നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യുരിയോസിറ്റി ആണ് ചൊവ്വയില്‍ നിന്ന് ‘പവിഴപ്പുറ്റ്’ പാറയുടെ ചിത്രം അയച്ചത്. ക്യുരിയോസിറ്റിയുടെ റിമോട്ട് മൈക്രോ ഇമേജറാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ചിത്രമെടുത്തത്.
റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ടെലിസ്‌കോപ്പിക് ക്യാമറയാണിത്. ഗെയ്ല്‍ ഗര്‍ത്തത്തിലാണ് ഇളം നിറത്തിലുള്ള ഈ പാറ കണ്ടെത്തിയിരിക്കുന്നതെന്ന് നാസ പറഞ്ഞു. ചിത്രത്തിൽ ഒരു ഇഞ്ച് വീതിയുള്ള പാറയ്ക്ക് പവിഴപ്പുറ്റുകളുടേതുപോലുള്ള ശാഖകള്‍ കാണാം.
ഒരു ബില്യണ്‍ വര്‍ഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് ഈ പാറയെന്നാണ് നാസ പറയുന്നത്. ഇത്തരത്തിലുള്ള ചൊവ്വയുടെ വിവിധ സവിശേഷ സ്ഥലങ്ങൾ ക്യുരിയോസിറ്റി നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ധാതുക്കള്‍ കലര്‍ന്ന വെള്ളം പാറയുടെ വിള്ളലുകളില്‍ പ്രവേശിക്കുകയും പിന്നീട് ഉണങ്ങുകയും ചെയ്തിരുന്നു.
കാറ്റടിച്ച് പാറകള്‍ മണല്‍ത്തരികളായി പോയതോടെ ഇന്നുകാണുന്ന അതുല്യരൂപങ്ങള്‍ ബാക്കിയാവുകയായിരുന്നുവെന്ന് നാസ പറയുന്നു. കഴിഞ്ഞ മാസവും പാപ്പോസോ എന്ന് പേര് നൽകിയ ഇതേപോലുള്ള ഒരു വസ്തുവിനെ റോവര്‍ കണ്ടെത്തിയിരുന്നു.



