ന്യൂഡൽഹി: 2019ലെ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിക്കപ്പെട്ട 243 ഹരജികളിൽ മേയ് അഞ്ച് മുതൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നൽകിയ ഹരജിയാണ് ഇതിൽ പ്രധാനപ്പെട്ടത്. മേയ് അഞ്ച് മുതൽ 12 വരെയാണ് അന്തിമ വാദത്തിനായി മാറ്റിവെച്ചിരിക്കുന്നത്. കേസിൽ ആറ് വർഷത്തിന് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് കോടതി കടക്കുന്നത്.
മേയ് അഞ്ചിനും ആറിനുമായി ഹരജിക്കാർക്ക് ഒന്നര ദിവസം വാദത്തിനായി അനുവദിച്ചു. തുടർന്ന് കേന്ദ്ര സർക്കാറിന് വാദങ്ങൾ അവതരിപ്പിക്കാൻ ഒരുദിവസം ലഭിക്കും. മേയ് 12ഓടെ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗി, ജസ്റ്റിസ് വിപുൽ എം. പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. അധിക രേഖകളും രേഖാമൂലമുള്ള വാദങ്ങളും സമർപ്പിക്കാൻ കക്ഷികൾക്ക് നാലാഴ്‌ചത്തെ സമയം അനുവദിച്ചു.
ഹരജികളെ രണ്ട് വിഭാഗങ്ങളായി കോടതി തിരിക്കും. ആദ്യത്തേത് ഇന്ത്യയൊട്ടാകെ ബാധകമാകുന്ന വിഷയങ്ങൾ. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളാണ് രണ്ടാമത്തേത്. ദേശീയതലത്തിലുള്ള വിഷയങ്ങളിലായിരിക്കും ആദ്യം വാദം കേൾക്കുക.
2019 ഡിസംബർ 11നാണ് പാർലമെന്റ് സി.എ.എ പാസാക്കിയത്. പാകിസ്‌താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗക്കാർക്ക് (ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ) പൗരത്വം നൽകുന്നതാണ് ഈ നിയമം. മുസ്ലിംകളെ ഇതിൽനിന്ന് ഒഴിവാക്കിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യനീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ കോടതിയെ സമീപിച്ചത്.
2024 മാർച്ചിൽ കേന്ദ്ര സർക്കാർ നിയമത്തിൻ്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതോടെ നിയമം പ്രാബല്യത്തിൽ വരികയും ഇതിനെതിരെ വീണ്ടും ഹരജികൾ സമർപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. നിലവിൽ 2024 ഡിസംബർ 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിൽ ഒന്നായ സി.എ.എ കേസിൽ സുപ്രീംകോടതി അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നത്.



