വ്യക്തിജീവിതത്തിലെ തീരാനൊമ്പരങ്ങൾക്കിടയിലും രാജ്യത്തിനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി മാതൃകയാവുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ്. പിതാവ് ഖാൻചന്ദ് സിംഗിന്റെ വിയോഗത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരം, സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ഇന്ന് കൊൽക്കത്തയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും.
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് സൂപ്പർ-8 പോരാട്ടം ആസന്നമായിരിക്കെയാണ് ബി.സി.സി.ഐ വൃത്തങ്ങൾ റിങ്കുവിന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ വെച്ച് ക്യാൻസറിനോട് പോരാടിയാണ് റിങ്കുവിന്റെ പിതാവ് അന്തരിച്ചത്.
ചെന്നൈയിൽ നിന്നും അലിഗഡിലെത്തി പിതാവിന്റെ അവസാന കർമ്മങ്ങളിൽ പങ്കുചേർന്ന താരം, ആ വലിയ സങ്കടക്കടൽ താണ്ടിയാണ് വീണ്ടും നീലക്കുപ്പായമണിയാൻ ഒരുങ്ങുന്നത്. വിലാപയാത്രയ്ക്കിടെ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.ഇതിനുമുൻപും പിതാവിന്റെ ആരോഗ്യനില മോശമായപ്പോൾ താരം നാട്ടിലേക്ക് പോയിരുന്നെങ്കിലും, പിന്നീട് നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇത്തവണ മരണം അദ്ദേഹത്തെ തട്ടിയെടുത്തത് റിങ്കുവിനും കുടുംബത്തിനും വലിയ ആഘാതമായി.
റിങ്കുവിന്റെ അസാന്നിധ്യത്തിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരങ്ങളിൽ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളാണ് ടീമിലിടം പിടിച്ചിരുന്നത്. സഞ്ജു ഓപ്പണറായി എത്തിയപ്പോൾ തിലക് വർമ്മ ഫിനിഷറുടെ റോളിലേക്ക് മാറി.നാളെ ടീമിനൊപ്പം റിങ്കു ചേരുമെങ്കിലും വിൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റേതാകും. പിതാവിന്റെ വിയോഗമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്ന് താരം പൂർണ്ണമായും മുക്തനല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ കൂടി പരിഗണിച്ചേ ടീമിൽ ഉൾപ്പെടുത്തൂ.
എന്നിരുന്നാലും, ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള റിങ്കു സിംഗിന്റെ തീരുമാനത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്.



