ്വിൻ തിരിച്ച് ചോദിച്ചു: ‘ഡാഡി, ദൈവം നല്‌കിയ സമ്മാനം ആണ് ഇതാണെങ്കിലോ.?’ ജോനാഥാൻ ചിരിച്ചു കൊണ്ട് തുടർന്നു: ‘ഇല്ല എഡ്വിൻ, ആ സമ്മാനം ഞാൻ വേണ്ട എന്ന് വെക്കും.’

ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു വൃദ്ധയായ സ്ത്രീ തൻ്റെ ആടിനെ അന്വേഷിച്ചു ജോനാഥന്റെ വീട്ടിൽ എത്തി. തൻ്റെ മൃഗത്തെ തിരിച്ച് ലഭിച്ചപ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു. ‘കുഞ്ഞേ, നീ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ദൈവം ഒരു വലിയ പ്രതിഫലം നിനക്ക് നല്കും.’

പിന്നെയും ദിവസങ്ങൾ കടന്നു പോകവേ, ഒരുനാൾ ഇംഗ്ലണ്ട് മുഴുവനും ശക്തമായ കാറ്റും, മഴയും തുടങ്ങി. ദിവസങ്ങൾ പോകും തോറും അത് ശക്തി പ്രാപിച്ചു തുടങ്ങി. തെംസ് നദി കരകവിഞ്ഞ് ഒഴുകി തുടങ്ങി. ജോനാഥൻ്റെ കൃഷിയിടം മുഴുവൻ വെള്ളത്തിൽ ആയി. ആഹാരത്തിനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞു. വൈകുന്നേരം ആയപ്പോൾ എഡ്വിൻ വിശന്നു കരച്ചിൽ ആരംഭിച്ചു. ജോനാഥാൻ തൻ്റെ മകനെ ചേർത്ത് പിടിച്ചു ഇങ്ങനെ പ്രാർത്ഥിച്ചു.

‘ദൈവമേ, എന്റെ്റെ കുഞ്ഞിൻ്റെ വിശപ്പ് മാറ്റുവാൻ അവിടുന്ന് സഹായിക്കേണം. ഞാൻ വിശ്വസിക്കുന്നു. ഇന്നലെയെക്കാൾ ശ്രേഷ്‌ടമായി ഇന്ന് എന്നെ പോഷിപ്പികുവാൻ കഴിവുള്ള ദൈവം ആണ് അവിടുന്ന്.’ മരിയയും ജോനാഥാനും കരങ്ങൾ ചേർത്ത് പ്രാർത്ഥിച്ചു. ശബ്ദം മഴയുടെ മുഴക്കത്തിൽ അലിഞ്ഞു പോയി. അതിരാവിലെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ജോനാഥാൻ ചാടി എഴുന്നേറ്റു. ചുവരിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് ജോനാഥാൻ നോക്കി പുലർച്ചെ മൂന്ന് മണി സമയം. ഈ നേരത്ത് ആരാണ് ഇത്?

മരകതകിന്റെ പാളി വലിച്ചു തുറന്ന ജോനാഥാൻ പുറത്തേക്കു നോക്കി. ഒരു റാന്തൽ വിളക്കിന്റെ വെളിച്ചം ആണ് ആദ്യം കണ്ണിൽ ഉടക്കിയത്. തൊട്ടു പിറകിൽ മഴകൊട്ടും,തൊപ്പിയും വെച്ച് ഒരു ഉയരം ഉള്ള മനുഷ്യൻ. ആ മനുഷ്യൻ ജോനാഥാനോട് ഇങ്ങനെ പറഞ്ഞു. ‘സ്നേഹിതാ എന്നെ ഒന്ന് സഹായിക്കുമോ? ഞാൻ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ പട്ടണത്തിലെ ഒരു വ്യാപാരി ആണ്. കച്ചവട ആവശ്യത്തിനായി പോകുകയാണ്. പക്ഷെ, ഈ ആർത്തൊഴുകുന്ന തെംസ് നദി എൻ്റെ യാത്രയെ അപ്പാടെ മാറ്റി കളഞ്ഞു. എന്റെ പായകപ്പൽ ഈ നിലയിൽ മുന്നോട്ടു പോയാൽ തകർന്നു പോകും. ഭാരമേറിയ കച്ചവടസാധനങ്ങളുമായി മുന്നോട്ടുപോയാൽ എൻ്റെ ജീവൻ പോലും നഷ്‌ടപ്പെട്ടെന്നിരിക്കും. നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം. ഞാൻ എൻ്റെ പായ്ക്കപ്പൽ ഇവിടെ അടുപ്പിച്ചിട്ടുണ്ട്. അതിലുള്ള ഭാരം എനിക്ക് കുറക്കണം. അതിന് ഒറ്റയ്ക്ക് എനിക്കു കഴിയുകയില്ല. നിങ്ങളുടെ കൂടെ സഹായം എനിക്ക് വേണം. നദിയിൽ കളയുവാൻ തുടങ്ങിയപ്പോൾ ആരോ എന്നെ തടയുന്നപോലെ തോന്നിയത്. അപ്പോഴാണ് ഈ വീടിൽ റാന്തൽ വെട്ടം കണ്ടത്.’

ജോനാഥാൻ ആ മനുഷ്യനോടൊപ്പം വഞ്ചി അടുപ്പിച്ച സ്ഥലത്തേക്ക് നടന്നു. അയാൾ ഇറക്കി വെക്കുന്ന സാധനങ്ങൾ നിറഞ്ഞ തടി പെട്ടികൾ ഓരോന്നും തൻ്റെ വീടിൻ്റെ തിണ്ണയിലേക്ക് എടുത്തു വെച്ചു. ആ മനുഷ്യനോട് ഇപ്രകാരം ജോനാഥൻ പറഞ്ഞു. ‘എൻ്റെ പ്രിയ സുഹൃത്തേ, നിങ്ങൾ തിരിച്ചു വരുന്നതു വരെ ഇത് ഇവിടെ ഞാൻ സൂക്ഷിച്ചു കൊള്ളാം. നിങ്ങൾ എപ്പോൾ വന്നാലും ഇത് മടക്കി കൊണ്ടുപോകാം.’

അപ്പോൾ ആ മനുഷ്യൻ മന്ദഹസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഒരിക്കലും ഞാൻ ഈ ഇനി ഈ വഴി വരില്ല. ഇതിൽ ഉള്ളതെല്ലാം നിങ്ങൾക്കുള്ളതാണ്. ഈ പാതയിലൂടെ കച്ചവടത്തിന് ഞാൻ ഇനി വരില്ല, എല്ലാം നിങ്ങൾക്ക് ഉപയോഗിക്കാം. നേരം പുലരുമ്പോൾ എനിക്ക് പട്ടണത്തിൽ എത്തണം. നന്ദി, സ്നേഹിതാ.’

നേരം പുലർന്നപ്പോൾ എഡ്വിൻ ഉണർന്നു ഡാഡിയെ അന്വേഷിച്ചു. പുറത്തു വരാന്തയിൽ ഇരിക്കുന്ന പെട്ടികൾ തുറന്ന് പരിശോധിക്കുന്ന പിതാവിനെ കണ്ടു അവൻ ചോദിച്ചു. ‘ഡാഡി എന്താണ് ഇത്?’

അവന്റെ കുഞ്ഞു കയ്യിലേക്ക് ഒരു ടിൻ എടുത്തുവെച്ചു കൊടുത്തു ജോനാഥാൻ പറഞ്ഞു.

‘എഡ്വിൻ, ഇത് ആടിൻ്റെ ഇറച്ചി ഉണക്കിയതാണ്. നിൻ്റെ അമ്മയോട് പറയു ഇത് സൂപ്പ് ആക്കി തരുവാൻ.. എഡ്വിൻ, മോൻറെ ഡാഡി എപ്പോഴും പറയാറില്ലേ. ശ്രേഷ്‌ഠമായ ഒന്ന് ദൈവം നിൽകുമെന്ന്. ഇതാണ് ആ സമ്മാനം. നമുക്കായി ദൈവം ഒരുക്കി തന്ന വലിയ സമ്മാനം. അരിയും, ഗോതമ്പും, കമ്പിളിയും, മത്സ്യവും, ഇറച്ചിയും എല്ലാം ഇതിൽ ഉണ്ട്. എഡ്വിൻ ഇത് നല്കിയ ദൈവത്തിനു നന്ദി പറയു. ഇതിനെക്കാൾ ഉപരിയായി ഇനിയും ദൈവം നമ്മെ നടത്തും.’

കൈയിലിരുന്ന ടിൻ എടുത്തു അവൻ അടുക്കളയിലേക്കു ഓടുമ്പോൾ ആ കുഞ്ഞു കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു. ജോനാഥാൻ എൽവി എന്ന ഈ നല്ല മനുഷ്യൻ്റെ ജീവിതം ഇന്ന് നമുക്ക് ഒരു ജീവിതാനുഭവത്തിൻ്റെ പിന്തുടർച്ച ആകണം. ഒന്നിനെയും കുറിച്ച് ഓർത്ത് വിചാരപ്പെടാതെ എല്ലാ ആവശ്യങ്ങളും സമർപ്പണത്തോടെ ദൈവത്തിനെ അറിയിച്ചു കാത്തിരിക്കാം. ഇന്നിനേക്കാൾ ശ്രേഷ്‌ഠമായ നല്ലയൊരു നാളെക്കായി പ്രത്യാശയോടെ……. (ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്‌മയോടെ നിൽക്കുവിൻ, അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉൽക്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. എന്തെന്നാൽ, അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്) പീറ്ററിന്റെ ഒന്നാം അധ്യായം അഞ്ചു മുതൽ ഏഴു വരെയുള്ള വാക്യങ്ങൾ. ഇത് ജീവിതത്തിൽ ശീലമാക്കണമെന്നു താഴ്‌മയോടെ അഭ്യർത്ഥിക്കുന്നു. എൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ത്യാഗസ്‌മരണയുടെയും ക്രിസ്മസ് നവവത്സര ആശംസകൾ…

ജോർജ്ജ് തുമ്പയിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com