തിരുവനന്തപുരം: മലയാളികളുടെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തിന് കൂച്ചുവിലങ്ങിടാൻ മോട്ടോർ വാഹന വകുപ്പ്. സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് വകുപ്പ് ഉടൻ കടക്കും. സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് മര്യാദ കാണിക്കാത്ത ഇരുചക്ര, നാലുചക്ര വാഹന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരികയാണ്. പലരും സീബ്ര ക്രോസിംഗിന് മുകളിൽ വാഹനം നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അപകടങ്ങൾ
2025ൽ മാത്രം കേരളത്തിൽ 800 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചുവെന്നാണ് കണക്ക്. ഇതിൽ 50 ശതമാനവും മുതിർന്ന പൗരന്മാരാണ്. സീബ്ര ക്രോസിംഗുകളിൽ വാഹനങ്ങൾ വേഗത കുറയ്ക്കാത്തതാണ് പ്രധാന മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാഹനമോടിക്കുന്നവർക്കും ജാഗ്രതയും നിരീക്ഷണവും ഉണ്ടായിരിക്കാനുളള ഉത്തരവാദിത്തവും കടമയുമുണ്ട്, പ്രത്യേകിച്ച് സീബ്രാലൈനുകൾക്ക് സമീപം. കടന്നുപോകാൻ കാത്തുനിൽക്കുന്ന കാൽനടയാത്രക്കാർക്കായി വാഹനം നിർത്തി കൊടുക്കാൻ അവർ തയ്യാറാകണം. കേരളത്തിലെ സമകാലിക സംഭവങ്ങളിൽ കണ്ടതുപോലെ, കാൽനട ക്രോസിംഗുകളിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത കേവലം അശ്രദ്ധ മാത്രമല്ല, ജീവൻ അപകടപ്പെടുത്താനും സാധ്യതയുണ്ട്.
ട്രാഫിക് നിയമം
സീബ്രാ ക്രോസിംഗുകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള വഴിയാണ്. എന്നിരുന്നാലും, അവയുടെ ഫലപ്രാപ്തി ഡ്രൈവർമാരുടെയും സഹകരണ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. കാൽനടയാത്രക്കാർ, പ്രത്യേകിച്ച് കുട്ടികൾ, സീബ്രാ ക്രോസുകൾ ഉപയോഗിക്കുമ്പോൾ അതിജാഗ്രത പാലിക്കണം.
ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ജീവൻ നമ്മുടെതാണ്. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നത് കണ്ടാൽ, വാഹനം ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിന് കുറഞ്ഞത് മൂന്ന് മീറ്റർ മുമ്പെങ്കിലും നിർത്തണം എന്നാണ് നിയമം.
ശിക്ഷാ നടപടികൾ
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 പ്രകാരം നിയമലംഘകർക്ക് 2,000 രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫുട്പാത്തുകൾ പാർക്കിംഗിനായി ഉപയോഗിക്കുന്നവർക്കെതിരെയും പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കും