ഷാർജ: മുവൈലയില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ടു വയസ്സുള്ള അലന് റൂമിയുടെ മാതാപിതാക്കളാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് അധികൃതരെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഷാർജയിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമി മരിച്ചത്. ദുബൈയിൽ ജോലി ചെയ്യുന്ന ഷറഫുദ്ദീന്റെ ഏക മകനായിരുന്നു അലന്.
തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് ഷറഫുദ്ദീന്. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദര്‍ശക വിസയില്‍ മാതാവിനൊപ്പം കഴിഞ്ഞ മാസം 18നാണ് കുട്ടി നാട്ടില്‍ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞു നില്‍ക്കേണ്ട സന്ദര്‍ശന കാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ സങ്കടക്കടലിലാഴ്ത്തിയത്.
മുവൈലയിൽ താമസസ്ഥലത്തിന് സമീപമുള്ള മണൽ വിരിച്ച പാർക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് വരുന്ന ഭർത്താവിനെ കാത്തുനില്‍ക്കുന്നതിനിടെ മാലിന്യം കളയാനായി മാതാവ് പോയപ്പോൾ കുട്ടി പെട്ടെന്ന് ഓടുകയായിരുന്നു. ഈ സമയം പാർക്കിംഗിൽ നിന്നും കാർ പുറത്തേക്ക് എടുക്കുകയായിരുന്ന അയൽവസിക്ക് കുട്ടിയെ കാണാൻ സാധിച്ചില്ല. കാർ തട്ടി വീണ അലനെ ഉടൻ തന്നെ ഡ്രൈവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന് രക്ഷിക്കാനായില്ല.
*പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചു.
അപകടത്തിന് പിന്നാലെ ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഡ്രൈവർക്കെതിരെ തങ്ങൾക്ക് പരാതിയില്ലെന്ന് പിതാവ് പൊലിസിനെ അറിയിച്ചു. ‘ഞങ്ങൾക്ക് ഉണ്ടായ നഷ്ടം ആർക്കും നികത്താനാവില്ല, എന്നാൽ അറിയാതെ പറ്റിപ്പോയ ഒരു കാര്യത്തിന് മറ്റൊരു കുടുംബത്തെ കൂടി തകർക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല- ഷറഫുദ്ദീന് പറഞ്ഞു. നാടുവിടുന്നതിന് മുമ്പ് ഇക്കാര്യം ദമ്പതികള്‍ രേഖാമൂലം അധികൃതരെ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ദുബൈയിൽ ഖബറടക്കിയ ശേഷം ദമ്പതികൾ കേരളത്തിലേക്ക് മടങ്ങി.
*തകർന്നത് വലിയ സ്വപ്നങ്ങൾ :
2018ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അലൻ ജനിക്കുന്നത്. ആദ്യമായാണ് കുട്ടി പിതാവിനൊപ്പം താമസിക്കാന്‍ യു.എ.ഇയിൽ എത്തിയത്. ഏപ്രിൽ 23ന് കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാനും റമദാനും പെരുന്നാളും ഒരുമിച്ച് ചെലവഴിക്കാനുമുള്ള തയ്യാറെടുപ്പിനിടെയാണ് വിധി തട്ടിയെടുത്തത്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഷാർജ പൊലിസ് അറിയിച്ചു.



